- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഭീകരവാദവും യുദ്ധവും പ്രശ്‌നങ്ങൾ പരിഹരിക്കില്ല, നിഷ്‌കളങ്കരായ ജനങ്ങളുടെ ജീവനെടുക്കുക മാത്രമാണു ചെയ്യുക; യുദ്ധം തോൽവിയാണ്, വെറും തോൽവി മാത്രം; ഇസ്രയേൽ-ഫലസ്തീൻ യുദ്ധത്തിൽ സമാധാന ആഹ്വാനവുമായി മാർപാപ്പ
വത്തിക്കാൻ സിറ്റി: ഇസ്രയേൽ-ഫലസ്തീൻ സംഘർഷം യുദ്ധത്തിലേക്ക് കടക്കവേ സമാധാനത്തിന് ആഹ്വാനം ചെയ്തു ഫ്രാൻസിസ് മാർപാപ്പ രംഗത്ത്. ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന അഭ്യർത്ഥനയാണ് പോപ്പ് ഫ്രാൻസിസ് നടത്തിയത്. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടത്തിയ പ്രസംഗത്തിലായിരുന്നു മാർപാപ്പയുടെ അഭ്യർത്ഥന. ''ഭീകരവാദവും യുദ്ധവും പ്രശ്‌നങ്ങൾ പരിഹരിക്കില്ല, നിഷ്‌കളങ്കരായ ജനങ്ങളുടെ ജീവനെടുക്കുക മാത്രമാണു ചെയ്യുക. യുദ്ധം തോൽവിയാണ്, വെറും തോൽവി മാത്രം. ഇസ്രയേലിലും ഫലസ്തീനിലും സമാധാനം പുലരാനായി പ്രാർത്ഥിക്കാം'' മാർപാപ്പ പറഞ്ഞു.
ശനിയാഴ്ച രാവിലെ ഇസ്രയേലിന്റെ അതിർത്തിക്കുള്ളിൽ കടന്നാണു ഹമാസ് അപ്രതീക്ഷിത ആക്രമണം ആരംഭിച്ചത്. തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു കനത്ത തിരിച്ചടിയുമായി ഇസ്രയേലും രംഗത്തിറങ്ങിയതോടെ ഗസ്സ മുനമ്പ് യുദ്ധക്കളമായി. ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ നൂറുകണക്കിനു ഫലസ്തീൻകാർ കൊല്ലപ്പെട്ടു.
ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇരുഭാഗത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 500 പിന്നിട്ടു. ഇരു ഭാഗത്തുമായി 2,500ൽ അധികം പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഒട്ടേറെ ഇസ്രയേൽ പൗരന്മാരെയും സൈനികരെയും ഹമാസ് ബന്ദികളാക്കി.
നൂറോളം സൈനികരെയും സാധാരണക്കാരെയും ഹമാസ് തട്ടിക്കൊണ്ടുപോയതായി ഇസ്രയേൽ അധികൃതർ പറഞ്ഞു. 'ഭീകരർ വീടുകളിൽ അതിക്രമിച്ച് കയറി സിവിലിയന്മാരെ കൂട്ടക്കൊല ചെയ്തു. നൂറുകണക്കിന് ആളുകൾ ഇപ്പോഴും ഇസ്രയേലിനുള്ളിൽ സൈനികരുമായി പോരാടുകയാണ്,' സൈനിക വക്താവ് റിച്ചാർഡ് ഹെക്റ്റ് പറഞ്ഞു. ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ ഗസ്സയിലും വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്.
ഗസ്സയിലെ ബഹുനില കെട്ടിടങ്ങൾ നിലംപൊത്തി. ഹമാസിന്റെ ആയുധ കേന്ദ്രങ്ങളും സാമ്പത്തിക സഹായം നൽകുന്ന ബാങ്കുകളും തകർന്നതായാണ് വിവരം. ഗസ്സയിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേൽ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. രണ്ടാം ഘട്ട ആക്രമണം രൂക്ഷമായിരിക്കുമെന്ന മുന്നറിയിപ്പും ഇസ്രയേൽ നൽകിയിട്ടുണ്ട്.
ഇന്നലെ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് മറുപടിയായി ഗസ്സയെ വിജന ദ്വീപാക്കി മാറ്റുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് ജനവാസ മേഖലകളെ ലക്ഷ്യമിട്ട് വൻതോതിലുള്ള ആക്രമണം നടക്കുന്നത്. വൈദ്യസഹായം പോലും നൽകാൻ സാധിക്കാത്ത സാഹചര്യമാണെന്ന് സന്നദ്ധ സംഘടനയായ ഫലസ്തീനിയൻ റെഡ് ക്രെസന്റ് സൊസൈറ്റി പറയുന്നു. ഇസ്രയേൽ വൈദ്യുതി ബന്ധവും വിച്ഛേദിച്ചാണ് ആക്രമണം നടത്തുന്നത്.
അതിനിടെ, ഇസ്രയേൽ-ലെബനാൻ അതിർത്തിയിലും ആക്രമണം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. ലെബനാനിലെ സായുധ സംഘമായ ഹിസ്ബുല്ല, ഫലസ്തീൻ ചെറുത്തുനിൽപ്പ് സംഘടനയായ ഹമാസിന് പിന്തുണയുമായി ഇസ്രയേൽ സൈന്യത്തിന് നേരെ ഷെല്ലാക്രമണം നടത്തി. ഇസ്രയേലിന്റെ റഡാർ സ്റ്റേഷനുകളേയും വടക്കൻ പ്രദേശങ്ങളെയും ലക്ഷ്യമിട്ടാണ് ഷെല്ലാക്രമണം. ഷീബ ഫാംസ് മേഖലയിലെ ഹിസ്ബുല്ല ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇസ്രയേൽ സൈന്യം പ്രത്യാക്രമണം നടത്തുകയാണ്.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സുരക്ഷാ അവലോകന യോഗം വിളിച്ചു. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ തെൽ-അവിവിലെത്തി സാഹചര്യങ്ങൾ വിശകലനം ചെയ്യുകയാണ്. ഗസ്സക്ക് സമീപത്തെ ഇസ്രയേൽ ടൗണുകളിൽ കഴിയുന്നവരെ 24 മണിക്കൂറിനകം ഒഴിപ്പിക്കുമെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. ആക്രമണം ശക്തമാക്കാനുള്ള നീക്കത്തിന് മുന്നോടിയായാണിത്.