വത്തിക്കാന്‍ സിറ്റി: ശ്രീ നാരായണ ഗുരുവിന്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഗുരു ലോകത്തിന് നല്‍കിയത് എല്ലാവരും മനുഷ്യകുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണ്. ശ്രീനാരായണ ഗുരു തന്റെ ജീവിതം സമൂഹത്തിന്റെ വീണ്ടെടുപ്പിനായി സമര്‍പ്പിച്ച വ്യക്തിയാണെന്നും മാര്‍പാപ്പ പറഞ്ഞു. ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ വത്തിക്കാനില്‍ നടക്കുന്ന സര്‍വമതസമ്മേളനത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരാമര്‍ശം.

രാഷ്ട്രങ്ങള്‍ക്കിടയിലും വ്യക്തികള്‍ക്ക് ഇടയിലും അസിഹിഷ്ണുതയും വിദ്വേഷവും വര്‍ധിച്ചു വരുന്ന കാലത്ത് ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമാണെന്നും സര്‍വമത സമ്മേളനത്തിലെ ആശീര്‍വാദ പ്രഭാഷണത്തില്‍ മാര്‍പാപ്പ അഭിപ്രായപ്പെട്ടു.

മതസമ്മേളനത്തില്‍ റോമിലെ ജോര്‍ജിയന്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍ഫെയ്‌സ് ഡയലോഗിന്റെ അധ്യക്ഷന്‍ ഫാ. മിഥുന്‍ ജെ. ഫ്രാന്‍സിസാണ് മോഡറേറ്ററാകുക. ഇന്നത്തെ പ്രധാന സെഷനുകളില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്, കര്‍ണാടക സ്പീക്കര്‍ യു.ടി.ഖാദര്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ചാണ്ടി ഉമ്മന്‍ എംഎല്‍എ, ഫാ. ഡേവിസ് ചിറമ്മല്‍, സ്വാമി വീരേശ്വരാനന്ദ, സ്വാമി ശുദ്ധാനന്ദഗിരി തുടങ്ങിയവരും പ്രസംഗിക്കും.

വിവിധ രാജ്യങ്ങളിലെ മതവിഭാഗങ്ങളില്‍നിന്നുള്ള സമ്മേളന പ്രതിനിധികളുടെ സ്‌നേഹസംഗമത്തോടെയാണ് കഴിഞ്ഞ ദിവസം വത്തിക്കാന്‍ സിറ്റിയില്‍ സര്‍വമത സമ്മേളനത്തിനു തുടക്കമായത്. സമ്മേളനവേദിയില്‍ ഇറ്റലിയിലെ ജനപ്രതിനിധികളും സമ്മേളന പ്രതിനിധികളും ഒത്തുചേരുന്ന മതപാര്‍ലമെന്റ് നടക്കും.

ഗുരു രചിച്ച 'ദൈവദശകം' പ്രാര്‍ഥന സമ്മേളനത്തിന്റെ തുടക്കത്തില്‍ ഇറ്റാലിയന്‍ ഭാഷയില്‍ മൊഴിമാറ്റം ചെയ്ത് ആലപിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും വിവിധ മതപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഇന്ന് ദൈവദശകം വത്തിക്കാനില്‍ മുഴങ്ങുക. ദൈവദശകം 100 ലോക ഭാഷകളില്‍ മൊഴി മാറ്റി പ്രചരിപ്പിക്കുന്ന 'ദൈവദശകം വിശ്വവിശാലയതിലേക്ക്' പദ്ധതിയുടെ ഭാഗമായി 2017 ല്‍ ആണ് ഇറ്റാലിയന്‍ ഭാഷയിലേക്കു മൊഴി മാറ്റിയത്.

ശ്രീനാരായണ ഗുരുവിന്റെ സ്മരണയില്‍ മാനവ സ്നേഹത്തിന്റെ ആത്മീയ കേന്ദ്രമായ വത്തിക്കാനില്‍ ഇന്ന് നടക്കുന്ന സര്‍വ്വമത സമ്മേളനത്തിലും ലോക പാര്‍ലമെന്റിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിദ്ധ്യമുണ്ടാകും. ഇറ്റലി, ബെഹ്‌റൈന്‍, ഇന്‍ഡോനേഷ്യ, അയര്‍ലന്‍ഡ്, യുഎഇ, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങി പതിനഞ്ചില്‍പരം രാജ്യങ്ങളില്‍ നിന്നുള്ള വിവിധ മതപ്രതിനിധികള്‍ പങ്കെടുക്കും.

കര്‍ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍ ഫരീദ്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട്, ചാണ്ടി ഉമ്മന്‍ എംഎല്‍എ, ശിവഗിരി തീര്‍ഥാടനം ചെയര്‍മാന്‍ കെ. മുരളി, സഞ്ജീവനി വെല്‍നെസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ രഘുനാഥന്‍ നായര്‍, സ്വാമി വീരേശ്വരാനന്ദ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.

കെ.ജി. ബാബുരാജന്‍, സാദിഖ് അലി ശിഹാബ് തങ്ങള്‍, ഗ്യാനി രഞ്ജിത് സിംഗ്, ഫാ. ഡേവിസ് ചിറമ്മല്‍, സ്വാമി ശുദ്ധാനന്ദഗിരി, ഫാ. മിഥുന്‍ ജെ. ഫ്രാന്‍സിസ്, സ്വാമി ശുഭാംഗാനന്ദ തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുക്കും.

സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നെത്തിയ പ്രതിനിധിസംഘത്തെ വിമാനത്താവളത്തില്‍ സംഘാടകസമിതി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, ഇറ്റലിയിലെ മലയാളി സംഘടനാ പ്രസിഡന്റ് ഷൈന്‍ കൊല്ലം, സെക്രട്ടറി തോമസ് ഇരുമ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.