വത്തിക്കാൻ സിറ്റി: കത്തോലിക്ക സഭയുടെ അധിപൻ ഫ്രാൻസിസ് മാർപ്പാപ്പ തന്റെ സന്ദേശങ്ങളിലൂടെ പലപ്പോഴും സംവാദങ്ങൾക്ക് വഴി വയ്ക്കാറുണ്ട്. ഏതാനു മാസങ്ങൾക്ക് മുമ്പ് വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് യഥാർത്ഥ സ്‌നേഹത്തിന്റെ ലക്ഷണമെന്ന് 85 കാരനായ മാർപ്പാപ്പ വാഴ്‌ത്ത്ിയിരുന്നു. അതിനുമുമ്പ് സ്വന്തമായി കുട്ടികളെ വളർത്തുന്നതിനേക്കാളേറെ വളർത്തുമൃഗങ്ങളെ പരിഗണിക്കുന്ന പുതുതലമുറയുടെ സമ്പ്രദായത്തെ അദ്ദേഹം വിമർശിച്ചിരുന്നു. കുട്ടികളുണ്ടാകുന്നതിൽ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം വത്തിക്കാനിലെ സന്ദേശത്തിൽ പറഞ്ഞിരുന്നു.

പുരോഹിതരും, കന്യാസ്ത്രീമാരും ഇന്റർനെറ്റിൽ അശ്ലീല വീഡിയോ കാണുന്നുണ്ടെന്നാണ് ഈയാഴ്ച മാർപ്പാപ്പ സമ്മതിച്ചത്. വത്തിക്കാനിൽ നടന്ന സെഷനിൽ ഡിജിറ്റൽ-സാമൂഹികമാധ്യമങ്ങൾ എങ്ങനെ നല്ലരീതിയിൽ ഉപയോഗിക്കാമെന്ന ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്. ഓൺലൈനിൽ അശ്ലീലവീഡിയോകളും മറ്റും കാണുന്നതിന്റെ അപകടത്തെക്കുറിച്ച് പുരോഹിതർക്കും കന്യാസ്ത്രീകൾക്കും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പുരോഹിതരും കന്യാസ്ത്രീകളും അടക്കം നിരവധിപേർക്ക് അശ്ലീലവീഡിയോകൾ കാണുന്ന ദുശ്ശീലമുണ്ട്. അശ്ലീലവീഡിയോകൾ കാണുന്നത് പൗരോഹിത്യ മനസ്സുകളെ ദുർബലമാക്കും. സാത്താൻ പ്രവേശിക്കുന്നത് അവിടെനിന്നാണ്. ദിവസവും യേശുവിനെ സ്വീകരിക്കുന്ന നിർമ്മല ഹൃദയത്തിന് അശ്ലീലസാഹിത്യവും അത്തരത്തിലുള്ള വിവരങ്ങളും ഒരിക്കലും സ്വീകരിക്കാനാകില്ലെന്നും അദ്ദേഹം പുരോഹിതരോട് പറഞ്ഞു.

സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കണം. എന്നാൽ സാമൂഹികമാധ്യമങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കരുത്. ഇത്തരത്തിലുള്ള കാര്യങ്ങൾ ഫോണിൽനിന്ന് ഒഴിവാക്കണം. അങ്ങനെ ചെയ്താൽ പ്രലോഭനമുണ്ടാകില്ലെന്നും മാർപാപ്പ പറഞ്ഞു.

അതേസമയം, അശ്ലീല വീഡിയോകൾ കാണുന്നതിനും മറ്റും കത്തോലിക്ക പുരോഹിതന്മാർക്കും കന്യാസ്ത്രീകൾക്കും വിലക്കുണ്ട്.