വത്തിക്കാന്‍ സിറ്റി: ഏകഭാര്യാത്വത്തെ സംബന്ധിച്ച് കുറിപ്പ് പുറത്തിറക്കി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ജീവിതത്തില്‍ ഒരാള്‍ക്ക് ഒരു പങ്കാളി മതിയെന്നാണ് വത്തിക്കാന്‍ പുറത്തിറക്കിയ കുറിപ്പില്‍ നിര്‍ദേശിക്കുന്നത്. കത്തോലിക്ക മതവിശ്വാസികളുടെ വിവാഹക്രമവുമായി ബന്ധപ്പെട്ടാണ് പുതിയ കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ഒരാള്‍ക്ക് ഒന്നിലധികം ലൈംഗിക പങ്കാളികളുണ്ടാകുന്നതും, ബഹുഭാര്യത്വവും ബന്ധങ്ങളുടെ പവിത്രത തകര്‍ക്കുന്നതാണ്. ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തില്‍ സഭാ വിശ്വാസികള്‍ക്കിടയില്‍ കണ്ടുവരുന്ന ബഹുഭാര്യത്വം പരാമര്‍ശിക്കുന്ന ഉത്തരവില്‍ വിവാഹം ഒരു സ്ത്രീയും പുരുഷനും തമ്മിലെ ആജീവനാന്ത ഉടമ്പടിയാണെന്നും, ജീവിതകാലം മുഴുവന്‍ ആ വ്യക്തിയോടുള്ള പ്രതിബദ്ധത പുലര്‍ത്തണമെന്നും പറയുന്നു. വിവാഹത്തിനുള്ളില്‍ ലൈംഗികത കുട്ടികളെ ജനിപ്പിക്കുക എന്നതിലും കൂടുതലാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം, സ്വവര്‍ഗ വിവാഹത്തെക്കുറിച്ച് കുറിപ്പില്‍ പരാമര്‍ശമില്ല.

അതേസമയം കത്തോലിക്കാ സഭയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടപ്പാക്കാന്‍ പദ്ധതിയിട്ടിരുന്ന പരിഷ്‌കരണ നടപടികളെ ലിയോ പതിനാലാമന്‍ തള്ളിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. കത്തോലിക്കാ സഭ കുറച്ചുകൂടി പാരമ്പര്യവാദത്തിലേക്ക് മടങ്ങുമെന്ന സൂചനയാണ് വരുന്നത്. സ്വവര്‍ഗ വിവാഹത്തിന് അനുമതി, വനിതാ പൗരോഹിത്യം വനിതാ ഡീക്കന്‍ പദവി, കൂടിതാമസം അംഗീകരിക്കല്‍, സ്വവര്‍ഗ പങ്കാളികള്‍ക്ക് കൂദാശ നല്‍കല്‍ തുടങ്ങിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിപ്ലവകരമായ മാറ്റങ്ങള്‍ അംഗീകരിക്കേണ്ടെന്നാണ് പോപ് ലിയോയുടെ നിലപാട്. പരിഷ്‌കരണം പാതിവഴിയില്‍ നില്‍ക്കുമ്പോഴാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിക്കുന്നത്.

മാര്‍പാപ്പ അംഗീകരിച്ച ഒപ്പിടേണ്ട അവസാന റിപ്പോര്‍ട്ട് 2026 ജനുവരിയില്‍ പുറത്തിറങ്ങണം. ഇതിന് മുന്‍പാണ് പോപ്പ് യോഗം വിളിച്ചിരിക്കുന്നത്. 2026 ജനുവരി 7, 8 തിയതികളിലാണ് അസാധാരണ കാര്‍ഡിനല്‍ കണ്‍സിസ്റ്ററി നടക്കുക.