തിരുവനന്തപുരം: ഹൈക്കോടതി വിരട്ടിയപ്പോൾ അതിവേഗ നടപടി. പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിലെ നാശനഷ്ടങ്ങൾക്കു പകരമായി നേതാക്കളുടെ സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾക്ക് തുടക്കമായി. നടപടികൾ ഇന്നു വൈകിട്ട് 5ന് അകം പൂർത്തിയാക്കും. പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് 2022 സെപ്റ്റംബർ 23 ന് ആയിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താൽ. മുൻകൂർ അനുമതിയില്ലാതെ ഹർത്താൽ നടത്തിയതിനും കെഎസ്ആർടിസി ബസുകളടക്കം നശിപ്പിച്ച് 5.20 കോടി രൂപയുടെ നഷ്ടം വരുത്തിയതിനുമാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകൾ ജപ്തി ചെയ്താലും താമസക്കാരെ ഇറക്കിവിടില്ലെന്നു റവന്യു വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മാനുഷിക പരിഗണന അർഹിക്കുന്ന കാര്യങ്ങളിൽ കോടതിയുടെ തീരുമാനം അനുസരിച്ചാവും നടപടി.

രണ്ടാഴ്ചയ്ക്കുള്ളിൽ പോപ്പുലർ ഫ്രണ്ട് നേതൃത്വം നഷ്ടപരിഹാരം കെട്ടിവയ്ക്കണമെന്നു കോടതി ആവശ്യപ്പെട്ടെങ്കിലും അവർ അംഗീകരിച്ചില്ല. തുടർന്നു സർക്കാരിനോടു സ്വത്തു കണ്ടുകെട്ടാൻ കോടതി നിർദ്ദേശിച്ചു. എന്നാൽ, നടപടി വൈകി. ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി വി.വേണുവിനു കോടതിയിൽ ഹാജരായി മാപ്പു പറയേണ്ടിവന്നു. ജനുവരി 15ന് മുൻപ് കണ്ടുകെട്ടൽ പൂർത്തിയാക്കുമെന്നു വേണു ഉറപ്പുനൽകിയെങ്കിലും അതും നടന്നില്ല. 23നു നടപടികളുടെ റിപ്പോർട്ട് നൽകണമെന്നു കോടതി താക്കീതു ചെയ്തു. തുടർന്നാണു സർക്കാർ ഉണർന്നത്. കേസ് വീണ്ടും 24 നു പരിഗണിക്കും. 24ന് മുമ്പ് നടപടി പൂർത്തിയാക്കാനാണ് അതിവേഗ നടപടികൾ. സമരത്തിന്റെ പേരിൽ പൊതുമുതൽ നശിപ്പിക്കുന്നവർക്കെല്ലാം പാഠമാണ് ഈ കേസും ഹൈക്കോടതി നടപടികളും.

സമയബന്ധിതമായി ഏറ്റെടുക്കൽ പൂർത്തിയാക്കാൻ ലാൻഡ് റവന്യു കമ്മിഷണർ ടി.വി.അനുപമ ഇന്നലെ ഉച്ചയ്ക്കു ജില്ലാ കലക്ടർമാർക്കു നിർദ്ദേശം നൽകി. ഉടൻ റവന്യു ഡപ്യൂട്ടി കലക്ടർമാരുടെ നേതൃത്വത്തിൽ നടപടി തുടങ്ങി. 23നു ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകേണ്ട സാഹചര്യം കണക്കിലെടുത്താണു നടപടി വേഗത്തിലാക്കിയത്. ആഭ്യന്തരവകുപ്പിൽ നിന്നു നേതാക്കളുടെ വിവരങ്ങൾ ശേഖരിച്ചാണു നടപടി. ഈ വിവര കൈമാറ്റം വൈകിയതായിരുന്നു പ്രശ്‌നങ്ങൾക്ക് കാരണം. ഇ്ത് കിട്ടിയതോടെ റവന്യൂ വകുപ്പിന് അതിവേഗ നടപടികൾ എടുക്കാൻ കഴിഞ്ഞു.

പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന, ജില്ലാ നേതാക്കളായിരുന്നവരുടെയും പ്രവർത്തകരുടെയും സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ട്. എൻഐഎ അറസ്റ്റ് ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിന്റെ കൊല്ലം ആദിനാട് വില്ലേജിലെ പുന്നക്കുളത്തുള്ള സ്ഥലവും വീടും കണ്ടുകെട്ടിയവയിൽ പെടുന്നു. സത്താറിന്റെ മാതാപിതാക്കളും ഭാര്യയും മക്കളും വീട്ടിൽ ഉണ്ടായിരുന്നു. തിരുവനന്തപുരം ജില്ലയിൽ 4 പേരുടെ വസ്തുക്കൾ വസ്തുക്കൾ കണ്ടുകെട്ടി. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 3 വീതവും ഇടുക്കിയിലും എറണാകുളത്തും 6 വീതവും നേതാക്കളുടെ സ്വത്തുക്കളാണു കണ്ടുകെട്ടിയത്. ആലുവയിൽ പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫിസടക്കം റവന്യു അധികൃതർ അളന്നു തിട്ടപ്പെടുത്തി റിപ്പോർട്ട് തയാറാക്കി.

തൃശൂർ ജില്ലയിൽ 18 സ്ഥലങ്ങളിൽ കണ്ടുകെട്ടാനുള്ള നടപടി പൂർത്തിയായി. പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അതീനയിൽ വീട്ടിൽ യഹിയ തങ്ങളുടെയും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പള്ളിക്കരഞ്ഞാലിൽ പി.കെ.ഉസ്മാന്റെയും പേരിലുള്ള ഭൂമി ഇതിൽ ഉൾപ്പെടുന്നു. പഴയന്നൂരിൽ കനറാ ബാങ്ക്, കെഎസ്എഫ്ഇ എന്നിവ പ്രവർത്തിക്കുന്ന എളനാട് റോഡിലെ 3 നില കെട്ടിടവും ജപ്തി ചെയ്യുന്നതിനായി പരിശോധന നടത്തിയിട്ടുണ്ട്.

പാലക്കാട് ജില്ലയിൽ, സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ.റൗഫ് ഉൾപ്പെടെ 16 പേർക്കെതിരെയാണു നടപടി. നടപടി നേരിട്ടവരിൽ ആർഎസ്എസ് നേതാവ് സഞ്ജിത്ത് വധക്കേസിലെ പ്രതി ബാവയും ഉണ്ട്. മലപ്പുറത്ത്, സംസ്ഥാന ചെയർമാനായിരുന്ന ഒ.എം.എ.സലാം ഉൾപ്പെടെ അറുപതോളം പേരുടെ നൂറിലേറെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി തുടങ്ങി. സംഘടനയുമായി ബന്ധമില്ലാത്തവരുടെ സ്വത്തുവകകളും ഉൾപ്പെട്ടുവെന്നാരോപിച്ചു തിരൂരങ്ങാടിയിൽ പ്രതിഷേധമുണ്ടായി.

കോഴിക്കോട് ജില്ലയിൽ 23 പ്രവർത്തകരുടെ വീടുകളുടെയും സ്വത്തുക്കളുടെയും വിവരങ്ങൾ ശേഖരിച്ചു. വയനാട്ടിൽ 14 പേരുടെയും കണ്ണൂരിൽ 7 പേരുടെയും കാസർകോട് 5 പേരുടെയും സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളാണ് ആരംഭിച്ചത്. കാസർകോട് ജില്ലാ കമ്മിറ്റി ഓഫിസായി പ്രവർത്തിച്ച കെട്ടിടവും ഇതിൽ ഉൾപ്പെടുന്നു. അർത്തുങ്കൽ തിരുനാളിനോട് അനുബന്ധിച്ചു ജില്ലാ ആസ്ഥാനം ഉൾപ്പെടെ 2 താലൂക്കുകളിൽ പ്രാദേശിക അവധിയായതിനാൽ ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട് ഇന്നലെ നടപടികളൊന്നുമുണ്ടായില്ല.