- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കാരണവുമില്ലാതെ യു.എ.പി.എ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസിൽ പെടുത്തിയത് പക്ഷപാതപരമായി; ആർഎസ്എസ്സിനെ തൃപ്തിപ്പെടുത്തുകയാണ് എൻ.ഐ.എയുടെ താൽപര്യമെന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കൾ മറുനാടനോട്; 11 പ്രതികൾ ഒരുമാസത്തേക്ക് റിമാൻഡിൽ
കൊച്ചി: എൻ.ഐ.എ പക്ഷപാതമായിട്ടാണ് കേസിൽ പെടുത്തിയിരിക്കുന്നത് എന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. മനഃപൂർവ്വം പോപ്പുലർ ഫ്രണ്ടിനെ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഒരു കാരണവുമില്ലാതെ യു.എ.പി.എ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിരിക്കുന്നു. എന്ത് കാരണത്താലാണ് യു.എ.പി.എ ചുമത്തിയിരിക്കുന്നത്? കോഴിക്കോട് സമ്മേളനം നടത്തിയതാണോ യു.എ.പി.എ ചുമത്താൻ കാരണം?
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വ്യാജ കേസുകളുപയോഗിച്ച് വേട്ടയാടുകയാണ്. രാഷ്ട്രീയപരമായി നേരിടാൻ ആർഎസ്എസ്സിന് കഴിയുന്നില്ല. അതുകൊണ്ടാണ് എൻ.ഐ.എയെ ഉപയോഗിച്ച് ഇത്തരം കേസുകൾ ചുമത്തി വേട്ടയാടുന്നത്. ആർഎസ്എസ്സിനെ തൃപ്തിപ്പെടുത്തുക എന്നതാണ് എൻ.ഐ.എയുടെ താല്പര്യം എന്നും അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കൾ മറുനാടനോട് പറഞ്ഞു.
കരമന അഷ്റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിയാസ്, അൻസാരി, മുജീബ്, നജ്മുദ്ദീൻ, സൈനുദ്ദീൻ, ഉസ്മാൻ, യഹിയ തങ്ങൾ, മുഹമ്മദലി, സുലൈമാൻ എന്നിവരെയാണ് എൻ.ഐ.എ കോടതി ഒരു മാസത്തേക്ക് റിമാൻഡ് ചെയ്തത്. ഇവരെ കാക്കനാട് സബ് ജയിലിലേക്കാണ് അയച്ചത്.കേരളത്തിലെ കേസുകളിൽ 120B,153A,13,18,18B,38,39 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കേരളത്തിൽ കസ്റ്റഡിയിലെടുത്ത 14 പേരെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഡൽഹിയിലേക്കു കൊണ്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആസിഫ് മിർസ, ഒ.എം.എ.സലാം, അബ്ദു റഹ്മാൻ, പി.കോയ, അനീസ് അഹമ്മദ്, അഫ്‌സർ പാഷ, അബ്ദുൽ വാഹിദ്, ജസീർ, ഷഫീർ, അബൂബക്കർ, മുഹമ്മദ് ബഷീർ, നാസറുദ്ദീൻ എളമരം, മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിബ് എന്നിവരെയാണ് ഡൽഹിയിലേയ്ക്കു കൊണ്ടുപോകുക.
പിടിയിലായവരിൽ കേരളത്തിൽ നിന്നും 25 പേരും, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് 20 പേർ വീതവും, തമിഴ്‌നാട്ടിൽ നിന്ന് 10 ഉം, അസമിൽ നിന്ന് 9 ഉം. യുപിയിൽ നിന്ന് 8 ഉം, ആന്ധ്രയിൽ നിന്ന് 5 ഉം, മധ്യപ്രദേശിൽ നിന്ന് നാലും, ഡൽഹിയിലും പുതുച്ചേരിയിലും നിന്നും മൂന്നുവീതവും, രാജസ്ഥാനിൽ നിന്ന് രണ്ടും പേരാണുള്ളത്.
രാജ്യ വ്യാപകമായി പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിൽ നടത്തിയ റെയ്ഡുകളെയും അറസ്റ്റുകളെയും തുടർന്ന് സംഘടനയെ നിരോധിക്കാനുള്ള നീക്കം സജീവമായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, എൻഐഎ മേധാവി ദിനകർ ഗുപ്ത, ഐബി ഡയറക്ടർ തപൻ ധേക്ക എന്നിവരും യോഗത്തിലുണ്ടായിരുന്നു.
തീവ്രവാദ ആരോപണ വിധേയരായവരടക്കം പിടിയിലായെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ അറിയിപ്പ്. വ്യാഴാഴ്ച എൻഐഎയും ഇഡിയും, സംസ്ഥാന പൊലീസ് സേനകളും നടത്തിയ സംയുക്ത ഓപ്പറേഷനിൽ നേതാക്കൾ അടക്കം 106 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായിരുന്നു. 11 സംസ്ഥാനങ്ങളിലായിരുന്നു റെയ്ഡ്
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.