- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തുടക്കത്തിൽ കേരളത്തിൽ ആസ്ഥാനം; പിന്നീട് ഡൽഹിയിലേക്ക് മാറി; അപ്പോഴും ശക്തികേന്ദ്രം കേരളം തന്നെ; എസ് ഡി പി ഐ നിരോധിക്കാത്തതു കൊണ്ട് പോപ്പുലർ ഫ്രണ്ടിന്റെ ജനപ്രതിനിധികൾക്ക് പ്രതിസന്ധിയുണ്ടാകില്ല; പോപ്പുലർ ഫ്രണ്ടിന് നിരോധനത്തിൽ നിലപാട് പറയാനും അവസരമുണ്ടാകും; ഇനി നിർണ്ണായകം ട്രിബ്യൂണൽ തീരുമാനം
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിയമവിരുദ്ധ സംഘടനയായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുകമ്പോൾ ചുമത്തുന്നത് ഗുരുതര കുറ്റങ്ങൾ. എണ്ണി പറഞ്ഞാണ് കാര്യങ്ങൾ നിരത്തുന്നത്. ഈ അസാധാരണ ഗസറ്റ് ട്രിബ്യൂണൽ പരിശോധിക്കും. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനവും. പോപ്പുലർ ഫ്രണ്ട് , അതിന്റെ അസോസിയേറ്റ്സ് അല്ലെങ്കിൽ അഫിലിയേറ്റ്സ് സംഘടനകൾ എന്നിവയെ അഞ്ച് വർഷത്തേക്കാണ് നിരോധിച്ചിരിക്കുന്നത്. എന്നാൽ ട്രിബ്യൂണലിന് മുമ്പിലെ പോപ്പുലർ ഫ്രണ്ട് വിശദീകരണം പൊളിഞ്ഞാൽ ഈ സംഘടന അകാല ചരമമടയും. അനിശ്ചിത കാലത്തേക്ക് നിരോധനം വരും. എന്നാൽ ട്രെബ്യൂണലിന് മുമ്പിൽ സംഘടനയാണ് ജയിക്കുന്നതെങ്കിൽ നിരോധനം അപ്രസക്തമാകും.
കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബീഹാർ, മണിപ്പൂർ, അസം, പശ്ചിമബംഗാൾ എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിൽ പോപ്പുലർ ഫണ്ടിന് സ്വാധീനമുണ്ട്. തുടക്കത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ ആസ്ഥാനം കേരളത്തിലായിരുന്നെങ്കിലും പിന്നീട് ആസ്ഥാനം രാജ്യതലസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. അപ്പോഴും പ്രവർത്തനത്തിന്റെ സിരാകേന്ദ്രം കേരളം തന്നെയായിരുന്നു എന്ന് കേന്ദ്ര ഏജൻസികൾ പറയുന്നു. കേരളം കേന്ദ്രീകരിച്ചുകൊണ്ട് മറ്റു സംസ്ഥാനങ്ങളിലേക്ക് ഭീകരപ്രവർത്തന ശൃംഖല വ്യാപിപ്പിച്ചു. ഈ സംഘടനയിൽപ്പെടുന്ന നിരവധി ഭീകരന്മാർ കേരളത്തിൽനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറി കുഴപ്പങ്ങൾ കുത്തിപ്പൊക്കുകയും ചെയ്തു എന്നാണ് ആരോപണം.
പിഎഫ്ഐയുടെ അനുബന്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ),നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, കേരള റിഹാബ് ഫൗണ്ടേഷൻ എന്നിവയാണ് നിരോധിക്കപ്പെട്ട മറ്റ് ഭീകര സംഘടനകൾ. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ് ഡി പി ഐയെ നിരോധിച്ചിട്ടുമില്ല. ഇതുകൊണ്ട് തന്നെ എസ് ഡി പി ഐയുടെ ജനപ്രതിനിധികൾക്ക് തുടർന്നും പാർട്ടിയുടെ പേരിൽ പ്രവർത്തിക്കാം. നിരവധി തദ്ദേശ സ്ഥാപനങ്ങളിൽ കേരളത്തിൽ എസ് ഡി പി ഐ ജനപ്രതിനിധികളുണ്ട്.
ഭീകര പ്രവർത്തനം നടത്തി , ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകി ,ഭീകര പ്രവർത്തനങ്ങൾക്ക് ആളെ റിക്രൂട്ട് ചെയ്തു തുടങ്ങിയവ കണ്ടെത്തിയതിനെ തുടർന്നാണ് പോപ്പുലർ ഫ്രണ്ടിന് നിരോധനം. രാജ്യത്തിന്റെ ഭരണഘടനാപരമായ സംവിധാനങ്ങൾക്കെതിരെ അട്ടിമറി പ്രവർത്തനങ്ങൾ തുടരുക, അതുവഴി പൊതു ക്രമം തകർക്കുകയും തുരങ്കം വയ്ക്കുകയും ചെയ്യുക, തീവ്രവാദത്തെ അടിസ്ഥാനമാക്കിയുള്ള പിന്തിരിപ്പൻ ഭരണത്തെ പ്രോത്സാഹിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുക, ദേശവിരുദ്ധ വികാരങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുകയും സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ സമൂലവൽക്കരിക്കുകയും ചെയ്യുക,രാജ്യത്തിന്റെ സമഗ്രതയ്ക്കും സുരക്ഷയ്ക്കും പരമാധികാരത്തിനും ഹാനികരമായ പ്രവർത്തനങ്ങൾ തുടരുക എന്നിവ കണക്കിലെടുത്താണ് നിരോധനമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു
ഇസ്ലാമിക ഭീകരസംഘടനകളായ പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും വിവിധ സംസ്ഥാനങ്ങളിലെ നിരവധി കേന്ദ്രങ്ങളിൽ ഭീകരവാദ കേസുകൾ അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയും സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംയുക്തമായി റെയ്ഡു നടത്തി, നേതാക്കളെ അറസ്റ്റു ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും ഭീകരപ്രവർത്തനത്തിന്റെയും, അതിനായി അവർ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ശേഖരിക്കുന്ന പണത്തിന്റെയും, ദേശവിരുദ്ധ പ്രചാരണവും ആക്രമണങ്ങളും സംഘടിപ്പിക്കാൻ ശേഖരിച്ചിട്ടുള്ള സാമഗ്രികളുടെയും ആയുധങ്ങളുടെയും വിവരങ്ങളും തെളിവുകളും നേരത്തെ ലഭ്യമായതുകൊണ്ടാണ് എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംയുക്തമായി റെയ്ഡുകൾ നടത്തിയത്.
എൻഐഎയെപ്പോലുള്ള ഏജൻസികൾ അന്വേഷിക്കുന്ന പോപ്പുലർ ഫ്രണ്ടിനെതിരായ പല കേസുകളിലും പ്രതികൾ മലയാളികളാണ്. ഒന്നിനുപുറകെ ഒന്നായി നിരവധി അരുംകൊലകളും മറ്റുതരത്തിലുള്ള അക്രമങ്ങളും നടത്തി കേരളത്തിൽ വലിയൊരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. ഭീകരസംഘടനകളാണെന്ന് കോടതിപോലും കുറ്റപ്പെടുത്തിയിട്ടും ഇക്കൂട്ടർ പിന്മാറാൻ കൂട്ടാക്കുന്നില്ല.