കണ്ണൂർ:പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ കണ്ണൂരിൽ പെട്രോൾ ബോംബേറ്. ഉളിയിൽ നരയൻപാറയിലാണ് വാഹനത്തിന് നേരെ ഇന്ന് പുലർച്ചെ പെട്രോൾ ബോംബെറിഞ്ഞത്. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. ആർക്കും പരിക്കില്ല. ബോംബെറിഞ്ഞവരെ കണ്ടെത്താനായില്ല. ഇതിനിടെ മട്ടന്നൂർ പത്തൊൻപതാം മൈലിൽ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും റോഡിൽ ടയർ കത്തിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.

പത്തൊൻപതാം മൈൽ സ്വദേശി ഗഫൂറിനെയാണ് മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാളെ പൊലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. കണ്ണൂർ ജില്ലയിലെ പഴയങ്ങാടി മാട്ടൂൽ എന്നിവടങ്ങളിലും സംഘർ ഷമുണ്ടായി. റോഡിൽ ടയർ കൂട്ടിയിട്ട് ഹർത്താൽ അനുകൂലികൾ ഗതാഗതം മുടക്കി. കണ്ണൂരിൽ ഹർത്താൽ പൂർണ്ണമാണ്.

കണ്ണൂരിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. വാഹന ഗതാഗതം നിലച്ച അവസ്ഥയിലാണ്. അപൂർവം ചില കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. വളപട്ടണത്തും തളിപറമ്പിലും ടയറുകൾ റോഡിലിട്ട് കത്തിച്ചു. പൊലീസെത്തി ഇവ നീക്കം ചെയ്തു. കണ്ണൂർ റെയിൽവെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും അകപ്പെട്ടു പോയവർക്ക് പൊലീസ് പലയിടത്തും ഗതാഗത സൗകര്യം ഒരുക്കാൻ ശ്രമിക്കുന്നുണ്ട്. മിക്ക ജില്ലകളിലും കടകളും ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്.

പോപുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും രാജ്യവ്യാപകമായി എൻ.ഐ.എ നടത്തിയ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് ഹർത്താൽ. കൂടാളി, ചാവശേരി . ഉളിയിൽ എന്നിവടങ്ങളിൽ ഹർത്താൽ അനുകൂലികൾ തമ്പടിച്ചു നിന്ന് കല്ലെറിഞ്ഞു. പൊലിസെത്തിയാണ് ഇവരെ ഓടിച്ചു വിട്ടത്.പാപ്പിനിശേരി ഇ.എം.എസ് സ്മാരക ഹയർ സെക്കന്ററി സ്‌കൂളിനു സമീപം ടാങ്കർ ലോറിക്ക് നേരെ ഹർത്താൽ അനുകൂലികൾ കല്ലേറ് നടത്തി.

ഉളിയിൽ പുന്നാട് പെട്രോൾ ബോംബറിഞ്ഞ് ഹർത്താൽ അനുകൂലികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കണ്ണൂർ വിമാന താവള ജീവനക്കാരൻ പുന്നാട് സ്വദേശിയായ നിവേദിന് പരുക്കേറ്റു. ഇയാളെ ഇരിട്ടി താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ നഗരത്തിന്റെ പല ഭാഗങ്ങളിലും ഹർത്താൽ അനുകൂലികൾ ടാങ്കർ ലോറികൾ തടഞ്ഞിട്ടു.

കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പോപുലർ ഫ്രണ്ട് റോഡ് ഉപരോധിച്ചു. കാൽടെക്‌സിൽ ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ലാത്തിവീശി മാധ്യമ ഫോട്ടോ ഗ്രാഫർക്ക് പരിക്കേറ്റു. സുപ്രഭാതം ഫോട്ടോഗ്രാഫർ കെ.എം. ശ്രീകാന്തിനാണ് പരിക്കേറ്റത്. നൂറോളം പേർ സമരത്തിൽ പങ്കെടുത്തത്. കണ്ണൂർ ടൗൺ പൊലീസ് ഇൻസ് പെക്ടർ ബിനുമോഹന്റെ നേതൃത്വത്തിലാണ് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയത്.

ഭാരവാഹികൾ ഉൾപെടെ ഇരുപതിലേറെ പ്രവർത്തകരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂർ താണയിലെ പോപ്പുലർ ഫ്രണ്ട് ഓഫിസിൽ റെയ്ഡ് നടത്തിയതിൽ പ്രതിഷേധിച്ചാണ് ദേശീയപാത ഉപരോധം നടത്തിയത്.