ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്ന നിയമവിരുദ്ധ സംഘടനയായി കേന്ദ്രം പോപ്പുലർ ഫ്രണ്ടിനെ കാണുന്നു. പോപ്പുലർ ഫ്രണ്ടിന്റെ ഫണ്ടുകളാണ് നിരോധനത്തിന് പ്രധാന കാരണം. അസാധാരണ ഗസറ്റിലും അത് വ്യക്തമാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകളാണ് ഇതിന് കാരണം. നിരോധനത്തിലേക്ക് നയിച്ചത് ഇന്ത്യയിലേക്ക് വൻ തോതിൽ ഫണ്ട് ഒഴുകുന്നു എന്നതുതന്നെയാണ്. മുമ്പ് തന്നെ പോപ്പുലർ ഫ്രണ്ട് നിരോധനം ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന്റെ അജണ്ടയിലുണ്ടായിരുന്നു. എന്നാൽ മതിയായ തെളിവുകൾ ഉണ്ടായിരുന്നില്ല. കൊലപാതകങ്ങളും പ്രതിഷേധങ്ങളും മാത്രം തെളിവാക്കിയാൽ കോടതിയിൽ തിരിച്ചടി പ്രതീക്ഷിച്ചായിരുന്നു തീരുമാനം നീട്ടിയത്. എന്നാൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ നീക്കം നിർണ്ണായകമായി. പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക അടിത്തറയിലെ ഭീകര സാന്നിധ്യം അവർ കണ്ടെത്തി. ഇതാണ് നിരോധനത്തിന് കാരണമെന്ന് കേന്ദ്ര സർക്കാരും സമ്മതിക്കുന്നുണ്ട്.

പോപ്പുലർ ഫ്രണ്ടിന് 5 വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുള്ള ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കി. പോപ്പുലർ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകൾക്കും ഈ നിരോധനം ബാധകമാണ്. ഭീകര പ്രവർത്ത ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം. രണ്ട് തവണയാണ് പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്. കേരളത്തിലും എൻഐഎ റെയിഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കളടക്കമുള്ളവർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ 106 പേർ അറസ്റ്റിലായിരുന്നു. കേരളത്തിൽ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്.

റെയിഡിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് കേരളത്തിൽ ഹർത്താൽ നടത്തിയിരുന്നു. എന്നാൽ എൻഐഎ റെയ്ഡും നടപടികളും തുടർന്നു. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കമായി പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് ഉത്തരവിറങ്ങുന്നത്. എൻ ഐ എയും ഇ ഡിയും ആണ് രാജ്യവ്യാപകമായി പോപ്പുലർഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീട്ടിലുമടക്കം പരിശോധന നടത്തിയത്. പോപ്പുലർ ഫ്രണ്ട് ഭീകര പ്രവർത്തനം നടത്തിയെന്നും, ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകിയെന്നും ,ഭീകര പ്രവർത്തനങ്ങൾക്ക് ആളെ റിക്രൂട്ട് ചെയ്തു എന്നും എൻഐഎ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം. പോപ്പുലർ ഫ്രണ്ട് അടക്കം 42 ലേറെ സംഘടനകളാണ് കേന്ദ്രത്തിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്. പോപ്പുലർ ഫ്രണ്ടിനെതിരെ എൻഐഎ കണ്ടെത്തിയ തെളിവുകളും ഇഡിയുടെ നിഗമനങ്ങളും ചേർത്തു വച്ചാണ് തീരുമാനം.

സിഎഎ സമരത്തിലും, ഹാദിയ കേസിലും, മറാാട് കലാപക്കേസിലുമൊക്കെ വൻ തോതിൽ പോപ്പുലർ ഫ്രണ്ടിന് ഫണ്ട് ഒഴുകിയെന്ന് ഇഡിക്ക് വിവരം കിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് പോപ്പുലർ ഫ്രണ്ട് സംശയ ദൃഷ്ടിയിൽ ആയത്. നേരത്തെ ഖത്തറിൽ നിന്നായിരുന്നു കേരളത്തിലെ അടക്കം ഇസ്ലാമിക സംഘടനകൾക്ക് വൻതോതിൽ പണം വന്നിരുന്നത്. ഖത്തർ ഹവാല എന്ന് വിളിച്ചിരുന്ന, ഇസ്ലാമിക പ്രബോധനത്തിന് വരുന്ന ഈ പണം നിന്നുപോയതാണ് സത്യത്തിൽ മാധ്യമവും, തേജസും അടക്കമുള്ള ഇസ്ലാമിക പത്രങ്ങളെപ്പോലും ബാധിച്ചത് എന്ന് ഹമീദ് ചേന്ദമംഗല്ലൂരിനെപ്പോലുള്ള സാമൂഹിക നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു .

എന്തായാലും ഖത്തറും സൗദിയും ഇപ്പോൾ തീവ്രവാദ പ്രസ്ഥാനങ്ങളെ പ്രോൽസാഹിപ്പിക്കാറില്ല. എന്നിട്ടും പോപ്പുലർ ഫ്രണ്ടിന് എവിടെ നിന്നാണ് കോടികളുടെ ഫണ്ട് കിട്ടുന്നത് എന്നതാണ് എൻഐഎയെയും ഇ ഡിയെയും കുഴക്കുന്നത്. ആഗോള ഭീകരവാദ ശൃഖലയായ ഹഖാനി നെറ്റ് വർക്കിൽനിന്നാണ് അവർക്ക് പണം ഒഴുകുന്നതെന്ന് സൂചനയുണ്ടെന്ന് പല ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിന്റെ തെളിവ് തേടിയാണ് എൻഐഎ അന്വേഷണം നടക്കുന്നത്. ഏതായാലും അനധികൃത ഫണ്ടുകൾ വന്നു എന്നതിന് തെളിവ് കണ്ടെത്തിയിട്ടുണ്ട്. ഇത് ഹഖാനി നെറ്റ് വർക്കിലേക്ക് നീളുമെന്നാണ് സൂചന.

ലോകത്തെ ഏറ്റവും അപകടകാരികളായ ഭീകരസംഘടനയായ ഹഖാനി നെറ്റ്‌വർക്ക് ആണെന്നാണ് ന്യൂയോർക്ക് ടൈംസ് പറയുന്നത്. ഐഎസും അൽഖായിദയും, താലിബാനും അടക്കമുള്ള ലോകത്തിലെ വിവിധ ഇസ്ലാമിക തീവ്രവാദ സംഘടനകൾക്ക് പണം വരുന്ന് ഇവിടെ നിന്നാണ്. താലിബാൻ ഉൽപ്പാദിപ്പിക്കുന്ന ഓപ്പിയത്തിന്റെ കള്ളക്കടത്തുതൊട്ട്, പ്രമുഖരെ ബന്ദിയാക്കി മോചനദ്രവ്യം നേടുന്നത് അടക്കമുള്ള വിവിധ ധന സമ്പാദന മാർഗങ്ങൾ ഇയർക്കുണ്ട്. അതുപോലെ ലോകത്തിലെ കോടീശ്വരന്മാരായ മുസ്ലീങ്ങളുടെ കൈയച്ചുള്ള സംഭാവനയും ഇവർക്ക് കിട്ടുന്നു. ഇപ്പോൾ ഖത്തറും സൗദിയും തീവ്രവാദ ബന്ധങ്ങളിൽനിന്ന് പിന്നോട്ട് അടിച്ചതോടെ, തുർക്കിയും അഫ്ഗാനിസ്ഥാനും വഴിയാണ് ഇവരുടെ ഓപ്പറേഷൻ എന്നാണ് അറിയുന്നത്.

ഇപ്പോൾ ഹഖാനി നെറ്റ് വർക്കിന്റെ മേധാവിയായ ഖലീൽ ഹഖാനി അഫ്ഗാനിലാണ്. പാക്കിസ്ഥാനുമായി വളരെ അടുപ്പമുള്ള ഹഖാനി നെറ്റ്‌വർക്ക് ഒരേ സമയം താലിബാനുമായും അവരുടെ ശത്രുക്കളായ ഐ എസ് ഖൊറാസാൻ ഗ്രൂപ്പുമായും ബന്ധം പുലർത്തുവയാണ്്. ഈ ഖലീൽ ഖഹാനിയും അമേരിക്കയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലാണ്. ബിൻ ലാദനുമായുള്ള ബന്ധത്തിന്റെ പേരിൽ 2011 ഫെബ്രുവരി 9-നാണ് ഹഖാനിയെ അമേരിക്ക 'മോസ്റ്റ് വാണ്ടഡ് ടാർഗെറ്റ്' പട്ടികയിൽ ഉൾപ്പെടുത്തിയത്. 2011 ഫെബ്രുവരി 9-നാണ് ഹഖാനിയെ അമേരിക്ക മോസ്റ്റ് വാണ്ടഡ് ടാർഗെറ്റ് പട്ടികയിൽ ഉൾപ്പെടുത്തിയത്. കൊടുംഭീകരരുടെ പട്ടികയിലുള്ള ഖലീൽ കഴിഞ്ഞ വർഷമാണ് അഫ്ഗാനിസ്ഥാനിലെത്തിയത്.

കാബൂളിലെത്തിയ ഖലീലിന് വൻ സ്വീകരണമാണ് ലഭിച്ചത്. അമേരിക്കൻ സൈനികർ ഇവിടെ ഉള്ളപ്പോൾ തന്നെയാണ് അമേരിക്ക അമ്പത് മില്യൻ ഡോളർ തലയ്ക്ക് വിലയിട്ട ഖലീൽ ഹഖാനി ചടങ്ങുകളിൽ പരസ്യമായി പങ്കെടുത്തത്. താലിബാൻ സർക്കാരിൽ ഖലീൽ ഹഖാനിക്ക് കാര്യമായ സ്ഥാനമുണ്ട്. സുരക്ഷയുടെ ചുമതലാണ് ഇയാൾക്ക് നൽകിയത്. ഖലീലിന്റെ സഹോദരൻ ജലാലുദ്ദീൻ ഹഖാനിയാണ് ഹഖാനി നെറ്റ് വർക്ക് സ്ഥാപിച്ചത്.

1990 കളുടെ മധ്യത്തിൽ മുല്ല മുഹമ്മദ് ഒമറിന്റെ താലിബാൻ ഭരണകൂടത്തിൽ അംഗമായിരുന്നു ജലാലുദ്ദീൻ ഹഖാനി. താലിബാനും ഹഖാനി നെറ്റ്‌വർക്കിനും ധനസമാഹരണ പ്രവർത്തനങ്ങൾ നടത്തുന്നത് ഖലീൽ ഹഖാനിയാണ്. കൂടാതെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി പലപ്പോഴും വിദേശയാത്രകളും നടത്തുന്നുണ്ട്. ഇപ്പോൾ ഐഎസും താലിബാനും കൂടാതെ ലോകത്തിലെ 63 സംഘടനകൾക്ക് കൂടി ഹഖാനി നെറ്റ്‌വർക്ക് ഫണ്ട് നൽകുന്നുവെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിൽ ഉന്ത്യയിലെ ഏതെങ്കിലും സംഘടന ഉൾപ്പെട്ടോ എന്ന പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്.

2003ലെ മാറാട് കൂട്ടക്കൊലം തൊട്ട് പോപ്പുലർ ഫ്രണ്ടിന് കോടികൾ ഫണ്ട് വരുന്നുണ്ടെന്ന് ആരോപണമുണ്ട്. മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഉന്നതഗൂഢാലോചനയെ കുറിച്ച് ആദ്യം അന്വേഷിച്ച റിട്ട. ക്രൈം ബ്രാഞ്ച് സൂപ്രണ്ട് സി.എം.പ്രദീപ് കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് വ്യക്തമാക്കുന്നത്. 2017ൽ ഹാദിയകേസിന്റെ സമയത്ത് സംഘടിതമായി മതപരിവർത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഒളിക്യാമറയിൽ സമ്മതിക്കുന്നത് വൻ വിവാദമായിരുന്നു. ഹാദിയ കേസിൽ, പരാതിക്കാരനായ ഷഹീൻ ജഹാന് വേണ്ടിയാണ് കപിൽ സിബലിന് 77 ലക്ഷവും, ദുഷ്യന്ത് ദവെയ്ക്ക് 11 ലക്ഷവും, ഇന്ദിര ജയ്‌സിങ്ങിന് 4 ലക്ഷവും നൽകിയതു വിവാദമായിരുന്നു. ഷഹീൻ ജഹാന്റെ പേരിൽ പോപ്പുലർ ഫ്രണ്ടാണ് ഈ തുക നൽകിയതെന്ന് സീ ന്യൂസ് വെളിപ്പെടുത്തുന്നു.