- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിൽ ഹർത്താൽ പൂർണ്ണം; നഗര മേഖലകളിൽ ആദ്യ മണിക്കൂറിൽ ജനജീവിതം സാധാരണം; കെ എസ് ആർ ടി സി ബസുകൾ സർവ്വീസ് നടത്തുന്നു; കടകൾ നിർബന്ധപൂർവ്വം അടച്ചില്ലെങ്കിൽ പ്രശ്നങ്ങളുണ്ടാകില്ലെന്ന വിലയിരുത്തലിൽ പൊലീസ്; നേതാക്കളുടെ അറസ്റ്റിൽ പി എഫ് ഐ പ്രതിഷേധിക്കുമ്പോൾ
തിരുവനന്തപുരം: ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ തുടങ്ങി. പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിൽ എല്ലാം ഹർത്താൽ പൂർണ്ണമാണ്. മറ്റിടങ്ങളിൽ സാധാരണ നിലയിലാണ് ജനജീവിതം. പ്രവർത്തർ ഹർത്താൽ വിജയിപ്പിക്കാൻ ബോധപൂർവ്വം എത്തിയിട്ടില്ല. കെ എസ് ആർ ടി സി അടക്കം സർവ്വീസ് നടത്തുന്നുണ്ട്. എന്നാൽ പോപ്പുലർ ഫ്രണ്ടിൻെ പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. അതിന് ശേഷം ക്രമസമാധാന പ്രശ്നം ഉണ്ടാകുമോ എന്ന സംശയം ശക്തമാണ്.
രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. എൻഐഎ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനാണ് കഴിഞ്ഞ ദിവസം രാജ്യത്ത് നടന്നത്. 150ലധികം പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ് 11 സംസ്ഥാനങ്ങളിൽ നിന്നായി എൻഐഎ കസ്റ്റഡിയിലെടുത്തത്. ഇതുവരെ 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ കർശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിൽ ഹർത്താലുമായി ബന്ധപ്പെട്ട് കടകൾ അടയ്ക്കണമെന്ന് നേതാക്കൾ വ്യാപാരികളോട ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഈ മേഖലകളിൽ കടകൾ അടഞ്ഞു കിടക്കുകയാണ്. എന്നാൽ വാഹനങ്ങൾ ഓടുന്നുണ്ട്. എല്ലാ ജില്ലകളിലും ആദ്യ മണിക്കൂറിൽ ഹർത്താൽ കാര്യമായ സ്വാധീനം ഉണ്ടാക്കിയിട്ടില്ല.
ഹർത്താൽ പ്രഖ്യാപനം കാരണം നിരത്തുകളിൽ വലിയ തിരക്കില്ലെന്നതാണ് വസ്തുത. ദീർഘദൂര ബസുകളിൽ അടക്കം ആളുകൾ കുറവാണ്. വാഹനങ്ങൾ തടയില്ലെന്ന് പോപ്പുലർ ഫ്രണ്ട് പറഞ്ഞിരുന്നു. ആരുടേയും കട നിർബന്ധിച്ച് അടപ്പിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇത് വസ്തുതയായി മാറിയാൽ ഹർത്താൽ വലിയ പ്രശ്നം ഉണ്ടാകില്ല. അതിനിടെ ഹർത്താൽ ദിനത്തിൽ ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി.
അക്രമത്തിൽ ഏർപ്പെടുന്നവർ, നിയമലംഘകർ, കടകൾ നിർബന്ധമായി അടപ്പിക്കുന്നവർ എന്നിവർക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും. സമരക്കാർ പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടാതിരിക്കാൻ പൊലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കിൽ കരുതൽ തടങ്കലിനും നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുള്ള സുരക്ഷാക്രമീകരണങ്ങളുടെ മേൽനോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാർ, സോണൽ ഐ.ജിമാർ, ക്രമസമാധാന വിഭാഗം എഡിജിപി എന്നിവർക്കാണ്.
ദേശീയ-സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ഘടകം ആരോപിച്ചത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിന്റെ ഭരണകൂട വേട്ടക്കെതിരെയാണ് ഇന്ന് നടക്കുന്ന ഹർത്താലെന്നാണ് പിഎഫ്ഐ ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു. രാജ്യത്തിനെതിരായ നീക്കം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിവധ സംസ്ഥാനങ്ങളിൽ പോപ്പുലർഫ്രണ്ട് ഓഫീസിസുകളിലും നേതാക്കളുടെ വീട്ടിലുമായി എൻഐഎ റെയ്ഡ് നടത്തിയത്.
രണ്ടു കേസുകളിലായി 19 പേർ കേരളത്തിൽ മാത്രം അറസ്റ്റിലായിട്ടുണ്ട്. തമിഴ്നാട്ടിൽ 11 പേരും കർണാടകയിൽ ഏഴ് പേരും ആന്ധ്രയിൽ നാല് പേരും രാജസ്ഥാനിൽ രണ്ട് പേരും അറസ്റ്റിലായി. കേരളത്തിലാണ് കൂടുതൽ അറസ്റ്റ്. കേരളത്തിൽ അറസ്റ്റിലായ ചിലരെ ഡൽഹിയിൽ എത്തിച്ചു. പോപ്പുലർ ഫ്രണ്ട് ദേശീയ സംസ്ഥാന നേതാക്കളായ പതിനെട്ട് പേരെ കൊച്ചിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം അടക്കം മുതിർന്ന നേതാക്കളാണ് അറസ്റ്റിലായത്. പത്ത് പേരുടെ അറസ്റ്റ് കൊച്ചി എൻഐഎ യൂണിറ്റ് ആണ് രേഖപ്പെടുത്തിയത്. ഇവരെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും. കേരളത്തിൽ ഇന്ന് നടന്ന പരിശോധനകളിൽ നിരവധിപ്പേരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ആദ്യമായാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.
ഒഎംഎ സലാം ദേശീയ പ്രസിഡന്റ് (മലപ്പുറം), സൈനുദ്ദീൻ ഇടുക്കി ജില്ലാ സെക്രട്ടറി, നസറുദ്ദീൻ എളമരം ദേശീയ സെക്രട്ടറി(വാഴക്കാട്), മുഹമ്മദ് ബഷീർ സ്റ്റേറ്റ് പ്രസിഡന്റ്, (തിരുവനന്തപുരം), സാദിഖ് മുഹമ്മദ് ജില്ലാ സെക്രട്ടറി പത്തനംതിട്ട, നജിമുദ്ദീൻ മുണ്ടക്കയം, പി കോയ കോഴിക്കോട്, അബ്ദുൽ റഹ്മാൻ കളമശ്ശേരി ദേശീയ വൈസ് പ്രസിഡണ്ട്, മുഹമ്മദലി ജിന്ന തമിഴ്നാട്സ്വദേശി, മുഹമ്മദ് ഷാഹിദ് എന്നിവരെ കോട്ടയത്തുനിന്നും പിടികൂടി. സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫിസുകളും നേതാക്കളുടെ വീടുകളുമടക്കം 70 ഓളം കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്. സംസ്ഥാനത്ത് ആദ്യമായാണ് എൻഐഎ ഒരേ സമയം ഇത്രയേറെ വ്യാപകമായ തെരച്ചിൽ നടത്തുന്നത്. പുലർച്ചെ 3.30 ഓടെ കേന്ദ്രസേനയെ വിന്യസിച്ചാണ് റെയ്ഡ് തുടങ്ങിയത്.
പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒഎംഎ സലാമിനെ മഞ്ചേരിയിലെ വീട്ടിൽ നിന്നും സംസ്ഥാന പ്രസിഡണ്ട് സിപി മുഹമ്മദ് ബഷീറിനെ തിരുനാവായിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്ത് അറസ്റ്റിലായ പോപ്പുലർ ഫണ്ട് പ്രവർത്തകർ ഐ എസ് പ്രവർത്തനത്തിന് സഹായം ചെയ്തെന്നാണ് എൻ ഐ എ വ്യക്തമാക്കുന്നത്. പ്രതികൾ ഐ എസ് പ്രവർത്തനത്തിന് സഹായം ചെയ്തു, ദേശവിരുദ്ധ പ്രവർത്തനത്തിനായ ഗൂഢാലോചന നടത്തി എന്നതടക്കമുള്ള കുറ്റകൃത്യത്തിൽ പങ്കാളികളായെന്ന് എൻ ഐ എ കോടതിയെ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ