പത്തനംതിട്ട: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ ബാനര്‍. പത്തനംതിട്ട വെട്ടിപ്പുറം കരയോഗത്തിനു മുന്നിലാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്. കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേട് എന്നാണ് ബാനറിലെ പരിഹാസം. പിന്നില്‍ നിന്ന് കുത്തുന്ന കട്ടപ്പയുടെയും

ബാഹുബലിയുടേയും ചിത്രമുള്‍പ്പടെയുള്ള ബാനറാണ് വെട്ടിപ്പുറം ശ്രീകൃഷ്ണ വിലാസം 115 നമ്പര്‍ എന്‍എസ്എസ് കരയോഗം ഓഫീസിനു മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത്.

ഇന്നലെ പിണറായിയെയും സര്‍ക്കാരിനെയും അനുകൂലിച്ചുകൊണ്ടുള്ള സുകുമാരന്‍ നായരുടെ പരാമര്‍ശത്തിനെതിരെ സമുദായത്തില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്ററെന്നാണ് വിലയിരുത്തല്‍. സര്‍ക്കാരിന് വേണമെങ്കില്‍ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാം, അത് ചെയ്തില്ലല്ലോ. സര്‍ക്കാരിനെ എന്‍എസ്എസിന് വിശ്വാസമുണ്ട്. കോണ്‍ഗ്രസും ബി ജെപിയും ഒന്നും ചെയ്യുന്നില്ല, കോണ്‍ഗ്രസില്‍ നടക്കുന്നത് മുഖ്യമന്ത്രി ആരാണെന്ന തര്‍ക്കമാണെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു.

എന്നാല്‍ ആഗോള അയ്യപ്പ സംഗമത്തിലടക്കം സുകുമാരന്‍ നായര്‍ സ്വീകരിച്ച നിലപാടില്‍ കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയില്‍ നിന്നുമടക്കം വിമര്ശാനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നല്‍കിയാണ് എന്‍എസ്എസ് സര്‍ക്കാരിനോട് അടുക്കുന്നത്. ശബരിമല വിഷയത്തിലെ പിന്തുണ സര്‍ക്കാരിലേക്ക് വ്യാപിപ്പിക്കുന്നുവെന്നാണ് സമുദായ നേതൃത്വത്തിന്റെ

പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

അതേസമയം, ജി സുകുമാരന്‍ നായര്‍ക്കെതിരായ ബാനര്‍ പ്രത്യക്ഷപ്പെട്ടത് കരയോഗം അറിഞ്ഞു കൊണ്ടല്ലെന്ന് പ്രസിഡന്റ് ദിനേശ് നായര്‍ പറഞ്ഞു. ബാനറില്‍ കരയോഗത്തിനോ ഭാരവാഹികള്‍ക്കോ ഉത്തരവാദിത്വമില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും. എന്നാല്‍ ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായമാകില്ല എല്ലാവര്‍ക്കും. അഭിപ്രായ വ്യത്യാസം ഉള്ളവര്‍ ഇങ്ങനെ ബാനര്‍ വെക്കുന്നത് ശരിയല്ല. ആരാണ് വെച്ചതെന്ന് അറിയില്ലെന്നും ദിനേശ് നായര്‍ പറഞ്ഞു.

അതേസമയം ഇടത് സര്‍ക്കാരിനോട് അടുക്കുന്ന സമീപം തുടരുന്ന എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുകയാണ്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ചേര്‍ന്ന് കാണണമെന്നാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ നിലപാട്. എന്‍എസ്എസുമായി അടുപ്പമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും സമാന അഭിപ്രായമാണുള്ളത്.

വയനാട് എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി സുകുമാരന്‍ നായരെ കണ്ടേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. മുസ്ലിം സംഘടന നേതാക്കളെ കഴിഞ്ഞ ദിവസം പ്രിയങ്ക കണ്ടിരുന്നു.