- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ടയിൽ കുഴിയുടെ പത്മവ്യൂഹം; ചെന്ന് കയറി കൊടുത്താൽ തിരിച്ചിറങ്ങാൻ അടവുകൾ പതിനെട്ടും പഠിക്കണം; പത്തനംതിട്ടക്കാരുടെ തലയിലെഴുത്ത് മായ്ക്കാൻ ചിത്രമെഴുതി പ്രതിഷേധിച്ച് മൂന്നു ചിത്രകാരന്മാർ
പത്തനംതിട്ട: ജില്ലാ ആസ്ഥാനം തകർന്നു തരിപ്പണമായി കിടക്കുകയാണ്. അക്ഷരാർഥത്തിൽ കുഴിയുടെ ഒരു പത്മവ്യൂഹം. വന്നു കയറിപ്പോയാൽ കുഴികളോട് യുദ്ധം ചെയ്യണം. കുഴികളിൽ നിന്ന് രക്ഷപ്പെടാനുള്ള വിദ്യ ഒരാൾക്കും അറിയില്ല. കുഴിയിൽ വീണ് നരകിക്കുന്ന ഇന്നാട്ടിലെ ജനങ്ങളെ രക്ഷിക്കാൻ, തരിപ്പണമായ ജില്ലാ ആസ്ഥാനം പുനർനിർമ്മിക്കാൻ അധികാരികളുടെ കണ്ണു തുറക്കാൻ വേണ്ടി മൂന്നു ചിത്രകാരന്മാരുടെ ചിത്രമെഴുത്ത്.
ഏറ്റവുമധികം നരകയാതനയുള്ള കുമ്പഴ റോഡ് തുടങ്ങുന്ന കണ്ണങ്കരയിലാണ് സ്മൃതി ബിജു, ജോൺസൺ ജെ. അടൂർ, രാജൂസ് കുളനട എന്നിവർ ചേർന്ന് ചിത്രം വരച്ച് പ്രതിഷേധിച്ചത്. ഒരു ജില്ലാ ആസ്ഥാനത്തിനും പത്തനംതിട്ടയുടെ ഗതി വരുത്തരുതേയെന്ന പ്രാർത്ഥനയോടെയായിരുന്നു ചിത്രകാരന്മാരുടെ വരയരങ്ങ്.
നഗരത്തിലെ റോഡുകൾ തകർന്ന് ഗതാഗതം തടസ്സപ്പെടുകയും നിത്യേനെയെന്നോണം അപകടങ്ങൾ സംഭവിക്കുകയും ചെയ്യുന്നതിൽ മനംനൊന്താണ് കുമ്പഴ സ്വദേശി സ്മൃതി ബിജു ശനിയാഴ്‌ച്ച വൈകിട്ട് കണ്ണങ്കര ജങ്ഷനിൽ വരയരങ്ങ് സംഘടിപ്പിക്കുമെന്ന് ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടത്. സ്മൃതി ബിജുവിന് പിന്തുണയുമായി ജോൺസൺ ജെ അടൂരും രാജൂസ് കുളനടയും എത്തിയതോടെ വരയരങ്ങ് ഏറെ ശ്രദ്ധേയമാവുകയായിരുന്നു. റോഡുകളുടെ ശോചനീയാവസ്ഥയെപ്പറ്റി അധികാരികളുടെ ശ്രദ്ധയിലെത്തിക്കാനുള്ള ചെറിയ ശ്രമമാണ് കലാകാരന്മാരെന്ന നിലയിൽ തങ്ങൾ ചെയ്യുന്നതെന്ന് സ്മൃതി ബിജു പറഞ്ഞു.
അപകടങ്ങളിൽ പൊലിയുന്ന മനുഷ്യ ജീവനുകളെപ്പറ്റി അധികാരികളുടെയും പൊതു സമൂഹത്തിത്തിന്റെയും മനസ്സാക്ഷിയെ ഉണർത്തുന്നതിന് ലക്ഷ്യമിട്ടാണ് സ്മൃതി ബിജു തന്റെ ചിത്രം വരച്ചത്.
റോഡുകൾ തകർന്ന അവസ്ഥയിലാകുമ്പോൾ നഷ്ടമാകുന്ന വിലപ്പെട്ട സമയം പ്രമേയമാക്കിയ ചിത്രമാണ് രാജൂസ് കുളനട കാൻവാസിൽ വരച്ചത്. തകർന്ന റോഡുകളെ മനുഷ്യ ജീവനുകളെ വിഴുങ്ങാൻ കൊതിയോടെ നിൽക്കുന്ന രാക്ഷസനോടുപമിക്കുന്നതായിരുന്നു ജോൺസൺ ജെ അടൂരിന്റെ ചിത്രം.
നിങ്ങൾ എത്ര വരച്ചാലും ഇവിടെ ആർക്കും ഒരു നാണവും ഉണ്ടാവാൻ പോകുന്നില്ലെന്ന നിരാശയാണ് യാത്രക്കാർ പങ്കുവച്ചത്. എന്നാൽ കലാ സൃഷ്ടികൾക്ക് സമൂഹ മനസാക്ഷിയെയും അധികാരികളുടെ ശ്രദ്ധയേും ആകർഷിക്കാൻ കഴിയുമെന്നും ജനങ്ങളുടെ ദുരിതത്തിന് പരിഹാരമാകുമെന്നുമുള്ള പ്രതീക്ഷയാണ് കലാകാരന്മാർക്ക് ഉള്ളത്.
മന്ത്രി വീണാ ജോർജിന്റെ വീട് ഇരിക്കുന്ന ഭാഗത്താണ് ഏറ്റവുമധികം കുഴിയുള്ളത്. ഇതിനെതിരേ സിപിഎമ്മിന്റെ മുൻ ബ്രാഞ്ച് സെക്രട്ടറി തന്നെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
പത്തനംതിട്ട നഗരത്തിന്റെ ഭീകരാവസ്ഥയും ദുരവസ്ഥയും കണ്ട് മനംനൊന്താണ് ആറന്മുള എംഎൽഎ കൂടിയായ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറി എല്ലാം തകർന്നവനെപ്പോലെ പാർട്ടിക്കെതിരേ ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്. മുൻ ബ്രാഞ്ച് സെക്രട്ടറി അഡ്വ. ഷാൻ പഴയവീട്ടിൽ കുറിച്ചത് ഇങ്ങനെ:
ഒരുപാട് നാളുകളായി ഈ അവസ്ഥയിൽ എന്റെ നാട്..
പത്തനംതിട്ട നഗരത്തോട് എന്തിനാണ് ഈ അവഗണന ?
ഇവിടെ വികസനം ചർച്ചചെയ്യേണ്ടേ ?
നഗരം, നിയമസഭ, ജില്ലാ, സംസ്ഥാനം എല്ലായിടത്തും ഇടതു ഭരണം. എന്നിട്ടും എന്റെ നാട് മാത്രം വികസിച്ചില്ല അതുപോട്ടെ, അപകടഭയമില്ലാതെ യാത്ര തന്നെ ഇവിടെ സാധിക്കുന്നില്ല. വാഹനങ്ങൾ വേഗം കേടാകുന്നു.ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നു. നഗര പ്രാദേശങ്ങളിൽ വോട്ട് ചോദിച്ച് ഇത്തവണ ഞാൻ ഇറങ്ങുന്നില്ല.
നാണം, ഉളുപ്പ് എന്നത് എനിക്ക് ഒരു പ്രശ്നമാണ്
ആവശ്യത്തിനും,
ആവേശത്തിനുമല്ലാതെ
ആദർശത്തിന്റെ പേരിൽ പാർട്ടിയെ സ്നേഹിക്കുന്നവർ,
വിജയത്തിനെന്നതു പോലെ പരാജയത്തിലും ശബ്ദമുയർത്തണം.
ഭരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും
സർക്കാർ വീഴ്ചകളെ ക്രിയാത്മക വിമർശനം നടത്തണം,
തിരുത്തിക്കണം.
ഇല്ലെങ്കിൽ നിങ്ങളുടെ മൗനം പാർട്ടിയെ കൂടുതൽ വീഴ്ചകളിലേക്ക് എത്തിക്കും..
ജില്ലാ ആസ്ഥാനം ഉൾക്കൊള്ളുന്ന പത്തനംതിട്ട നഗരത്തിന്റെ അവസ്ഥ അതിഭീകരമാണ്. വമ്പൻ കുഴികൾ, തകർന്ന റോഡുകൾ, പുറമേ കൈയേറ്റവും വാഹന ബാഹുല്യവും ചെളിക്കുളങ്ങളും. മഴ ശക്തിപ്പെട്ടതോടെ നഗരത്തിലെ റോഡുകളിലൂടെ നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ജലവിതരണക്കുഴലുകൾ ഇടുന്നതിനായി കുഴികളെടുത്ത ഭാഗങ്ങളാണ് ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്. മഴയിൽ റോഡും തോടും തിരിച്ചറിയാനാകാത്ത സ്ഥിതിയാണ്.
മഴ ശക്തിപ്പെട്ടതോടെ നഗരത്തിലെ മിക്ക റോഡുകളും തോടുകളായി മാറി. പൈപ്പിടാൻ കുഴിച്ച കുഴി മൂടാൻ മണ്ണും കല്ലുമിട്ട് ഉറപ്പിച്ചിരുന്നത് ഒലിച്ചു പോയതോടെ വലിയ കുഴികൾ നഗരവീഥികളിൽ രൂപപ്പെട്ടു കഴിഞ്ഞു. വെള്ളം കെട്ടിക്കിടക്കുന്ന ഈ കുഴികളിലൂടെ ചാടിയാണു ജനങ്ങളുടെ യാത്ര. സെൻട്രൽ ജങ്ഷനിൽ റോഡ് കുണ്ടും കുഴിയുമായി മാറിയിരിക്കുകയാണ്. ഇന്റലോക്ക് കട്ട നീക്കിയ ഭാഗങ്ങൾ അതേപോലെ ഇട്ടിരിക്കുന്നതിനാൽ വാഹനയാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നു. സെന്റ് പീറ്റേഴ്സ് ജങ്ഷൻ മുതൽ അബാൻ വരെയും സെൻട്രൽ ജങ്ഷൻ സ്റ്റേഡിയം ജങ്ഷൻ റോഡിലുമാണ് പൈപ്പ് കുഴികൾ ഉള്ളത്.
ജില്ലാ സൈനിക ക്ഷേമ ഓഫീസിനു മുൻപിൽ റോഡിലെ വലിയ കുഴി യാത്രക്കാർക്ക് ഭീഷണിയാണ്. ജനറൽ ആശുപത്രിക്കു സമീപം ടി.ബി റോഡിലേക്കു തിരിയുന്ന ഭാഗത്തു ഇന്റർലോക്ക് പാകിയതു പകുതിയും ഇളകി പോയിട്ടുണ്ട്. ജനറൽ ആശുപത്രിക്കു മുൻപിൽ ടി.കെ.റോഡിൽ ചെറുതും വലുതുമായ നിരവധി കുഴികളാണുള്ളത്.പഴയ ബസ് സ്റ്റാൻഡിലേക്കു തിരിയുന്ന ഭാഗത്തും വലിയ കുഴി തന്നെയുണ്ട്. ബസുകളും ഇതര വാഹനങ്ങളും തിരിയുന്ന ഭാഗത്തെ കുഴി അടയ്ക്കണമെന്നാവശ്യം ഉണ്ടായിട്ടും ആരും പരിഗണിച്ചില്ല. കെ.എസ്.ആർ.ടി.സി റോഡിലേക്കു തിരിയുന്ന ഭാഗത്തേക്കു വൻകുഴികളാണ് റോഡിലുള്ളത്.
നഗരത്തിൽ നിന്നും കുമ്പഴയിലേക്കുള്ള പാത മാസങ്ങളായി തകർന്നു കിടക്കുകയാണ്. നേരത്തെ തന്നെ പൈപ്പുകൾ ഇടുന്നതിനായി എടുത്ത കുഴികൾ അടയ്ക്കാതെ വന്നതോടെയാണ് റോഡ് തകർന്നത്. കണ്ണങ്കര, ആനപ്പാറ ഭാഗങ്ങളിൽ യാത്ര ഏറെ ദുരിത പൂർണമാണ്. കുമ്പഴ ജങ്ഷൻ, കുലശേഖരപതി ഭാഗങ്ങളിലും മഴ പെയ്തതിനു പിന്നാലെ റോഡിൽ നിറയെ കുഴികളും ചെളിയും നിറഞ്ഞിരിക്കുകയാണ്. പത്തനംതിട്ട ടൗൺ മുതൽ കുമ്പഴ വരെ സംസ്ഥാനപാതയിലെ മൂന്നു കിലോമീറ്റർ പാത കടക്കണമെങ്കിൽ ഏതാണ്ട് അരമണിക്കൂറിൽ ഏറെ സമയം വാഹനയാത്രക്കാർക്ക് ആവശ്യമായി വരുന്നു. കുമ്പഴ മുതൽ പത്തനംതിട്ട ടൗൺ വരെയുള്ള ഭാഗത്തു നടപ്പാതകളും ഇല്ല. കൈയേറ്റങ്ങൾ വ്യാപകമായതോടെ റോഡിനു വീതിയും കുറഞ്ഞു.
നഗരത്തിൽ കാൽനടയാത്രക്കാരും ദുരിതത്തിലാണ്. പ്രധാന പാതകൾക്കു പോലും നടപ്പാതകൾ ഇല്ല. ഇനി നിർമ്മിച്ചിട്ടുള്ള സ്ഥലങ്ങൾ വ്യാപകമായ കൈയേറ്റമാണ്. കൈവരികളും തകർത്താണ് സ്ഥലം സ്വന്തമാക്കിയിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളേറെയും നടപ്പാതയിലേക്കാണ് സാധനങ്ങൾ ഇറക്കിവച്ചിരിക്കുന്നത്. കൈവരികളും നഷ്ടപ്പെട്ട സ്ഥിതിയാണ്. തിരക്ക് കൂടുതലുള്ള ജനറൽ ആശുപത്രി, സെൻട്രൽ ജങ്ഷൻ, മിനി സിവിൽ സ്റ്റേഷൻ, തിയേറ്റർപടി ഭാഗങ്ങളിൽ നടപ്പാതകൾ കാണാനേ ഇല്ല.
പൊലീസ് സ്റ്റേഷൻ റോഡിലും നടപ്പാതകൾ ഇല്ല. മാർക്കറ്റ്, നഗരസഭ കാര്യാലയം എന്നിവിടങ്ങളിലേക്കു കൂടിയുള്ള റോഡാണെങ്കിൽ കൂടി കൈയേറ്റം വ്യാപകമാണ്. നഗരത്തിന്റെ അഭിമാനമായി വിശേഷിപ്പിച്ചിരുന്ന റിങ് റോഡുകൾ പോലും സംരക്ഷിക്കപ്പെടുന്നില്ല. റിങ് റോഡരികിൽ വ്യാപക കൈയേറ്റമാണ്. പാതയോരങ്ങൾ കൈയേറി ഷെഡ് കെട്ടിയവരേറെയാണ്. നിർമ്മാണങ്ങളുടെ പേരിൽ റിങ് റോഡിന്റെ ഭാഗങ്ങളിൽ കൈയേറ്റങ്ങൾ വ്യാപകമായുണ്ടായി. വഴിയോര കച്ചവടക്കാരിൽ പെട്ടിക്കടകൾ, മത്സ്യ വ്യാപാരികൾ, ലോട്ടറി വ്യാപാരികൾ, തട്ടുകടകൾ, ലഘു ഭക്ഷണശാലകൾ തുടങ്ങിയവരുണ്ട്. ഷെഡുകൾ നിർമ്മിച്ച് വാടക വാങ്ങി വ്യാപാരത്തിനു നൽകുന്നവരുമുണ്ട്. ഇത്തരം ഷെഡുകൾ ലഹരി മാഫിയയും താവളമാക്കിയിട്ടുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്