- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കയ്യില്‍ കത്തിയുമായി വന്ന കള്ളനെ എതിര്‍ക്കാതിരുന്ന ബാങ്ക് മാനേജരെ മരമണ്ടന്‍ എന്നുവിളിക്കുന്നതാര്? ആ മാനേജരാണ് യഥാര്‍ഥത്തില്‍ ഹീറോ; പോറല്‍ പോലും ഉണ്ടാക്കാതെ പ്രശ്‌നം അവസാനിപ്പിച്ച അദ്ദേഹത്തെ അനുമോദിക്കുകയാണ് വേണ്ടതെന്ന് മുരളി തുമ്മാരുകുടി; സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച
കയ്യില്‍ കത്തിയുമായി വന്ന കള്ളനെ എതിര്‍ക്കാതിരുന്ന മാനേജര്‍ ആണെന്റെ ഹീറോ
കൊച്ചി: പോട്ട ഫെഡറല്‍ ബാങ്ക് മാനേജര്‍ മരമണ്ടനെന്ന് പിടിയിലായ റിജോ ആന്റണി പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ബാങ്ക് മാനേജര്‍ ചെയ്തത് ശരിയോ, തെറ്റോ? ബാങ്ക് കൊള്ളക്കാരനെ നേരിടാന്‍ അരയും തലയും മുറുക്കി മാനേജര്‍ ഇറങ്ങണമായിരുന്നോ? ''കത്തി കാണിച്ച ഉടനെ ബാങ്ക് മാനേജര്‍ മാറിത്തന്നു. മാനേജര്‍ ഉള്‍പ്പെടെയുള്ള 2 ജീവനക്കാര്‍ എതിര്‍ത്തിരുന്നുവെങ്കില്‍ മോഷണത്തില്‍ നിന്നു പിന്മാറിയേനെ'' പ്രതി പൊലീസിനോട് പറഞ്ഞതിങ്ങനെ. ബാങ്ക് സുരക്ഷാ പ്രോട്ടോക്കോള്‍ പ്രകാരം ബാങ്ക് കൊള്ള നടക്കുമ്പോള്‍ മാനേജരും മറ്റു ജീവനക്കാരും ഹീറോമാരാവാന്‍ എടുത്തുചാടണോ? ഈ വിഷയത്തില്‍, 'കയ്യില്‍ കത്തിയുമായി വന്ന കള്ളനെ എതിര്‍ക്കാതിരുന്ന മാനേജര്‍ ആണെന്റെ ഹീറോ' എന്ന് കുറിക്കുന്നു മുരളി തുമ്മാരുകുടി. ബാങ്ക് കൊള്ളക്കാരുടെ അഭിപ്രായവും പൊതുബോധവുമല്ല സുരക്ഷാ സംവിധാനങ്ങളുടെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
മുരളി തുമ്മാരുകുടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:
ആ ബെസ്റ്റ്
കയ്യില്‍ കത്തിയുമായി വന്ന കള്ളനെ എതിര്‍ക്കാതിരുന്ന മാനേജര്‍ ആണെന്റെ ഹീറോ. വാസ്തവത്തില്‍ സ്റ്റാഫിനും കസ്റ്റമേഴ്‌സിനും ചെറിയൊരു പോറല്‍ പോലും ഉണ്ടാക്കാതെ പ്രശ്‌നം അവസാനിപ്പിച്ചതിന് അദ്ദേഹത്തെ അനുമോദിക്കുകയാണ് വേണ്ടത്.
അദ്ദേഹത്തെ മണ്ടന്‍ എന്നു വിളിക്കുന്നതാര്? 'വമ്പന്‍ പ്ലാനിംഗ്' നടത്തി കത്തിയും മുഖംമൂടിയുമായി ബാങ്കില്‍വന്ന് അക്രമം കാട്ടി പിന്നെ മൂന്നു റൗണ്ട് ഡ്രസ്സും മാറി കേരള പോലീസ് ഒരിക്കലും പിടിക്കില്ല എന്ന വിശ്വാസത്തില്‍ വീട്ടില്‍ കുടുംബസംഗമം ഒക്കെ നടത്തിയ 'മിടുമിടുക്കന്‍.' ഇതൊക്കെ വാര്‍ത്തയാക്കുന്നവരെപ്പറ്റി എപ്പോഴും പറയാറുള്ളതുകൊണ്ട് ഇനി പറയുന്നില്ല. അമ്മാവന്റെ വടി ഒടിയുകയേ ഉള്ളൂ.
കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമാണ്. പക്ഷെ അസംഭവ്യമല്ല.
കേരളത്തിലെ എല്ലാ ബാങ്ക് ശാഖകളും ഈ വിഷയം അടുത്തയാഴ്ച ചര്‍ച്ച ചെയ്യണം. ഇത്തരം സാഹചര്യം എങ്ങനെ ഒഴിവാക്കാം? ഇനി അഥവാ സംഭവിച്ചാല്‍ എങ്ങനെ കൈകാര്യം ചെയ്യാം? ഇത്തരം സാഹചര്യം എങ്ങനെ നേരിടണമെന്ന് ബാങ്ക് കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് എല്ലാ ബ്രാഞ്ചുകള്‍ക്കും നിര്‍ദ്ദേശം നല്‍കണം.
ബാങ്ക് കൊള്ളക്കാരുടെ അഭിപ്രായവും പൊതുബോധവുമല്ല സുരക്ഷാ സംവിധാനങ്ങളുടെ അടിസ്ഥാനം.
മുരളി തുമ്മാരുകുടി
ബാങ്കില്‍നിന്നു മോഷ്ടിച്ച പണം പ്രതിയുടെ വീട്ടില്‍നിന്നു കണ്ടെടുത്തു. 15 ലക്ഷത്തിലെ 12 ലക്ഷം രൂപയാണു കിടപ്പുമുറിയിലെ ഷെല്‍ഫില്‍നിന്നു പൊലീസ് കണ്ടെത്തിയത്.
പ്രതി റിജോ കടം വീട്ടിയ അന്നനാട് സ്വദേശി, 2.9 ലക്ഷം രൂപ ഇന്നലെ തന്നെ തിരികെ ഏല്‍പ്പിച്ചെങ്കിലും ഇതു പൊലീസ് സ്വീകരിച്ചിരുന്നില്ല. റിജോ അറസ്റ്റിലായത് അറിഞ്ഞാണു സുഹൃത്ത് പണം തിരികെ നല്‍കിയത്. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി രാവിലെ ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയ പൊലീസ് പണം ഇവിടെനിന്നു കണ്ടെടുത്തു.
അതേസമയം, കവര്‍ച്ച നേരത്തേ ആസൂത്രണം ചെയ്തിരുന്ന പ്രതി അനുകൂലമായ അവസരത്തിനായി ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നിരീക്ഷണത്തിന് 4 ദിവസം മുന്‍പു പ്രതി ബാങ്കിലെത്തിയിരുന്നു. കാലാവധി കഴിഞ്ഞ എടിഎം കാര്‍ഡുമായെത്തി ഇതു ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നു ജീവനക്കാരോടു പറഞ്ഞിരുന്നതായും പൊലീസ് പറയുന്നു. ഈ വരവിലാണു ബാങ്കില്‍ ഉച്ചസമയത്തു ജീവനക്കാര്‍ കുറവാണെന്നതു പ്രതി ഉറപ്പിച്ചത്. തുടര്‍ന്ന് സമയം അനുകൂലമാണെന്നു കണ്ടു ഈ സമയം തന്നെ മോഷണത്തിന് പ്രതി തിരഞ്ഞെടുത്തു.