ജോഷിമഠ്: ജോഷിമഠിൽ ഭൂമി ഇടിഞ്ഞു താഴുകയും കെട്ടിടങ്ങളിൽ വിള്ളലുണ്ടാകുകയും ചെയ്ത സംഭവവികാസങ്ങൾക്ക് പിന്നിൽ എൻ.ടി.പി.സി. നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളാണെന്ന് ആരോപണം. ഇതിന്റെ പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡ് സർക്കാർ അന്വേഷണം നടത്തും. എട്ട് ഇൻസ്റ്റിറ്റ്യൂട്ടുകൾ ചേർന്നു സംയുക്തമായാകും ജോഷിമഠിൽ സംഭവിച്ചതിനെക്കുറിച്ചു പഠനം നടത്തുകയെന്നും സർക്കാർ വ്യക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ. ദുരിതാശ്വാസ പാക്കേജിനായി കേന്ദ്രസർക്കാരിനെ സമീപിക്കാനും യോഗത്തിൽ തീരുമാനമായി.

സർക്കാർ ഉടമസ്ഥതയിലുള്ള എൻടിപിസിയുടെ ഹൈഡൽ പ്രോജക്ടിന്റെ ഭാഗമായി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് ജോഷിമഠിലെ ഭൂമിൽ വിള്ളൽ വീഴാൻ കാരണമെന്ന് ആദ്യം മുതൽ ആരോപണം ഉയർന്നിരുന്നു. ടണൽ നിർമ്മാണത്തിന്റെ ഭാഗമായുള്ള പാറ പൊട്ടിക്കലുകൾ നിർത്തണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ നേരത്തെ മുഖ്യമന്ത്രിക്ക് എഴുതിയ കത്തും പുറത്തുവന്നിരുന്നു. എന്നാൽ ഭൂമി ഇടിഞ്ഞുതാഴുന്നതിൽ പങ്കില്ലെന്നാണ് എൻടിപിസി വൈദ്യുതി മന്ത്രാലയത്തെ അറിയിച്ചത്. തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയുമായി ബന്ധിപ്പിച്ചിരിക്കുന്ന 12 കിലോമീറ്റർ നീളമുള്ള തുരങ്കം ജോഷിമഠ് ടൗണിൽനിന്ന് ഒരു കിലോമീറ്റർ അകലെയാണെന്നും ഭൂമിയിൽ നിന്ന് ഒരു കിലോമീറ്ററെങ്കിലും അടിയിലാണെന്നും വിശദീകരണത്തിൽ പറയുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി നിലവിലുള്ള സംഭവ സ്ഥലങ്ങളിൽ നിരന്തരമായുള്ള പ്രവർത്തനങ്ങൾ നടന്നിരുന്നില്ലെന്നും എൻ.ടി.പി.സി. വ്യക്തമാക്കിയിരുന്നു. അതേസമയം ജോഷിമഠിൽ നിന്ന് 99 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചുവെന്നും ഇവർക്ക് ധനസഹായമായി 1.5 ലക്ഷം രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു. പുനരധിവാസവുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാർ അവരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും സർക്കാർ അറിയിച്ചു.

മാറ്റിപ്പാർപ്പിച്ച ഓരോ കുടുംബത്തിലെയും രണ്ടുപേർക്കു വീതം തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി നൽകുമെന്നും സർക്കാർ അറിയിച്ചു. ഈ കുടുംബങ്ങൾക്ക് അടുത്ത ആറു മാസത്തേക്ക് വൈദ്യുതി, ജല ബില്ലുകൾ സൗജന്യമാക്കും. എല്ലാ സംസ്ഥാന മന്ത്രിമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും സർക്കാർ കൂട്ടിച്ചേർത്തു.

ജോഷിമഠിൽ വീടുപേക്ഷിക്കേണ്ടി വന്നവർക്ക് ഉത്തരാഖണ്ഡ് സർക്കാർ ഒന്നര ലക്ഷം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചിരുന്നു. ഇതിൽ 50,000 രൂപ വീടുമാറുന്നതിനുള്ള അഡ്വാൻസാണ്. ഒരു ലക്ഷം രൂപ ദുരിതാശ്വാസ സഹായവും. വാടകവീട്ടിലേക്കു മാറുന്നവർക്കു പ്രതിമാസം 4000 രൂപ വീതം 6 മാസത്തേക്കു നൽകുമെന്നും സർക്കാർ അറിയിച്ചു.