ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിനൊപ്പം സൈബറിടത്തിൽ ട്രെൻഡിംഗായി യുടൂബർ ധ്രുവ് റാത്തി. ദേശീയ മാധ്യമങ്ങളെല്ലാം മോദി വാഴ്‌ത്തുപാട്ടുമായി നിന്നപ്പോൾ ബിജെപിയുടെ അജണ്ട പൊളിച്ച യൂടൂബറായിരുന്നു ധ്രുവ്. ഈ യുവാവിന്റെ വീഡീയോകളുടെ റീച്ചിനെ ബിജെപി ശരിക്കും ഭയക്കുകയും ചെയതു. ഇപ്പോൾ ആശങ്കപ്പെട്ട കാര്യങ്ങളെല്ലാം ശരിവെക്കുന്ന വിധത്തിലാണ് ഫലം വന്നതും.

ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം നൽകാത്ത വിധിയിൽ പ്രതികരിച്ചു കൊണ്ട് ധ്രുവ് റാത്തി രംഗത്തുവന്നു. 'സാധാരണക്കാരന്റെ അധികാരത്തെ വിലക്കുറച്ചു കാണരുത്' എന്നാണ് അദ്ദേഹം സാമൂഹിക മാധ്യമമായ എക്‌സിൽ കുറിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലും അതിനു മുമ്പും ഈ നാട്ടിലെ സാധാരണക്കാരുടെ ശബ്ദത്തെ മുഖ്യധാരയിലേക്കുകൊണ്ടു വന്ന യൂട്ഊബർ കൂടിയാണ് ധ്രുവ് റാഠി.

കേന്ദ്ര സർക്കാറിനെ പ്രത്യേകിച്ച് പ്രധാനമന്ത്രി മോദിയെ നിരന്തരം വിമർശിച്ചുകൊണ്ടിരിക്കുന്ന ധ്രുവിന്റെ വാക്കുകളാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സാധാരണക്കാരുടെ നെഞ്ചിൽ കയറികൂടിയത്. രാജ്യത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിന്ന് മാറി ചിന്തിക്കാൻ അദ്ദേഹത്തിന്റെ വാക്കുകൾ വഹിച്ച പങ്ക് ചെറുതായിരുന്നില്ല. അതിന്റെ തികഞ്ഞ പ്രതിഫലനംകൂടിയാണ് യുപിയിലുൾപ്പെടെ ബിജെപിക്ക് സംഭവിച്ച കാലിടർച്ച. കഴിഞ്ഞ പത്തു വർഷമായി ബിജെപി നടത്തികൊണ്ടിരിക്കുന്ന ഏകാധിപത്യ രാഷ്ട്രീയത്തിനെതിരെ തന്റെ വീഡിയോകളിലൂടെ ധ്രുവ് പ്രതികരിച്ചിരുന്നു.

ഏകാധിപത്യം ഉറപ്പിച്ചോ? എന്ന പേരിൽ ധ്രുവ് ചെയ്ത വീഡിയോ ഇതിനോടകം കണ്ടത് കോടിക്കണക്കിനാളുകളാണ്. അന്താരാഷ്ട്ര തലത്തിലുൾപ്പെടെ അത് ചർച്ചയാവുകയും ചെയ്തു. പൊതുതെരഞ്ഞെടുപ്പ് പ്രഹസനമായി മാറാതിരിക്കാൻ ജനങ്ങൾ ശരിയായ തീരുമാനമെടുക്കാണമെന്ന് ആഹ്വാനം ചെയ്യുന്ന വീഡിയോ രണ്ട് മാസം മുമ്പാണ് പുറത്തുവന്നത്. ബിജെപിയുടെ ഐ.ടി സെൽ പുറത്ത് വിടുന്ന വസ്തുതാ വിരുദ്ധമായ കാര്യങ്ങളെ നിരന്തരം തകർത്തിരുന്നു ധ്രുവ്.

ബിഭവ് കുമാർ വിഷയത്തെ കുറിച്ചുള്ള ധ്രുവ് റാഠിയുടെ വീഡിയോ പുറത്തുവന്നതിന് ശേഷം തനിക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും കൂടിയെന്ന് ആരോപിച്ച് രാജ്യസഭാ എംപി സ്വാതി മാലിവാൾ രംഗത്തുവന്നതും ഏറെ ചർച്ചയായിരുന്നു. ചുരുക്കത്തിൽ ബിജെപിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ പ്രതികരിച്ചുകൊണ്ട് ഇന്ത്യാ മുന്നണിയുടെ വിജയത്തിന് വഴിയൊരുക്കുകയായിരുന്നു ധ്രുവ്.

ഭരിക്കുന്ന പാർട്ടിയുടെ അഴിമതി, അധികാര ദുർവിനിയോഗം, ജനാധിപത്യ അട്ടിമറി തുടങ്ങി ജനദ്രോഹകരമായ എന്തിനേയും ഏറ്റവും ലളിതമായി ഗ്രഹിക്കാൻ കഴിയുംവിധം അയാൾ അവതരിപ്പിച്ചു. മോദിയുടെ നയങ്ങളും ജൽപനങ്ങളും തുടക്കംമുതലേ സംശയദൃഷ്ടിയോടെ കണ്ടിരുന്ന രാജ്യത്തെ വലിയൊരു വിഭാഗം യുവാക്കളുടെ യഥാർഥ പ്രതിനിധികൂടിയായി തന്റെ വിഡിയോകളിലൂടെ റാത്തി സ്വയം മാറി. ഈ ജനവിധിയിൽ അതും തെളിഞ്ഞുവരുന്നു.

വസ്തുതകളെ മാത്രം അടിസ്ഥാനമാക്കി നേർക്കുനേർ സംഭാഷണത്തിലൂടെ ചാട്ടുളികണക്കെ സത്യത്തെ പ്രേക്ഷകമനസിൽ പ്രതിഷ്ഠിക്കുന്ന മാജിക്കാണ് റാഠിയുടെ അവതരണ വിജയമായി വിലയിരുത്തപ്പെടുന്നത്. യഥാർഥത്തിൽ ഒരു മാധ്യമപ്രവർത്തകൻ അല്ലാതിരുന്നിട്ടും തഴക്കംവന്ന മാധ്യമപ്രവർത്തകന്റെ അവതരണകൗശലങ്ങളും വിഡിയോളിൽ ദൃശ്യമാണ്.

ആരാണ് ധ്രുവ് റാത്തി?

ഹരിയാനയിലെ റോഹ്തക്കിൽ ഒരു ഹിന്ദു ജാട്ട് കുടുംബത്തിൽ 1994 ഒക്ടോബർ 8 ന് ധ്രുവ്് ജനിച്ചത്. സാമ്പത്തികമായി ഒരു ഇടത്തരം കുടുംബമായിരുന്നു അത്. അച്ഛൻ ഒരു ബിസിനസുകാരനും അമ്മ അദ്ധ്യാപികയുമാണ്. ധ്രുവിന് ഒരു ഇളയ സഹോദരനുണ്ട്. ഡൽഹിയിൽ വളർന്ന അദ്ദേഹം ആർകെ പുരത്തെ ഡൽഹി പബ്ലിക് സ്‌കൂളിൽ പഠിച്ചു. ഡൽഹി സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ബിരുദാനന്തര ബിരുദം നേടി. ജർമ്മനിയിലെ വിഖ്യാതമായ കാൾസ്റൂ ഹെഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ചേർന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ് പഠിച്ചു. തുടർന്ന് അതേ സ്ഥാപനത്തിൽ നിന്ന് റിന്യൂവബിൾ എനർജിയിൽ ബിരുദാനന്തര ബിരുദവും രതി നേടി.

അയായത് ഒരേ സമയം സാമ്പത്തിക ശാസ്ത്രം, പൊളിറ്റക്കൽ സയൻസ്, എഞ്ചിനീയറിങ്, എൻവയോൺമെന്റൽ സയൻസ് തുടങ്ങിയവയിൽ വിദഗധ്‌നാണ് ധ്രുവ്. ഈ ശക്തമായ വിദ്യാഭ്യാസ പശ്ചാത്തലം തന്നെയാണ് അദ്ദേഹത്തിന്റെ വീഡിയോകളുടെ ശക്തി. താൻ ഒതു ആജീവനാന്ത പഠിതാവാണെന്ന് അദ്ദേഹം ഒരു വീഡിയോയിൽ പറയുന്നുണ്ട്. തന്റെ അറിവും വൈദഗ്ധ്യവും മെച്ചപ്പെടുത്താൻ ധ്രുവ് എപ്പോഴും പുതിയ വഴികൾ തേടുന്നു. വിദ്യാഭ്യാസത്തിന്റെ ശക്തമായ വക്താവ് കൂടിയാണ് അദ്ദേഹം. അന്ധകാരത്തിൽ കിടക്കുന്ന ഇന്ത്യൻ ഗ്രാമങ്ങളെ രക്ഷിക്കാൻ വിദ്യ്യഭ്യാസത്തിനെ കഴിയൂവെന്നും എല്ലാവർക്കും പഠിക്കാനും വളരാനുമുള്ള അവസരം ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ആവർത്തിച്ച് പറയുന്നു.

സുരക്ഷാകാരണങ്ങൾ കൊണ്ടുകൂടിയാവും തന്റെ കുടുംബത്തെക്കുറിച്ച് അത്രയെന്നും ധ്രുവ് സംസാരിക്കാറില്ല. പക്ഷേ താൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന് അദ്ദേഹം മാതാപിതാക്കൾക്കാണ് നന്ദി പറയുന്നത്. "എന്റെ കരിയറിന് തുടക്കം മുതൽ കുടുംബം പിന്തുണ നൽകിയിരുന്നു. ഇഷ്ടമുള്ള വിദ്യാഭ്യാസം തുടരാനും, എന്റെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനും മാതാപിതാക്കൾ പ്രോത്സാഹിപ്പിച്ചു. കുടുംബമാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും അനുകമ്പയുടെയും പ്രാധാന്യം എന്നെ ചെറുപ്പത്തിലേ പഠിപ്പിച്ചതിന് ഞാൻ അവരെ ബഹുമാനിക്കുന്നു. "- ധ്രുവ് പറയുന്നു. സഹോദരനും ഒരു യൂട്ഊബർ ആണ്, നിരവധി വീഡിയോകളിൽ അദ്ദേഹം ധ്രുവുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

ട്രാവൽ വ്‌ളോഗറിനിന്ന് തുടക്കം

2011-12 കാലയളവിൽ അണ്ണാ ഹസാരെയുടെ സമരകാലത്താണ് താൻ രാഷ്ട്രീയം ശ്രദ്ധിച്ചു തുടങ്ങിയതെന്ന് ധ്രുവ് പറയുന്നു. അന്ന് ബോർഡ് പരീക്ഷയുടെ സമയമായതിനാൽ രാംലീല മൈതാനിയിൽ നടന്ന സമരത്തിൽ പങ്കെടുക്കാനായില്ല. ട്രാവൽ വ്‌ലോഗായിട്ടാണ് ധ്രുവ് റാഠി തന്റെ ചാനൽ ആരംഭിച്ചത്. പിന്നീട് ഫാക്ട് ചെക്കിംഗിലേക്കും എക്‌സ്‌പ്ലൈനർ വീഡിയോകളിലേക്കും തിരിഞ്ഞു. 2014 ഒക്ടോബറിലാണ് ധ്രുവ് ആദ്യ പൊളിറ്റിക്കൽ വീഡിയോ അപ് ലോഡ് ചെയ്യുന്നത്, 'ബിജെപി എക്‌പോസ്ഡ് ലൈയ്‌സ് ബിഹൈൻഡ് ദി ബുൾ ഷിറ്റ്'-എന്ന ടൈറ്റിലിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പിനുമുമ്പ് പറഞ്ഞ കാര്യങ്ങളും ശേഷം അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നതുമായ വിഷ്വൽസ് കലർത്തിയുള്ള ഒരു മ്യൂസിക്കിൽ വീഡിയോ ആയിരുന്നു അത്.

സിനിമാമോഹവും ഫോട്ടോഗ്രഫിയോടുള്ള താൽപ്പര്യവുമായി ഒക്കെ നടന്ന ഒരു ചെറുപ്പക്കാരൻ വലിയ ആഗ്രഹങ്ങളൊന്നുമില്ലാതെയാണ് ആ വിഡിയോ പോസ്റ്റ് ചെയ്തത്. അന്ന് എല്ലാവരാലും ശ്രദ്ധിക്കപ്പെടുമെന്നോ വിഡിയോ വൈറലാകുമെന്നോ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിനു മുമ്പ് മോദി നൽകിയ വാഗ്ദാനങ്ങൾ അധികാരത്തിലെത്തിയതിനു പിന്നാലെ മറക്കാൻ തുടങ്ങിയതിനെ ആ ചെറുപ്പക്കാരൻ നിശിതമായി വിമർശിച്ചു.

ഭരണസംവിധാനങ്ങളിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ട യുവത്വത്തിന്റെ പ്രതീകമായിരുന്നു അവൻ. വീഡിയോ വൈറലായി. ധ്രുവ് റാഠി എന്ന ചെറുപ്പക്കാരൻ നവമാധ്യമങ്ങളിൽ താരമായി. മോദി സർക്കാരിനെയും ബിജെപിയെയും വിമർശിച്ചു കൊണ്ട് പിന്നെയും നിരവധി വിഡിയോകൾ പ്രത്യക്ഷപ്പെട്ടു. ദിവസങ്ങൾക്കകം ധ്രുവിന്റെ ് യുട്യൂബിൽ അഞ്ചു ലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സായി. അതായിരുന്നു തുടക്കം.

ബിജെപി ഐടി സെല്ലിന്റെ തലവേദനയായി

സംഘപരിവാർ, ബിജെപി ഭാഗത്തുനിന്നും വരുന്ന വ്യാജവാർത്തകളെ വിമർശിച്ചു കൊണ്ടുള്ള വിഡിയോകളാണ് ധ്രുവ് പോസ്റ്റ് ചെയ്യുന്നതിലധികവും. രാജ്യം ചർച്ച ചെയ്ത സുപ്രധാന വാർത്തകൾ പലതും വിഡിയോക്ക് വിഷയങ്ങളായി. ഉറി ആക്രമണം, സർജിക്കൽ സ്‌ട്രൈക്ക്, നോട്ടുനിരോധനം, യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായത്, ധനകാര്യബിൽ, ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീൻ ഹാക്കിങ്ങ് അങ്ങനെ പല വിഷയങ്ങളിലും ധ്രുവ് ബിജെപിയെ നിശിതമായി വിമർശിച്ചു. മോദിയുടെയും രാഹുലിന്റെയും പ്രംസഗങ്ങളിൽ ആരായിരുന്നു മികച്ചത്?, കറൻസി നിരോധനം കൊണ്ട് ആർക്കാണ് ലാഭമുണ്ടായത്?, അങ്ങനെ പല കാര്യങ്ങളിലും സധൈര്യം അഭിപ്രായ പ്രകടനം നടത്തി. അപ്പോഴേക്കും ഗോഡി മീഡിയ എന്ന നിലയിൽ കേന്ദ്രത്തിന് വഴങ്ങിയ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ ഇതിലൊന്നും വലിയ പ്രതികരണം നടത്തിയിരുന്നില്ല.

വിഡിയോകൾ വൈറലായെങ്കിലും ഈ യുവാവിനെതിരെ പ്രധാനപ്പെട്ട ആരോപണമുണ്ടാകുന്നത് ബിജെപി പ്രവർത്തകൻ എന്നവകാശപ്പെട്ട വികാസ് പാണ്ഡെ എന്നയാൾ 2018ൽ ഡൽഹിയിൽ കേസ് ഫയൽ ചെയ്തതോടെയാണ്. 'ഐ സപ്പോർട്ട് നരേന്ദ്ര മോദി' എന്ന പേജിലൂടെ വികാസ് പാണ്ഡെ വ്യാജവാർത്തകൾ സൃഷ്ടിക്കുന്നു എന്നാണ് ധ്രുവ് വിഡിയോയിലൂടെ പറഞ്ഞത്. വികാസ്അ പാണ്ഡെയുടെ പരാതിക്ക് മറുവിഡിയോയും ധ്രുവ് പുറത്തിറങ്ങി. പരാതിയിൽ പറയുന്ന ആരോപണങ്ങളെ വസ്തുതകൾ സഹിതം ഖണ്ഡിച്ചു കൊണ്ടായിരുന്നു വിഡിയോ.

പിന്നീട് എംപി വിജയ് ഗോയലും പരിഹാസവുമായെത്തി. 99% വിദ്വേഷ പ്രചാരകരും കൂലിക്കാരോ അല്ലാത്തവരോ ആയ മോദി ഭക്തരാണ് എന്ന വിമർശനത്തിന് 'ദിവാസ്വപ്നം കാണുന്നത് നല്ലതല്ല കുട്ടീ' എന്നായിരുന്നു ഗോയലിന്റെ പരിഹാസം. "അഴിമതി രഹിത ഇന്ത്യയെന്ന ദിവാസ്വപ്നം വിൽക്കുന്നത് ഇനിയെങ്കിലും മതിയാക്കൂവെന്ന്‌മോദിയോട് പോയി പറയൂ" എന്നായിരുന്നു ധ്രുവിന്റെ മറുപടി. ഇങ്ങനെ ഉരുളക്ക് ഉപ്പേരി കൊടുത്താണ് ധ്രുവിന്റെ വളർച്ച

ബിജെപി, ഐടി സെല്ലിൽ നിന്ന് പുറത്തുവന്ന മഹാവീർ പ്രസാദുമായുള്ള ഇന്റർവ്യൂ ആണ് ധ്രുവ് റാഠിക്ക് വലിയൊരു പോപ്പുലാരിറ്റി കൊടുത്തത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഐ.ടി. സെൽ എങ്ങനെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന എന്ന് മഹാവീർ പ്രസാദ് വിശദീകരിക്കുന്ന വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് പത്ത് ലക്ഷത്തിലധികം പേർ കണ്ടു. അതിനിടെ ബിജെപി. എംപി. വിജയ് ഗോയലുമായി ട്വിറ്ററിൽ നടത്തിയ വാഗ്വാദവും ധ്രുവ് റാഠിയെ ഐടി. സെല്ലിന്റെ പ്രധാന ടാർഗറ്റുകളിലൊരാളാക്കി. പലതവണ ധ്രുവിന്റെ ഫേസ്‌ബുക്ക് പേജ് പൂട്ടിക്കാനും അവർ ശ്രമിച്ചിട്ടുണ്ട്.

ഇന്ത്യ വിട്ട് പുറത്തുപോയി പഠിക്കാൻ കഴിഞ്ഞത് ധ്രുവിന്റെ കരിയറിൽ നിർണ്ണായകമായി. ഇതോടെയാണ് അദ്ദേഹത്തിന് ഒരു അന്താരാഷ്ട്ര ലോക വീക്ഷണം ഉണ്ടാവുന്നത്. പഠനകാലത്താണ് അദ്ദേഹം തന്റെ ജീവിത സഖിയെയും കണ്ടുമുട്ടുന്നത്. കാൾസ്‌റൂഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പഠിക്കുന്ന സമയത്താണ് ധ്രുവും, ജർമ്മൻകാരിയായ ജൂലി എൽബറും കണ്ടുമുട്ടുന്നത്. അവർ 2018-ൽ ഡേറ്റിങ് ആരംഭിച്ചു, 2020-ൽ വിവാഹനിശ്ചയം നടത്തി. 2021 നവംബറിൽ ഓസ്ട്രിയയിലെ വിയന്നയിലുള്ള ബെൽവെഡെരെ കൊട്ടാരത്തിൽ വച്ച, വിവാഹിതരാതി.

ജൂലിയാണ് തന്റെ ഏറ്റവും വലിയ പിന്തുണയെന്നും അവളെ തന്റെ ജീവിതത്തിൽ കിട്ടിയതിൽ താൻ വളരെ ഭാഗ്യവാനാണെന്നും ധ്രുവ് പറയാറുണ്ട്. വിവാഹം ഒരു വലിയ ഉത്തരവാദിത്തമാണെന്നും എന്നാൽ ജൂലിയോടൊപ്പം തന്റെ ജീവിതത്തിലെ ഈ പുതിയ അധ്യായം ആരംഭിക്കാൻ താൻ ആവേശഭരിതനാണെന്നും ഒരു അഭിമുഖത്തിൽ രതി പറഞ്ഞു. ഒരുമിച്ച് ശക്തവും സന്തുഷ്ടവുമായ ജീവിതം കെട്ടിപ്പടുക്കാൻ ഇരുവരും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഭാര്യക്കൊപ്പം ബർലിനിലാണ് അദ്ദേഹം താമസം.
ജൂലി ഒരു ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറുമാണ്.