തിരുവനന്തപുരം:മായം കലർന്ന പാൽ പിടിച്ചെടുത്തതിന്റെ പേരിൽ ക്ഷീരവികസന-ഭക്ഷ്യസുരക്ഷാ വകുപ്പുകൾ തമ്മിൽ ഏറ്റുമുട്ടലിലേക്ക്.കുറ്റാക്കാർക്കെതിരെ നടപടി എടുക്കാനുള്ള അവകാശം തങ്ങൾക്ക് തന്നെ വേണമെന്നാണ് ക്ഷീരവികസനവകുപ്പ് ആവശ്യപ്പെടുന്നത്.എന്നാൽ നിയമപ്രകാരമുള്ള അധികാരം വിട്ടുകൊടുക്കാനാകില്ലെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നിലപാട്.

ആര്യങ്കാവ് ചെക് പോസ്റ്റിൽ ക്ഷീരവികസന വകുപ്പ് മായം കലർന്ന പാൽ പിടിച്ചെടുത്തതോടെയാണ് പ്രശ്‌നം വീണ്ടും പുകഞ്ഞ് തുടങ്ങുന്നത്.ഇത്തരം സന്ദർഭങ്ങളിൽ കേസെടുക്കാനും ശിക്ഷാ നടപടികൾ സ്വീകരിക്കാനുമുള്ള അധികാരം ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിന്നു തിരിച്ചുകിട്ടണമെന്നാണ് ക്ഷീരവികസന വകുപ്പിന്റെ നിലപാട്.നിലവിൽ മായം കലർന്ന പാൽ പിടിച്ചെടുത്താൽ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കുകയും തുടർനടപടികൾക്കായി അതു കൈമാറുകയും ചെയ്യുകയെന്ന അധികാരം മാത്രമാണ് ക്ഷീരവികസന വകുപ്പിന് ഇപ്പോഴുള്ളത്.

ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കേസെടുക്കാനും ശിക്ഷാ നടപടികൾ കൈക്കൊള്ളാനുമുള്ള അധികാരം നിലവിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിനു മാത്രമാണ്.1992 ലെ മിൽക് ആൻഡ് മിൽക് പ്രോഡക്ട്‌സ് ഓർഡർ പ്രകാരം കേസെടുക്കുന്നതുൾപ്പെടെയുള്ള നടപടിക്ക് അധികാരം ക്ഷീരവികസന വകുപ്പിനു മാത്രമായിരുന്നു. എന്നാൽ, ഭക്ഷ്യസുരക്ഷാ നിയമം 2011ൽ വന്നതോടെ ഇത്തരം അധികാരം ഭക്ഷ്യസുരക്ഷാ വകുപ്പിനു കീഴിലാക്കി.ഇത് തിരിച്ചുവേണമെന്നാണ് ഇപ്പോൾ വകുപ്പ് ആവശ്യപ്പെടുന്നത്

തമിഴ്‌നാട്ടിലെ തെങ്കാശി വി.കെ.പുതൂർ വടിയൂരിൽ നിന്നു പന്തളത്തെ സ്വകാര്യ ഡെയറിയിലേക്ക് ടാങ്കർലോറിയിൽ എത്തിച്ച 15,300 ലീറ്റർ പാലാണ് ആര്യങ്കാവ് ചെക് പോസ്റ്റിൽ ക്ഷീരവികസന വകുപ്പ് പിടിച്ചെടുത്തത്. ചെക് പോസ്റ്റിൽ തന്നെയുള്ള ലാബിൽ ഉടൻ നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയതായി കണ്ടെത്തി.

എന്നാൽ, മായം കലർത്തിയിട്ടില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത്.ഈ റിപ്പോർട്ടിനെതിരെ മന്ത്രി ചിഞ്ചുറാണി രംഗത്തെത്തിയതോടെ വിവാദമായി.ഇതിനിടെയാണ് കേസെടുക്കാനുള്ള അധികാരം വിട്ടുനൽകണമെന്നാവശ്യപ്പെട്ടു മന്ത്രി ചിഞ്ചുറാണി മുഖ്യമന്ത്രിയെ സമീപിച്ചത്.ഈ ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയനു ക്ഷീരവികസന വകുപ്പ് കത്തു നൽകിയതായി മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി സ്ഥിരീകരിച്ചു.

മായം കലർന്ന പാൽ കൊണ്ടു വന്ന ടാങ്കർ ലോറി കസ്റ്റഡിയിലെടുത്ത ശേഷം ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരമറിയിച്ചെങ്കിലും ഒൻപതരയോടെയാണ് ഉദ്യോഗസ്ഥർ എത്തിയതെന്നതും തർക്കത്തിനിടയാക്കി.6 മണിക്കൂറിനകം പരിശോധിച്ചില്ലെങ്കിൽ ഹൈഡ്രജൻ പെറോക്‌സൈഡിന്റെ സാന്നിധ്യം കാണില്ല.പരിശോധന വൈകിയതിനു ഭക്ഷ്യസുരക്ഷാ വകുപ്പ് ഇതു വരെ വ്യക്തമായ മറുപടി പറയാത്തതും വിവാദത്തിന്റെ ആക്കം കൂട്ടി.

ആര്യങ്കാവിൽ നിന്നു പിടിച്ചെടുത്ത പാൽ 9 ദിവസത്തിനു ശേഷം നശിപ്പിക്കാനായി തിരുവനന്തപുരം മുട്ടത്തറയിലെ സുവിജ് ട്രീറ്റ്‌മെന്റ് പ്ലാന്റിൽ എത്തിച്ചപ്പോൾ പാൽ കേടായിട്ടില്ലെന്നും മായം കലർത്തിയതിനെ തുടർന്നാണിതെന്നും ക്ഷീരവികസന വകുപ്പ് കണ്ടെത്തിയിരുന്നു.

ഇതേസമയം,നിയമപ്രകാരമുള്ള അധികാരം വിട്ടുകൊടുക്കാനാകില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിലപാട്. ഇതോടെ, വിഷയത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകമാകും.ആരോഗ്യ മന്ത്രി വീണാ ജോർജിനു കീഴിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം.