കണ്ണൂര്‍: കണ്ണൂരിലെ ആ പ്രസംഗം നാടകം തന്നെ. വ്യക്തമായ പ്ലാനിങോടെയായിരുന്നു പിപി ദിവ്യയുടെ ഓരോ നീക്കവും. 2016 ല്‍ തലശ്ശേരി കുട്ടിമാക്കൂലില്‍ ദലിത് വിഭാഗത്തില്‍പെട്ട സഹോദരിമാരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സഹോദരിമാരില്‍ ഒരാള്‍ ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ പി.പി.ദിവ്യയ്‌ക്കെതിരെ കേസെടുത്തിരുന്നു. ഇതേ സാഹചര്യം വീണ്ടും ഉണ്ടാവുകായണ്. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ രോഷം ഉയരുകയാണ്. ദിവ്യയ്‌ക്കെതിരെ ആത്മഹത്യാകുറ്റം ചുമത്തണമെന്ന് പരാതി പോലീസില്‍ എത്തി. ഇതോടെ ദിവ്യ ഒളിവില്‍ പോയെന്നാണ് സൂചന. കേസെടുത്താല്‍ അറസ്റ്റുണ്ടാകുമെന്ന വിലയിരുത്തലിലാണ് ഇതെന്നാണ് സൂചന.

നവീന്‍ ബാബുവിന്റെ മരണത്തിന് ശേഷം സത്യസന്ധനായ ഉദ്യോഗസ്ഥനെന്നാണ് റവന്യു മന്ത്രി രാജന്‍ വിശേഷിപിച്ചത്. ഇതിനിടെ സംഭവത്തില്‍ ആരോപണ വിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഒളിവിലാണ്. ഇവര്‍ സ്വന്തം വീട്ടില്‍ ഇല്ലെന്നാണ് വിവരം. മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്. ഇന്നലെ പി.പി. ദിവ്യ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കനത്ത പ്രതിഷേധമാണ് നടന്നത്. ഈ സാഹചര്യത്തിലാണ് ദിവ്യ മാറി നില്‍ക്കുന്നതെന്നാണ് വിവരം. ദിവ്യ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടുമില്ല. മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം ദിവ്യയുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല. ചൊവ്വാഴ്ച പങ്കെടുക്കാന്‍ നിശ്ചയിച്ച പൊതു പരിപാടികളിലും അവര്‍ എത്തിയില്ല. ഇപ്പോള്‍ ഫോണും സ്വിച്ച് ഓഫായി.

നവീന്‍ ബാബുവിനു നല്‍കിയ യാത്രയയപ്പു ചടങ്ങിലേക്കു കലക്ടറേറ്റിലെ റവന്യു സ്റ്റാഫിനല്ലാതെ മറ്റാര്‍ക്കും ക്ഷണമുണ്ടായിരുന്നില്ല. പൊതുപരിപാടിയല്ലാത്തതിനാല്‍ മാധ്യമപ്രവര്‍ത്തകരോ പിആര്‍ഡി ജീവനക്കാരോ ഉണ്ടായിരുന്നുമില്ല. പക്ഷേ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ക്ഷണിക്കാതെ കയറിച്ചെല്ലുന്നതിനു മുന്‍പ് ഒരു വിഡിയോഗ്രഫര്‍ സ്ഥലത്തെത്തി കാത്തിരുന്നു. ദിവ്യയുടെ 6 മിനിറ്റ് പ്രസംഗവും ഇറങ്ങിപ്പോക്കും പൂര്‍ണമായി ചിത്രീകരിച്ചു. രാത്രി ഈ വിഡിയോ മാധ്യമപ്രവര്‍ത്തകര്‍ക്കും ചാനലുകള്‍ക്കും ലഭ്യമാക്കി. യാത്രയയപ്പില്‍ എഡിഎമ്മിനെ ദിവ്യ വിമര്‍ശിച്ചകാര്യം വാര്‍ത്തയാവുകയും സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിക്കുകയും ചെയ്തു. എഡിഎമ്മിനെ പരമാവധി അപമാനിച്ചുവിടുക എന്നതായിരുന്നു ലക്ഷ്യം.

ദലിത് വിഭാഗത്തില്‍പെട്ട സഹോദരിമാരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന പരാതിയിലെ ചാനല്‍ ചര്‍ച്ചയില്‍ പൊതുശല്യമെന്ന തരത്തില്‍ ദിവ്യ പറഞ്ഞതിനെത്തുടര്‍ന്നാണ് അതിലൊരു പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നായിരുന്നു പരാതി. പട്ടികവിഭാഗ കമ്മിഷനാണ് അന്നു കേസെടുത്തത്. ഈ കേസ് പിന്നീട് എഴുതിത്തള്ളി. പെണ്‍കുട്ടികളുടെ അച്ഛന്‍ കോണ്‍ഗ്രസ് നേതാവായിരുന്നു. അദ്ദേഹം 2021 ല്‍ സിപിഎമ്മില്‍ ചേരുകയും ചെയ്തുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാഹചര്യത്തില്‍ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണ കേസ് വന്നാല്‍ ദിവ്യയ്ക്ക് അതൊരു കുരുക്കായി മാറും. ഇവിടെ പോലീസാകും കേസ് എടുക്കുക എന്നതും നിര്‍ണ്ണായകമാണ്.

അതിനിടെ നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ പാര്‍ട്ടിബന്ധം ഉറപ്പിച്ചും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ പരാമര്‍ശങ്ങളെ തള്ളിയും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി രംഗത്തു വന്നതും ദിവ്യയ്ക്ക് വിനയായി. യാത്രയയപ്പു യോഗത്തിലെ ദിവ്യയുടെ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു. മികച്ച രീതിയില്‍ സേവനം നടത്തുന്ന ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബു. നീണ്ടകാലം പത്തനംതിട്ടയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഒരാക്ഷേപവും ഉണ്ടായിട്ടില്ല. സ്ഥലംമാറ്റത്തിന് അനുകൂല ഇടപെടല്‍ പാര്‍ട്ടി നടത്തിയെന്നും കുറിപ്പില്‍ പറയുന്നു.

നവീന്‍ ബാബുവിന്റെ അമ്മ സിപിഎം പഞ്ചായത്തംഗമായിരുന്നതും ബന്ധു ഓമല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായതും നവീന്‍ ബാബുവും ഭാര്യ മഞ്ജുഷയും സംഘടനകളില്‍ പ്രവര്‍ത്തിച്ചതുമെല്ലാം പത്തനംതിട്ട സിപിഎം ചര്‍ച്ചയാക്കുന്നുണ്ട്.