- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒപ്പിലെ വ്യാജം പ്രശാന്തന്റെ കൈക്കൂലി കഥ പൊളിച്ചു; താന്‍ ക്ഷണിച്ചില്ലെന്ന കളക്ടറുടെ തുറന്നു പറച്ചില്‍ അതിക്രമിച്ച് കയറല്‍ അല്ലെന്ന വാദം തകര്‍ത്തു; ഗംഗാധരന്‍ മാഷ് കൂടി സത്യം പറയുമ്പോള്‍ മൂന്നാം നമ്പരും പാളി; 'ഗൂഡാലോചനയ്ക്ക്' തെളിവായി മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ കള്ളങ്ങള്‍; ദിവ്യ സ്വയം തീര്‍ത്ത ഊരാക്കുടുക്കില്‍
കണ്ണൂരില്‍ പിപി ദിവ്യയുടെ എല്ലാ കള്ളവും പൊളിയുന്നു
കണ്ണൂര്‍: കണ്ണൂരില്‍ പിപി ദിവ്യയുടെ എല്ലാ കള്ളവും പൊളിയുന്നു. കളക്ടര്‍ ക്ഷണിച്ചിട്ടാണ് ആ യോഗത്തില്‍ എത്തിയതെന്ന വാദം കളക്ടര്‍ അരുണ്‍ വിജയന്റെ പരസ്യ നിലപാടോടെ പൊളിഞ്ഞു. ഇപ്പോഴിതാ എഡിഎം കെ നവീന്‍ ബാബുവിനെ കൈക്കൂലിക്കാരനാക്കാനുള്ള ശ്രമവും തകരുകയാണ്. ഇതെല്ലാം കോടതിയെ ഗൗരവത്തില്‍ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞാല്‍ പിപി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടില്ല. എന്നാല്‍ അതിന് പോലീസിന് താല്‍പ്പര്യക്കുറവുണ്ട്. തിരഞ്ഞെടുപ്പ് ചൂടി കലശലാകുമ്പോള്‍ ദിവ്യയെന്ന സിപിഎം നേതാവിന്റെ അറസ്റ്റ് സര്‍ക്കാര്‍ വിരുദ്ധര്‍ക്ക് തുണയാകും. അതുകൊണ്ട് തന്നെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമെല്ലാം പോകാനുള്ള അവസരം പോലും പോലീസ് ഒരുക്കും. വ്യാപക പ്രതിഷേധമാണ് ദിവ്യയ്‌ക്കെതിരെ ഉയരുന്നത്. ഇത് പുതിയ തലത്തിലെത്തിക്കുന്നതാണ് കുറ്റിയാട്ടൂരിലെ റിട്ട. അധ്യാപകന്‍ കെ.ഗംഗാധരന്റെ തുറന്നു പറച്ചില്‍.
എഡിഎം കെ.നവീന്‍ ബാബു പണം വാങ്ങിയെന്നോ അഴിമതി നടത്തിയെന്നോ വിജിലന്‍സിനു നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടില്ലെന്നു കെ.ഗംഗാധരന്‍ പറയുന്നു. ഇതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ദിവ്യ ഉയര്‍ത്തിയ രണ്ടാം വാദവും ദുര്‍ബലമാകും. എഡിഎമ്മിന്റെ യാത്രയയപ്പു യോഗത്തിലേക്കു കലക്ടറുടെ ക്ഷണപ്രകാരമാണ് എത്തിയത്, പെട്രോള്‍ പമ്പ് തുടങ്ങാനിരുന്ന ടി.വി.പ്രശാന്തന് എന്‍ഒസി ലഭിക്കാന്‍ പണം ചെലവഴിക്കേണ്ടിവന്നു, നവീന്‍ ബാബുവിനെതിരെ കെ.ഗംഗാധരന്‍ സെപ്റ്റംബര്‍ 4ന് വിജിലന്‍സിനു പരാതി നല്‍കിയിട്ടുണ്ട് എന്നീ കാര്യങ്ങള്‍ ദിവ്യ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. ഇതില്‍ രണ്ടെണ്ണം തെറ്റി. പ്രശാന്തന് ചില ബെനാമി ബന്ധമുണ്ട്. അതുകൊണ്ട് പ്രശാന്തിന് സത്യം പറയാനുമാകില്ല. റവന്യൂ വകുപ്പില്‍ നിന്നും ദിവ്യയ്ക്ക് ചില ചാരന്മാര്‍ എല്ലാം ഒറ്റുന്നുണ്ടെന്ന സൂചന കൂടിയാണ് ഗംഗാധരന്റെ വെളിപ്പെടുത്തല്‍ നല്‍കുന്നത്. പെട്രോള്‍ പമ്പ് തുടങ്ങാനിരുന്ന പ്രശാന്തന് എന്‍ഒസി ലഭിക്കാന്‍ പണം ചെലവഴിക്കേണ്ടിവന്നുവെന്ന വാദവും ജാമ്യാപേക്ഷയിലുണ്ട്. എന്നാല്‍, പ്രശാന്തന്‍ നല്‍കിയതായി പറയുന്ന പരാതിയിലെ ഒപ്പു തന്നെ വ്യാജമാണ്. ഇതെല്ലാം കോടതിയില്‍ എത്തിയാല്‍ ജാമ്യം നല്‍കാന്‍ മജിസ്‌ട്രേട്ടിന് കഴിയില്ല. എന്നാല്‍ അത്തരമൊരു കാര്‍ക്കശ്യം പ്രോസിക്യൂഷന്‍ കാട്ടുമെന്ന് ആരും കരുതുന്നുമില്ല.
എ.ഡി.എം. നവീന്‍ ബാബുവിന് എതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ജീവനക്കാര്‍ പറയുന്നു. യാത്രയയപ്പ് സമ്മേളനത്തില്‍ ദിവ്യ അതിക്രമിച്ച് കടന്നതാണെന്നാണ് സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍ പോലീസിന് നല്‍കിയ മൊഴി. പ്രോട്ടോക്കോള്‍ ഉള്ളതുകൊണ്ടുമാത്രമാണ് തടയാതിരുന്നതെന്നും മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇതും ദിവ്യയ്ക്ക് പ്രതിസന്ധിയായി മാറും. യാത്രയയപ്പ് സമ്മേളനത്തില്‍ ദിവ്യ എത്തിയത് ക്ഷണമില്ലാതെയാണെന്ന് സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി പി. ജിനേഷ് പറഞ്ഞു. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ലെന്നാണ് പ്രതികരണം. ദിവ്യ നടത്താന്‍ പോകുന്ന പ്രസംഗത്തെക്കുറിച്ച് കളക്ടര്‍ക്ക് അറിയുമായിരുന്നുവെന്ന് സംശയിക്കുന്നതായി ചില ജീവനക്കാര്‍ വകുപ്പുതല അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീതയ്ക്ക് കൊടുത്ത മൊഴിയും നിര്‍ണ്ണായകമാണ്.
'വഴിയേ പോകുന്നതിനിടയ്ക്കാണ് യാത്രയയപ്പു നടക്കുന്നത് അറിഞ്ഞത്' എന്നാണ് ദിവ്യ അന്നു പ്രസംഗിച്ചത്. ക്ഷണിക്കാതെ എത്തിയെന്ന് കലക്ടര്‍ ആദ്യദിവസംതന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കലക്ടര്‍ ഇന്നലെ മൊഴിയും നല്‍കി. ഇതോടെ അത് പൊളിഞ്ഞു. സ്ഥലം മണ്ണിട്ടു നികത്തുന്നതിനു സ്റ്റോപ് മെമ്മോ നല്‍കിയ വില്ലേജ് ഓഫിസറുടെ നടപടി റദ്ദാക്കാന്‍ എഡിഎം ഉള്‍പ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥര്‍ സഹകരിച്ചില്ലെന്നാണ് ഗംഗാധരന്റെ പരാതി. എതിര്‍കക്ഷികളുടെ സ്വാധീനത്താലാണ് അനുകൂല നടപടി ഉണ്ടാകാത്തതെന്ന സംശയമാണു പരാതിയില്‍ പ്രകടിപ്പിച്ചത്. ഉദ്യോഗസ്ഥരുടേത് അധികാര ദുര്‍വിനിയോഗവും ഉത്തരവാദിത്തമില്ലായ്മയുമാണെന്നും വീഴ്ചകള്‍ പരിശോധിച്ച് തന്റെ ആവലാതി പരിഹരിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. ഈ പരാതിയെ കുറിച്ച് മനസ്സിലാക്കി ഇത് കൂടി ദിവ്യ ജാമ്യ ഹര്‍ജിയില്‍ അവതരിപ്പിക്കുകയായിരുന്നു.
പരാതിയില്‍ മൊഴിയെടുക്കല്‍ ഉള്‍പ്പെടെ വിജിലന്‍സിന്റെ തുടര്‍നടപടി ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ വിവാദങ്ങളുമായി പരാതിക്കു ബന്ധമില്ലെന്നു ഗംഗാധരന്‍ വ്യക്തമാക്കി. മനുഷ്യാവകാശ കമ്മിഷനിലും ഗംഗാധരന്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ രണ്ടെണ്ണം തള്ളി. മൂന്നാമത്തേതില്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ഗംഗാധരന്‍ പറയുന്നു. കണ്ണൂരില്‍ ഗംഗാധരന്‍ എന്ന ആള്‍ നല്‍കിയ വിജിലന്‍സ് പരാതിയെ കുറിച്ച് അറിഞ്ഞ ദിവ്യ അതുകൂടി തന്റെ പരാതിക്കൊപ്പം ഇതും ചേര്‍ക്കുകയായിരുന്നു. അതായത് കളക്ടറേറ്റിലോ വിജിലന്‍സിലോ ദിവ്യയ്ക്ക് അടുപ്പക്കാര്‍ ഉണ്ടെന്ന് വ്യക്തം.
ഗംഗാധരന്റെ സ്ഥലത്ത് വയലിലേക്കുള്ള നീരൊഴുക്കു തടഞ്ഞ് മണ്ണിട്ടു നികത്തുന്നതു തടയണമെന്നു കാണിച്ച് പരിസരവാസികള്‍ കലക്ടര്‍ക്കു നല്‍കിയ പരാതി പ്രകാരമായിരുന്നു റവന്യു വകുപ്പിന്റെ നടപടി. പരാതിക്കാരില്‍ റിട്ട. മജിസ്‌ട്രേട്ടും സഹോദരനും ഉള്‍പ്പെടെയുള്ളവരുണ്ട്. ഇവര്‍ റവന്യു ഉദ്യോഗസ്ഥരെ സ്വാധീനിച്ചിട്ടുണ്ടാകാമെന്ന സംശയമാണു ഗംഗാധരന്‍ പ്രകടിപ്പിക്കുന്നത്. അത് അഴിമതിയുമായോ കൈക്കൂലിയുമായോ ബന്ധപ്പെട്ടതല്ലെന്നാണു ഗംഗാധരന്റെ വാക്കുകളില്‍ തെളിയുന്നത്.
ദിവ്യ, നവീന്‍ ബാബു, കെ നവീന്‍ ബാബു, അരുണ്‍ കെ വിജയന്‍, കളക്ടര്‍