- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ടയുടെ പ്രതിഷേധം നിര്‍ണ്ണായകമായി; തൃശൂരും പാലക്കാടും തീരുമാനം അനിവാര്യമെന്ന് വാദിച്ചു; ജയരാജന്മാരും എതിരായതോടെ കണ്ണൂരും കൈവിട്ടു; പിപി ദിവ്യ ഇനി സാധാരണ സിപിഎം പ്രവര്‍ത്തക; മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഇനി രാഷ്ട്രീയ കുതിപ്പ് അസാധ്യം; പിപി ദിവ്യയെ 'കണ്ടക ശനി' തകര്‍ക്കുമ്പോള്‍
കണ്ണൂര്‍: അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് കെ. നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവുമായ പി.പി. ദിവ്യയെ ഇരിണാവ് ഡാം ബ്രാഞ്ചിലേക്ക് തരംതാഴ്ത്താനുള്ള ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനത്തിന് പിന്നില്‍ ജയരാജന്മാരുടെ കര്‍ശന നിലപാട്. ഇപി ജയരാജനും പി ജയരാജനുമൊപ്പം ജില്ലാ സെക്രട്ടറി എംവി ജയരാജനും അതിശക്തമായ നിലപാട് എടുക്കും. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിക്കും.
നവീന്‍ ബാബുവിന്റെ യാത്രയയപ്പുയോഗത്തില്‍ സംസാരിച്ചതിനെക്കുറിച്ച് ദിവ്യ നല്‍കിയ വിശദീകരണം പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ബോധ്യപ്പെട്ടതോടെയാണ് കടുത്ത നടപടി. യോഗത്തില്‍ ക്ഷണിക്കാതെയെത്തിയ ദിവ്യ നടത്തിയ വിവാദപ്രസംഗത്തിന് പിന്നാലെ എ.ഡി.എം. ആത്മഹത്യ ചെയ്യുകയായിരുന്നു. ദിവ്യയുടെ ജാമ്യ ഹര്‍ജിയിലെ വിധി നിര്‍ണ്ണായകമാണ്. ഇത് എതിരായാല്‍ പാര്‍ട്ടിയും വിവാദത്തിലാകും. വയനാട്ടിലേയും പാലക്കാട്ടേയും ചേലക്കരയിലേയും ഉപതിരഞ്ഞെടുപ്പുകളേയും അത് ബാധിക്കും. ഈ സാഹചര്യത്തിലാണ് സിപിഎം തീരുമാനം എടുത്തത്. ദിവ്യയെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടി എടുക്കുന്നുവെന്ന വിമര്‍ശനം സജീവമായിരുന്നു. കോടതി ജാമ്യം നിഷേധിച്ചാല്‍ അത് സിപിഎമ്മിന് വലിയ തലവേദനയാകും. ഇതു മനസ്സിലാക്കിയാണ് സിപിഎം അച്ചടക്ക നടപടി എടുത്തത്. ഇതോടെ പിപി ദിവ്യയുടെ രാഷ്ട്രീയ മോഹങ്ങളും തകരും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കങ്ങള്‍ ദിവ്യ നടത്തിയിരുന്നു. സിപിഎമ്മിന്റെ ഉറച്ച സീറ്റുകളിലൊന്ന് സ്വന്തമാക്കാനായിരുന്നു ആഗ്രഹിച്ചത്. ഇതിനാണ് പാര്‍ട്ടി നടപടി തടസ്സമാകുന്നത്.
കളക്ടര്‍ വിളിച്ചിട്ടാണ് യോഗത്തില്‍ പങ്കെടുത്തതെന്നും അഴിമതിക്കാര്യം സദുദ്ദേശ്യത്തോടെ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ദിവ്യ പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കണമെന്ന് ദിവ്യ കളക്ടറോടാവശ്യപ്പെട്ടതാണെന്ന് വ്യക്തമായി. ഇരുവരും തമ്മില്‍ 50 സെക്കന്‍ഡ് നീണ്ട ഫോണ്‍സംഭാഷണം പരിശോധിച്ചപ്പോഴാണ് ഇത് വ്യക്തമായത്. ഇക്കാര്യം കളക്ടര്‍ മൊഴിയായി നല്‍കുകയും ചെയ്തിരുന്നു. തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കളക്ടറുടെ ക്ഷണപ്രകാരമാണ് യാത്രയയപ്പ് ചടങ്ങില്‍ താനെത്തിയതെന്നാണ് ദിവ്യ പറഞ്ഞത്. രാഷ്ട്രീയതാത്പര്യപ്രകാരമാണ് പ്രതിചേര്‍ത്തതെന്നും അവകാശപ്പെട്ടു. അതേസമയം, വഴിയേ പോകുന്നതിനിടയാണ് ചടങ്ങിനെക്കുറിച്ച് അറിഞ്ഞതെന്നാണ് യാത്രയയപ്പ് യോഗം നടക്കുന്നതിടെ കയറിച്ചെന്ന ദിവ്യ യോഗത്തിനിടെ പറഞ്ഞത്. ഈ മുഖവുരയോടെ തുടങ്ങിയ പ്രസംഗമാണ് എ.ഡി.എമ്മിന്റെ ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചത്.
ദിവ്യക്കെതിരെ നടപടിയെടുക്കാന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് അനുമതി നല്‍കി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും തീരുമാനത്തിന് അംഗീകാരം നല്‍കി. ഇനി സംസ്ഥാന സമിതി കൂടി അംഗീകരിക്കണം. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അടിയന്തര ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി പദവികളില്‍ നിന്നും ദിവ്യയെ നീക്കണമെന്ന് ജില്ലാ നേതൃത്വം ശുപാര്‍ശ ചെയ്തിരുന്നു. ദിവ്യയുടേത് ഗുരുതര വീഴ്ചയാണെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. സംസ്ഥാന സെക്രട്ടേറിയറ്റ് നടപടി അംഗീകരിച്ചതോടെ പി.പി. ദിവ്യ ഇനി മുതല്‍ ഇരണാവ് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചിലുള്ള ഒരു സാധാരണ പാര്‍ട്ടി അംഗമായി തുടരേണ്ടി വരും. തിരഞ്ഞെടുപ്പ് കാലത്ത് ജനരോഷം കൂടി കണക്കിലെടുത്താണ് സംഭവം നടന്ന് മൂന്നാഴ്ചകള്‍ക്ക് ശേഷം നടപടി വന്നിരിക്കുന്നത്.
നവീന്‍ ബാബുവിന്റെ മരണം വിവാദമായ ഘട്ടത്തില്‍ ആദ്യം ദിവ്യയെ അനൂകൂലിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്യേശ്യപരമായ നിലപാടെന്നായിരുന്നു കണ്ണൂര്‍ സിപിഎമ്മിന്റെ ആദ്യ നിലപാട്. എന്നാല്‍ പത്തനംതിട്ട സിപിഎം ഘടകം ദിവ്യയ്‌ക്കെതിരെ രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടു. തൃശൂര്‍, പാലക്കാട് ജില്ലാ കമ്മറ്റികളും ദിവ്യയ്ക്ക് എതിരായിരുന്നു. ഒളിവില്‍ പോയ ദിവ്യ ഇതിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും രാജിവച്ചു. ഒടുവില്‍ കേസില്‍ പ്രതിയായ ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ പൊലീസിന് മുന്നില്‍ ദിവ്യയ്ക്ക് കീഴടങ്ങേണ്ടി വരികയായിരുന്നു.