തലശേരി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പി പി ദിവ്യ ഇന്ന് വൈകിട്ടോടെ ജയില്‍മോചിതയാകും. ജാമ്യ ഉത്തരവ് ലഭിച്ചതിന് ശേഷം ഇതിനായുള്ള നിയമ നടപടികള്‍ വേഗത്തില്‍ സ്വീകരിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. കെ. വിശ്വന്‍ അറിയിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു പിപി ദിവ്യ. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഒറ്റവരിയിലാണ് ജാമ്യം അനുവദിച്ചു കൊണ്ടു തലശേരി പ്രിന്‍സിപ്പല്‍ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് നിസാര്‍ അഹ്‌മ്മദ് ഉത്തരവിട്ടത്.

കേസ് അന്വേഷണം നടക്കുന്ന വേളയില്‍ കണ്ണൂര്‍ ജില്ലവിട്ടുപോകരുതെന്നും എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെയും മുന്‍പില്‍ ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നു ജാമ്യം നല്‍കുമ്പോള്‍ കോടതി ഉപാധികളായി മുന്‍പോട്ടു വെച്ചത്. അഴിമതിക്കെതിരെയാണ് ദിവ്യ ശബ്ദിച്ചതെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. നവീന്‍ ബാബുവും പരാതിക്കാരനായ ടി.വി പ്രശാന്തുമായി കണ്ടതിന്റെ സി.സി.ടി. ദിദൃശ്യങ്ങള്‍, ഫോണ്‍ കോളുകള്‍ എന്നിവ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ദിവ്യയ്ക്ക് ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷിച്ചതെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. അഭിഭാഷകനുമായി ആലോചിച്ച് തുടര്‍നടപടികളിലേക്ക് കടക്കും. കൂടുതല്‍ പ്രതികരണം പിന്നീടെന്നും മഞ്ജുഷ പറഞ്ഞു.

അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ചിരുന്നു. ചൊവ്വാഴ്ച വാദംകേട്ട കോടതി വിധിപറയാന്‍ മാറ്റുകയായിരുന്നു. കളക്ടറോട് നവീന്‍ബാബു കുറ്റസമ്മതം നടത്തിയെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. ആരോപണം നിലനില്‍ക്കുന്നതല്ല. ദിവ്യ അന്വേഷണസംഘവുമായി സഹകരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായി. കൈക്കൂലി നല്‍കിയതിന് ശാസ്ത്രീയ തെളിവ് നല്‍കി. യാത്രയയപ്പ് ദൃശ്യം ദിവ്യ കൈമാറിയിട്ടില്ല എന്നീ വാദങ്ങളും ദിവ്യ കോടതിയില്‍ അവതരിപ്പിച്ചു.

സ്ത്രീയാണെന്നും ഭരണാധികാരിയായിരുന്നുവെന്നും പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ അമ്മയാണെന്നും ജാമ്യഹര്‍ജിയുടെ വാദത്തിനിടെ പ്രതിഭാഗം വാദിച്ചിരുന്നു. ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യം അനുവദിക്കരുതെന്ന് നവീന്‍ബാബുവിന്റെ കുടുംബവും ആവശ്യപ്പെട്ടു. എന്നാല്‍, അന്വേഷണത്തിന്റെ ഏതുഘട്ടത്തിലും സഹകരിക്കുമെന്നായിരുന്നു ദിവ്യയുടെ അഭിഭാഷകന്റെ വാദം. ഇതാണ് കോടതി പ്രധാനമായും മുഖവിലയ്‌ക്കെടുത്തത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ജയിലിലായി 11 ദിവസത്തിനു ശേഷമാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജാമ്യം കിട്ടിയതില്‍ സന്തോഷമെന്ന് ദിവ്യയുടെ അഭിഭാഷകന്‍ വിശ്വന്‍ പറഞ്ഞു. കോടതിയില്‍ വിശ്വാസമുണ്ടായിരുന്നു. വസ്തുതകള്‍ പരിശോധിച്ചാണ് കോടതി വിധി പറഞ്ഞത്. പ്രതീക്ഷിച്ച വിജയം തന്നെയാണുണ്ടായതെന്നും വിശ്വന്‍ പറഞ്ഞു. ജാമ്യം അനുവദിച്ചുവെന്ന് മാത്രമേ അറിയൂവെന്നും വിധി പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷക പറഞ്ഞു. നവീന്‍ ബാബുവിന്റെ കുടുംബവുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. കേസില്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി രണ്ടു ദിവസത്തിനകം പത്തനംതിട്ടയിലെത്തി രേഖപ്പെടുത്തും. ജാമ്യാപേക്ഷയിലെ വാദത്തില്‍ ഭാര്യയുടെ മൊഴിയെടുത്തില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബത്തിന്റെ മൊഴിയെടുക്കാനുള്ള തീരുമാനം.

യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി.പി. ദിവ്യ, പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ടു ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.