കണ്ണൂര്‍: തുടര്‍ച്ചയായി യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്ത മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ മുന്‍കൂര്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി കോടതിയെ സമീപിച്ചേക്കും. യോഗങ്ങളില്‍ പങ്കെടുക്കാത്തതിനാല്‍ ജില്ലാ പഞ്ചയത്തംഗമായ പി.പി ദിവ്യ യ്ക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ ദിവസം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടി നല്‍കുന്നതിനൊപ്പം ജാമ്യ വ്യവസ്ഥയില്‍ ഇളവു തേടി ദിവ്യ കോടതിയെയും സമീപിച്ചേക്കുമെന്നാണ് വിവരം.

ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് നേരത്തെ ദിവ്യ യോഗങ്ങളില്‍ പങ്കെടുക്കാത്തതിന് അവധി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി മൂന്ന് യോഗങ്ങളില്‍ പങ്കെടുക്കാത്തത് സ്ഥാനം തന്നെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. സി.പി. എം ഭരിക്കുന്ന ജില്ലാ പഞ്ചായത്തായതുകൊണ്ടു ദിവ്യക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സാധ്യതയില്ല. കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായിട്ടും സി.പി.എം പി.പി ദിവ്യ യ്ക്ക് പൂര്‍ണ പിന്‍തുണയാണ് നല്‍കി വരുന്നത്. ഇതിന്റെ ഭാഗമായാണ് ഒരാഴ്ച്ച മുന്‍പ് നടന്ന യോഗത്തില്‍ ധനകാര്യ സ്ഥിരം സമിതി അംഗമായി തെരഞ്ഞെടുത്തത്.

കേരളോത്സവത്തിന്റെ ഭാഗമായി അടുത്ത ദിവസം ജില്ലാ പഞ്ചായത്തിന്റെ സ്ഥിരം സമിതി യോഗംചേരും. ഈ യോഗത്തില്‍ ദിവ്യയും പങ്കെടുക്കേണ്ടതാണ്. എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുന്ന ദിവ്യ യോഗത്തില്‍ പങ്കെടുത്താല്‍ പ്രതിപക്ഷ പ്രതിഷേധമുണ്ടാകുമെന്ന് സൂചനയുണ്ട്. ദിവ്യയെ രക്ഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം എ.ഡി.എംനവീന്‍ ബാബു ദുരുഹ മരിച്ച കേസ് അട്ടിമറിക്കുകയാണെന്ന ആരോപണം കോണ്‍ഗ്രസ് ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കലക്ടറേറ്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ നടത്താനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ക്രിമിനല്‍ കേസില്‍ പ്രതിയായ സ്ഥാനഭ്രഷ്ടയാകുന്ന ആദ്യത്തെ രാഷ്ട്രീയ നേതാവല്ല പി. പി ദിവ്യ. നേരത്തെ ഫസല്‍ വധകേസില്‍ പ്രതിയായ തിനെ തുടര്‍ന്ന് സി.ബി.ഐ അറസ്റ്റുചെയ്തതിനു ശേഷം ജാമ്യത്തിലിറങ്ങിയ കാരായി രാജനെ സി.പി.എം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി മത്സരിപ്പിച്ചു ജയിപ്പിച്ചുവെങ്കിലും നിയമകുരുക്കില്‍പ്പെട്ട് രാജിവയ്ക്കുകയായിരുന്നു. തലശേരി സെയ്ദാര്‍ പള്ളിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകനായ ഫസല്‍ വധകേസില്‍ ഗുഡാലോചനകുറ്റത്തിനാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രടറിയേറ്റ് അംഗമായ കാരായി രാജന്‍ അറസ്റ്റിലായത്.

കണ്ണൂര്‍ കലക്ട്രേറ്റിലെ വിവാദ യാത്രയയപ്പ് ചടങ്ങിന് ഒരു മാസം തികയുന്ന അതേദിവസം പി പി ദിവ്യക്ക് പകരം പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ കെ രത്‌നകുമാരി ചുമതലയേറ്റിരുന്നു. പഞ്ചായത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 16 അംഗങ്ങളുടെ പിന്തുണ നേടിയാണ് രത്‌നകുമാരിയുടെ വിജയം. എന്നാല്‍ ജില്ലാ പഞ്ചായത്ത് അംഗമായ ദിവ്യ വോട്ട് ചെയ്യാനെത്തിയില്ല. ജാമ്യ വ്യവസ്ഥ കാരണമാണ് ദിവ്യ വോട്ട് ചെയ്യാന്‍ എത്താതിരുന്നതെന്ന് പുതിയ പ്രസിഡന്റ് രത്‌നകുമാരി പറഞ്ഞിരുന്നു.