കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നൊലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് എതിരെ സൈബര്‍ ഇടത്ത് വിമര്‍ശനം ശക്തം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന വ്യക്തിയായ പിപി ദിവ്യ ഇനിയും പ്രതികരിച്ചിട്ടില്ല. യാത്രയയപ്പ് യോഗത്തില്‍ തന്നെ വേണമായിരുന്നോ ഇത്തരത്തിലുള്ള ആക്ഷേപമെന്നും നിങ്ങള്‍ ക്ഷണിക്കാതെ അവിടെ ചെന്ന് എന്തെല്ലാമാണ് പറഞ്ഞതെന്നും പിപി ദിവ്യയുടെ ഫെയ്‌സ്ബുക്ക് പേജുകളില്‍ കമന്റുകള്‍ ചോദിക്കുന്നു. അതിനിടെ മറ്റൊരു ശ്രദ്ധേയമായ കമന്റും ചര്‍ച്ചകളില്‍ എത്തുന്നു. വാള് കൊണ്ട് മാത്രമല്ല നാക്ക് കൊണ്ടും കൊലപ്പെടുത്താമെന്ന് തെളിയിച്ചു..-ഇതാണ് ആ കമന്റ്. പ്രകാശ് കുമാറാണ് നിര്‍ണ്ണായകമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി പോസ്റ്റിട്ടത്.

ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തോട് നവീന്‍ ബാബുവിന്റെ മരണത്തേയും കൂട്ടിവായിക്കുകയാണ് ഈ പോസ്റ്റ്. ഇതിനൊപ്പമാണ് ദിവ്യയ്‌ക്കെതിരായ മറ്റ് കന്റുകള്‍. 'സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളി വിട്ടപ്പോള്‍ സന്തോഷമായില്ലേ ?അതും ക്ഷണിക്കപ്പെടാത്ത ഒരു സദസ്സിലേക്ക് വന്നിട്ട്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നാല്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രസിഡന്റ് അല്ലാ, ഒരുത്തനെ കൊലപ്പെടുത്തിയപ്പോള്‍ സമാധാനമായോ', ഇങ്ങനെ പോകുന്നു കമന്റുകള്‍. സൈബര്‍ സഖാക്കള്‍ പോലും ദിവ്യയെ അനുകൂലിച്ച് സജീവമാകുന്നില്ല. നവീന്‍ ബാബുവിന്റേത് ഉറച്ച ഇടതുപക്ഷ കുടുംബമാണ്. അതുകൊണ്ട് തന്നെ സിപിഎമ്മും കരുതലിലാണ്. സത്യസന്ധനായ ഉദ്യോഗസ്ഥനാണ് നവീന്‍ ബാബുവെന്ന് പത്തനംതിട്ടയിലെ സിപിഎം നേതാക്കളും പ്രതികരിച്ചു കഴിഞ്ഞു.

ആന്തൂരിലെ സാജന്‍ എന്ന പ്രവാസി വ്യവസായിയുടെ ആത്മഹത്യ കണ്ണൂരില്‍ സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു. സിപിഎം അനുഭാവിയായ ആന്തൂര്‍ സാജനെ ആത്മഹത്യയിലേക്ക് തള്ളി വിട്ടത് സിപിഎമ്മിലെ ചില കേന്ദ്രങ്ങളായിരുന്നു. അതിന് ശേഷം കരുതലോടെ സിപിഎം നേതാക്കള്‍ എല്ലാ മേഖലയിലും ഇടപെടല്‍ നടത്തണമെന്ന നിര്‍ദ്ദേശം പാര്‍ട്ടി നല്‍കിയിരുന്നു. ഇതിന്റെ പരസ്യമായ ലംഘനമാണ് നടന്നത്. സിപിഎം കുടുംബത്തില്‍ നിന്നുള്ള നവീന്‍ ബാബുവിന്റെ ആത്മഹത്യ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വീണ്ടും കേരളം നീങ്ങുമ്പോഴാണ് സംഭവിക്കുന്നത്. വയനാട്ടിലേയും ചേലക്കരയിലേയും പത്തനംതിട്ടയിലേയും ഉപതിരഞ്ഞെടുപ്പുകളില്‍ ഈ ആത്മഹത്യയേയും സിപിഎമ്മിന് പ്രതിരോധിക്കേണ്ടി വരും.

നവീന്‍ ബാബുവിനെ കണ്ണൂര്‍ പള്ളിക്കുന്നിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവം. കണ്ണൂരില്‍നിന്നു സ്ഥലംമാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയില്‍ അടുത്ത ദിവസം ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു.കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എഡിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പരിധി വിട്ട നിലയിലായിരുന്നു അധിക്ഷേപം. അഴിമതിയുണ്ടെങ്കില്‍ അത് വിജിലന്‍സിനെ ബോധ്യപ്പെടുത്താമായിരുന്നു. അത് ചെയ്യാതെ പൊതുജന മധ്യത്തില്‍ കണ്ണൂരില്‍ നിന്നും സ്ഥലം മാറിയ എഡിഎമ്മിനെ പരിഹസിക്കുകയായിരുന്നു ദിവ്യ.

യാത്രയയപ്പ് യോഗത്തിനുശേഷം ഔദ്യോഗിക വാഹനത്തില്‍ താമസസ്ഥലത്തേക്ക് തിരിച്ച എഡിഎം വഴിയില്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ട്, ഇറങ്ങിയെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. ഇന്നു പുലര്‍ച്ചെ പത്തനംതിട്ടയില്‍ എത്തേണ്ട നവീന്‍ ബാബുവിനെ കാത്ത് ബന്ധുക്കള്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ട്രെയിന്‍ എത്തിയിട്ടും നവീന്‍ ബാബു ഇറങ്ങാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവ്യയുടെ അധിക്ഷേപത്തില്‍ മനംനൊന്ത് എംഡിഎ നവീന്‍ ബാബു ജീവനൊടുക്കിയതിന് പിന്നാലെ പ്രതികരണവുമായി കുടുംബം രംഗത്ത് എത്തി. ഞങ്ങളുടേത് പാര്‍ട്ടി കുടുംബമാണ്. സിപിഎം അനുകൂല സംഘടനയായ കെജിഒഎയിലെ അംഗമാണ് അവന്‍. ട്രാന്‍സ്ഫര്‍ ചോദിച്ച് വാങ്ങിയതാണ്. ഞാനും കൂടി ഇടപെട്ടിട്ടാണ് നാട്ടിലേക്ക് ട്രാന്‍സഫര്‍ റെഡിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന അമ്മാവന്‍ ഈ പാര്‍ട്ടി സമ്മേളനത്തിലാണ് സ്ഥാനം ഒഴിഞ്ഞത്.




നവീന്‍ ബാബു കൈക്കൂലിക്കാരനല്ലെന്നും അമ്മാവന്‍ പറഞ്ഞു. ' അഞ്ച് പൈസ ജീവിതത്തില്‍ ആരുടെ കൈയ്യില്‍ നിന്നും വാങ്ങിച്ചിട്ടില്ല. പ്രമൊഷന് പിന്നാലെ കാസര്‍ക്കോടാണ് പോസ്റ്റിംഗ് ലഭിച്ചത്. നിയമസഭ തിരഞ്ഞെടുപ്പ് സമയത്താണ് കണ്ണൂരില്‍ എത്തിയത്. ഇലക്ഷന്‍ കഴിഞ്ഞ് മറ്റെല്ലാവര്‍ക്കും ട്രാന്‍സ്ഫര്‍ ലഭിച്ചിട്ടും അവനെ വിട്ടില്ല. നല്ലൊരു ഓഫീസറാണെന്ന് പറഞ്ഞ് അവിടെ നിര്‍ത്തിയിരിക്കുകയായിരുന്നു. രണ്ടരക്കൊല്ലമായി അവന്‍ അവിടെയായിരുന്നു. വില്ലേജ് ഓഫീസറായി മുകളിലേക്ക് വന്നയാളാണ്. ഒരു സമ്മര്‍ദ്ദത്തിന് വഴങ്ങുന്നയാളല്ല. ചെയ്തു കൊടുക്കാന്‍ കഴിയുന്ന കാര്യമാമെങ്കില്‍ കൃത്യമായി ചെയ്ത് കൊടുക്കും. ജീവിതത്തില്‍ ഇതുവരെ അഴിമതി നടത്തിയിട്ടില്ല. ഇപ്പോള്‍ അഴിമതിക്കാരനായി ചിത്രീകരിക്കുന്നത് വേറെയെന്തൊ കാര്യത്തിനാണ്. അതിനെ കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും''- അമ്മാവന്‍ പറഞ്ഞു.

ട്രെയിനില്‍ വരുമെന്ന് ഇന്നലെ പറഞ്ഞത്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയും കൊണ്ട് മോളും മക്കളും പോയതാണ്. വണ്ടിയില്‍ ഇല്ലെന്ന് മനസിലായതോടെ മോള് എന്നെ വിളിച്ചു. ഒടുവില്‍ കളക്ടര്‍ ഇടപെട്ട് പരിശോധിച്ചപ്പോഴാണ് ഫോണ്‍ ലൊക്കേഷന്‍ കണ്ണൂര് തന്നെയാണെന്ന് മനസ്സിലായെന്നും അമ്മാവന്‍ പ്രതികരിച്ചു.