കണ്ണുര്‍: പാര്‍ട്ടി ഒരുക്കിയ തിരക്കഥയില്‍ പൊലിസ് നിറഞ്ഞാടിയപ്പോള്‍ പി.പിദിവ്യയ്ക്ക് ലഭിച്ചത് വി.ഐ.പി പരിഗണനയാണ്. ആത്മവിശ്വസമുള്ള പുഞ്ചിരിയുമായി ദിവ്യ ജയിലില്‍ എത്തി. നവീന്‍ ബാബു ജീവനൊടുക്കിയ ക്വാര്‍ട്ടേഴ്സ് ദിവ്യയെ അടച്ച ജയിലിന് 200 മീറ്റര്‍ അകലെമാത്രമാണ്. തന്റെ ജീവനെടുത്തവള്‍ അകത്താവുന്നത് കാണാന്‍ നവീന്റെ ആത്മാവ് ജയില്‍ വളപ്പിലെത്തിയോ എന്ന ചര്‍ച്ചയും പൊതു സമൂഹത്തിലുണ്ട്.

തലശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയപ്പോള്‍ തന്നെ പ്രത്യേക അന്വേഷണ സംഘം ദിവ്യയുടെ ഇരിണാവിലെ വീട്ടിലെത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ കാവലിലായിരുന്നു ദിവ്യയുടെ വീട് ഇതിനു ശേഷം ചില ഉന്നത നേതാക്കളും പൊലിസില്‍ കീഴടങ്ങണമെന്നുള്ള നിര്‍ദ്ദേശവുമായി എത്തി. പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗമെന്ന നിലയില്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികളും വിവാദങ്ങളും ഒഴിവാക്കാനായിരുന്നു നിര്‍ദ്ദേശം. ഒരാഴ്ച്ച കൊണ്ടു ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ദിവ്യയുടെ അഭിഭാഷകന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നുവെങ്കിലും മാധ്യമ വേട്ടയാടലുകളുംപ്രതിപക്ഷ സമരങ്ങളും അവസാനിപ്പിക്കുന്നതിനായി കീഴടങ്ങുന്നതാണ് നല്ലതെന്ന നിര്‍ദ്ദേശമായിരുന്നു നേതാക്കള്‍ മുന്‍പോട്ടു വെച്ചത്. അങ്ങനെ ദിവ്യ പോലീസിന് മുന്നിലേക്ക് എത്തി. അവിടെ നിന്നും ജയിലിലേക്കും.

നവംബര്‍ ഒന്നിന് സി.പി.എം ഏരിയാ സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ ദിവ്യയെ സംരക്ഷിക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നത് ആശങ്ക നേതൃത്വത്തിനുണ്ടായിരുന്നു. പി.പി ദിവ്യ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഒരാഴ്ച്ച മുന്‍പെ നടന്ന ലോക്കല്‍ സമ്മേളനങ്ങളില്‍ പ്രതിനിധികള്‍ ഉയര്‍ത്തിയിരുന്നത്. മാത്രമല്ല പി. പി ദിവ്യയുടെ പ്രവര്‍ത്തന ശൈലിയോട് കണ്ണൂര്‍ ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗത്തിനുണ്ടായ അപ്രീതിയും കീഴടങ്ങണമെന്ന സമ്മര്‍ദ്ദത്തിന് ഇടയാക്കി. പി ജയരാജനും എവി ജയരാജനും ഇപി ജയരാജനും ദിവ്യയ്ക്ക് എതിരായിരുന്നു. ദിവ്യയുടെ അറസ്റ്റ് കണ്ണുരിലെ പാര്‍ട്ടി നേതൃത്വത്തിന് ക്ഷീണം ചെയ്തിട്ടുണ്ട്. വിവാദങ്ങളില്‍ നിന്നും തലയൂരാന്‍ ഈ മാസം 30 ന് ചേരുന്ന അടിയന്തിര സെക്രട്ടറിയേറ്റ് യോഗത്തില്‍ ദിവ്യയെ തരംതാഴ്ത്താനുള്ള നീക്കമാണ് നടത്തുന്നത്. ക

കണ്ണുരില പൊലിസ് സേനയില്‍ സി.പി.എമ്മിന്റെ വിശ്വസ്തരാണ് കൂടുതല്‍. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാറിനും പാര്‍ട്ടിയുമായി നല്ല അടുപ്പമുണ്ട്. നവീന്‍ ബാബു കേസ് അന്വേഷണം തുടക്കത്തില്‍ സി.പി.എം നേതൃത്വത്തിന്റെ അതീവ വിശ്വസ്തനായ കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടെരിയെയാണ് ഏല്‍പ്പിച്ചതെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു. കണ്ണൂര്‍ എ.സി.പി ടി.കെ രത്‌നകുമാറും സിപി.എം നേതൃത്വത്തിന്റെ വിശ്വസ്തരില്‍ ഒരാളാണ്.

അതുകൊണ്ടു പി.പി ദിവ്യയെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കാണിക്കാതെ രഹസ്യമായി അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കാനുള്ള തന്ത്രമാണ് പൊലിസ് തുടക്കത്തിലെ സ്വീകരിച്ചത്. ദിവ്യയുടെ അറസ്റ്റിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ തയ്യാറായിരുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. പക്ഷേ ദിവ്യ അടിതെറ്റി വീണുവെന്നതാണ് യാഥാര്‍ത്ഥ്യം. ''ഒരു നിമിഷം മതി നമുക്ക് എന്തും സംഭവിക്കാന്‍'' -എ.ഡി.എം. കെ. നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപണമുയര്‍ന്ന പി.പി. ദിവ്യയുടെ പ്രസംഗത്തിലെ ഒരു വാചകം ഇങ്ങനെയാണ്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നനിലയില്‍ ശോഭിക്കുകയും പാര്‍ട്ടി വലിയ പ്രതീക്ഷവെച്ചുപുലര്‍ത്തുകയും ചെയ്ത പി.പി. ദിവ്യ എന്ന നേതാവിന്റെ പതനവും ആ പ്രസംഗത്തോടെതന്നെയായി.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി സി.പി.എം. പരിഗണിച്ചവരുടെ കൂട്ടത്തില്‍ പി.പി. ദിവ്യയുമുണ്ടായിരുന്നു. കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. കോളേജില്‍ പ്രീഡിഗ്രി പഠനത്തിനിടെയാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകയായത്. എസ്.എഫ്.ഐ.യുടെ കേന്ദ്രകമ്മിറ്റിയിലും ഡി.വൈ.എഫ്.ഐ. സംസ്ഥാനസെക്രട്ടേറിയറ്റിലും അംഗമായിരുന്ന ദിവ്യ നിലവില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ ആസോസിയേഷന്‍ സംസ്ഥാന നിര്‍വാഹകസമിതി അംഗവുമാണ്. കോളേജ് പഠനകാലത്ത് സംസ്ഥാന ഫുട്ബോള്‍ ടീം അംഗമായിരുന്നു. കല്യാശ്ശേരി ഡിവിഷനില്‍നിന്നാണ് പി.പി. ദിവ്യ 2020-ല്‍ ജില്ലാപഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. 2005 മുതല്‍ 2010 വരെ ചെറുകുന്ന് ഡിവിഷനില്‍നിന്ന് ജില്ലാപഞ്ചായത്ത് അംഗമായി. 2010-15 കാലത്ത് കല്യാശ്ശേരിയില്‍നിന്ന് ജയിച്ചപ്പോള്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. ഈ രാഷ്ട്രീയ ഉയര്‍ച്ചയെല്ലാം ദിവ്യയ്ക്ക് ഇനി അന്യമാകും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന പദവിയോടെ വനിതാ ജയിലില്‍ ഒട്ടേറെ ചടങ്ങുകളില്‍ പങ്കെടുത്തിരുന്ന ദിവ്യ ഇന്നലെ രാത്രി അവിടെയെത്തിയത് റിമാന്‍ഡ് തടവുകാരി എന്ന നിലയില്‍. ചിരിച്ചുകൊണ്ട്, കുറ്റബോധം ഒട്ടുമില്ലാത്ത ശരീരഭാഷയോടെ അവര്‍ ജയിലിന്റെ പടികയറി. ഒക്ടോബര്‍ 14ന് എഡിഎം ജീവനൊടുക്കിയ ക്വാര്‍ട്ടേഴ്‌സില്‍നിന്നു വെറും 200 മീറ്റര്‍ അകലെയുള്ള സെന്‍ട്രല്‍ ജയില്‍ വളപ്പിലാണ് ഇന്നലെ രാത്രി കഴിഞ്ഞതെന്നാണ് വസ്തുത.