കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാതെ മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ പൊലീസ് സൗകര്യമൊരുക്കുന്നത് വിവാദത്തില്‍. കണ്ണൂരിലെ റവന്യൂ ജീവനക്കാര്‍ എല്ലാം പ്രതിഷേധത്തിലാണ്. ദിവ്യയെ കണ്‍മുന്നില്‍ കണ്ടിട്ടും പോലീസ് അറസ്റ്റ് ചെയ്തില്ല. പോലീസ് ഇന്റലിജന്‍സിന് അടക്കം ദിവ്യയുടെ നീക്കങ്ങളില്‍ ആദ്യ ഘട്ടത്തില്‍ വ്യക്തമായ സൂചനയുണ്ടായിരുന്നു. ഇത് മനസ്സിലാക്കി സിപിഎം പിന്നീട് ഇരു ചെവി അറിയാതെ ദിവ്യയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജിക്കത്ത് നല്‍കാന്‍ വെള്ളിയാഴ്ച രാവിലെ രഹസ്യമായി ജില്ലാ പഞ്ചായത്ത് ഓഫിസിനു സമീപമെത്തി ദിവ്യ തിരിച്ചു പോയി. സിപിഎം നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇത്. പോലീസിനും ഇതിന്റെ സൂചന കിട്ടുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് ഓഫിസില്‍നിന്ന് 100 മീറ്റര്‍ അകലെ റെയില്‍വേ സ്റ്റേഷന്‍ കിഴക്കേ കവാടത്തിനരികില്‍ വച്ചാണ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കു രാജിക്കത്ത് കൈമാറിയത് എന്നാണ് മനോരമ വാര്‍ത്ത. ഈ കവാടത്തില്‍നിന്ന് കഷ്ടിച്ച് 50 മീറ്റര്‍ മാത്രമേ എഡിഎമ്മിന്റെ മരണം അന്വേഷിക്കുന്ന ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്കുള്ളൂ. ആരും കാണുന്നില്ലെന്ന് ഉറപ്പിക്കാന്‍ രാജി കൈമാറ്റത്തില്‍ സിപിഎം കണ്ണൂര്‍ നേതൃത്വം അതീവ ജാഗ്രതയും പുലര്‍ത്തി. പോലീസും ഒന്നും ആരും അറിയാതിരിക്കാന്‍ രഹസ്യ സുരക്ഷയൊരുക്കിയെന്നും സൂചനയുണ്ട്. മനോരമ പറയുന്നത് അനുസരിച്ചാണെങ്കില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും ദിവ്യയുടെ ഒളിവില്‍ പോകലിന് കൂട്ടു നിന്നു. ദിവ്യയ്‌ക്കെതിരെ ജാമ്യമില്ലാ കേസുണ്ടെന്ന് സെക്രട്ടറിയ്ക്കും അറിയാം. അതുകൊണ്ട് തന്നെ നിയമ പ്രകാരം ദിവ്യയുടെ വരവ് പോലീസിനെ രേഖാമൂലം അറിയിക്കേണ്ട ബാധ്യത സെക്രട്ടറിയ്ക്കുണ്ട്.

ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തിട്ടും പിപി ദിവ്യയെ ചോദ്യം ചെയ്യാന്‍ മടി കാണിച്ച പൊലീസ് ഒളിച്ചുകളി വലിയ ചര്‍ച്ചയായിട്ടുണ്ട് ഇന്നലെ വീട്ടിലുണ്ടായിരുന്ന ദിവ്യ ഇപ്പോള്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യല്‍ ഇനിയും വൈകിയേക്കും. നവീന്‍ ബാബുവിന്റേത് അടിയുറച്ച സിപിഎം കുടുംബമായതാണ് പാര്‍ട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയത്. കൂടാതെ സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം കുടുംബത്തെ ചേര്‍ത്തുപിടിക്കുകയും ചെയ്തു. അതുകൊണ്ട് മാത്രമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ദിവ്യയ്ക്ക് നഷ്ടമായത്. അല്ലാത്ത പക്ഷം അതും പാര്‍ട്ടി സംരക്ഷിച്ചു നിര്‍ത്തുമായിരുന്നു. ദിവ്യയ്ക്ക് വേണ്ടി പല വിധ പ്രചരണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ട്.

എഡിഎം കെ.നവീന്‍ ബാബുവിന്റെ ആത്മഹത്യ, പെട്രോള്‍ പമ്പിന്റെ അപേക്ഷയിലെ ഫയല്‍ നീക്കം എന്നിവ സംബന്ധിച്ചു മൊഴി നല്‍കാന്‍ ദിവ്യ കൂടുതല്‍ സമയം തേടിയെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ കലക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ തുടരന്വേഷണം ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ.ഗീതയാണു നടത്തുന്നത്. പൊലീസ് ഇതുവരെ ദിവ്യയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കണ്ണൂര്‍ കലക്ടറേറ്റിലെത്തിയ ഗീത, കലക്ടര്‍ അരുണ്‍ കെ.വിജയന്‍, പരാതിക്കാരനായ ടി.വി.പ്രശാന്തന്‍, യാത്രയയപ്പു ചടങ്ങില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍, പെട്രോള്‍ പമ്പിനു നിരാക്ഷേപപത്രം നല്‍കേണ്ടതുമായി ബന്ധപ്പെട്ട സെക്ഷനിലെ ജീവനക്കാര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തി.

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു കേസ് നേരിടുന്ന ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ പരിഗണിച്ചില്ല. ഹര്‍ജി നാളെ പരിഗണിച്ചേക്കും. എഡിഎമ്മിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു ഇന്നലെ കോടതിയിലെത്തി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.അജിത് കുമാറിനെ കണ്ടു കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പത്തനംതിട്ടയിലെ അഭിഭാഷകനൊപ്പമാണ് അദ്ദേഹം എത്തിയത്. ദിവ്യയുടെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിക്കുന്ന മുറയ്ക്ക് നവീന്‍ ബാബുവിന്റെ കുടുംബം കേസില്‍ കക്ഷി ചേരും. ഇതോടെ ജാമ്യഹര്‍ജിയിലും ദിവ്യയ്ക്ക് തിരിച്ചടിയുണ്ടാകാന്‍ സാധ്യത ഏറി. ജാമ്യ ഹര്‍ജിയില്‍ അന്തിമ തീരുമാനം വരും വരെ ദിവ്യ പുറത്തേക്ക് വരില്ലെന്നാണ് സൂചന.

പ്രശാന്തന്‍ നല്‍കിയതായി പറയുന്ന പരാതിയിലെ ഒപ്പ് വ്യാജമാണെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നു.ചെങ്ങളായി നിടുവാലൂര്‍ പള്ളി വികാരി ഫാ. പോളുമായി പെട്രോള്‍ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തന്റെ ഒപ്പ് വ്യത്യസ്തമാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. . പേരിലും വ്യത്യാസമുണ്ട്. പാട്ടക്കരാറില്‍ പ്രശാന്ത് എന്നാണുള്ളത്. എന്നാല്‍ പരാതിപ്പകര്‍പ്പില്‍ പ്രശാന്തന്‍ ടിവി നിടുവാലൂര്‍ എന്നെഴിയിട്ടുണ്ട്.പ്രശാന്തന്‍ നേരിട്ടെത്തിയാണ് കരാര്‍ ഒപ്പിട്ടതെന്ന് ഫാദര്‍ പോള്‍ വ്യക്തമാക്കിയിരുന്നു. നവീനിന്റെ ആത്മഹത്യയ്ക്ക് ശേഷം മുന്‍ തീയതി എഴുതിച്ചേര്‍ത്ത് തയ്യാറാക്കിയതാണ് പുറത്തുവിട്ട പരാതിയെന്ന സംശയം ശരിവയ്ക്കുന്നതാണ് ഒപ്പിലെയും പേരിലെയും വൈരുദ്ധ്യം.