- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
15,000 കോടി രൂപയുടെ പി പി ഇ കിറ്റുകൾ നശിപ്പിച്ചു കളഞ്ഞു
ലണ്ടൻ: കോവിഡിനൊപ്പം തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഉയർന്ന് കേട്ട വാർത്തയാണ് പി പി ഇ കിറ്റുകൾ വാങ്ങിയതിലെ ക്രമക്കേടുകളും മറ്റും. അതിന്റെ തുടർച്ച എന്നപോലെ ഇപ്പോഴിതാ ഏകദേശം 14 ബില്യൻ പൗണ്ട് വിലവരുന്ന പി പി ഇ കിറ്റുകൾ ഇംഗ്ലണ്ടിലെ ആരോഗ്യ വകുപ്പ് നശിപ്പിക്കുകയോ, തുക എഴുതിത്ത്തള്ളുകയോ ചെയ്തതായ വാർത്ത വരുന്നു. കോവിഡ് കാലത്തെ സർക്കാരിന്റെ ഏറ്റവും വലിയ പാഴ് ചെലവ് എന്നാണ് ബി ബി സി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
നിർദ്ദിഷ്ഠ നിലവാരത്തിനനുസരിച്ചാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും എൻ എച്ച് എസ് സപ്ലയർ ആയ ഫുൾ സപ്പോർട്ട് ഹെൽത്ത്‌കെയറിന്റെ 1.57 ബില്യൻ പി പി ഇ വസ്തുക്കൾ ഒരിക്കലും ഉപയോഗിച്ചില്ല എന്ന് ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം 1.4 ബില്യൻ പൗണ്ട് എന്ന കണക്ക് ആരോഗ്യ- സാമൂഹ്യ ക്ഷേമ വകുപ്പ് നിരാകരിക്കുകയാണ്. പി പി ഇ സ്റ്റോക്കുമായി ബന്ധപ്പെട്ട തങ്ങളുടെ നിലപാട്വകുപ്പിന്റെ, നാഷണൽ ഓഡിറ്റ് ഓഫീസ് ഓഡിറ്റ് ചെയ്ത വാർഷിക കണക്കിൽ ഉണ്ട് എന്നാണ് വകുപ്പ് പ്രതിനിധികൾ പറയുന്നത്. കോവിഡ് പി പി ഇ കിറ്റുകൾ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തം ആരോഗ്യ - സാമൂഹ്യ ക്ഷേമ വകുപ്പിനായിരുന്നു.
ഞെട്ടിപ്പിക്കുന്ന പാഴ്ചെലവ് എന്നായിരുന്നു ലേബർ പാർട്ടിയുടെ ഇതിനോടുള്ള പ്രതികരണം. വൻ തോതിൽ പൊതു പണം ദുരുപയോഗം ചെയ്യുകയായിരുന്നു എന്ന് ലിബറൽ ഡെമോക്രാറ്റുകളും ആരോപിക്കുന്നു. ഫേസ് മാസ്‌കുകൾ, റെസ്പിരേറ്റേഴ്സ്, നേത്ര സംരക്ഷണോപാധികൾ, ഏപ്രൺസ് എന്നിവ അടങ്ങിയ 1.78 ബില്യൻ പൗണ്ട് മൂല്യം വരുന്ന സാധനങ്ങൾ 2020 ഏപ്രിലിൽ നൽകാൻ ഫുൾ സപ്പോർട്ട് ഹെൽത്ത് കെയർ സമ്മതിച്ചിരുന്നു. ഒരു വിതരണക്കാരന് ലഭിക്കുന്ന ഏറ്റവും വലിയ തുകക്കുള്ള ഇടപാടായ ഇത് സർക്കാരിന്റെ മൊത്തം കോവിഡ് ചെലവുകളുടെ 13 ശതമാനത്തോളം വരും.
കോവിഡിന് മുൻപായി, നോർത്താംപ്ടൺഷയർ ആസ്ഥാനമായുള്ള കമ്പനിയിൽ 25 ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. വാർഷിക ലാഭം 8 ലക്ഷത്തോളം പൗണ്ടായിരുന്നു. അന്നേ അവർ പി പി ഇ കിറ്റുകളുടെ സ്‌പെഷ്യലൈസ്ഡ് നിർമ്മാതാക്കൾ ആയിരുന്നു. ഈ ഇടപാടിന് ശേഷം കമ്പനിയുടെ ലാഭം എത്രയാണെന്ന് അറിവില്ലെന്ന് ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. കമ്പനിയുടെ സഹ ഡയറക്ടർമാരായ സാറാ സ്റ്റൗട്ടും അവരുടെ ഭർത്താവ് റിച്ചാർഡ് സ്റ്റൗട്ടും തങ്ങളുടെ ബിസിനസ്സ് ജഴ്സിയിലേക്ക് മാറ്റിയിരുന്നു. സ്വകാര്യതയുമായി ബന്ധപ്പെട്ട കാരണങ്ങളാണ് അതിന് അവർ പറഞ്ഞത്.
എന്നാൽ, ഇപ്പോഴും കമ്പനി എല്ലാ യു കെ നികുതികളും നൽകുന്നുണ്ടെന്നാണ് കമ്പനി ഉടമകൾ അവകാശപ്പെടുന്നത്. മാത്രമല്ല, നിയമ വിരുദ്ധമായ ഒന്നും തന്നെ കമ്പനി ചെയ്തിട്ടില്ലെന്നും അവർ അവകാശപ്പെടുന്നു. തുടർന്നായിരുന്നു ഹെൽത്ത്‌കെയർ ഉദ്പന്നങ്ങളുടെ വിതരണം നിയന്ത്രിക്കുന്ന എൻ എച്ച് എച്ച് എസ് സപ്ലൈ ചെയിനിൽ വിവരാവകാശ നിയമപ്രകാരം ബി ബി സി അപെക്ഷ സമർപ്പിച്ചത്. അതിനുള്ള പ്രതികരണത്തിലാണ് 1.4 ബില്യൻ പൗണ്ട് മൂല്യമുള്ള പി പി ഇ ഉപയോഗിച്ചതേയില്ല എന്ന വിവരം പുറത്തു വരുന്നത്.
ഏകദേശം 749 മില്യൻ വസ്തുക്കൾ കത്തിച്ചു കളയുകയോ മറ്റു വിധത്തിൽ നശിപ്പിക്കുകയോ ചെയ്തതായി മനസ്സിലാക്കുന്നു എന്നും ബി ബി സി റിപ്പോർട്ടിൽ പറയുന്നു. മാലിന്യത്തിൽ നിന്നുള്ള ഊർജ്ജോത്പാദനത്തിലും ഇവ ഉപയോഗിച്ചിട്ടുണ്ട്. മറ്റൊരു 825 മില്യൻ വസ്തുക്കൾ അധിക സ്റ്റോക്കായി കാണിച്ചിട്ടുണ്ട്. ഇവയുടെ കാര്യത്തിൽ ഡിസ്പോസലും രീസൈക്ലിംഗും സാധ്യമാണെന്നും പരാമർശിച്ചിട്ടുണ്ട്. ആകെ 1.01 ബില്യൻ പി പി ഇ വസ്തുക്കളാണ് ഫുൾ സപ്പോർട്ട് നൽകിയത്. എന്നാൽ, 232 മില്യൻ വസ്തുക്കൾ മാത്രമാണ് എൻ എച്ച് എസ്സിലേക്കും മറ്റു കെയർ സംവിധാനങ്ങളിലേക്കും അയച്ചിട്ടുള്ളു.