തിരുവനന്തപുരം: ഉരുട്ടിക്കൊലക്കേസില്‍ പോലീസുകാരായ മുഴുവന്‍ പ്രതികളെയും വെറുതേവിട്ട ഹൈക്കോടതി ഉത്തരവ് കേട്ട് പൊട്ടിക്കരഞ്ഞ് കൊല്ലപ്പെട്ട ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ. കോടതിക്ക് ഹൃദയമില്ലെന്നും പ്രതികള്‍ പുറത്തിറങ്ങാനായി ആരൊക്കെയോ ശ്രമിച്ചിട്ടുണ്ടെന്നും പ്രഭാവതിയമ്മ മാധ്യമങ്ങളോട് പറഞ്ഞു. 'കോടതിക്ക് കണ്ണുകണ്ടൂടെ, അവന്റെ തുടയില്‍ 22 മുറിവുണ്ടായിരുന്നു. ഉള്ളംകാല്‍ കണ്ടാല്‍ അപ്പോഴേ ബോധംകെട്ട് വീഴും. അപ്പോളാ കോടതി പറയുന്നത് അവര്‍ കുറ്റക്കാരല്ലെന്ന്. അത് ശരി. അപ്പോള്‍ ആര്‍ക്കും എന്തുംചെയ്യാം അല്ലേ. ആണിനും പെണ്ണിനും ഒരു ഹൃദയമേയുള്ളൂ. ഹൃദയമില്ലാത്ത എത്രയോപേര്‍ ലോകത്തുണ്ടെന്നാ. ഇപ്പോള്‍ ആര്‍ക്കും ഹൃദയമില്ലെന്നാണ് തോന്നുന്നത്. ഹൈക്കോടതിക്കും ഹൃദയമില്ല. ഒരുകോടതിക്കും ഹൃദയമില്ല. ഒരേയൊരു ഹൃദയമേയുള്ളൂ. ഇപ്പോള്‍ കോടതിക്ക് ഹൃദയമില്ല. ഹൃദയമുണ്ടായിരുന്നെങ്കില്‍ എന്നോട് ഇത് കാണിക്കില്ലായിരുന്നു. ഹൃദയമുണ്ടെങ്കില്‍ കോടതി ഈ വാക്ക് പറയില്ലായിരുന്നു. ഇത്രയുംചെയ്തിട്ട് അവര്‍ കുറ്റക്കാരല്ലെന്ന് പറയുന്നതില്‍ കള്ളക്കളിയുണ്ട്. കള്ളക്കളിയുമായി ഇതിനുപിന്നില്‍ ആരോ ഉണ്ട്. ആരെയാണ് സംശയമെന്ന് പറയാന്‍പറ്റില്ല. പക്ഷേ, ആരോ ഉണ്ട്. അതാണ് പ്രതികള്‍ പുറത്തിറങ്ങാന്‍ കാരണം', പ്രഭാവതിയമ്മ വിതുമ്പി. പ്രതികള്‍ക്ക് ശിക്ഷ കിട്ടണമെന്നതാണ് തന്റെ ആവശ്യമെന്നും ഇപ്പോള്‍ പുറത്തിറങ്ങിയവരെ അകത്താക്കണമെന്നും പ്രഭാവതിയമ്മ പറഞ്ഞു.

തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധമായ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ മുഴുവന്‍ പൊലീസുകാരെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു. കേസിന്റെ അന്വേഷണത്തില്‍ സിബിഐക്ക് വീഴ്ച പറ്റി എന്നു വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരുടെ ബെഞ്ച് പ്രതികളെ വെറുതെ വിട്ടത്. കേസില്‍ ഒന്നാം പ്രതിക്ക് വിധിച്ചിരുന്ന വധശിക്ഷയും കോടതി റദ്ദാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അമ്മ പൊട്ടിക്കരഞ്ഞു കൊണ്ട് പ്രതികരിച്ചത്. നഗരത്തിലെ ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നു കസ്റ്റഡിയിലെടുത്ത കിള്ളിപ്പാലം കീഴാറന്നൂര്‍ കുന്നുംപുറം വീട്ടില്‍ ഉദയകുമാര്‍ (28) തുടയിലെ രക്തധമനികള്‍ പൊട്ടി 2005 സെപ്റ്റംബര്‍ 27നു രാത്രി പത്തരയോടെയാണു മരിച്ചതാണ് കേസ്. തദ്ദേശ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസം മോഷണക്കുറ്റം ആരോപിച്ചു പിടികൂടിയ ഉദയകുമാറിനെ ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിന് ഇരയാക്കി കൊന്നുവെന്നാണു സിബിഐയുടെ കണ്ടെത്തല്‍. ഇരുമ്പുപൈപ്പുകൊണ്ട് അടിച്ചും ഉരുട്ടിയുമാണ് കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. കേസുപോലും ചാര്‍ജ് ചെയ്യാതെയാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയത് എന്നും കുറ്റപത്രത്തിലുണ്ടായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന പരാതിയുമായി ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 2008 ഓഗസ്റ്റിലാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.

ഫോര്‍ട്ട് സ്റ്റേഷനിലെ പൊലീസുകാരായിരുന്ന കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍, പിന്നീട് ഡിവൈഎസ്പിയായ അജിത് കുമാര്‍, മുന്‍ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവരായിരുന്ന കേസിലെ പ്രതികള്‍. ഇതില്‍ ഒന്നാം പ്രതി ജിതകുമാറിനും രണ്ടാം പ്രതി ശ്രീകുമാറിനും തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി 2018ല്‍ വധശിക്ഷ വിധിച്ചു. ഇതില്‍ ശ്രീകുമാര്‍ 2020ല്‍ മരണമടഞ്ഞു. അഞ്ചു മുതല്‍ ഏഴു വരെ പ്രതികളായ അജിത് കുമാര്‍, ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവര്‍ക്കെതിരെ ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍, കൃത്രിമ രേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞിരുന്നു. 3 വര്‍ഷം തടവായിരുന്നു ഇവര്‍ക്ക് ശിക്ഷ. കൊല നടക്കുമ്പോള്‍ അജിത്കുമാര്‍ ഫോര്‍ട്ട് സ്റ്റേഷനിലെ എസ്‌ഐയും സാബു സിഐയും ആയിരുന്നു. ഹരിദാസ് അസിസ്റ്റന്റ് കമ്മിഷണറും. മൂന്നാം പ്രതി എഎസ്‌ഐ കെ.വി.സോമനേയും കുറ്റക്കാരനായാണ് കണ്ടെത്തിയതെങ്കിലും വിചാരണ വേളയില്‍ മരിച്ചതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. നാലാം പ്രതി വി.പി.മോഹനനെ വിചാരണ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ആദ്യ മൂന്നു പ്രതികളായിരുന്നു കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കാളികളായത്.

ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ 13 വര്‍ഷത്തിനു ശേഷം 2018ലാണ് പൊലീസുകാരെ ശിക്ഷിച്ചുകൊണ്ടുള്ള വിധി വന്നത്. എന്നാല്‍ മുഴുവന്‍ പൊലീസുകാരെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധിയാണ് മരണത്തിന് 20 വര്‍ഷത്തിനു ശേഷം പുറത്തു വരുന്നത്.