- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിരോധത്തിലെ മെയ്‌ക് ഇൻ ഇന്ത്യ ചൈനയ്ക്കും പാക്കിസ്ഥാനും വെല്ലുവിളിയാകുന്നു; ഇനി ലക്ഷ്യം മെയ്‌ക് ഫോർ വേൾഡ്! 260 കോടിയുണ്ടെങ്കിൽ മിസൈലുകൾ വഹിക്കാൻ കഴിയുന്ന ഹെലികോപ്ടർ; ലോകത്തിന് അത്ഭുതമായി ഇന്ത്യയുടെ പ്രചണ്ഡ്; ഉയർന്ന മേഖലയിൽ കൂടുതൽ സമയം പറക്കുന്ന ഇന്ത്യയുടെ പുതുപുത്തൻ ആയുധം ചർച്ചകളിൽ
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമായി പ്രചണ്ഡ് ഹെലികോപ്റ്റർ മാറുമ്പോൾ അതു വാങ്ങാൻ വിദേശ രാജ്യങ്ങളുമെത്തുമെന്ന പ്രതീക്ഷയിൽ ഇന്ത്യ. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' ലഘുയുദ്ധ ഹെലികോപ്റ്റർ വ്യോമസേനയുടെ ഭാഗമായി. തിങ്കളാഴ്ച രാജസ്ഥാനിലെ ജോധ്പുർ വ്യോമസേനാതാവളത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, സംയുക്തസേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങിലാണ് പ്രചണ്ഡ് ഹെലികോട്പറുകൾ സേനയ്ക്ക് കൈമാറിയത്.
നാല് ഹെലികോപ്ടറുകളാണ് ആദ്യഘട്ടത്തിൽ കൈമാറിയത്. 'ധനുഷ്' എന്ന 143 ഹെലികോപ്റ്റർ യൂണിറ്റിന്റെ ഭാഗമായാകും പ്രചണ്ഡ് ഹെലികോപ്റ്ററുകൾ പ്രവർത്തിക്കുക. പ്രചണ്ഡിന്റെ നിർമ്മാണം പ്രതിരോധരംഗത്തെ നിർണായകമായ ചുവടുവെയ്‌പ്പാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു. രാത്രിയും പകലും ഒരുപോലെ പ്രവർത്തിക്കാൻ ശേഷിയുള്ള പ്രചണ്ഡ് വ്യോമസേനയ്ക്ക് മുതൽക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഹെലികോപ്ടറുകൾ വിദേശ രാജ്യത്തിനും നിർമ്മിച്ചു നൽകാനുള്ള പദ്ധതി പ്രതിരോധമന്ത്രാലയും സജ്ജമാക്കും. കയറ്റുമതിയിലൂടെ പ്രതിരോധ വരുമാനം കൂട്ടുകയാണ് ലക്ഷ്യം.
15.80 മീറ്റർ നീളവും 4.70 മീറ്റർ ഉയരവുമുള്ള കോപ്റ്ററുകൾക്ക് മണിക്കൂറിൽ പരമാവധി 268 കിലോമീറ്റർ വേഗത്തിൽ പറക്കാം. 550 കിലോമീറ്ററാണ് പ്രവർത്തനദൂരപരിധി. 110 ഡിഗ്രി കറങ്ങി വെടിവെക്കാൻ കഴിയുന്ന 20 എംഎം ടററ്റ് തോക്കുകൾ, നാഗ് ടാങ്ക് വേധ മിസൈൽ, മിസ്ട്രാൽ വിമാനവേധ മിസൈലുകൾ, യന്ത്രപീരങ്കി എന്നിവയാണ് കോപ്റ്ററിലുള്ള ആയുധങ്ങൾ. മറ്റേത് രാജ്യം നിർമ്മിക്കുന്ന ഹെലികോപ്ടറുകളോളം വരുന്നതാണ് ഇതെല്ലാം. പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡാണ് കോപ്റ്ററുകൾ നിർമ്മിച്ചത്.
ഈ കോപ്റ്ററുകളുടെ നിർമ്മാണത്തിനായി ഉപയോഗിച്ച സാമഗ്രികളിൽ 45 ശതമാനവും തദ്ദേശീയമാണ്. 15 കോപറ്ററുകളാണ് സേന വാങ്ങുന്നത്. ഇവയ്ക്ക് 3,887 കോടി രൂപ ചെലവ് വരും. ഇതിൽ പത്തെണ്ണം വ്യോമസേനയ്ക്കും അഞ്ചെണ്ണം കരസേനയ്ക്കുമാണ് നൽകുക. ഉയർന്ന പർവതമേഖലകളായ ലഡാക്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വിന്യസിക്കാൻ ശേഷിയുള്ളതാണ് പ്രചണ്ഡ്. തിരച്ചിൽ, രക്ഷാദൗത്യങ്ങൾ, അതിർത്തികടന്നുള്ള ആക്രമണങ്ങൾ എന്നിവയ്ക്ക് 'പ്രചണ്ഡ്'ഗുണകരമാകും. ഇതെല്ലാം ലോകരാജ്യങ്ങളേയും ഇന്ത്യയിലേക്ക് ആകർഷിക്കുമെന്നാണ് വിലയിരുത്തൽ.
ഒരു ഹെലികോപ്ടറിന് 260 കോടി മാത്രം മതിയെന്നതും ഇന്ത്യൻ ഹെലികോപ്ടറിന്റെ പ്രത്യേകതയാണ്. ചെലവ് കുറയുന്നതിനൊപ്പം സൗകര്യങ്ങളും കൂടുന്നു. ഇതെല്ലാം ചർച്ചയാക്കാനും കൂടുതൽ കച്ചവടം നടത്താനും പ്രതിരോധ വകുപ്പ് ശ്രമിക്കും. ഉയർന്ന മേഖലകളിൽ കൂടുതൽ സമയം പറക്കാം. കടൽനിരപ്പിൽ നിന്ന് 5000 മീറ്റർ ഉയരത്തിൽ ലാൻഡ് ചെയ്യാനും അവിടെനിന്നു ഭാരം വഹിച്ചു പറന്നുയരാനുമാകും. സിയാച്ചിൻ, ചൈനയുമായി സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്ക് എന്നിവിടങ്ങളിൽ ഉപയോഗിക്കാം. ശത്രുവിന്റെ ആക്രമണങ്ങൾ ചെറുക്കാനുള്ള പ്രതിരോധ കവചം. രാത്രിയിലും പ്രതികൂല കാലാവസ്ഥയിലും ദൗത്യങ്ങൾക്കു നിയോഗിക്കാം എന്നതുമെല്ലാം വലിയ നേട്ടമാണ്.
മെയ്‌ക് ഇൻ ഇന്ത്യാ പദ്ധതിയുടെ ഭാഗമാണ് പ്രചണ്ഡ് എത്തുന്നത്. ഇതിനെ മെയ്‌ക് ഫോർ വേൾഡാക്കി മാറ്റാനാണ് പ്രതിരോധ വകുപ്പിന്റെ ലക്ഷ്യം. ഇരട്ട എൻജിൻ കോപ്റ്ററിലെ 'ശക്തി' എന്ന എൻജിൻ എച്ച്എഎലും ഫ്രഞ്ച് എൻജിൻ നിർമ്മാതാക്കളായ സഫ്രനും ചേർന്നാണ് വികസിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ