മുംബൈ: ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ശേഷം ആഗോള ബ്രാന്‍ഡായ ഇറ്റാലിയന്‍ കമ്പനി പ്രാഡ മെയ്ഡ് ഇന്‍ ഇന്ത്യ' കോലാപുരി ചെരുപ്പുകള്‍ പുറത്തിറക്കി. ഇന്ത്യന്‍ നിര്‍മ്മിത കോലാപുരി ചെരുപ്പുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആഗോള ഫാഷന്‍ ബ്രാന്‍ഡായ പ്രാഡ ലിമിറ്റഡ് എഡിഷന്‍ ചെരിപ്പുകളുടെ ഒരു നിര തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്. ചെരുപ്പിന്റെ ഡിസൈന്‍ സ്വന്തമാക്കിയതിന് മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ അവ വിപണിയില്‍ സജീവമാകുന്നത്.

മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ രണ്ട് സര്‍ക്കാര്‍ പിന്തുണയുള്ള സ്ഥാപനങ്ങളുമായുള്ള കരാര്‍ പ്രകാരം 2,000 ജോഡി ചെരുപ്പുകള്‍ നിര്‍മ്മിക്കുമെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. 'യഥാര്‍ത്ഥ നിര്‍മ്മാതാവിന്റെ മികച്ച് കഴിവുകള്‍ തങ്ങളുടെ നിര്‍മ്മാണ സാങ്കേതിക വിദ്യകളുമായി കൂട്ടിക്കലര്‍ത്തും എന്നാണ് പ്രാഡയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി മേധാവി ലോറെന്‍സോ ബെര്‍ട്ടെല്ലി പറയുന്നത്. ഈ ശേഖരം 2026 ഫെബ്രുവരിയില്‍ ഓണ്‍ലൈനിലും ലോകമെമ്പാടുമുള്ള 40 പ്രാഡ സ്റ്റോറുകളിലും വില്‍പ്പനയ്‌ക്കെത്തും. ഒരു ജോഡി ചെരുപ്പിന് 84,000 രൂപയാണ് വിലയിട്ടിരിക്കുന്നത്.

വ്യാഴാഴ്ചയാണ് ഇറ്റലി-ഇന്ത്യ ബിസിനസ് ഫോറം കരാര്‍ ഒപ്പിട്ടത്. ജൂണില്‍, മഹാരാഷ്ട്രയിലും കര്‍ണാടകയിലും നിര്‍മ്മിച്ച പരമ്പരാഗത കോലാപുരി ചെരുപ്പുകളോട് സാമ്യമുള്ള തുറന്ന കാല്‍വിരലുകളുള്ള ബ്രെയ്ഡ് പാറ്റേണ്‍ ഉള്ള ചെരുപ്പുകള്‍ പ്രാഡ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് വിവാദം ഉയര്‍ന്നിരുന്നു. പ്രാഡ ചെരുപ്പുകളെ 'ലെതര്‍ ഫുട്വെയര്‍' എന്ന് വിശേഷിപ്പിച്ചെങ്കിലും അതിന്റെ ഇന്ത്യന്‍ ഉത്ഭവത്തെക്കുറിച്ച് പരാമര്‍ശിച്ചില്ല. ഇത് ഇന്ത്യയിലെ സാംസ്‌കാരിക സ്വത്തവകാശത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും കാരണമായി.

പിന്നീട് ബ്രാന്‍ഡ് ഫുട്വെയര്‍ ഡിസൈനിന്റെ ഇന്ത്യന്‍ പാരമ്പര്യം അംഗീകരിച്ചിരുന്നു. അക്കാലത്തെ ഒരു പ്രാഡ വക്താവ് പറഞ്ഞത് കമ്പനി 'കരകൗശല വൈദഗ്ദ്ധ്യം, പൈതൃകം, ഡിസൈന്‍ പാരമ്പര്യങ്ങള്‍ എന്നിവ എപ്പോഴും അംഗീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍

മഹാരാഷ്ട്ര ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഇന്‍ഡസ്ട്രി ആന്‍ഡ് അഗ്രികള്‍ച്ചറുമായി ബന്ധപ്പെട്ടിരുന്നു' എന്നാണ്. 'പ്രാഡയുടെ ആവശ്യകതകള്‍ കണക്കിലെടുത്ത്, ചില കരകൗശല വിദഗ്ധര്‍ക്ക് പ്രാഡയില്‍ നിന്നും മഹാരാഷ്ട്രയിലെ തുകല്‍ വ്യവസായത്തെ പിന്തുണയ്ക്കുന്ന ഒരു സംസ്ഥാന പിന്തുണയുള്ള സ്ഥാപനത്തിന് പ്രത്യേക പരിശീലനം ലഭിക്കും. കൂടാതെ, ഏകദേശം 200 കോലാപുരി ചെരിപ്പ് കരകൗശല വിദഗ്ധര്‍ക്ക് ഇറ്റലിയില്‍ മൂന്ന് വര്‍ഷത്തെ പരിശീലനം നല്‍കുകയും ചെയ്യും.

അഞ്ച് വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടിട്ടുണ്ടെങ്കിലും അത് കൂടുതല്‍ നീട്ടുമെന്നാണ് സംസ്ഥാന സര്‍ക്കാരും പറയുന്നത്. 'ഈ ആവശ്യത്തിനായി സംസ്ഥാന സര്‍ക്കാര്‍ കരകൗശല വിദഗ്ധര്‍ക്ക് സാമ്പത്തിക സഹായവും നല്‍കും. മഹാരാഷ്ട്രയിലെ ഒരു നഗരത്തിന്റെ പേരിലാണ് കോലാപുരി ചെരിപ്പുകള്‍ നിര്‍മ്മിക്കുന്നത്, അവയുടെ വേരുകള്‍ 12-ാം നൂറ്റാണ്ടിലേതാണ്. തുകല്‍ കൊണ്ട് നിര്‍മ്മിച്ചതും ചിലപ്പോള്‍ പ്രകൃതിദത്ത നിറങ്ങളില്‍ ചായം പൂശിയതുമായ പരമ്പരാഗത കൈകൊണ്ട് നിര്‍മ്മിച്ച ചെരിപ്പുകള്‍ ഉറപ്പുള്ളതും ഇന്ത്യയുടെ ചൂടുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യവുമാണ്.

വിവാദത്തെത്തുടര്‍ന്ന്, അര്‍ഹമായ അംഗീകാരം നല്‍കാതെ പ്രാഡ ഡിസൈന്‍ ഉപയോഗിച്ചതില്‍ ദുഃഖമുണ്ടെന്ന് കോലാപൂരിലെ കരകൗശല വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ജൂണില്‍ ഇററലിയിലെ മിലാനില്‍ നടന്ന ഫാഷന്‍ ഷോയില്‍ നിര്‍മ്മാതാക്കളുടെ സമ്മതമില്ലാതെ കോലാപ്പൂരി ചെരിപ്പിന്റെ പകര്‍പ്പ് പ്രാഡ കമ്പനി അവതരിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഒരു ലക്ഷത്തോളം രൂപക്ക് ചെരിപ്പ് വിപണിയില്‍ എത്തിക്കാനായിരുന്നു കമ്പനി ശ്രമിക്കുന്നത് എന്നന തരത്തിലുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു. അതിനിടെ തങ്ങളു?ടെ ഉല്‍പന്നം കോപ്പിയടിച്ചെന്നാരോപിച്ച് പ്രാഡക്കെതിരെ പൊതുതാല്‍പര്യ ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു.

വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ചെരുപ്പിനെ സ്വന്തം ബ്രാന്‍ഡില്‍ പുറത്തിറക്കിയ പ്രാഡ ഇന്ത്യയെയോ ഇവിടുത്തെ കരകൗശല വിദഗ്ദ്ധരെയോ എവിടേയും പ്രതിപാദിച്ചിരുന്നില്ല. കോലാപ്പൂരി ചെരുപ്പുകളുടെ ഉറവിടത്തിന് ഒരു നന്ദി പറയാന്‍ പോലും പ്രാഡ തയ്യാറാവാത്തത് സെലിബ്രിറ്റികളെ അടക്കം ചൊടിപ്പിച്ചിരുന്നു. 1913ല്‍ ഇറ്റലിയില്‍ മരിയോ പ്രാഡ സ്ഥാപിച്ച ആഡംബര ഫാഷന്‍ ഹൗസാണ് 'പ്രാഡ'. ലെതര്‍ കൊണ്ട് നിര്‍മിച്ച ബാഗുകള്‍, യാത്രാസാമഗ്രികള്‍, പാദരക്ഷകള്‍, വസ്ത്രങ്ങള്‍, തുടങ്ങിയ ഫാഷന്‍ സാമഗ്രികള്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്ന പ്രശസ്ത കമ്പനിയാണ് പ്രാഡ. 70ലധികം രാജ്യങ്ങളിലായി 600 ലധികം ഔട്ട്ലെറ്റുകള്‍ പ്രാഡക്കുണ്ട്.