- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എതിരാളികളെ കിട്ടാതെ കളി നിർത്താൻ ആലോചിച്ച മാഗ്നസ് കാൾസന്റെ ഉറക്കം കളഞ്ഞ പയ്യൻസ്; ലോകചാമ്പ്യനെ മാധ്യമപ്പട പൊതിയുമ്പോൾ കോച്ചിനൊപ്പം മാറി നിന്ന് തമാശ പൊട്ടിച്ച് കൂളാകുന്ന കുസൃതിക്കാരൻ; ആരെയും കൂസാത്ത ചുണക്കുട്ടി; ചെസ് ഗ്രാൻഡ് മാസ്റ്റർ പ്രഗ്നാനന്ദ പുതിയ സൂപ്പർ ഹീറോ
ചെന്നൈ: ഈ 17 കാരൻ പയ്യനാണ് ഇപ്പോൾ നമ്മുടെ ഹീറോ. സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ മുഴുവൻ ഇന്ത്യയുടെ ചെസ് ഗ്രാൻഡ് മാസ്റ്റർ ആർ പ്രഗ്നാനന്ദയുടെ ചരിത്ര ജയാഘോഷമാണ്.. മിയാമിയിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പായ എഫ്ടിഎക്‌സ് ക്രിപ്‌റ്റോ കപ്പിലെ അവസാന റൗണ്ടിൽ ലോക ചാമ്പ്യൻ മാഗ്‌നസ് കാൾസണെ പ്രഗ്‌നാനന്ദ പരാജയപ്പെടുത്തിയതോടെയാണ് ഈ ചെന്നൈക്കാരൻ വാർത്തകളിൽ നിറഞ്ഞത്. ഈ വർഷം ഇത് മൂന്നാം തവണയാണ് കാൾസണ് മേൽ ഇന്ത്യയുടെ കൗമാരക്കാരൻ വിജയം നേടുന്നത്. തിങ്കളാഴ്ച രാവിലെയാണ് മത്സരം നടന്നത്.
ഫെസബുക്കിൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് വായിച്ചാൽ, ഈ ജയോന്മാദത്തിന്റെ പൊതുസ്വഭാവം പിടികിട്ടും.
'എനിക്കിനി കളിച്ചിട്ട് ഒരുപാടൊന്നും നേടാനില്ല. നല്ല എതിരാളികളെ കിട്ടാനില്ല. ഉള്ള എതിരാളികളിൽ നിന്നും തനിക്കു പ്രചോദനമൊന്നും കിട്ടുന്നില്ല. അതുകൊണ്ട് ഇവന്മാരുടെ കൂടെ കളിച്ചു സമയം കളയാൻ ഇനി ഞാനില്ല. അടുത്ത ലോക ചെസ്സ് ടൂർണ്ണമെന്റിൽ മത്സരിക്കാൻ ഞാൻ ഇല്ല.' 2013 മുതൽ തുടർച്ചയായി ലോക ചെസ്സ് ചാമ്പ്യൻ ആയിക്കൊണ്ടിരിക്കുന്ന മാഗ്‌നസ് കാൾസൻ പറഞ്ഞതാണ് മുകളിൽ ഡബിൾ ഇൻവെർട്ടഡ് കോമയിൽ ഉള്ളത്.
പിന്നീടുണ്ടായത് ചരിത്രം. ഭാരതത്തിൽ നിന്നുള്ള ഒരു 17 കാരൻ രമേശ്ബാബു പ്രഗ്നാനന്ദ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ കാൾസനെ അട്ടിമറിച്ചപ്പോൾ വിശ്വാസം വരാതെ കുറച്ചുസമയം കണ്ണു മിഴിച്ചു സീറ്റിൽ തന്നെയിരുന്ന കാൾസൻ പറഞ്ഞതാണ് താഴെ, ഡബിൾ ഇൻവെർട്ടഡ് കോമയിൽ ഉള്ളത്.
'ഇന്നത്തെ ദിവസം എനിക്കു ഭയാനകമായി അനുഭവപ്പെടുന്നു. തുടർച്ചയായ ഈ മൂന്നു തോൽവികൾ എനിക്കു താങ്ങാവുന്നതിലും അപ്പുറമാണ്. ഇത് ശരിക്കും അമ്പരപ്പുളവാക്കുന്നു. ഇന്നിനി എനിക്കു ഉറങ്ങാൻ സാധിക്കില്ല'അഭിനന്ദനങ്ങൾ പ്രഗ്നാനന്ദ (Pragg)....
കളിക്കാൻ നല്ല എതിരാളികൾ ഇല്ലാത്തതുകൊണ്ട് കളി നിർത്തുകയാണെന്നു പറഞ്ഞ അഹംഭാവത്തെ ഉറക്കമില്ലാത്ത രാത്രികളിലേക്കു തള്ളിവിട്ടതിന്...എതിരാളികളിൽ നിന്നും തനിക്കു പ്രചോദനമൊന്നും കിട്ടുന്നില്ലെന്നു പറഞ്ഞ ലോകചാമ്പ്യന് പ്രചോദനം കൊടുത്തതിന്... ഒരു എതിരാളിയുണ്ടെന്നു ലോകത്തിനു കാണിച്ചു കൊടുത്തതിന്...മുഴുവൻ ഭാരതീയരുടെയും അഭിമാനമായി മാറിയതിന്.
ഒരു തമാശക്കാരൻ പയ്യൻസ്
തിങ്കളാഴ്ച കാൾസണെ പ്രഗ്നാനന്ദ കീഴടക്കിയതിന് പിന്നാലെ, വിശ്വനാഥൻ ആനന്ദ് വളരെ കൗതുകകരമായ കാര്യം പറഞ്ഞു. ' വളരെ രസികനാണ് അവൻ. തമാശകൾ പൊട്ടിക്കാൻ വളരെ ഇഷ്ടപ്പെടുന്ന ആൾ. അങ്ങനെ കുസൃതിയൊക്കെ കാട്ടി നടക്കാൻ ഇഷ്ടപ്പെടുന്ന കുട്ടി. അങ്ങനെയാണ് അവൻ സമ്മർദ്ദങ്ങളെ കൈകാര്യം ചെയ്യുന്നതെന്ന് എനിക്ക് തോന്നുന്നു. അത് വളരെ നല്ലതാണ്. അവന്റെ സ്ഥിരം കോച്ച് ആർ ബി രമേശിന് അവനെ എങ്ങനെ ശരിയായ പ്രസന്നമായ മനോനിലയിൽ നിലനിർത്തണമെന്ന് അറിയാം. അവന്റെ കുടുംബത്തോടൊപ്പമോ, സഹോദരിയൊപ്പമോ ഒക്കെ ആവുമ്പോൾ ഇഷ്ടൻ കളിചിരികളിൽ മുഴുകും. അത് അവന്റെ സമ്മർദ്ദം അകറ്റാൻ സഹായിക്കുന്നു', ആനന്ദ് പറഞ്ഞു. കാൾസണുമായുള്ള മത്സരത്തിന് മുമ്പ് ലോകചാമ്പ്യനെ മാധ്യമങ്ങൾ പൊതിഞ്ഞിരിക്കുമ്പോൾ, മാറി നിന്ന് കോച്ചിനോട് തമാശ പൊട്ടിക്കുന്ന പ്രാഗിന്റെ ചിത്രം വൈറലായിരുന്നു.
ഡോണ്ട് വറി...ജസ്റ്റ് ബീറ്റ് മാഗ്‌നസ്
16ാം വയസ്സിലാണ് പ്രഗ്‌നാനന്ദ ആദ്യമായി കാൾസണെ പരാജയപ്പെടുത്തുന്നത്. അന്ന് തന്നെ ലോക ഒന്നാം നമ്പർ താരമായിരുന്നു കാൾസൺ. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഓൾലൈൻ റാപിഡ് ചെസ് ചാമ്പ്യൻഷിപ്പായ എയർതിങ്‌സ് മാസ്റ്റേഴ്‌സിലായിരുന്നു കാൾസൺ പ്രഗ്‌നാനന്ദയോട് പരാജയപ്പെട്ടത്. മെയ് 20ന് ചെസ്സബിൾ മാറ്റേഴ്‌സ് ഓൺലൈൻ ടൂർണമെന്റിൽ വീണ്ടും പ്രഗ്‌നാനന്ദ ഞെട്ടിച്ചു. ഒരേ വർഷം തന്നെ ലോക ഒന്നാം നമ്പറുകാരനായ നോർവെ താരത്തിന് ഒരു കൗമാരക്കാരന് മുമ്പിൽ രണ്ടാമതും തോൽവി രുചിക്കേണ്ടി വന്നു.
ക്രിപ്‌റ്റോ കപ്പിലെ മത്സരത്തിൽ ഇരുവരും തമ്മിൽ കനത്ത പോരാട്ടമാണ് നടന്നത്. സമനിലയിലേക്ക് പോകുന്നുവെന്ന് തോന്നിപ്പിച്ചിടത്തു നിന്നാണ് പ്രഗ്‌നാനന്ദയുടെ ഒരു മൂവ് കളിയെ മാറ്റിമറിച്ചത്. ഇന്ത്യൻ താരത്തിന്റെ 40ാം മൂവാണ് നോർവെ താരത്തിനെ പ്രതിസന്ധിയിലാക്കിയത്. അടുത്ത മൂവിൽ തന്നെ കാൾസണ് പിഴച്ചു. പ്രഭുവിനെ വെച്ചതിൽ പിഴവ് വന്നതോടെ പ്രഗ്‌നാനന്ദ വിജയം ഉറപ്പിക്കുകയായിരുന്നു.
'മത്സരത്തിന്റെ നിലവാരത്തിൽ ഞാൻ ഒട്ടും സംതൃപ്തനല്ല. എന്റെ പ്രകടനം പ്രതീക്ഷിച്ച രീതിയിലല്ലായിരുന്നു. എനിക്ക് എവിടെയൊക്കെയോ പിഴവുകൾ സംഭവിച്ചു. തന്ത്രങ്ങളും നീക്കങ്ങളും പാളിപ്പോയതായി തോന്നി'', മത്സരം വിജയിച്ചുവെങ്കിലും പ്രഗ്‌നാനന്ദ പ്രതികരിച്ചത് ഇങ്ങനെയാണ്. 'ദിവസം മുഴുവൻ മോശം പ്രകടനമാണ് ഞാൻ നടത്തിയത്. എന്നാലിപ്പോൾ ഞാൻ പ്രതീക്ഷിച്ച റിസൾട്ട് എനിക്ക് ലഭിച്ചു. തോൽക്കുകയെന്നത് എനിക്ക് ഒട്ടും ഉൾക്കൊള്ളാൻ സാധിക്കാത്ത കാര്യമാണ്. എന്നാലിത് അംഗീകരിക്കാതെ വയ്യ', മത്സരത്തിന് ശേഷം കാൾസൺ പറഞ്ഞു.
അവസാന മത്സരത്തിൽ വിജയം നേടിയെങ്കിലും ചാമ്പ്യൻഷിപ്പിൽ പ്രഗ്‌നാനന്ദ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയാണ് ചെയ്തത്. മറ്റ് മത്സരങ്ങളിൽ കൂടുതൽ സ്‌കോർ നേടിയതിനാൽ മാഗ്‌നസ് കാൾസൺ തന്നെയാണ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. തിങ്കളാഴ്ച കാൾസനുമായുള്ള മത്സരത്തിന് മുമ്പ് സഹോദരി വൈശാലി പ്രഗ്‌നാനന്ദയ്ക്ക് അയച്ച സന്ദേശം, ഡോണ്ട് വറി, ജസ്റ്റ് ബീറ്റ് മാഗ്നസ് എന്നായിരുന്നു. അതുതന്നെയാണ് കൗമാര പ്രതിഭ സാധിച്ചെടുത്തത്. ടൈബ്രേക്കറിലൂടെ കാൾസണെ കീഴടക്കി ക്രിപ്‌റ്റോ കപ്പിൽ രണ്ടാം സ്ഥാനം. 37000 ഡോളർ സമ്മാനത്തുകയുമായാണ് വീട്ടിലേക്ക് മടങ്ങിയത്.
മൂന്നാമത്തെ ഗെയിം കാൾസൺ ജയിച്ചതോടെ, ടൂർണമെന്റ് വിജയിയുടെ കാര്യത്തിൽ തീരുമാനമായിരുന്നു. രണ്ടുകളിക്കാർക്കും പരീക്ഷണങ്ങൾക്കുള്ള സമയം കൂടിയായിരുന്നു അവസാന ഗെയിം. പ്രാഗിനെ സമ്മർദ്ദത്തിലാക്കാൻ കാൾസന്റെ ചില കുസൃതി നീക്കങ്ങളും കണ്ടു. ഇത് പ്രാഗും മത്സരശേഷം ശരിവച്ചു.
പ്രതിഭയുടെ തിളക്കം ഇന്ത്യൻ ചെസിൽ
വിശ്വനാഥൻ ആനന്ദിനും ഹരികൃഷ്ണനും ശേഷം കാൾസണെ പരാജയപ്പെടുത്തുന്ന ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ. ചെന്നൈ സ്വദേശികളായ നാഗലക്ഷ്മിയുടെയും രമേഷ്ബാബുവിന്റെയും മകനായി 2005 ഓഗസ്റ്റ് 10നാണ് ആർ പ്രഗ്‌നാനന്ദയുടെ ജനനം. ഗ്രാൻഡ് മാസ്റ്റർ പട്ടം നേടിയ ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെയാളാണ്. ആർ ബി രമേശിന് കീഴിൽ ചെസ് പരിശീലനം ആരംഭിച്ച പ്രഗ്നാനന്ദ, 2013ലെ വേൾഡ് യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ ഏഴാം വയസിൽ, അണ്ടർ 8 ടൈറ്റിലും 2015ൽ അണ്ടർ 10 ടൈറ്റിലും നേടിയിരുന്നു. 2016 ൽ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ചെസ് ചാമ്പ്യൻ. അന്ന് വെറും 10 വയസ്സ് മാത്രമായിരുന്നു പ്രായം. രണ്ട് വർഷത്തിന് ശേഷം 12 വയസ്സിൽ റഷ്യൻ താരമായ സെർജേയ് കർജ്കിന്നിന് ശേഷം ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ ആയി.
പോളിയോ ബാധിതനായ പിതാവ് രമേഷ് ബാബുവാണ് പ്രഗ്നാനന്ദയുടെ പിന്നിലെ കരുത്ത്. തമിഴ്‌നാട്ടിലെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമാണ് രമേഷ് ബാബു. പ്രഗ്നാനന്ദയുടെ സഹോദരി വൈശാലിയും ഇന്റർനാഷണൽ മാസ്റ്ററാണ്. ഗ്രാൻഡ് മാസ്റ്റർ പദവിക്ക് തൊട്ടടുത്താണ് വൈശാലിയിപ്പോൾ. ആർ ബി രമേഷ് ആണ് പ്രഗ്നാനന്ദയുടെയും വൈശാലിയുടെ പരിശീലകൻ. ജന്മവാസനയായി കിട്ടിയ പ്രതിഭയും ശാസ്ത്രീയ പരിശീലനവും കൂടിച്ചേർന്നതാണ് പ്രഗ്നാനന്ദയുടെ മത്സര മികവ്. ഗ്രാൻഡ്മാസ്റ്ററായ ആർ ബി രമേഷ് സ്ഥാപിച്ച ചെന്നൈയിലെ ഗുരുകുൽ ചെസ്സ് അക്കാദമിയുടെ സൃഷ്ടി കൂടിയാണ് പ്രഗ്നാനന്ദ. ചെസ്സ് ഒളിമ്പ്യാഡിൽ ഇന്ത്യ രണ്ടു തവണ മെഡൽ നേടുമ്പോഴും ടീം പരിശീലകൻ രമേഷ് ആയിരുന്നു.
ലോക ശ്രദ്ധ ഇന്ത്യയിലേക്ക്
ഒരു 17 കാരൻ ലോക ചാമ്പ്യനെ, അഞ്ചുതവണ ലോക ചാമ്പ്യനായ കാൾസണെ, എല്ലാ കാലത്തെയും ഏറ്റവും കരുത്തനായ കളിക്കാരനെ, തുടർച്ചയായി മൂന്നുഗെയിമിൽ തോൽപിക്കുമ്പോൾ, തീർച്ചയായും ലോക ശ്രദ്ധ തിരിയും. എഫ്ടിഎക്‌സ് ക്രിപ്‌റ്റോ കപ്പിൽ കാൾസണെ അട്ടിമറിച്ചെങ്കിലും ടൂർണമെന്റിൽ റണ്ണർ അപ്പായത് ഒരുപോരായ്മയായി കാണാനാവില്ല. കാരണം, റൗണ്ട് റോബിൻ ടൂർണമെന്റിലെ മറ്റ് ഏഴ് എതിരാളികളും പ്രാഗിനേക്കാൾ ഉയർന്ന ഫിഡെ റേറ്റിങ് ഉണ്ടായിരുന്നവരാണ്.
ചെന്നൈയിൽ നടന്ന ചെസ് ഒളിമ്പ്യാഡിൽ, ഇന്ത്യ 2 വിന് വെങ്കല മെഡൽ നേടി കൊടുത്ത ശേഷമാണ് പ്രാഗ്, മിയാമിയിലേക്ക് പറന്നത്. മാമല്ലപുരത്തെ ഏറ്റവും വലിയ താരമായിരുന്നില്ല പ്രാഗ്. കൗമാരക്കാരനായ ടീമംഗം ഡി.ഗുകേഷായിരുന്നു ചെന്നൈയിലെ താരം. തുടർച്ചയായ എട്ട് ജയങ്ങളിലൂടെ ഗുകേഷ് സെൻസേഷനായി മാറി. കുറച്ചുമാസങ്ങൾക്ക് മുമ്പ് മറ്റൊരു കൗമാരക്കാരൻ അർജ്ജുൻ എറിഗെയ്‌സിയായിരുന്നു തലക്കെട്ടുകൾ സൃഷ്ടിച്ചിരുന്നത്.
ചെസ് ഒളിമ്പ്യാഡിൽ ഇവർക്ക് പുറമേ നിഹാൽ സരിനും, റോണക് സദ്വനിയും തകർപ്പൻ പ്രകടനമാണ് കാഴ്ച വച്ചത്. കാൾസണെ പ്രാഗ് തോൽപ്പിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് അബുദാബി അന്താരാഷ്ട്ര ചെസ് ഫെസ്റ്റിവലിൽ തിളക്കമാർന്ന ജയം നേടി സദ്വനി. ഗുകേഷാകട്ടെ അങ്കാറയിലെ തുർക്കിഷ് ചെസ് സൂപ്പർ ലീഗിൽ പങ്കെടുത്ത് തന്റെ റേറ്റിങ് ഉയർത്തുന്ന തിരക്കിലാണ്. ഇവർ മാത്രമല്ല, വി.പ്രണവ്, ഭാരത് സുബ്രഹ്മണ്യം തുടങ്ങിയ യുവ താരങ്ങളും കഴിവ് തെളിയിക്കാൻ കാത്തിരിക്കുന്നു. വിശ്വനാഥൻ ആനന്ദ് തുടങ്ങി വച്ചതാണ് ഇപ്പോൾ ഈ യുവാക്കൾ പൂരിപ്പിക്കുന്നത്. ആനന്ദ് തലപ്പത്ത് എത്തിയപ്പോൾ ഏകനായിരുന്നുവെങ്കിൽ, പിൻഗാമികൾ ചെസ് പ്രതിഭകളുടെ ഒരുവലിയ ടീം തന്നെയാണ്.
കളിയിൽ ആരെയും കൂസാത്ത ചുണക്കുട്ടി
പ്രഗ്നാനന്ദയെ വേറിട്ട് നിർത്തുന്നത് അവന്റെ ഭയരാഹിത്യമാണെന്ന് പറയുന്നു വിശ്വനാഥൻ ആനന്ദ്. 'നിലവിലുള്ള ലോക ചാമ്പ്യനെ മൂന്നുതവണയാണ് അവൻ കീഴടക്കിയത്. അത് വ്യക്തിഗത ഗെയിമുകളിൽ അല്ല താനും. ഉദാഹരണത്തിന് മിയാമിയിൽ നാല് ഗെയിം മത്സരത്തിലായിരുന്നു ജയം. അത് ഒരു ദിവസം ഒരിക്കലല്ല, പലവട്ടം. എത്ര കരുത്തനാണ് അവൻ എന്ന് ഇത് തെളിയിക്കുന്നു. റാപ്പിഡിലും, ബ്ലിറ്റ്‌സിലും, മാഗ്‌സസ് ഏറ്റവും കരുത്തരായ കളിക്കാരിൽ ഒരാളാണ്. വേഗമേറിയ ഈ ഗെയിമുകളിലാണ് പ്രഗ്നാനന്ദ മാഗ്നസിനെ തോൽപ്പിക്കുന്നത്', ആനന്ദ് പറഞ്ഞു.
ഇതൊരു സംഭവം തന്നെയാണ്. ലോകചാമ്പ്യന്മാരെ തോൽപ്പിച്ച് കൊണ്ട് ഒരു കൗമാരക്കാരൻ
കളിയിൽ തുടക്കമിടുന്നത് വളരെ അപൂർവമാണ്. അവസാനം മാത്രം ആർജ്ജിക്കുന്ന ആ കരുത്താണ് അവൻ തുടക്കത്തിലേ നേടിയത്, ആനന്ദ് വാക്കുകൾ പിശുക്കുന്നില്ല. പ്രാഗിന് ആനന്ദ് പരിശീലനം നൽകി വരുന്നുണ്ട്. സമ്മർദ്ദത്തിന് വഴങ്ങാത്ത പ്രാഗിന്റെ ശൈലിയാണ് ആനന്ദിന് ഏറെ പ്രിയപ്പെട്ടത്. വളരെ കഠിനാദ്ധ്വാനിയാണ് പ്രഗ്നാനന്ദ. എന്നാൽ, ഏറ്റവും കൂടുതൽ എനിക്കിഷ്ടം, അവന്റെ പേടിയില്ലായ്മയാണ്. ആരോട് വേണമെങ്കിലും പോരാടും. ചിലപ്പോൾ അവന് ഗെയിമുകൾ നഷ്ടമായേക്കാം. എന്നിരുന്നാലും അവന് തിരിച്ചുവരാനുള്ള ശേഷിയുണ്ട്. കാൾസണോട് മാത്രമല്ല, ലെവൺ ആരോണിയൻ, അലിറേസ ഫിറോസ തുടങ്ങി ലോകത്തിലെ മികച്ച എതിരാളികളോടും അവൻ മല്ലിട്ടു. പരാജയത്തിൽ നിന്ന് പന്ത് പോലെ തിരിച്ചുവരാനുള്ള ശേഷിയാണ് അവനെ വേറിട്ട് നിർത്തുന്നത്, ആനന്ദ് വിലയിരുത്തുന്നത് ഇങ്ങനെ.
അവൻ നന്നായി പരിശീലിക്കും. കളിക്ക് മുമ്പ് ശാന്തനാകും. എന്തുവന്നാലും നേരിടുമെന്ന മനോഭാവത്തിലേക്ക് മാറും. ഭാവിയിലും കാൾസനുമായി ഏറ്റുമുട്ടുമ്പോൾ, എനിക്ക് ഒരിക്കലും എതിരാളിയെ തോൽപ്പിക്കാൻ കഴിയില്ല എന്ന് അവൻ ചിന്തിക്കില്ല. അതാണ് അവന്റെ ആത്മവിശ്വാസം, ചങ്കൂറ്റം, പ്രതിഭ, അഞ്ചുതവണ ലോകചാമ്പ്യനായ ആനന്ദിന്റെ വാക്കുകൾ തന്നെ പ്രഗ്നാനന്ദയുടെ പ്രതിഭയുടെ സാക്ഷ്യം.
മറുനാടന് മലയാളി ബ്യൂറോ