ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ ഇന്നും ഏറെ പിന്നിലാണ് നമ്മുടെ പ്രൊസിക്യൂഷന്‍ സംവിധാനമെന്നും, നമ്മുടെ പൊലീസിനാവട്ടെ പ്രതികളെ തല്ലിച്ചതച്ച് മൊഴിയെടുത്തുമാത്രമേ കേസ് തെളിയിക്കാന്‍ കഴിയൂവെന്നും പല തവണ വിമര്‍ശനമുയര്‍ന്ന കാര്യമാണ്. സാക്ഷിമൊഴികളും, സാഹചര്യത്തെളിവുകളുമൊന്നുമല്ലാതെ കൃത്യമായ ശാസ്ത്രീയ തെളിവുകളെ ആധാരമാക്കി കേസ് മുന്നോട്ട് പോവാന്‍ പൊതുവെ നമ്മുടെ നീതിന്യായ വ്യവസ്ഥക്ക് കഴിയാറില്ല. പക്ഷേ അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരു കേസാണ് ഇപ്പോള്‍ കര്‍ണ്ണാടകയില്‍ ഉണ്ടായിരിക്കുന്നത്. തീര്‍ത്തും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്, മൂന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമകനും, ജെഡിഎസ് മുന്‍ എംപിയുമായ പ്രജ്ജ്വല്‍ രേവണ്ണയെ ബാലത്സഗക്കേസില്‍ കോടതി ശിക്ഷിച്ചത്.

ഡിഎന്‍എ തെളിവ്, ഫോറന്‍സിക്ക് തെളിവ്, ഡെര്‍മറ്റോളജി, യൂറോളജി, ഓര്‍ത്തോപീഡിക്‌സ് വിദഗ്ധരടക്കം ഉള്‍പ്പെട്ട വിദഗ്ധസംഘം നടത്തിയ ശാസ്ത്രീയപരിശോധനയില്‍ കിട്ടിയ തെളിവുകള്‍ എന്നിവ അടക്കമാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സിഐഡി)

കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇത്രയും ശാസ്ത്രീയമായ തെളിവുകളിലൂടെ ഒരു കേസ് തെളിയിക്കപ്പെടുന്നത്, ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്.

തെളിവായി അടിവസ്ത്രം

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു, കേസിന് ആസ്പദമായ സംഭവികാസങ്ങള്‍. പ്രജ്ജ്വല്‍ രേവണ്ണയുടെതേ് എന്നു പറയുന്ന, അശ്ളീല വീഡിയോകള്‍ ഒന്നും രണ്ടുമല്ല, 2,976 എണ്ണമാണ് സമുഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതൊക്കെ എടുത്തതും പ്രജ്ജ്വല്‍ തന്നെയായിരുന്നത്രേ. അയാള്‍ക്ക് പിന്നീട് കണ്ടുരസിക്കാന്‍ എടുത്ത വീഡിയോകള്‍ ലീക്കാവുകയായിരുന്നു. വീഡിയോകളില്‍ അയാളുടെ മുഖം ഉണ്ടായിരുന്നില്ല.

ഇതോടെയാണ്, ഹാസനിലെ പ്രജ്ജ്വലിന്റെ കുടുംബത്തിന്റെ ഫാം ഹൗസില്‍ ജോലിക്കാരിയായ 48കാരി പരാതി നല്‍കിയത്. തന്നെ രണ്ടു തവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും ഇവര്‍ പരാതി നല്‍കി. തുടര്‍ന്ന് മറ്റ് നിരവധിപേരും പരാതി നല്‍കി. ഹാസന്‍ ലോക്‌സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയായിരുന്നു പ്രജ്ജ്വല്‍. ദൃശ്യങ്ങള്‍ പുറത്തായതോടെ, വോട്ടെടുപ്പുനടന്ന ദിവസം രാത്രി, മൂന്‍ പ്രധാനമന്ത്രിയുടെ കൊച്ചുമകന്‍ വിദേശത്തേക്ക് മുങ്ങി. തിരിച്ചുവന്നപ്പോള്‍ ബെംഗളൂരു വിമാനത്താവളത്തില്‍വെച്ച് കഴിഞ്ഞവര്‍ഷം മേയ് 31-നാണ് പ്രത്യേക അന്വേഷണസംഘം പ്രജ്ജ്വലിനെ അറസ്റ്റുചെയ്തത്. തിരഞ്ഞെടുപ്പില്‍ പ്രജ്ജ്വല്‍ നാല്‍പത്തിരണ്ടായിരത്തിലേറെ വോട്ടുകള്‍ക്ക് തോല്‍ക്കുകയും ചെയ്തു.

ഹാസനിലെ ഫാംഹൗസില്‍വെച്ച് പീഡിപ്പിച്ചെന്നായിരുന്നു വീട്ടുജോലിക്കാരി നല്‍കിയ മൊഴി. എസ്ഐടി നടത്തിയ പരിശോധനയില്‍ ഫാം ഹൗസിലെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍നിന്ന് പീഡനം നടന്ന ദിവസം ജോലിക്കാരി ധരിച്ചിരുന്ന അടിവസ്ത്രം കണ്ടെത്തി. സംഭവം നടന്ന് മൂന്നു വര്‍ഷമായിട്ടും ഈ വസ്ത്രം ആരും തൊടുകയോ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല. തുടര്‍ന്ന് അന്വേഷണസംഘം നടത്തിയ ശാസ്ത്രീയപരിശോധനയില്‍ അടിവസ്ത്രത്തില്‍ പുരുഷബീജത്തിന്റെ സാന്നിധ്യം കണ്ടെത്തി. ശാസ്ത്രീയപരിശോധനയില്‍ ഇത് പ്രജ്ജ്വല്‍ രേവണ്ണയുടേതാണെന്ന് ഉറപ്പിച്ചു. ഇതിനുപുറമേ അടിവസ്ത്രത്തില്‍നിന്ന് ശേഖരിച്ച ഡിഎന്‍എ സാമ്പിളുകള്‍ പരാതിക്കാരിയുടേതാണെന്ന് ഡിഎന്‍എ പരിശോധനയിലും വ്യക്തമായി. ഇതാണ് കേസില്‍ നിര്‍ണായകമായത്.





മറുകില്‍ നിന്നടക്കം വന്ന തെളിവ്

വീഡിയോ പരിശോധനയിലുടെ കേസ് തെളിയിക്കയെന്ന അപുര്‍വതയും ഇവിടെയുണ്ടായി. പ്രചരിച്ച വീഡിയോകളിലെ പീഡനദൃശ്യങ്ങളില്‍ നിന്ന് പ്രതിയുടെ ശരീരഭാഗങ്ങള്‍ കാണുന്ന ഭാഗങ്ങളെല്ലാം അന്വേഷണസംഘം ആദ്യം ശേഖരിച്ചിരുന്നു. തുടര്‍ന്ന് പ്രതിയുടെ ജനനേന്ദ്രിയം, കൈപ്പത്തികള്‍, വിരലുകള്‍, കാല്‍പാദം എന്നിവയടക്കം ഓരോ ശരീരഭാഗത്തിന്റെയും ചിത്രങ്ങള്‍ പകര്‍ത്തി. എല്ലുകളുടെ ഘടനയും ആകൃതിയും കാല്‍വിരലുകളുടെ വളവുകളും വരെ സൂക്ഷ്മമായി പകര്‍ത്തിയിരുന്നു. തുടര്‍ന്ന് ഇവയെല്ലാം ഒത്തുനോക്കി. ഈ പരിശോധനയിലാണ് പ്രതിയുടെ ഇടതുകൈയിലെ നടുവിരലിലെ മറുകും ഇടതുകൈയിലെ ഒരുപാടും വീഡിയോയിലെ രംഗങ്ങളിലേതിന് സാദൃശ്യമുണ്ടെന്ന് കണ്ടെത്തിയത്.

ഫൊറന്‍സിക്, ഡെര്‍മറ്റോളജി, യൂറോളജി, ഓര്‍ത്തോപീഡിക്‌സ് വിദഗ്ധരടക്കം ഉള്‍പ്പെട്ട വിദഗ്ധസംഘം നടത്തിയ ശാസ്ത്രീയപരിശോധനയിലും ഇത് സ്ഥികീകരിച്ചു. വീഡിയോയില്‍നിന്ന് ശേഖരിച്ച ശബ്ദസാമ്പിളുകളും കേസില്‍ നിര്‍ണായകമായി. പരാതിക്കാരി വേദനയോടെ കരയുന്നതിന്റെ ശബ്ദസാമ്പിളുകളും പ്രതി വീഡിയോയില്‍ പതിഞ്ഞ സ്വരത്തില്‍ സംസാരിക്കുന്നതിന്റെ സാമ്പിളുകളുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. സംഭവസ്ഥലത്ത് ഫൊറന്‍സിക് സംഘം നടത്തിയ പരിശോധനയിലും കൂടുതല്‍ തെളിവുകള്‍ ലഭിച്ചിരുന്നു.

തീയായി ഇന്‍സ്‌പെക്ടര്‍ ശോഭ

ധര്‍മ്മസ്ഥലയിലെ കൂട്ടശവസംസ്‌ക്കാര കേസില്‍ പ്രതിക്കൂട്ടില്‍നില്‍ക്കുന്ന കര്‍ണ്ണാടക പൊലീസിന് വലിയ പ്രശംസയാണ് സമൂഹത്തിന്റെ നാനാഭാഗത്തുനിന്നും കിട്ടുന്നത്. ഇന്‍സ്പെക്ടര്‍ ശോഭയുടെ നേതൃത്വത്തിലുള്ള സിഐഡിയുടെ പ്രത്യേക അന്വേഷണ സംഘം 123 തെളിവുകള്‍ ശേഖരിച്ചു. ഏകദേശം 2,000 പേജുകളുള്ള കുറ്റപത്രമാണ് കേസില്‍ സമര്‍പ്പിച്ചത്. 2024 ഡിസംബര്‍ 31-ന് കേസില്‍ വിചാരണ ആരംഭിച്ചു. തുടര്‍ന്നുള്ള ഏഴ് മാസങ്ങളില്‍, കോടതി 23 സാക്ഷികളെ വിസ്തരിക്കുകയും വീഡിയോ ക്ലിപ്പുകളുടെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി റിപ്പോര്‍ട്ടുകളും കുറ്റകൃത്യം നടന്ന സ്ഥലത്തെ പരിശോധനാ റിപ്പോര്‍ട്ടുകളും വിലയിരുത്തുകയും ചെയ്തു.

ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് പ്രജ്ജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.അതിവേഗമായിരുന്നു കേസിന്റെ നടപടികള്‍ നടന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് 14 മാസത്തിനുള്ളിലാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിക്കൊണ്ടുള്ള വിധി പുറത്തുവന്നത്. പ്രജ്വല്‍ രേവണ്ണയുടെ പേരിലുള്ള നാല് പീഡനക്കേസുകളില്‍ ആദ്യത്തെ കേസിലാണ് വിധി പറഞ്ഞിരിക്കുന്നത്.

വിധിക്ക് ശേഷം കോടതിയില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍, വികാരാധീനനായ രേവണ്ണ പൊട്ടിക്കരഞ്ഞു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ (സിഐഡി) സൈബര്‍ ക്രൈം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍, രേവണ്ണ യുവതിയെ രണ്ട് തവണ ബലാത്സംഗം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു എന്നായിരുന്നു ആരോപണം. തെളിവായി അതിജീവിത ഒരു സാരിയും സമര്‍പ്പിച്ചിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ ഈ സാരിയില്‍ ബീജത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബലാത്സംഗം തെളിയിക്കുന്നതിനുള്ള പ്രധാന തെളിവായി കോടതി ഇത് സ്വീകരിച്ചത് കേസില്‍ നിര്‍ണ്ണായകമായി.



പിതാവും മകനും ഒരുപോലെ പീഡകര്‍

വെറുമൊരു ലൈംഗിക പീഡനമല്ല, സമാനതകള്‍ ഇല്ലാത്ത സൈക്കോ സെക്സ് റാക്കറ്റിന്റെ കഥകളാണ് പ്രജ്ജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. തന്റെ ഓഫീസിലുള്ളവരെയും വീട്ടുവേലക്കാരെയും തൊട്ട് കണ്ണില്‍ കണ്ടവരെയൊക്കെ ഇയാള്‍ തന്റെ അധികാരം ഉപയോഗിച്ച് പീഡിപ്പിക്കയാണ്. പ്രജ്വല്‍ രേവണ്ണയുടെ പിതാവും, ദേവഗൗഡയുടെ രണ്ടാമത്തെ മകനുമായി എച്ച്ഡി രേവണക്കുമെതിരെ ഗുരുതര ലൈംഗിക പരാതികളുണ്ട്. ഇവര്‍ കുടുംബസമേതം പീഡകരാണെന്നാണ്, കോണ്‍ഗ്രസ് ആരോപിക്കുന്നത്.

പ്രജ്ജ്വലും പിതാവ് എച്ച്.ഡി രേവണ്ണയും ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടുജോലിക്കാരിയുടെ പരാതിയി പറഞ്ഞിട്ടുണ്ട്. അതിജീവിതകള്‍ അവര്‍ നേരിട്ട പീഡനങ്ങള്‍ വിവരിക്കുന്ന വീഡിയോ കണ്ടതിന് പിന്നാലെയാണ്, താന്‍ പരാതിയുമായി മുന്നോട്ടു വന്ന് അച്ഛന്റെയും മകന്റെയും പേര് വെളിപ്പെടുത്താന്‍ തയ്യാറായതെന്ന് പരാതിക്കാരി പറഞ്ഞു. ജോലിക്ക് ചേര്‍ന്ന് നാലാം മാസംമുതല്‍ പ്രജ്വല്‍ തന്നെ ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിപ്പിക്കാന്‍ തുടങ്ങി. രേവണ്ണയും പ്രജ്വലും വനിതാ ജോലിക്കാരെ വീട്ടില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും അതിജീവിത ആരോപിച്ചു.

ആറ് വനിതാ ജോലിക്കാരാണ് വീട്ടിലുണ്ടായിരുന്നത്. പ്രജ്ജജ്വല്‍ വീട്ടിലേക്ക് മടങ്ങിവരുമ്പോഴെല്ലാം ഞങ്ങള്‍ ഭീതിയിലായിരുന്നു. ജാഗ്രത പാലിക്കണമെന്ന് പുരുഷ സഹപ്രവര്‍ത്തകര്‍ പോലും ഞങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പരാതിക്കാരി പറഞ്ഞു. രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്തപ്പോഴെല്ലാം അയാള്‍ സ്ത്രീകളെ സ്റ്റോര്‍ റൂമിലേക്ക് വിളിപ്പിക്കും. പഴങ്ങള്‍ കൊടുക്കുന്ന സമയത്ത് ശരീരത്തില്‍ സ്പര്‍ശിക്കും. സാരിയുടെ പിന്നുകള്‍ അഴിച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങുമെന്നും ഇര മൊഴിയില്‍ പറയുന്നു.

ഇതിനിടെ വെളിപ്പെടുത്തലിന് പിന്നില്‍ കോണ്‍ഗ്രസ് അല്ല ബിജെപിയാണെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. പ്രജ്ജ്വലിന്റെ മുന്‍ ഡ്രൈവര്‍ കാര്‍ത്തിക് പറയുന്നത്, വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് താനാണ് ബിജെപി നേതാവിന് കൈമാറിയതെന്നാണ്. ബിജെപി നേതാവായ ദേവരാജ് ഗൗഡയ്ക്കാണ് പെന്‍ഡ്രൈവ് കൈമാറിയതെന്നും ഇത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കിയിട്ടില്ലെന്നും ഇയാള്‍ വെളിപ്പെടുത്തി.




പ്രജ്വല്‍ രേവണ്ണയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് കോണ്‍ഗ്രസ് നേതാക്കളാണെന്ന് അമിത്ഷാ അടക്കമുള്ളവര്‍ ആരോപണവുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങളെന്ന് വന്നിരിക്കയാണ്. തങ്ങളുമായുള്ള സഖ്യം ഉപേക്ഷിച്ച് ബിജെപിയുമായുള്ള ബന്ധം സ്ഥാപിച്ചതിന് കോണ്‍ഗ്രസ് കൊടുത്ത പണിയാണിതെന്നായിരുന്നു, നേരത്തെയുള്ള വിലയിരുത്തല്‍.ബിജെപി നേതാവ് ദേവരാജ് ഗൗഡയാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോകളുടെ ഉത്തരവാദിയെന്നാണ് കാര്‍ത്തിക് വെളിപ്പെടുത്തുന്നത്.

പ്രജ്വല്‍ തന്റെ സ്വത്ത് തട്ടിയെടുത്തെന്നും ഭാര്യയെ മര്‍ദിച്ചെന്നും കാര്‍ത്തിക് ആരോപിച്ചു. ദേവരാജ് ഗൗഡയുടെ നിര്‍ദേശപ്രകാരം പ്രജ്ജലിനെതിരെ കേസ് കൊടുത്തെന്നും തന്റെ കൈവശമുള്ള പെന്‍ഡ്രൈവിലെ വിവരങ്ങള്‍ വച്ച് ദേവരാജ് ബിജെപി നേതൃത്വത്തിന് കത്തയിച്ചിട്ടുണ്ടെന്നും കാര്‍ത്തിക് പറഞ്ഞിരുന്നു. ഇപ്പോള്‍ പ്രജ്ജ്വല്‍ ശിക്ഷിക്കപ്പെട്ടതോടെ ജെഡിഎസിലും പ്രതിസന്ധി രൂക്ഷമാണ്.