കോഴിക്കോട്: സിനിമാതാരങ്ങളുടെ മെയ്‌ക്കോവർ വിദഗ്ധനായി അറിയപ്പെടുമ്പോഴും വന്ന വഴിമറക്കാതെ പ്രകാശൻ നങ്ങ്യാട്ട് വീണ്ടും സ്‌കൂൾ കലോത്സവ നഗരിയിൽ.

1989-ൽ കോഴിക്കോട് നടന്ന സംസ്ഥാന കലോത്സവത്തിൽ നൃത്ത ഇനത്തിൽ പങ്കെടുക്കാനെത്തിയ അനുപ് രവിയുടെ മുഖത്ത് ചായമിട്ടാണ് തുടക്കം. പിന്നീടിങ്ങോട്ട് കർമ്മരംഗത്ത് തൊട്ടതെല്ലാം പൊന്നാക്കിയായിരുന്നു ഈ കോഴിക്കോടുകാരന്റെ ജീവിതയാത്ര. ഇതുവരെ എത്ര പേർക്ക് മെയ്‌ക്കപ്പിട്ടു എന്ന് കാര്യത്തിൽ ഒരു എത്തും പിടിയുമില്ലന്നാണ് പ്രകാശൻ പറയുന്നത്.

നടിമാരായ ശ്വേത മേനോനെയും അഖില ശശിധരനെയുമൊക്കെ മൽസരത്തിനായി അണിയിച്ചൊരുക്കിയ നിമിഷങ്ങൾ ഇന്നും മനസ്സിലുണ്ട്. ഇവരെ ഓർത്തിരിക്കാൻ കാരണം സിനിമയാണ്. ഇവരെപ്പോലെ ചായം ചാർത്തിയ കുറച്ചുമുഖങ്ങൾ മാത്രമാണ് ഇന്നും ഓർമ്മയിലുള്ളതെന്നും പ്രകാശൻ പറയുന്നു.



ഭരതനാട്യം മോഹിനിയാട്ടം കുച്ചിപ്പുടി തുടങ്ങിയ സോളോ ഇനങ്ങളിൽ മത്സരിക്കുന്ന വിദ്യാർത്ഥികൾക്ക് മെയ്‌ക്കപ്പിടാനാണ് പ്രകാശന് കൂടുതൽ താൽപര്യം.അടുത്ത കാലത്ത് ഫോട്ടോ ഷൂട്ടുകൾക്കായി സിനിമ താരങ്ങളെ അണിയിച്ചൊരുക്കുന്ന തിരക്കിലായിരുന്നു പ്രകാശൻ.

സംസ്ഥാന സ്‌കൂൾ കലോത്സവം സ്വന്തം നാട്ടിൽ വീണ്ടും എത്തിയപ്പോൾ നിയോഗം പോലെ ഒരു ബ്രേക്ക് കിട്ടി. തന്റെ സേവനം ആവശ്യപ്പെട്ട് വിളികൾ എത്തിതുടങ്ങിയതോടെ ബ്രഷുകളും ചായക്കൂട്ടും എടുത്ത് കലോത്സവ വേദികളിലേക്ക് തിരിച്ചു. 35 വർഷമായി കലോത്സവത്തിൽ പങ്കെടുക്കാനെത്തിയിരുന്ന മത്സരാർത്ഥികളെ അണിയിച്ചൊരുക്കാൻ ആഴ്ചവട്ടം സ്വദേശി കാലെകൂട്ടി എത്തി.



ഈ വർഷവും പതിവ് തെറ്റിച്ചില്ല, മൽസരാർത്ഥികളുടെ മുഖത്ത് ചായമിടാൻ വേദികളിലേയ്ക്കുള്ള ഓട്ടപ്പാച്ചിലിലാണിപ്പോൾ പ്രകാശൻ. ചിത്രരചനയോട് ചെറുപ്പം മുതലുണ്ടായിരുന്ന അഭിനിവേശമാണ് മെയ്‌ക്ക്പ്പ് രംഗത്തേയ്ക്ക് തിരിയാൻ പ്രചോദനമായതെന്ന് പ്രകാശൻ പറയുന്നു.

സിനിമ താരങ്ങളായ നവ്യ നായർ, കാർത്തിക,ഗോപിക,ഇനിയ അസീഫ് അലി തുടങ്ങിയവുരടെ പുത്തൻ ഫോട്ടോ ഷൂട്ടുകൾക്ക് പ്രകാശൻ ടച്ച് വേറിട്ട ചാരുതയാണ് പകർന്നു നൽകിയത്. ഫാഷൻ, ബ്രൈഡൽ മെയ്‌ക്കപ്പിലുമാണ് ഇപ്പോൾ ഏറെ താൽപര്യം. ഇതിനായി പുത്തൻസാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തും. ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചോൾ പ്രകാശന്റെ പ്രതികരണം ഇങ്ങിനെ.



ഗുരുമുഖത്തുനിന്നും പകർന്നുകിട്ടിയ അറിവുകളും സ്വന്തം തിരച്ചറിവുകളും സംയോജിപ്പിച്ച് ചമയം ഒരുക്കലിൽ വേറിട്ട ശൈലിയുമായിട്ടാണ് പ്രയാണം. എവിടെയാണ് അഭംഗി എന്ന തിരിച്ചറിഞ്ഞ്, ഇത് മറയ്ക്കുന്നതിനാണ് മെയ്‌ക്കപ്പ് ഇടേണ്ടത്. ഇക്കാര്യം തിരച്ചറിയാൻ കഴിയുന്നിടത്താണ് കലാകാരൻ വിജയിക്കുന്നത്.

എന്തുകൊണ്ടോ എനി്ക്ക് ഇത് സാധിക്കുന്നു. ഇതാണ് തൊഴിൽ മേഖലയിൽ മൂന്നരപതിറ്റാണ്ട് പിന്നിട്ടും അവസരം ലഭിക്കാൻ തുണയാവുന്നതെന്നും പ്രകാശൻ വിശദമാക്കി. കലോത്സവനഗരിയിൽ കണ്ടുമുട്ടിയപ്പോഴാണ് പ്രകാശൻ മറുനാടൻ മലയാളിയോട് മനസുതുറന്നത്.



പ്രതിഫലം വാങ്ങാതെ നിർദ്ധനരായ വിദ്യാർത്ഥികളിൽ പലർക്കും മേക്കപ്പിട്ട് നൽകാറുണ്ട്. ഇത്തവണ മത്സരത്തിൽ പങ്കെടുക്കാൻ വയനാട്ടിൽ നിന്നെത്തിയ ആദിവാസി വിദ്യാർത്ഥിയെ പ്രതിഫലം വാങ്ങാതെയാണ് അണിയിച്ചൊരുക്കിയത്.

കലാരംഗത്തെ ഇത്തരം ഇടപെടലുകൾ ഇനിയും ഉണ്ടാവും. പണം ഇല്ലാത്തതിനാൽ കലാമത്സരങ്ങളിൽ നിന്നും വിദാർത്ഥികൾ പിൻതിരിയുന്ന സാഹചര്യം കണ്ടുനിൽക്കാനാവില്ലെന്നും പ്രകാശൻ പറയുന്നു.