- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുജിസി. യോഗ്യതയുടെ അഭാവത്തിൽ ചട്ടവിരുദ്ധമായി പ്രമോഷൻ നൽകി; രണ്ട് വനിതാ ലൈബ്രേറിയന്മാരുടെ പ്രമോഷൻ വിരമിച്ച് അഞ്ചുവർഷത്തിനുശേഷം കണ്ണൂർ സർവകലാശാല റദ്ദാക്കി; നടപടി അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ
കണ്ണൂർ: കണ്ണൂർ യൂണിവേഴ്‌സിറ്റിക്കെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനങ്ങൾ ശക്തമാകവേ യുജിസി യോഗ്യതയുടെ അഭാവത്തിൽ ചട്ടവിരുദ്ധമായി നൽകിയ രണ്ട് വനിതാ ലൈബ്രേറിയന്മാർ പ്രമേഷൻ വിരമിച്ച് അഞ്ച് വർഷത്തിന് ശേഷം റദ്ദാക്കി. കണ്ണൂർ സർവകലാശാല വൈസ്ചാൻസലർ ഡോ. സി.ഗോപിനാഥ് രവീന്ദ്രന്റെ നിർദേശപ്രകാരം സിൻഡിക്കേറ്റിന്റേതായിരുന്നു തീരുമാനം.
കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് അപൂർവമായ ഈ റദ്ദാക്കൽ നടപടി. പ്രമോഷൻ റദ്ദാക്കാനാവശ്യപ്പെട്ട് 2008-ൽത്തന്നെ ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി ലഭിച്ചിരുന്നു. ഇപ്പോൾ ഇത്തരം നിയമനങ്ങളെക്കുറിച്ചുള്ള വിവരം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഈ റദ്ദാക്കൽ.
സർവകലാശാല ഡെപ്യൂട്ടി ലൈബ്രേറിയൻ കെ.പി.സുഗതകുമാരി, അസി. ലൈബ്രേറിയൻ സുജാത അണിയേരി എന്നിവരുടെ പ്രമോഷനാണ് റദ്ദായത്. ഇവരുടെ തസ്തിക ഇതോടെ ജൂനിയർ ലൈബ്രേറിയന്മാരുടേതായി. ശമ്പളപരിഷ്‌കരണ ഉത്തരവുപ്രകാരം, സർവകലാശാലയിൽ സ്റ്റേറ്റ് സ്‌കെയിലിൽ അസി. ലൈബ്രേറിയൻ തസ്തികയില്ലാത്ത സാഹചര്യത്തിലാണ് യുജിസി. യോഗ്യതകളില്ലാത്ത ഇവർക്ക് ഉയർന്ന ശമ്പളത്തിൽ പ്രമോഷൻ നൽകിയത്.
രാഷ്ട്രീയസ്വാധീനമാണ് ഇതിനു പിന്നിലെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഭരണക്കാരെ ചോദ്യം ചെയ്യാൻ ആരും തയ്യാറാകാത്തതു കൊണ്ട് കാര്യങ്ങൽ കാര്യമായി മുന്നോട്ടു പോയില്ല. 2017-ൽ വിരമിച്ച ഇരുവർക്കും തസ്തികയ്ക്കനുസൃതായ പെൻഷൻ ആനുകൂല്യം ലഭിച്ചില്ല. പ്രമോഷന് സാധൂകരണം വേണമെന്ന ഓഡിറ്റ് ആവശ്യത്തെത്തുടർന്നായിരുന്നു ഇത്.
പിന്നീടുള്ള അന്വേഷണത്തിൽ കെ.പി.സുഗതകുമാരിയെയും സുജാത അണിയേരിയെയും അസി. ലൈബ്രേറിയൻ, ഡെപ്യൂട്ടി ലൈബ്രേറിയൻ തസ്തികകളിൽ നിയമിച്ച് സ്റ്റേറ്റ് സ്‌കെയിലിൽ ശമ്പളം നിർണയിച്ച നടപടി ക്രമവിരുദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് അഡീഷണൽ സെക്രട്ടറി അറിയിച്ചു. തുടർന്നാണ് ഇപ്പോഴുള്ള വി സി. പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ വിഷയം സിൻഡിക്കേറ്റിന് വിട്ടത്. തീരുമാനം സിൻഡിക്കേറ്റ് റദ്ദാക്കുകയും ചെയ്തു.
കാലിക്കറ്റ് സർവകലാശാലയിൽ നടപ്പാക്കിയ രീതിയിൽ, യുജിസി. നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് യുജിസി. ശമ്പളസ്‌കെയിലും അത്തരം യോഗ്യതയില്ലാത്തവർക്ക് 2004-ലെ എട്ടാം ശമ്പളപരിഷ്‌കരണം പ്രകാരമുള്ള ശമ്പളവും അനുവദിക്കാൻ തീരുമാനിച്ചിരുന്നു. ഇത് നോക്കാതെയാണ് ഇവർക്ക് ചട്ടവിരുദ്ധമായി പ്രമോഷൻ നൽകിയത്. സുജാത 2017 ജനുവരി 31-നും സുഗതകുമാരി 2017 ജൂൺ 30-നുമാണ് വിരമിച്ചത്.
മറുനാടന് മലയാളി ബ്യൂറോ