ന്യൂഡൽഹി: എൻഡി ടിവിയിൽ ഗൗതം അദാനി നടത്തിയ നീക്കങ്ങളെല്ലാം വിജയിച്ചതോടെ ചാനലിൽ നിന്നും പടിയിറങ്ങി പ്രണോയ് റോയിയും രാധിക റോയിയും. ഇരുവരും രാജിവെച്ചു. എൻഡിടിവിയുടെ 26 ശതമാനം കൂടി ഓഹരി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അംഗീകരിച്ചതിന് പിന്നാലെയാണ് ഇരുവരുടേയും രാജി.

എൻഡിടിവിയുടെ പ്രമോട്ടർ കമ്പനിയായ ആർആർപിആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആർആർപിആർഎച്ച്) ഡയറക്ടർമാരായിരുന്നു പ്രണോയ് റോയിയും രാധിക റോയിയും. സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തിൽ സിന്നയ്യ ചെങ്കൽവരയൻ എന്നിവർ പുതിയ ഡയറക്ടർമാരാകുമെന്ന് എൻഡിടിവി അറിയിച്ചതായി ദി ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തു.

എൻഡിടിവിയുടെ 26 ശതമാനം കൂടി ഓഹരി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അംഗീകരിച്ചിരുന്നു. നവംബർ 22 മുതൽ ഡിസംബർ 5 വരെയാണ് ഓപ്പൺ ഓഫറിന്റെ കാലാവധി. ഒരു ഷെയറിന് 294 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന വില. എൻഡിടിവിയുടെ പ്രമോട്ടർ കമ്പനിയായ ആർആർപിആർ വഴി 29.18 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ഇതിന് പുറമേയാണ് സെബിയുടെ ചട്ടമനുസരിച്ച് 26 ശതമാനം ഓഹരി കൂടി വാങ്ങാനുള്ള ഓപ്പൺ ഓഫർ കൂടി അംഗീകരിക്കപ്പെട്ടത്. ഇത് സാധ്യമായതോടെ 55.18 ശതമാനം ഓഹരിയോടെ എൻഡിടിവി അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാകും.

ആർആർപിആർ ഐസിഐസിഐ ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കുന്നതിനായി 2009 ൽ വിശ്വപ്രധാൻ കൊമേർഷ്യൽ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും 400 കോടി രൂപ കടമെടുത്തിരുന്നു. ഇതിന് പകരമായി ആർആർപിആറിന്റെ 99.5 ശതമാനം ഓഹരിയാണ് ഈട് വെച്ചിരുന്നത്. പിന്നീട് വിശ്വപ്രധാൻ അദാനി ഗ്രൂപ്പിന്റെ ഭാഗമാവുകയായിരുന്നു. കടമെടുത്ത തുകയ്ക്ക് പകരം ആർആർപിആറിന്റെ ഓഹരികൾ സ്വന്തമാക്കാനുള്ള അവകാശത്തെയാണ് അദാനി ഗ്രൂപ്പ് ഉപയോഗിച്ചത്.

ഇന്ത്യൻ മാധ്യമ രംഗത്തെ അതികായന്മാരായി ഇപ്പോൾ വിലസുന്ന രാജ്ദീപ് സർദേശായിയും, അർണോബ് ഗോസ്വാമിയും അടക്കമുള്ളവർ മുഖം കാണിച്ചു തുടങ്ങിയത് ഈ ചാനലിലൂടെ ആയിരുന്നു. ബർക്കാ ദത്ത് അടക്കമുള്ളവർ ഒരു കാലത്ത് ടെലിവിഷൻ ജേണലിസത്തിലെ ഐക്കണായി തിളങ്ങിയതും എൻഡിടിവിയിലൂടെയാണ്. രണ്ടാം തവണയും മോദി സർക്കാർ അധികാരത്തിൽ എത്തിയതോടെ, കേന്ദ്ര സർക്കാറിനുമുന്നിൽ മുട്ടിലിഴയുന്ന മാധ്യമ പ്രവർത്തകരിൽ റോയ് ദമ്പതികൾ വേറിട്ടു നിന്നു. പ്രധാനമന്ത്രി നേരന്ദ്രമോദിയെയും അമിതാഷായെും വിമർശിക്കുന്ന വാർത്തകൾ അവർ നിരന്തരം പുറത്തുവിട്ടു.

ഗുജറാത്ത് കലാപത്തിന്റെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളും പിന്നാമ്പുറ കഥകളു, പുറത്തുവിട്ടതോടെ അവർ മോദിയുടെ കണ്ണിലെ കരടായി. മോദി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിന് പിന്നാലെ പ്രണോയ് റോയിക്കും ഭാര്യക്കുമെതിരെ സിബിഐ എഫ്ഐആറുകൾ ഉണ്ടായി. അതിന് പിന്നാലെ പിന്നാലെ സെബി ചുമത്തിയത് 27 കോടി പിഴയാണ്. എന്നിട്ടും അവർ പിടിച്ചു നിന്നു. പക്ഷേ ഇപ്പോൾ മോദിക്കുവേണ്ടി, വ്യവസായി ഗൗതം അദാനി നടത്തിയ സർജിക്കൽ സ്‌ട്രൈക്കിലാണ് റോയ് ദമ്പതികൾ പടിയിറങ്ങിയത്.

കമ്പനി പിടിച്ചത് വളഞ്ഞ വഴിക്ക്

അഴകിയ രാവണൻ സിനിമയിൽ മമ്മൂട്ടിയുടെ മുംബൈക്കാരൻ ഡോൺ പറയുന്ന തന്ത്രമില്ലേ. ഒരു സ്ഥലം വേണമെങ്കിൽ അതിന്റെ നാലുപാടും മേടിച്ച് ഉടമയെ സമ്മർദ്ദത്തിലാക്കുന്ന ആ പഴയ നമ്പറിന്റെ കോർപ്പറേറ്റ് രൂപം തന്നെയാണ് സത്യത്തിൽ അദാനി പയറ്റുന്നത്. നമ്മുടെ നാട്ടിൽ മാർക്‌സിസ്റ്റുകാരൊക്കെ, സാധാരണ സഹകരണ ബാങ്ക് പിടിച്ചെടുക്കാൻ നടത്തുന്ന ടെക്ക്‌നിക്ക് തന്നെ. പതുക്കെ പതുക്കെ തങ്ങളുടെ ആളുകളെ അംഗങ്ങളാക്കി കയറ്റിവിടുക. നിലവിലുള്ള അംഗങ്ങളെ സ്വാധീനിച്ച് വശത്താക്കുക. ആ തന്ത്രത്തിന്റെ വേറൊരു രൂപമാണ് ഇവിടെയും. റോയ് ദമ്പതികൾ ഒരിക്കലും അദാനിക്ക് ഓഹരി കൊടുക്കില്ല. അപ്പോൾ മറ്റൊരു കമ്പനിയിലുടെയുള്ള മേടിക്കലാണ് നടന്നത്.

റോയ് ദമ്പതികളുടെ നിയന്ത്രണത്തിലുള്ള, ആർആർപിആർ ഹോൾഡിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ കൈയിലുള്ള പ്രമോട്ടർ കമ്പനിയാണ്. ഇവരെയാണ് പതുക്കെ പതുക്കെ അദാനി വിഴുങ്ങിയത്. 2009ൽ എൻഡിടിവി വല്ലാതെ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് പോയപ്പോൾ, ആർആർപിആർ വഴി വായ്‌പ്പക്ക് പോയതാണ് ഇപ്പോൾ പ്രണോയ് റോയ്ക്ക് തിരിച്ചടിയായത്. വിസിപിഎൽ എന്ന വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽനിന്നാണ് ആർആർപിആർ 403.85 കോടി രൂപ വായ്‌പ്പയെടുത്തത്.

ഡിബെഞ്ചറുകൾ എന്ന കടം സബ്സ്‌ക്രൈബ് ചെയ്യുമ്പോൾ കടം കൊടുക്കുന്ന കമ്പനികൾ പലപ്പോഴും ചില കണ്ടീഷനുകൾ വെക്കാറുണ്ട്. തങ്ങൾ ആവശ്യപെട്ടാൽ ഈ ഡിബഞ്ചറുകൾക്ക് പകരം, കടം എടുക്കുന്ന കമ്പനിയുടെ ഷെയർ ആയി മാറ്റുന്നതാണ് അതിൽ ഒന്ന്. കടം കൊടുക്കുന്നവർ, കമ്പനി നന്നായി നടക്കുന്നുവെങ്കിൽ കടത്തെ ഷെയർ ആക്കി മാറ്റും, അല്ലെങ്കിൽ തുക തിരിച്ചുവാങ്ങി പോകും. അതവരുടെ തീരുമാനം. ഇപ്പോൾ വിസിപിഎൽ എന്ന കടം കൊടുത്ത കമ്പനി, അത് ഷെയർ ആക്കി മാറ്റണം എന്ന് ആർആർപിആറിനോട് ആവശ്യപ്പെട്ടിരിക്കുന്നു. എന്നുവച്ചാൽ ആർആർപിആർ എന്ന കമ്പനിയുടെ 99 ശതമാനം ഷെയറുകളും ഇനി വിസിപിഎല്ലിന്റെത് ആകും. ഈ വിസിപിഎൽ എന്നത് അദാനിയുടെ കമ്പനിയാണെന്നത് എൻഡിടിവി ഉടമകൾ അറിഞ്ഞിരുന്നില്ല. അദാനിയുടെ എഎംജി നെറ്റ് വർക്ക് എന്ന മീഡിയാ ഗ്രൂപ്പ്, തങ്ങളുടെ അനുബന്ധ സ്ഥാപനമായ വിസിപിഎല്ലിൽനിന്ന് എൻഡിടിവിയുടെ ഓഹരികൾ വാങ്ങിയെന്ന് അറിയിച്ചതോടെയാണ് ലോകവും ഇക്കാര്യം അറിഞ്ഞത്. അങ്ങനെ ആളറിയാതെ വായ്‌പ്പകൊടുത്ത് അദാനി എൻഡിടിവിയിൽ കയറിപ്പറ്റിയെന്ന് ചുരുക്കം.

വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്നത് കഴിഞ്ഞ 14 വർഷമായി പറയത്തക്ക ആക്റ്റിവിറ്റികൾ ഒന്നുമില്ലാത്തത ഒരു കമ്പനിയാണ്. ഒരു ടിപ്പിക്കൽ ഷെൽ കമ്പനി എന്നു പറയാം. ഇതിന്റെ പിറകിൽ അദാനിയാണെന്ന് റോയ് ദമ്പതികൾ ഒരിക്കലും അറിഞ്ഞിരുന്നില്ല. അവർ റിലയൻസാണ് വിസിപിഎല്ലിന് ഫണ്ട് നൽകുന്നത് എന്നാണ് കരുതിയിരുന്നത്. ആർആർപിആറിന് വിസിപിഎൽ നൽകിയ പണം റിലയൻസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഷിനാനോ റീട്ടെയിൽ വഴിയാണ്. പിന്നെ അത് എങ്ങനെ കറങ്ങിത്തിരിഞ്ഞ് അദാനിയുടെ കൈയിൽ എത്തി എന്നത് ദുരൂഹമാണ്.

ഇപ്പോൾ വിസിപിഎല്ലിനെ, എഎംജി മീഡിയ നെറ്റ്‌വർക്ക്‌സ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാക്കി മാറ്റിയിരിക്കയാണ്. 113,74,61,990 രൂപയുടെ ഓൾ-ക്യാഷ് ഡീലിൽ വിസിപിഎൽ വാങ്ങിയതായി അദാനി എന്റർപ്രൈസസ് പ്രഖ്യാപിച്ചു. ഇത് സറ്റോക്ക് മാർക്കറ്റ് ഫയലിങ്ങുകളിലും സൂചിപ്പിക്കുന്നുണ്ട്. ആർആർപിആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിയന്ത്രണം തങ്ങൾ ഏറ്റെടുത്തതെന്ന് കാണിച്ച് വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് നോട്ടീസ് അയച്ചിട്ടുണ്ട്. അപ്പോഴാണ് പ്രണോയിയും രാധികയും വിവരം അറിഞ്ഞത്. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെ അന്ത്യമാണ് ഇതെന്നാണ് ദേശീയ മാധ്യമ ലോകം വിലപിക്കുന്നത്.