- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂൻകൂർ ആവശ്യപ്പെട്ടത് 25 ശതമാനം തുക; സെക്യൂരിറ്റി നൽകാൻ തയ്യാറാകാതെ കരാറിൽ നിന്നും വ്യതിചലിച്ചു; കൊല്ലം കോർപറേഷനിലെ മാലിന്യനീക്കത്തിൽ നിന്ന് സ്വയം പിന്മാറിയതാണെന്ന സോൺട ഇൻഫ്രാടെക്ക് എം ഡിയുടെ വാദത്തെ തള്ളി കൊല്ലം മേയർ; സോൺടയെ ഒഴിവാക്കിയതിന്റെ കാരണം വിശദീകരിച്ച് പ്രസന്ന ഏണസ്റ്റ്
കൊല്ലം: കൊല്ലം കോർപറേഷനിലെ മാലിന്യനീക്കത്തിൽ നിന്ന് സ്വയം പിന്മാറിയതാണെന്നായിരുന്നു സോൺട ഇൻഫ്രാടെക്ക് എം ഡി രാജ്കുമാർ ചെല്ലപ്പൻപിള്ളയുടെ വാദത്തെ തള്ളി കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്.കരാർ ലംഘിച്ചതു കൊണ്ടാണ് മാലിന്യ സംസ്‌കരണ ടെണ്ടറിൽനിന്ന് സോൺട ഇൻഫ്രാടെക്ക് കമ്പനിയെ ഒഴിവാക്കിയതെന്ന് മേയർ വിശദീകരിച്ചു.ആ തീരുമാനം നന്നായെന്ന് ഇപ്പോൾ ബോധ്യമായെന്നും മേയൽ വ്യക്തമാക്കി.
കരാറിന്റെ പരസ്യമായ ലംഘനമായിരുന്നു സോൺടയുടേത്.25 ശതമാനം തുക കമ്പനി മുൻകൂറായി ആവശ്യപ്പെട്ടു. കരാറിൽ സെക്യൂരിറ്റി നൽകാനും കമ്പനി തയ്യാറായില്ലെന്നും പ്രസന്ന ഏണസ്റ്റ് പറഞ്ഞു.സോൺടയുമായുള്ള കരാർ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ലെന്ന് 2019-20 ലെ കോർപറേഷൻ കൗൺസിൽ തീരുമാനം കൈക്കൊണ്ടിരുന്നു. തുടർന്ന് 2020ൽ നിലവിൽ വന്ന ഞങ്ങളുടെ കൗൺസിലിന് ഈ വിഷയം ആദ്യം തന്നെ പരിശോധിക്കേണ്ടിവന്നു.
കാരണം, മാലിന്യനീക്കം നിശ്ചിതകാലയളവിനുള്ളിൽ നടത്തിയില്ലെങ്കിൽ ആറുകോടി രൂപയോളം അടയ്ക്കണമെന്ന് ഗ്രീൻ ട്രിബ്യൂണലിന്റെ നിർദ്ദേശം വന്നിരുന്നു. അതിനാലാണ് നിലവിലെ കൗൺസിൽ അധികാരത്തിലെത്തിയപ്പോൾ ഈ വിഷയം തന്നെ ആദ്യംതന്നെ പരിഗണിച്ചത്. അപ്പോഴാണ് സോൺട കമ്പനിയുടെ കരാറിലെ ഈ വ്യവസ്ഥകൾ ശ്രദ്ധയിൽപ്പെട്ടതെന്നും തുടർന്ന് റദ്ദാക്കാൻ തീരുമാനിച്ചതെന്നും പ്രസന്ന ഏണസ്റ്റ് പറഞ്ഞു.
എന്നാൽ കൊല്ലം കോർപറേഷനിലെ മാലിന്യനീക്കത്തിൽ നിന്ന് സ്വയം പിന്മാറിയതാണെന്നായിരുന്നു സോൺട ഇൻഫ്രാടെക്ക് എം ഡി രാജ്കുമാർ ചെല്ലപ്പൻപിള്ള തിങ്കളാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്.17 നഗരങ്ങളിലുള്ള സോൺടയുടെ പദ്ധതികളിൽ കേരളത്തിൽ മാത്രമാണ് പ്രശ്നം നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കൊല്ലത്ത് അഷ്ടമുടിക്കായലിന്റെ തീരത്തെ കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ വർഷങ്ങളായി കുമിഞ്ഞുകൂടിയ മാലിന്യം ബയോമൈനിങ്ങിലൂടെ നീക്കാനാണ് സോൺട 2020ൽ കരാറെടുത്തത്. 1940 മുതൽ കെട്ടിക്കിടക്കുന്ന മാലിന്യം സംസ്‌കരിക്കാൻ ഇവിടെ 6.8 കോടി രൂപ ചെലവിൽ പ്ലാന്റ് സ്ഥാപിച്ചെങ്കിലും നാട്ടുകാരുടെ എതിർപ്പുമൂലം പ്രവർത്തിപ്പിക്കാനായില്ല. മാലിന്യമല നീക്കാൻ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനെത്തുടർന്നായിരുന്നു കോർപ്പറേഷൻ ടെണ്ടർ വിളിച്ചത്.
40,300 ഘനമീറ്റർ മാലിന്യം 3.74 കോടി രൂപയ്ക്ക് നീക്കാമെന്നായിരുന്നു കരാർ. എന്നാൽ സോൺട തന്നെ നടത്തിയ പരിശോധനയിൽ 1,12,274 ഘനമീറ്റർ മാലിന്യം കണ്ടെത്തി 10.57 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. 25 ശതമാനം തുക മുൻകൂർ നൽകണമെന്നും സുരക്ഷാനിക്ഷേപം വെക്കില്ലെന്നും അവർ അറിയിച്ചു. എന്നാൽ കൊല്ലം നഗരസഭാ കൗൺസിൽ യോഗം ഇത് നിരാകരിച്ചു.
മാലിന്യം പാചകവാതകമാക്കി മാറ്റുന്ന ആധുനിക പ്ലാന്റ് സ്ഥാപിച്ച് പ്രവർത്തിപ്പിക്കാമെന്നും സോൺട നിർദ്ദേശംവെച്ചിരുന്നു. നഗരസഭാ കൗൺസിലിൽ ഇതിന്റെ പദ്ധതിരേഖയും വിശദീകരിച്ചു. 27 വർഷത്തിനുശേഷം പ്ലാന്റും സ്ഥലവും കോർപ്പറേഷനു തിരികെനൽകാമെന്നായിരുന്നു വാഗ്ദാനം. 2020ൽ പുതുതായി അധികാരമേറ്റ മേയർ, സോൺടയുടെ ബയോമൈനിങ് കരാർ കൗൺസിലിൽവെച്ച് റദ്ദാക്കി. കോഴിക്കോട് എൻഐടിയുടെ നേതൃത്വത്തിൽ നടത്തിയ ഡ്രോൺ സർവേയിൽ ഇവിടെ 1,04,906 ഘനമീറ്റർ മാലിന്യമുള്ളതായി കണ്ടെത്തിയിരുന്നു.
വീണ്ടും ടെണ്ടർ വിളിച്ച് ഈറോഡ് ആസ്ഥാനമായ സിഗ്മ ഗ്ലോബൽ എൻവയോൺ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് 11.85 കോടി രൂപയ്ക്ക് കരാർ കൊടുത്തു. അവർ ഇവിടെ ബയോമൈനിങ് ഏറെക്കുറെ പൂർത്തിയാക്കി.
മറുനാടന് മലയാളി ബ്യൂറോ