തിരുവനന്തപുരം: സസ്‌പെന്‍ഷന് പിന്നാലെ പ്രതികരണവുമായി കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത് എത്തിയതും ഗുരുതര അച്ചടക്ക ലംഘനമായി സര്‍ക്കാര്‍ കാണും. വ്യാജമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത് സര്‍ക്കാര്‍ നയമല്ലെന്നാണ് വിശ്വാസമെന്ന് പറഞ്ഞ അദ്ദേഹം, വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കിയതിനെ വിമര്‍ശിച്ചാല്‍ ഇത്തരമൊരു നടപടി ഉണ്ടാകുമെന്നത് പുതിയൊരു അറിവാണെന്നും കൂട്ടിച്ചേര്‍ത്തു. ചാനലുകളില്‍ വളരെ വിശദമായി തന്നെ പ്രശാന്ത് പ്രതികരിച്ചു. ഇതിനിടെയാണ് ഉന്നതിയിലെ ഫയലുകള്‍ മന്ത്രി ഓഫീസില്‍ എത്തിയെന്ന സ്ഥിരീകരണം സര്‍ക്കാര്‍ ഭാഗത്തു നിന്നും വന്നത്. ഉന്നതിയുമായി ബന്ധപ്പെട്ട മാതൃഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് പ്രശാന്ത് ജയതിലകിനെതിരെ പൊട്ടിത്തെറിച്ചത്. പ്രതികരണം കരുതലോടെ വേണമെന്ന പലരുടേയും നിര്‍ദ്ദേശം പോലും പ്രശാന്ത് അവഗണിച്ചെന്ന സൂചന സര്‍ക്കാരിന് കിട്ടിയിട്ടുണ്ട്.

പ്രശാന്തിന്റെ പ്രതികരണം എല്ലാ അര്‍ത്ഥത്തിലും അതിരുവിട്ടതായി. വിശദീകരണം ചോദിക്കാതെ തന്നെ നടപടി എടുക്കണമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് തന്നെ ആവശ്യപ്പെടേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അതിവേഗ നടപടികള്‍ എടുത്തത്. അതിന് ശേഷം നടപടിയെ ഫാസിസം എന്ന് വിളിച്ച് പ്രശാന്ത് അധിക്ഷേപിച്ചുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ വ്യക്തിപരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് പ്രശാന്തിനെതിരേ നടപടി. എ. ജയതിലകിനെ സാമൂഹിക മാധ്യമക്കുറിപ്പുകളിലൂടെ അവഹേളിച്ച പ്രശാന്തിനെതിരേ നടപടിക്ക് ശുപാര്‍ശചെയ്ത് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ കെ. ഗോപാലകൃഷ്ണനെതിരേ നടപടി ശുപാര്‍ശചെയ്തും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നടപടിയുണ്ടാവുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടും ഞായറാഴ്ചയും ജയതിലകിനെതിരേ പ്രശാന്ത് അധിക്ഷേപം തുടര്‍ന്നു. ഇതുകൂടി ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി സ്വമേധയായാണ് റിപ്പോര്‍ട്ട് നല്‍കിയത്. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നതാണ് സര്‍വീസ് ചട്ടപ്രകാരം തെറ്റെന്നും തെറ്റല്ലെന്നുമാണ് പ്രശാന്ത് വാദിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അഡ്മിനിസ്‌ട്രേറ്റീവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ ഉടന്‍ സമീപിച്ചേക്കും. ചാനല്‍ പരാമര്‍ശങ്ങളില്‍ 'ഫാസിസം' പരാമര്‍ശം എത്തിയതിനേയും ഗൗരവത്തില്‍ സര്‍ക്കാര്‍ കാണുന്നുണ്ട്. പിണറായിസം എന്ന ചര്‍ച്ച സജീവമാക്കാനേ ഫാസിസം എന്ന വാക്ക് ഗുണം ചെയ്യൂവെന്നും വിലയിരുത്തലുണ്ട്.

പ്രശാന്തിന്റെ വിശദീകരണം ചുവടെ

നടപടിയേ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് എനിക്ക് പുതിയ അറിവാണ്. എന്റെ ഭാ?ഗം കേട്ടിട്ടില്ല. എന്നോട് ആരും ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തിട്ടില്ല. നട്ടപ്പാതിരയ്ക്ക് ഇങ്ങനെ പറയുകയാണ്. സര്‍ക്കാരിനേയോ സര്‍ക്കാര്‍ നയങ്ങളേയോ വിമര്‍ശിച്ചാല്‍ അതില്‍ തെറ്റുണ്ട്. നടപടിയെടുക്കാം. ഇത് താന്‍ ചെയ്‌തെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. ഉദ്യോഗസ്ഥരായ ചില വ്യക്തികളുടെ തെറ്റായ പ്രവണതകളെയാണ് വിമര്‍ശിച്ചത്. പ്രത്യേകിച്ച് വ്യാജമായ റിപ്പോര്‍ട്ട് ചമച്ച് കൊടുത്തതിലാണത്. ഇതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. വ്യാജമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത് സര്‍ക്കാര്‍ നയമല്ലെന്നാണ് വിശ്വാസം. വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കിയതിനെ വിമര്‍ശിച്ചാല്‍ ഇത്തരമൊരു നടപടി ഉണ്ടാകുമെന്നത് പുതിയൊരു അറിവാണ്.

ഭരണഘടന എല്ലാ പൗരന്മാര്‍ക്കും തുല്യമായി തന്നിരിക്കുന്ന അവകാശമാണ് അഭിപ്രായ സ്വാതന്ത്ര്യം. ഇതനുസരിച്ച് ഏത് പരിധിയാണ് ഞാന്‍ ലംഘിച്ചതെന്ന് അറിയില്ല. ഓര്‍ഡര്‍ കാണട്ടെ, അതിനുശേഷം തുടര്‍നടപടി ആലോചിക്കും. ജനിച്ചുവീണപ്പോഴേ ഐഎഎസുകാരന്‍ ആകണമെന്ന് വിചാരിച്ചുവന്ന ആളല്ല. വേറേയും ജോലിയും താല്‍പര്യങ്ങളും എല്ലാം ഉള്ളതാണ്. ഇതൊന്നും വലിയ സംഭവമായി എനിക്ക് തോന്നുന്നില്ല. ഇതെല്ലാം കണ്ടിട്ട് അയ്യോ എന്ന് പറയുമെന്ന് ആരും ധരിക്കേണ്ട. ഞാന്‍ എവിടെ, എങ്ങനെ എന്റെ സംസാര സ്വാതന്ത്ര്യം ഉപയോ?ഗിക്കണം എന്ന് മറ്റുള്ളവര്‍ നിഷ്‌കര്‍ഷിക്കാന്‍ തുടങ്ങുന്നയിടത്ത് ഒരു ഫാസിസ്റ്റ് പ്രവണത തുടങ്ങിയില്ലേ?. ചിലപ്പോള്‍ ചിലര്‍ക്ക് ഇഷ്ടപ്പെടാത്ത രീതിയില്‍ സംസാരിച്ചെന്നിരിക്കും. നമ്മുടെ ചട്ടങ്ങളോ നിയമങ്ങളോ ലംഘിക്കാത്തിടത്തോളം കാലം അതിനെ നിയന്ത്രിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അതിനെയാണ് സാധാരണ ഫാസിസം എന്നു പറയാറ്.

ഭരണഘടനയുടെ ചട്ടക്കൂടിനകത്താണ് ഇന്ത്യാ മഹാരാജ്യത്തും കേരളത്തിവും ഉള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. മിണ്ടാതെ ഉരിയാടാതെ ഒരു ഉദ്യോ?ഗസ്ഥ സംവിധാനത്തിന് പിന്നില്‍ എവിടെയോ ഒളിച്ചിരുന്ന് എന്തും ചെയ്തുകഴിഞ്ഞാല്‍ അതൊക്കെ ശരിയാണെന്നും സത്യസന്ധമായ കാര്യം പുറമേയ്ക്ക് വന്നുനിന്ന് സംസാരിച്ചാല്‍ വലിയ കുഴപ്പമാണെന്നുമാണ്. ഇത് ന്യായമാണെന്ന് തോന്നുന്നുണ്ടോ. വഴിപോക്കര്‍ക്ക് കയറി, ഇങ്ങനെ വേണമായിരുന്നു അങ്ങനെ വേണമായിരുന്നു, കുറച്ചുകൂടെ അത് വേണമായിരുന്നു ഇത് വേണമായിരുന്നു, പക്വത വേണമായിരുന്നു എന്നൊന്നും ആര്‍ക്കും പറയാനോ ഇതിന്റെ അടിസ്ഥാനത്തില്‍ ആരുടെയെങ്കിലും സംസാരം നിയന്ത്രിക്കാന്‍ ഉള്ള അവകാശമോ ഇന്നവരേ ഇന്ത്യയില്‍ ആര്‍ക്കും നിയമപരമായി നല്‍കിയിട്ടില്ല.

സര്‍ക്കാരിന്റെ നടപടിയില്‍ അത്ഭുതം തോന്നുന്നുവെന്നും തന്റെ വിശദീകരണം കേള്‍ക്കാതെയാണ് നടപടിയെന്ന് എന്‍ പ്രശാന്ത് ഐഎഎസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പുകളില്‍ ചട്ടലംഘനമില്ലെന്നും സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്തത്. ആരെയും സുഖിപ്പിക്കാനല്ല തനിക്ക് ശമ്പളം നല്‍കുന്നതെന്ന് പറഞ്ഞ പ്രശാന്ത് തന്റെ കുറിപ്പുകളെ എന്തിനാണ് ഭയക്കുന്നതെന്നും ചോദിച്ചു.

പ്രശാന്ത് കുരുക്കായത് ഈ പരാമര്‍ശങ്ങള്‍

പ്രശാന്തിനെതിരായ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നേരത്തേ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ജയതിലകിനെതിരെ പ്രശാന്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. 'അടുത്ത ചീഫ് സെക്രട്ടറി എന്ന് സ്വയം പ്രഖ്യാപിച്ച മഹദ് വ്യക്തി'യെന്ന് ജയതിലകിനെ വിശേഷിപ്പിച്ച പ്രശാന്ത് അദ്ദേഹത്തിനെതിരായ ഫയലുകള്‍ പുറത്തുവിടുമെന്ന ഭീഷണിയും മുഴക്കി. കൂടാതെ 'മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി'യാണ് ജയതിലക് എന്ന് കമന്റ് ബോക്സിലും കുറിച്ചു. വിവാദമായതോടെ ഈ കമന്റ് അദ്ദേഹം നീക്കം ചെയ്തു. മുതിര്‍ന്ന ഉദ്യോഗസ്ഥനെ പരസ്യമായി അവഹേളിക്കുന്നതില്‍നിന്ന് പിന്മാറാന്‍ സഹപ്രവര്‍ത്തകരും പ്രശാന്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തനിക്ക് പേടിയില്ലെന്നു പറഞ്ഞാണ് അധിക്ഷേപം ആവര്‍ത്തിച്ചത്. ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കരുതെന്നാണ് ചട്ടമെന്നും ജയതിലകിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ചട്ടത്തിലില്ലെന്നുമുള്ള വിചിത്രവാദമാണ് പ്രശാന്ത് ഉന്നയിച്ചത്.

ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ വിവാദം അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായിച്ചേര്‍ന്ന് പ്രശാന്ത് ഉണ്ടാക്കിയതാണെന്നാരോപിച്ച് മുന്‍മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ രംഗത്തുവന്നിരുന്നു. എന്നാല്‍, മേഴ്‌സിക്കുട്ടിയമ്മ ആരാണെന്നു ചോദിച്ച് അവഹേളിക്കുകയായിരുന്നു അവരുടെ വകുപ്പിലുണ്ടായിരുന്ന പ്രശാന്ത് ചെയ്തത്.