തിരുവനന്തപുരം: കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്ത് 'ഉന്നതി'യില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായിരിക്കെ മുക്കിയെന്ന് ആരോപിക്കുന്ന ഫയലുകളുടെ കാര്യത്തില്‍ ട്വിസ്റ്റ്. ഈ ഫയലുകള്‍ മന്ത്രിയുടെ ഓഫിസിലുണ്ടെന്നു സ്ഥിരീകരിച്ചു. പ്രശാന്ത് 'ഉന്നതി'യില്‍നിന്നു സ്ഥാനമൊഴിയും മുന്‍പ് ഫയലുകള്‍ ഏല്‍പിച്ചിരുന്നതായി പട്ടികജാതി പട്ടികവര്‍ഗ വികസന മന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു. വകുപ്പു സെക്രട്ടറിയായിരുന്ന എ.ജയതിലകുമായുള്ള അകല്‍ച്ച കാരണമാണ് ഫയലുകള്‍ അന്നത്തെ മന്ത്രി കെ.രാധാകൃഷ്ണനെ ഏല്‍പിച്ചതെന്നതാണ് വസ്തുത. പ്രശാന്തിനെതിരെ അന്വേഷണം നടത്തിയ ചീഫ് സെക്രട്ടറി ഈ വിഷയം പരിശോധിച്ചിട്ടില്ലെന്ന ആരോപണം പ്രശാന്ത് ഉന്നയിച്ചിരുന്നു.

ജയതിലകിനെതിരെ പ്രശാന്ത് പരസ്യമായി ആരോപണമുന്നയിച്ചിരുന്നു. ഫയലുകള്‍ മുക്കിയെന്ന റിപ്പോര്‍ട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ജയതിലക് നല്‍കിയെന്ന് മാതൃഭൂമി വാര്‍ത്ത നല്‍കി. ഇതിനെതുടര്‍ന്ന് ജയതിലകിനെതിരെ തുറന്ന പോരിനു പ്രശാന്ത് എത്തി. ഇതേ തുടര്‍ന്ന് ഫെയ്‌സ് ബുക്കില്‍ പരസ്യ പ്രതികരണം നടത്തി. ഇതേ തുടര്‍ന്ന് പ്രശാന്തിനെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു. വിശദീകരണം പോലും ചോദിക്കാതെയാണ് സസ്‌പെന്റ് ചെയ്തത്. പ്രശാന്ത്, ആരോപണങ്ങളൊന്നും ഇപ്പോഴും ഫെയ്‌സ്ബുക്കില്‍നിന്നു നീക്കിയിട്ടില്ല.

പ്രശാന്തും ജയതിലകും തമ്മില്‍ നേരത്തെ പ്രശ്‌നമുണ്ടായിരുന്നു. ഉന്നതിയില്‍ നിന്നും പ്രശാന്തിനെ നീക്കി, പകരം കെ.ഗോപാലകൃഷ്ണനെ 'ഉന്നതി' സിഇഒ ആക്കിയതും ഇതു കാരണമാണ്. പിന്നാലെ ജയതിലകും ഗോപാലകൃഷ്ണനും ചേര്‍ന്ന്, താന്‍ ഫയല്‍ മുക്കിയെന്നു റിപ്പോര്‍ട്ട് തയാറാക്കി മുഖ്യമന്ത്രിക്കു നല്‍കിയെന്നാണു പ്രശാന്തിന്റെ ആരോപണം. മതാടിസ്ഥാനത്തില്‍ കെ.ഗോപാലകൃഷ്ണന്‍ വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചെന്ന വിവരം ചോര്‍ത്തിനല്‍കിയത് പ്രശാന്താണെന്ന സംശയം മൂലമാണ് ഫയല്‍ മുക്കിയെന്ന ആരോപണം എതിര്‍പക്ഷം പുറത്തുവിട്ടതെന്നാണ് ആരോപണം. ജയതിലകും പ്രശാന്തും തമ്മില്‍ മാസങ്ങളായി തുടരുന്ന പോരില്‍ ആരും ഇടപെട്ടില്ല. ഇത് സര്‍ക്കാരിനും അറിയമായിരുന്നു. ഇതാണ് ഐഎഎസ് ചേരിപോരിന് പ്രധാന കാരണമായി മാറിയത്.

അതിനിടെ ഏത് ഉദ്യോഗസ്ഥനെതിരെയും നടപടിയെടുക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നും സസ്‌പെന്‍ഷന്‍ ശിക്ഷാവിധിയല്ലെന്നും ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ് ബി.അശോക് പ്രതികരിച്ചു. സര്‍ക്കാരിനു ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നടപടിയെടുക്കുന്നത്. നിഷ്പക്ഷമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായുള്ള നടപടിയാണത്. ഉദ്യോഗസ്ഥര്‍ക്കു കുറ്റപത്രം നല്‍കി, അവരുടെ ഭാഗം കേട്ട് തീരുമാനമെടുക്കാനാണു സസ്‌പെന്‍ഷന്‍. അത് സര്‍വീസില്‍ അസാധാരണമായ നടപടിയൊന്നുമല്ല.

എല്ലാകാലത്തും ഉദ്യോഗസ്ഥര്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ 24 മണിക്കൂറും പ്രചരിപ്പിക്കുന്നുവെന്നതാണ് ഇപ്പോഴുള്ള വ്യത്യാസം. ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്. അവരവരുടെ ഭാഗം വിശദീകരിക്കാനുള്ള അവസരം ഉദ്യോഗസ്ഥര്‍ക്കു ലഭിക്കും. അക്കാര്യത്തില്‍ അവര്‍ക്കാവശ്യമായ നിയമ സഹായം അസോസിയേഷന്‍ നല്‍കും. തിരുത്തേണ്ടതു തിരുത്തി മുന്നോട്ടുപോകാന്‍ ഉദ്യോഗസ്ഥരെ സഹായിക്കുകയെന്നതാണ് അസോസിയേഷന്റെ കടമയെന്നും അസോസിയേഷന്‍ പറയുന്നു.

എ. ജയതിലകിനെ സാമൂഹിക മാധ്യമക്കുറിപ്പുകളിലൂടെ അവഹേളിച്ച പ്രശാന്തിനെതിരേ നടപടിക്ക് ശുപാര്‍ശചെയ്ത് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ കെ. ഗോപാലകൃഷ്ണനെതിരേ നടപടി ശുപാര്‍ശചെയ്തും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നടപടിയുണ്ടാവുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടും ഞായറാഴ്ചയും ജയതിലകിനെതിരേ പ്രശാന്ത് അധിക്ഷേപം തുടര്‍ന്നു. ഇതുകൂടി ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി സ്വമേധയായാണ് റിപ്പോര്‍ട്ട് നല്‍കിയത്. പ്രശാന്തിനെതിരായ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നേരത്തേ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ജയതിലകിനെതിരെ പ്രശാന്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. 'അടുത്ത ചീഫ് സെക്രട്ടറി എന്ന് സ്വയം പ്രഖ്യാപിച്ച മഹദ് വ്യക്തി'യെന്ന് ജയതിലകിനെ വിശേഷിപ്പിച്ച പ്രശാന്ത് അദ്ദേഹത്തിനെതിരായ ഫയലുകള്‍ പുറത്തുവിടുമെന്ന ഭീഷണിയും മുഴക്കി. കൂടാതെ 'മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി'യാണ് ജയതിലക് എന്ന് കമന്റ് ബോക്സിലും കുറിച്ചു. വിവാദമായതോടെ ഈ കമന്റ് അദ്ദേഹം നീക്കം ചെയ്തു.

മുതിര്‍ന്ന ഉദ്യോഗസ്ഥനെ പരസ്യമായി അവഹേളിക്കുന്നതില്‍നിന്ന് പിന്മാറാന്‍ സഹപ്രവര്‍ത്തകരും പ്രശാന്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തനിക്ക് പേടിയില്ലെന്നു പറഞ്ഞാണ് അധിക്ഷേപം ആവര്‍ത്തിച്ചത്. ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കരുതെന്നാണ് ചട്ടമെന്നും ജയതിലകിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ചട്ടത്തിലില്ലെന്നുമുള്ള വിചിത്രവാദമാണ് പ്രശാന്ത് ഉന്നയിച്ചത്. ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ വിവാദം അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായിച്ചേര്‍ന്ന് പ്രശാന്ത് ഉണ്ടാക്കിയതാണെന്നാരോപിച്ച് മുന്‍മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ രംഗത്തുവന്നിരുന്നു. എന്നാല്‍, മേഴ്‌സിക്കുട്ടിയമ്മ ആരാണെന്നു ചോദിച്ച് അവഹേളിക്കുകയായിരുന്നു അവരുടെ വകുപ്പിലുണ്ടായിരുന്ന പ്രശാന്ത് ചെയ്തത്.