ന്യൂഡല്‍ഹി: തെലുങ്ക് സിനിമാലോകത്തെ നടുക്കിയ നടി പ്രത്യുഷയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കാമുകനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതിയുടെ ഉത്തരവ്. 23 വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലാണ് നടിയുടെ കാമുകനായിരുന്ന സിദ്ധാര്‍ത്ഥ റെഡ്ഡിയോട് കീഴടങ്ങാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ ആത്മഹത്യാ പ്രേരണ കുറ്റത്തിന് സിദ്ധാര്‍ത്ഥ റെഡ്ഢിക്ക് തടവുശിക്ഷ കോടതി വിധിച്ചിരുന്നു. തെലുഗു - തമിഴ് സിനിമകളില്‍ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെയാണ് നടി പ്രത്യുഷ മരണപ്പെടുന്നത്. 2002-ല്‍ നടന്ന ഈ സംഭവത്തില്‍ നടിയുടെ അമ്മ പി സരോജിനി ദേവി കേസുമായി മുന്നോട്ട് പോവുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബലാത്സംഗം നടന്നിട്ടുണ്ടെന്നും അമ്മ ആരോപിച്ചിരുന്നു. എന്നാല്‍, ഈ ആരോപണങ്ങള്‍ കോടതി ശരിവെച്ചില്ല. തന്റെ മകള്‍ കൊല ചെയ്യപ്പെട്ടതാണെന്ന് ആരോപിക്കുന്ന നടിയുടെ അമ്മയുടെ ഹര്‍ജി കോടതി തള്ളി. അതെസമയം ആത്മഹത്യാ പ്രേരണ കേസില്‍ സിദ്ധാര്‍ത്ഥയ്ക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. ഇതിനെ ചോദ്യം ചെയ്തുള്ള സിദ്ധാര്‍ത്ഥയുടെ ഹര്‍ജി കോടതി തള്ളി.

പ്രത്യുഷയുടെ മരണത്തില്‍ 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുപ്രീം കോടതി അന്തിമ വിധി പ്രസ്താവിച്ചത്. 2002-ല്‍ നടന്ന ഈ സംഭവത്തില്‍ പ്രത്യുഷയുടെ മരണം ആത്മഹത്യയാണെന്ന കീഴ്‌ക്കോടതികളുടെ കണ്ടെത്തല്‍ ശരിവച്ച സുപ്രീം കോടതി, ബലാത്സംഗം, കൊലപാതകം എന്നീ ആരോപണങ്ങള്‍ തെളിവുകളുടെ അഭാവത്തില്‍ തള്ളിക്കളഞ്ഞു. ജസ്റ്റിസ് രാജേഷ് ബിന്ദല്‍, ജസ്റ്റിസ് മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പ്രത്യുഷയുടെ മരണത്തിന് കാരണമായത് വിഷം ഉള്ളില്‍ ചെന്നതാണെന്ന് മെഡിക്കല്‍ തെളിവുകള്‍ വ്യക്തമാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ പ്രധാന പ്രതിയും പ്രത്യുഷയുടെ അന്നത്തെ കാമുകനുമായിരുന്ന ഗുഡിപള്ളി സിദ്ധാര്‍ത്ഥ് റെഡ്ഡിക്ക് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ലഭിച്ച രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ കോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ സിദ്ധാര്‍ത്ഥ് നല്‍കിയ അപ്പീലും, മകളുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് അമ്മ സരോജിനി ദേവി നല്‍കിയ ഹര്‍ജിയും കോടതി തള്ളുകയായിരുന്നു. നാലാഴ്ചയ്ക്കുള്ളില്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ സിദ്ധാര്‍ത്ഥിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതോടെ പതിറ്റാണ്ടുകള്‍ നീണ്ട ഈ വിവാദ നിയമപോരാട്ടത്തിന് വിരാമമായിരിക്കുകയാണ്.

പ്രത്യുഷയുടെ മരണം അക്കാലത്ത് വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്. മാധ്യമങ്ങള്‍ തങ്ങളുടെ ഭാവനകൂടിച്ചേര്‍ത്ത് നീളന്‍ അപസര്‍പ്പക കഥകളെഴുതി വായനക്കാരെ രസിപ്പിച്ചപ്പോള്‍, രാഷ്ട്രീയ പാര്‍ട്ടികളും സംഭവത്തെ തങ്ങളെക്കൊണ്ടാകും വിധം ചര്‍ച്ചയാക്കി. മരണപ്പെടുമ്പോള്‍ കൈനിറയേ ചിത്രങ്ങളുണ്ടായിരുന്നു പ്രത്യുഷയ്ക്ക്. സഹനായിക, നായിക വേഷങ്ങളില്‍ മുന്‍ നിര താരങ്ങള്‍ക്കൊപ്പമുള്ള തമിഴ്, തെലുങ്ക്, കന്നഡ പ്രൊജക്ടുകളായിരുന്നു ഇവ. അന്നത്തെ ആന്ധ്ര സംസ്ഥാനത്തിന്റെ ഭരണപക്ഷത്തുള്ള ചില പ്രമുഖര്‍ ഈ കേസില്‍ ഇടപെടുന്നു എന്ന ആരോപണവും ശക്തമായി. ഇതിനിടെ പുറത്തുവന്ന ഒരു ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രത്യുഷ മരിച്ചത് കഴുത്ത് മുറുകിയാണെന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാല്‍ ഈ റിപ്പോര്‍ട്ട് വിഖ്യാത ഫോറന്‍സിക് വിദഗ്ധനായ ടിഡി ദോര്‍ഗ പരിശോധിക്കുകയും പ്രസ്തുത നിഗമനം തെറ്റാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. ഡോ. മുനിസ്വാമി തയ്യാറാക്കിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിരവധി പിഴവുകളുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.

വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിലൂടെയാണ് പ്രത്യുഷയുടെ മരണമെന്ന് കോടതി നിരീക്ഷിച്ചു. ബലാത്സംഗം നടന്നതിനും കൊലപാതകത്തിനും തെളിവില്ലെന്നും കോടതി വ്യക്തമാക്കി. 'ഒന്ന്, കഴുത്ത് ഞെരിച്ചാണ് കൊലപാതകമെന്ന വാദത്തെ തള്ളിക്കളയുന്നു. രണ്ട്, വിഷം കഴിച്ച് മരണം സംഭവിച്ചതിന് ശക്തമായ ദൃക്‌സാക്ഷികളും, മെഡിക്കല്‍ തെളിവുകളും ഉണ്ട്. മൂന്ന്, പ്രതിക്കെതിരെ ബലാത്സംഗം നടന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. നാല്, വളരെ വൈകിയ ഘട്ടത്തില്‍ മരണകാരണം ബലാത്സംഗവും കഴുത്ത് ഞെരിച്ചുള്ള കൊലപാതകവുമാണെന്ന് ആരോപിക്കുന്നത് ബുദ്ധിമുട്ടാണ്,' കോടതി നിരീക്ഷിച്ചു. സിദ്ധാര്‍ത്ഥ റെഡ്ഡിക്ക് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് നേരത്തേ തന്നെ ശിക്ഷ ലഭിച്ചിരുന്നു. 2004-ല്‍ വിചാരണ കോടതിയാണ് ആറ് വര്‍ഷത്തെ ശിക്ഷ വിധിച്ചത്. പിന്നീട് ഹൈക്കോടതി ശിക്ഷാ കാലാവധി രണ്ട് വര്‍ഷമായി കുറച്ചു. സുപ്രീം കോടതി ഈ ശിക്ഷ ശരിവെക്കുകയും ചെയ്തു.

2002 ഫെബ്രുവരി 23-നാണ് പ്രത്യുഷയെയും സിദ്ധാര്‍ത്ഥിനെയും വിഷം കഴിച്ച നിലയില്‍ ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതിനാല്‍ ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ വാദം. ചികിത്സയിലിരിക്കെ പ്രത്യുഷ മരണപ്പെട്ടെങ്കിലും സിദ്ധാര്‍ത്ഥ് രക്ഷപ്പെട്ടു. എന്നാല്‍ തന്റെ മകളെ സിദ്ധാര്‍ത്ഥും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു കൊന്നതാണെന്നും അന്നത്തെ രാഷ്ട്രീയ ഉന്നതരുടെ മക്കള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും സരോജിനി ദേവി ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളില്‍ ഉറച്ചുനിന്നായിരുന്നു അവര്‍ ഇത്രയും കാലം കോടതികളില്‍ നിയമയുദ്ധം നടത്തിയത്. സുപ്രീം കോടതിയുടെ പുതിയ വിധി സരോജിനി ദേവിക്കും നീതി പ്രതീക്ഷിച്ചിരുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ക്കും നിരാശയാണ് നല്‍കിയിരിക്കുന്നത്. കൊലപാതക ആരോപണങ്ങള്‍ തെളിയിക്കാനായില്ലെങ്കിലും, ആത്മഹത്യാ ഉടമ്പടിയില്‍ രക്ഷപ്പെടുന്ന പങ്കാളി നിയമപരമായി കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കി. വിദേശത്ത് സ്ഥിരതാമസമാക്കിയെന്ന് പറയപ്പെടുന്ന സിദ്ധാര്‍ത്ഥ് റെഡ്ഡി ഇനി ശേഷിക്കുന്ന ശിക്ഷാകാലാവധി പൂര്‍ത്തിയാക്കാന്‍ ജയിലില്‍ കഴിയേണ്ടി വരും.

1988ല്‍ തെലുങ്ക് സൂപ്പര്‍താരം മോഹന്‍ ബാബുവിന്റെ ഒപ്പം സിനിമാ ജീവിതം ആരംഭിച്ച നടിയാണ് പ്രത്യുഷ. തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അവര്‍ സജീവമായി. നന്നേ ചെറുപ്പത്തില്‍ പിതാവിനെ നഷ്ടമായ പ്രത്യുഷ ജ്യേഷ്ഠന്റെ തണലില്‍ വളര്‍ന്നു. സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത പ്രത്യുഷ 'മിസ് ലവ്ലി സ്മൈല്‍' പട്ടം നേടിയതോടു കൂടി അവരുടെ പുഞ്ചിരിക്ക് നിരവധി ഫാന്‍സ് ഉണ്ടായി. ഇതിനു പിന്നാലെ അവര്‍ക്ക് സിനിമയില്‍ നിന്നും ഓഫറുകള്‍ നിരവധി വന്നുചേര്‍ന്നു. 'മനു നീതി', 'സൂപ്പര്‍ കുറ്റം', 'താവസി', 'കടല്‍ പൂക്കള്‍' പോലുള്ള തമിഴ്, തെലുങ്ക് സിനിമകളില്‍ അവര്‍ അഭിനയിച്ചു. വളരെ പെട്ടെന്നാണ് സിനിമയില്‍ തിളങ്ങിനില്‍ക്കവേ പ്രത്യുഷയുടെ ജീവിതം അവസാനിച്ചത്

അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് പ്രത്യുഷ 12 സിനിമകളില്‍ അഭിനയിച്ചു. അതില്‍ ആറു ചിത്രങ്ങളും തമിഴിലായിരുന്നു. പ്രഭുവിനൊപ്പം 'സൂപ്പര്‍ കുടുംബം', വിജയകാന്തിന്റെ ചിത്രം 'താവസി', ഭാരതിരാജയുടെ 'കടല്‍പൂക്കള്‍' തുടങ്ങിയവയാണ് പ്രത്യുഷയുടെ ചിത്രങ്ങള്‍. ''സിനിമ ജീവിതത്തില്‍ പ്രത്യുഷ വളരെ സംതൃപ്തയായിരുന്നു അതുകൊണ്ട് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടു പോലും ഇല്ല. അവളുടെ ശരീരം സംസ്‌കരിക്കുന്ന സമയത്തൊന്നും എനിക്ക് സംശയമുണ്ടായിരുന്നില്ല. പക്ഷേ പിന്നീടാണ് പലതും അറിയുന്നത്. മകളുടെ മരണത്തില്‍ പലരും ആവശ്യമില്ലാതെ ഇടപ്പെട്ടു. അവരാണ് കേസ് വഴിതിരിച്ചുവിട്ടത്. സിദ്ധാര്‍ത്ഥുമായുള്ള പ്രണയത്തെ താനൊരിക്കലും എതിര്‍ത്തിട്ടില്ല. എന്നാല്‍ സിനിമയില്‍ ശ്രദ്ധിച്ചതിന് ശേഷം മാത്രം വിവാഹ ജീവിതത്തിലേക്ക് കടന്നാല്‍ മതിയെന്ന് ഞാന്‍ ഉപദേശിച്ചിരുന്നു''.പ്രത്യുഷ മരണപ്പെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം അവരുടെ അമ്മ ഒരു തെലുങ്ക് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാണിത്.

ഇതിനെ ഒരു അമ്മയുടെ വൈകാരിക പ്രതികരണം മാത്രമായി കരുതാനാകില്ല. പ്രത്യുഷയുടെ മരണം കൊലപാതകമോ എന്നു സംശയിക്കത്തക്ക തരത്തിലായിരുന്നു പ്രത്യുഷയുടെ മൃതശരീരം പരിശോധിച്ച ഫോറന്‍സിക് വിദഗ്ധന്റെ റിപ്പോര്‍ട്ട്. പക്ഷേ, അന്വേഷത്തിന്റെ ഭാഗമായുള്ള വിശദ പരിശോധനയില്‍ ആ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയുകയും നടി ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലേക്ക് എത്തിച്ചേരുകയുമായിരുന്നു. ഇതോടെ പ്രത്യുഷയുടെ മരണത്തെച്ചൊല്ലിയുള്ള നിയമപോരാട്ടം നിലച്ചെങ്കിലും താരത്തിന്റെ കുടുംബം അതൊരു കൊലപാതകമെന്ന ആരോപണത്തില്‍ ഉറച്ചു നിന്നു.