- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി സർക്കാരിന് വേണ്ടി പണിയെടുക്കുന്ന കർണാടക പൊലീസ് മേധാവിയെ അധികാരത്തിൽ എത്തിയാൽ പൂട്ടുമെന്ന് പ്രഖ്യാപിച്ചത് ഡികെ ശിവകുമാർ; കോൺഗ്രസ് ജയിച്ചുകയറിയതിന്റെ പിറ്റേന്ന് പ്രവീൺ സൂദ് സിബിഐ ഡയറക്ടർ; നിയമനം രണ്ടുവർഷത്തേക്ക്; രാഷ്ട്രപതിയുടെ പൊലീസ് മെഡൽ അടക്കം നേടിയ പ്രവീൺ സൂദ് ആരാണ്?
ന്യൂഡൽഹി: കർണാടക പൊലീസ് മേധാവി പ്രവീൺ സൂദിനെ പുതിയ സിബിഐ മേധാവിയായി തിരഞ്ഞെടുത്തു. നിലവിലെ ഡയറക്ടർ സുബോധ് കാന്ത് ജയ്‌സ്വാളിന്റെ കാലാവധി മെയ്25 ന് അവസാനിക്കുമ്പോൾ പ്രവീൺ സൂദ് ചുമതലയേൽക്കും. രണ്ട് വർഷത്തേക്കാണ് നിയമനം.
സംസ്ഥാനത്തെ ബിജെപി സർക്കാരിന് വേണ്ടി പണിയെടുക്കുന്ന ആളാണ് സൂദ് എന്ന് സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാർ നേരത്തെ ആരോപിച്ചിരുന്നു. കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുന്ന ഡിജിപിക്ക് എതിരെ കോൺഗ്രസ് അധികാരത്തിൽ വന്നാൽ നടപടി എടുക്കുമെന്നും ഡികെ പറഞ്ഞിരുന്നു. കർണാടകത്തിൽ കോൺഗ്രസ് പുതിയ സർക്കാരുണ്ടാക്കുന്നതിന് മുമ്പേ തന്നെ പ്രവീൺ സൂദിന് പുതിയ നിയമനമായി. സൂദ് 2025 മെയ് വരെ പദവിയിൽ തുടരും. അഞ്ചുവർഷം വരെ കാലാവധി നീട്ടാം.
സിബിഐ മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്ക പട്ടികയാണ് അവസാനം ഉണ്ടായിരുന്നത്. കർണാടക ഡിജിപി പ്രവീൺ സൂദിന് പുറമെ, മധ്യപ്രദേശ് ഡിജിപി സുധീർ സക്‌സേന, കേന്ദ്ര ഫയർ സർവീസസ് മേധാവി താജ് ഹസ്സൻ എന്നിവരെയാണ് സിബിഐ തലപ്പത്തേക്ക് പരിഗണിച്ചിരുന്നത്. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പ്രവീൺ സൂദ്. ഇദ്ദേഹത്തിനാണ് ആദ്യം മുതലേ പ്രഥമ പരിഗണന ലഭിച്ചിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഈ മൂന്നു പേരുകൾ ശുപാർശ ചെയ്തത്.
കേന്ദ്രമന്ത്രിസഭയുടെ അപ്പോയിന്റ്‌സ് കമ്മിറ്റിയാണ് ഈ മൂന്നുപേരുകളിൽ നിന്നും പുതിയ മേധാവിയെ തീരുമാനിച്ചത്. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ പ്രവീൺ സൂദിന്റെ പേരിനായിരുന്നു മുൻതൂക്കം. രണ്ടു വർഷമാണ് സിബിഐ മേധാവിയുടെ കാലാവധി. പുതിയ കേന്ദ്ര വിജിലൻസ് കമ്മീഷണർ, ലോക്പാൽ അംഗം എന്നിവരുടെ നിയമനവും പ്രധാനമന്ത്രി-ചീഫ് ജസ്റ്റിസ്- പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല യോഗത്തിൽ ചർച്ചയായതായി റിപ്പോർട്ടുണ്ട്.
ആരാണ് പ്രവീൺ സൂദ്?
1986 ൽ ഐപിഎസ് നേടി പ്രവീൺ സൂദ്, 1989 ൽ മൈസൂർ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായാണ് കരിയർ തുടങ്ങിയത്. 1999 മുതൽ മൂന്നുവർഷത്തേക്ക് മൗറീഷ്യസ് സർക്കാരിന്റെ പൊലീസ് ഉപദേഷ്ടാവായി വിദേശ ഡപ്യൂട്ടേഷനിലായിരുന്നു. 2004 മുതൽ 2007 വരെ മൈസൂർ സിറ്റി പൊലീസ് കമ്മീഷണറായി.
1996 ൽ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ സ്വർണ മെഡൽ, 2002 ൽ മികച്ച സേവനത്തിനുള്ള പൊലീസ് മെഡൽ, 2011 ൽ പ്രസിഡന്‌റിന്റെ പൊലീസ് മേഡൽ എന്നിവ നേടി. ബെംഗളൂരു കമ്മീഷണർ എന്ന നിലയിൽ നമ്മ 100 എന്ന പദ്ധതിക്ക് തുടക്കമിട്ടു. സുരക്ഷ ആപ്പ്, വനിതാ പൊലീസ് ഉദ്യോഗസ്ഥർ മാത്രമുള്ള പിങക് ഹോയസാല എന്നിവയ്ക്കും തുടക്കമിട്ടു. സാമ്പത്തിക കുറങ്ങൾ അന്വേഷിക്കുന്ന സിഐഡി ഡിജിപിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ