- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തല തല്ലിക്കീറിയ ആറംഗ സംഘത്തോട് വിശാല ഹൃദയനായ കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ക്ഷമിച്ചിരിക്കുന്നു; തന്നെ ക്വട്ടേഷൻ സംഘം മർദിച്ചതിൽ പരാതിയില്ലെന്ന് കെജി സഞ്ജു; സിപിഎമ്മിലെ ഗ്രൂപ്പ് വഴക്കിന്റെ ഇരയായി യുവനേതാവ്; പ്രാവിൻകൂട്ടിലെ ക്വട്ടേഷൻ ആക്രമണത്തിൽ മറുനാടൻ ചൂണ്ടിക്കാണിച്ച ദുരൂഹത ശരിയാകുമ്പോൾ
തിരുവല്ല: ക്വട്ടേഷൻ സംഘം തന്നെ മർദിച്ചതിൽ പരാതിയില്ലെന്നും കേസും വഴക്കും വേണ്ടെന്നും കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സഞ്ജു. മൊഴിയെടുക്കാൻ വന്ന ചെങ്ങന്നൂർ എസ്ഐ അഭിലാഷിനോടാണ് കേസിന് താൽപര്യമില്ലെന്ന് സഞ്ജു അറിയിച്ചത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ പ്രാവിൻകൂട് ജങ്ഷനിൽ പെട്രോൾ പമ്പിന് സമീപം വച്ച് മൂന്നു ബൈക്കിലെത്തിയ ആറംഗ സംഘം തന്നെ കാർ തടഞ്ഞ് മർദിച്ചുവെന്നും തലയ്ക്ക് സ്പ്രിങ് വടി കൊണ്ട് അടിച്ചുവെന്നുമായിരുന്നു സഞ്ജു ആദ്യം പറഞ്ഞത്. സംഭവത്തിലെ ദുരൂഹതകൾ മറുനാടൻ ചൂണ്ടിക്കാണിച്ചിരുന്നു. മർദിച്ചത് ക്വട്ടേഷൻ സംഘമല്ലെന്നും സദാചാര പൊലീസുകാരാണെന്നും വാർത്തയിലുണ്ടായിരുന്നു. സുഹൃത്തായ ബ്യൂട്ടീഷ്യനുമായുള്ള ബന്ധത്തിന്റെ പേരിലുള്ള ആക്രമണമാണ് സഞ്ജുവിന് നേരെയുണ്ടായത് എന്ന് സിപിഎമ്മിലെ എതിർപക്ഷം പ്രചരിപ്പിക്കുകയും ചെയ്തു.
പ്രതികളെ എത്രയും വേഗം കണ്ടെത്താൻ പാർട്ടി തലത്തിൽ സമ്മർദം ചെലുത്താനും സമരം നടത്താനും എതിരാളികൾ പദ്ധതിയിട്ടു. പ്രതികളെ പൊലീസ് കണ്ടെത്തിയാൽ അത് തന്റെ രാഷ്ട്രീയ ഭാവിക്ക് തടസമാകുമെന്ന് കണ്ടാണ് തല തല്ലിക്കീറിയവരോട് സഞ്ജു ക്ഷമിച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന സൂചന. മർദനമേറ്റ സഞ്ജുവിന്റെ മൊഴിയിൽ പൊരുത്തക്കേട് ധാരാളമുണ്ടായിരുന്നു.
തലയ്ക്ക് മാരകമായി പരുക്കേറ്റുവെന്നും ആക്രമിച്ചവരെ മുൻപ് കണ്ടിട്ടില്ലെന്നും പൊലീസിനോട് സഞ്ജുവിന്റെ പറഞ്ഞിരുന്നു. എന്നാൽ, പ്രാവിൻകൂട്ടിൽ വച്ച് ഇങ്ങനെ ഒരു സംഭവം നടന്നതായി പ്രദേശവാസികൾക്ക് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും ആയിരുന്നു പൊലീസ് നിലപാട്. ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് പൊലീസിന് കിട്ടിയ പരിശോധനാ റിപ്പോർട്ട് പ്രകാരം സഞ്ജുവിന്റെ തലയിൽ ഒരു തുന്നൽ മാത്രമാണ് ഉള്ളത്.
മൂന്നു ബൈക്കിലായി എത്തിയ ആറംഗ സംഘം പ്രാവിൻകൂട് ജങ്ഷനിലുള്ള പെട്രോൾ പമ്പിനടുത്ത് തന്റെ കാർ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. ആക്രമിച്ചവരെ ആരെയും അറിയില്ല. മുൻപ് കണ്ടിട്ടില്ല. ആർക്കും തന്നോട് മുൻവൈരാഗ്യമില്ല എന്നൊക്കെയാണ് സഞ്ജു പൊലീസിനോട് പറഞ്ഞത്. അതേ സമയം, ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് പൊലീസിന് കിട്ടിയ അറിയിപ്പ് നാലു പേർ ചേർന്ന് ആക്രമിച്ചുവെന്നാണ്.
സിപിഎമ്മിലെ നിരവധി പ്രമുഖരെ വെട്ടി നിരത്തിയാണ് സഞ്ജു കുറ്റൂരിൽ പഞ്ചായത്ത് പ്രസിഡന്റായത്. രണ്ടര വർഷത്തിന് ശേഷം സ്ഥാനം മറ്റൊരാൾക്ക് നൽകണമെന്ന് ധാരണയുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുൻപും സഞ്ജുവിന്റെ കുടുംബപ്രശ്നങ്ങൾ കുത്തിപ്പൊക്കി വിഷയമുണ്ടാക്കാൻ ചിലർ ശ്രമിച്ചിരുന്നുവെന്നും പറയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്