- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൻഡമാൻ യാത്രക്കിടെ വിദേശലോട്ടറി എടുത്തു; ഫലം വന്നപ്പോൾ രണ്ട് കോടി എട്ട് ലക്ഷം രൂപയുടെ ബംപർ അടിച്ചു; കാണാതെ പോയ ടിക്കറ്റ് കണ്ടെത്തിയത് വ്യാപക തിരച്ചിലിന് ഒടുവിൽ; ടിക്കറ്റുമായി ഭാര്യയെയും ഡ്രൈവറെയും കൂട്ടി പോകവേ അപകടം; ഡ്രൈവർ തൽക്ഷണം മരിച്ചു, ടിക്കറ്റും നഷ്ടമായി; ലോട്ടറി അടിച്ചിട്ടും ഭാഗ്യം കിട്ടാത്ത പ്രയാർ ഗോപാലകൃഷ്ണന്റെ കഥ
കൊല്ലം: ഓണം ബമ്പർ കേരളത്തിന് പുതിയ ഭാഗ്യവാനെ നൽകുന്നു. എന്നാൽ ലോട്ടറി അടിച്ചിട്ടും ആ ഭാഗ്യം കിട്ടാത്ത നേതാവുണ്ടായിരുന്നു മുമ്പ് കേരളത്തിൽ. അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പ്രയാർ ഗോപാലകൃഷ്ണൻ. സത്യസന്ധനും സുതാര്യതയുടെ വക്താവുമായിരുന്നു പ്രയാർ. ആദർശ രാഷ്ട്രീയത്തിന്റെ പ്രതിപുരുഷൻ. അതുകൊണ്ടാണ് ഓണം ബമ്പറിനിടയിലും പ്രയാറിന്റെ ആ നഷ്ടം ചർച്ചയാകുന്നത്.
വർഷങ്ങൾക്ക് മുൻപാണ് പ്രയാർ മരണത്തെ മുഖാമുഖം കണ്ട അപകടമുണ്ടായത്. അതിന്റെ കഥയാകട്ടെ സിനിമയെ വെല്ലുന്നതും.വർഷങ്ങൾക്ക് മുൻപ് ഒരാവശ്യത്തിനായി പ്രയാർ ഗോപാലകൃഷ്ണൻ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ പോയി. അവിടെ വെച്ച് 100 യൂറോയുടെ (അന്നത്തെ 5,000 ഇന്ത്യൻ രൂപ) വിദേശ ലോട്ടറി ഒരെണ്ണമെടുത്തു. ലോട്ടറിയുടെ ഫലം വന്നു. രണ്ട് കോടി എട്ട് ലക്ഷം രൂപയുടെ സമ്മാനം അടിച്ചത് പ്രയാർ എടുത്ത ലോട്ടറി ടിക്കറ്റിനായിരുന്നു. എന്നാൽ ദിവസങ്ങൾ ഏറെ കഴിഞ്ഞുപോയതിനാൽ ടിക്കറ്റ് കണ്ടെത്താനായില്ല. ഏറെ തിരച്ചിലുകൾക്കൊടുവിൽ പ്രയാറിന്റെ ഡ്രൈവർ ടിക്കറ്റ് കണ്ടെത്തി.
കളഞ്ഞുകിട്ടിയ ടിക്കറ്റുമായി പ്രയാറും ഭാര്യയും ഡ്രൈവറും കാറിൽ യാത്ര ചെയ്യവേ ഡ്രൈവർ ചോദിച്ചു- 'ഇത്രയും രൂപ കിട്ടിയാൽ എനിക്കെന്താണ് സാർ തരിക?'. ഇപ്പോൾ ഈ ഓടിച്ചുകൊണ്ടിരിക്കുന്ന കാർ നീയെടുത്തോ എന്ന് പ്രയാർ മറുപടി നൽകി. പറഞ്ഞുതീരുന്നതിനിടെ തന്നെ അപകടം സംഭവിച്ചു. ഒരു കെഎസ്ആർടിസി ബസുമായി പ്രയാറിന്റെ കാർ കൂട്ടിയിടിച്ചു. ഡ്രൈവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പ്രയാറിന് മാരകമായി പരുക്കേറ്റു. ഗുരുതരാവസ്ഥയിൽ പ്രയാർ ഗോപാലകൃഷ്ണൻ 90 ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പ്രയാർ ഗോപാലകൃഷ്ണന്റെ ഭാര്യക്കും അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. ഡ്രൈവർ കണ്ടെത്തിയ ആ ടിക്കറ്റ് അപകടത്തിൽ വീണ്ടും നഷ്ടപ്പെട്ടു. ആരെങ്കിലും ടിക്കറ്റ് കൊണ്ടുവന്നാൽ പകുതി പണം നൽകാം എന്ന ഓഫറുണ്ടായിരുന്നെങ്കിലും ആരും സമ്മാനത്തുക വാങ്ങാൻ എത്തിയില്ല. കോടികൾ നഷ്ടപ്പെട്ടതിനേക്കാൾ തന്റെ ഡ്രൈവറുടെ മരണമാണ് പ്രയാറിനെ വിഷമിപ്പിച്ചത്. മറ്റൊരു കാർ യാത്രയ്ക്കിടെയാണ് പ്രയാർ ഗോപാലകൃഷ്ണനും ഓർമ്മയായി.
ചടയമംഗലം എംഎൽഎ, മിൽമ ചെയർമാൻ, തിരുവതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്, മുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള പ്രയാർ കേരള രാഷ്ട്രീയത്തിലെ ക്ഷീര വിപ്ലവത്തിന്റെ വക്താവായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ