സീതത്തോട്: ആനയും കടുവയും പുലിയും അടക്കം വന്യമൃഗങ്ങൾ, ഏറുമാടത്തിൽ കഴിയുന്ന ഒരു കുടുംബത്തിന്റെ സ്വസ്ഥത തകർക്കുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് മറുനാടൻ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. വന്യജീവികളെ ഭയന്ന് ഭർത്താവും ഗർഭിണിയായ ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം ഏറുമാടത്തിലാണ് താമസമാക്കിയിരുന്നത്. 8 മാസം ഗർഭിണിയായ യുവതി ഏറുമാടത്തിലേക്ക് കയറുന്നതിന്റെ അപകടസാധ്യത കൂടി ചൂണ്ടിക്കാട്ടിയായിരുന്നു മറുനാടൻ വാർത്ത പ്രേക്ഷകരിലേക്കെത്തിച്ചത്. വാർത്തയെ തുടർന്ന് ആരോഗ്യ മന്ത്രി ഇടപെട്ടതോടെ, ഏറുമാടത്തിൽ കഴിഞ്ഞ പൊന്നമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സീതത്തോട് ളാഹ വനമേഖലയിലെ ആദിവാസി ഊരിൽ വന്യമൃഗങ്ങളെ പേടിച്ച് നിറവയറോടെ രാത്രി ഏറുമാടത്തിൽ കഴിഞ്ഞ പൊന്നമ്മയെ തുടർ ചികിത്സക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് നേരിട്ട് ഇടപെട്ട് വനിതശിശു വികസന വകുപ്പ്, ആരോഗ്യവകുപ്പ്, പട്ടികവർഗ വികസന വകുപ്പ് എന്നിവയുടെ ഏകോപനത്തോടെയാണ് ഇതിനുള്ള നടപടി സ്വീകരിച്ചത്. ഇവരെ സുരക്ഷിതമായി താമസിപ്പിക്കാനും മതിയായ ചികിത്സ ഉറപ്പാക്കാനും വനിത ശിശുവികസന വകുപ്പിനും ആരോഗ്യ വകുപ്പിനും മന്ത്രി നിർദ്ദേശം നൽകി. ചികിത്സയ്ക്കു ശേഷം പൊന്നമ്മയേയും മക്കളേയും ഗവ. മഹിളാ മന്ദിരത്തിൽ താമസിപ്പിക്കുന്നതിനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

ആരോഗ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെ 11 മണിയോടെ ജില്ലാ വനിതാ ശിശു വികസന ഓഫീസർ യു. അബ്ദുൾ ബാരി, വനിത സംരക്ഷണ ഓഫീസർ എ. നിസ, റാന്നി അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസർ സ്മിത, അങ്കണവാടി വർക്കർ എന്നിവർ സീതത്തോട് ളാഹ അതിർത്തിയിലുള്ള രാജേന്ദ്രൻ പൊന്നമ്മ ദമ്പതികളുടെ താമസസ്ഥലത്ത് എത്തി. ഇവർക്കൊപ്പം ആരോഗ്യപ്രവർത്തകരും, ട്രൈബൽ ഓഫീസറും ദമ്പതികളോട് വിവരങ്ങൾ അന്വേഷിച്ചു.

വനത്തിൽ താമസിക്കുമ്പോഴുണ്ടാകുന്നതും ഏറുമാടത്തിൽ കയറുന്നതിലുമുള്ള ബുദ്ധിമുട്ടുകൾ രാജേന്ദ്രൻ, പൊന്നമ്മ ദമ്പതികളെ ഇവർ പറഞ്ഞു മനസിലാക്കി. പൊന്നമ്മക്ക് വിളർച്ച രോഗമുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊന്നമ്മയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് തുടർ ചികിത്സയ്ക്കായി എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. എന്നാൽ, ചികിത്സയ്ക്കു ശേഷം വനത്തിലേക്ക് ഉടൻ തന്നെ മടങ്ങണമെന്ന നിലപാടിലാണ് രാജേന്ദ്രൻ. നാട്ടിലെ കാലാവസ്ഥ തങ്ങൾക്കും മക്കൾക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് രാജേന്ദ്രൻ പറയുന്നത്.

ശബരിമല വനമേഖലയിലെ ചാലക്കയം ഉൾവനത്തിലാണ് മലമ്പണ്ടാര വിഭാഗത്തിൽപെട്ട ഇവരുടെ താമസം. ളാഹ മഞ്ഞത്തോട് കേന്ദ്രീകരിച്ച് ആദിവാസി കുടുംബങ്ങൾക്കു സ്ഥലം നൽകുന്നതിനുള്ള നടപടികൾ തുടങ്ങിയതോടെയാണ് ഇവിടെയെത്തുന്നത്. റോഡിനോടു ചേർന്ന് കൂര ഒരുക്കിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ കാട്ടാനയെത്തി നശിപ്പിച്ചു.പിന്നെ ഒട്ടും താമസിച്ചില്ല, കൂരയോടു ചേർന്ന മരത്തിൽ മുൻപ് ഉണ്ടായിരുന്ന ഏറുമാടം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വാസയോഗ്യമാക്കി.

രാജേന്ദ്രൻ പൊന്നമ്മ ദമ്പതികളുടെ മക്കളായ രാജമാണിക്യവും രാജമണിയുമടങ്ങുന്ന കുടുംബം ഒരു വർഷമായി രാത്രി ഈ ഏറുമാടത്തിലാണ് അന്തിയുറങ്ങുന്നത്. വൈകുന്നേരമാകുമ്പോഴേക്കും താൽക്കാലിക ഷെഡിൽനിന്ന് എല്ലാവരും ഏറുമാടത്തിലേക്കു മടങ്ങും. ഇളയ മകനെ മാറാപ്പ് കെട്ടി അതിനുള്ളിലാക്കിയാണ് ഏറുമാടത്തിനു മുകളിലെത്തിക്കുന്നത്. പൊന്നമ്മയുടെ ഈ അവസ്ഥയിൽ ഏറുമാടത്തിൽ കയറാൻ ഏറെ പ്രയാസമാണ്.പോഷകാഹാരക്കുറവുമൂലം ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും രാജേന്ദ്രൻ പറയുന്നു.

സന്ധ്യയാകും മുൻപേ ഇവിടെ വന്യമൃഗങ്ങളെത്തുന്നത് പതിവാണ്.താമസിക്കുന്ന ഷെഡ് പലതവണ ആന നശിപ്പിച്ചു.പുലികളും എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കടുവ ഇവരുടെ വളർത്തു നായയെയും ഓടിച്ചു. 40 അടിയോളം ഉയരമുള്ള വന്മരത്തിന്റെ നെറുകയിലാണ് ഏറുമാടം നിർമ്മിച്ചിരിക്കുന്നത്.അവിടേക്ക് എത്തുന്നതാകട്ടെ കാട്ടുകമ്പുകൾെ കാണ്ടു നിർമ്മിച്ച പടവുകൾ ചവിട്ടിക്കയറിയും.

നിറവയറുമായി ഏറുമാടത്തിൽ എത്തുമ്പോഴേക്കും പൊന്നമ്മ തളർന്നുപോകും.'വന്യമൃഗശല്യം അസഹനീയമായതോടെ ജീവൻ രക്ഷിക്കാൻ മറ്റൊരു വഴിയില്ല.ദുരിതം പറഞ്ഞ് മടുത്തു.അതു കേൾക്കാൻ അധികൃതർക്കു താൽപര്യമില്ലെങ്കിലും ഞങ്ങൾക്കും ജീവിക്കണ്ടേയെന്നാണ് ളാഹ മഞ്ഞത്തോട് ആദിവാസി ഊരിൽ വന്യമൃഗങ്ങളെ ഭയന്ന് ഏറുമാടത്തിൽ താമസിക്കുന്ന രാജേന്ദ്രന്റെ ഭാര്യ പൊന്നമ്മ ചോദിക്കുന്നത്.മന്ത്രിയുടെ ഇടപെടലോടെ വർഷങ്ങളായുള്ള ദുരിതത്തിന് അറുതിയാകുമെന്ന വിശ്വാസത്തിലാണ് കുടുംബം