തിരുവല്ല: സെർവൈക്കൽ സ്പോണ്ടിലോസിസ്...കാലുകൾ മരവിക്കുന്നത് കാരണം നടക്കാൻ കഴിയാത്ത അവസ്ഥയാണ്. മരവിച്ചു തുടങ്ങിയ കാലുമായി ഒരു ചുവട് പോലും വയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടിയാണ് പ്രേംജിത്ത് റായി എന്ന സിക്കിം സ്വദേശി ദക്ഷിണേന്ത്യയിലെ പ്രശസ്തമായ സിഎംസി വെല്ലൂരിൽ എത്തിയത്. പക്ഷേ, അവിടെ ചികിൽസയ്ക്കായി മൂന്നു മാസം കാത്തിരിക്കണം. അയാൾ നേരെ വച്ചു പിടിച്ചു തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്. രോഗം ഭേദമായി പ്രേംജിത്ത് മടങ്ങുമ്പോൾ കേരളത്തോടും ആശുപത്രി അധികൃതരോടും സുഹൃത്തും ആശുപത്രി ജീവനക്കാരനുമായ എബനേസർ കെന്നത്തിനോടും നന്ദിപറയാൻ വാക്കുകൾ ഉണ്ടായിരുന്നില്ല.

വടക്ക് കിഴക്കൻ സംസ്ഥാനമായ സിക്കിമിന്റെ പടിഞ്ഞാറൻ പ്രദേശമായ തുറുക്കിൽ നിന്നുമാണ് കടുത്ത ശാരീരിക ബുദ്ധിമുട്ടുകളും വേദനകളും ആയാണ് പ്രേംജിത് റായി (37) വെല്ലൂർ സി.എം.സിയിൽ ചികിത്സയ്ക്കായി എത്തിയത്. സെർവൈക്കൽ സ്പോണ്ടിലോസിസ് എന്ന അസുഖത്തെ തുടർന്ന് കാലുകൾ മരവിച്ച അവസ്ഥയിൽ നടക്കാൻ പോലും ബുദ്ധിമുട്ടിയ പ്രേംജിത്ത് സിക്കിമിലെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് വെല്ലൂരിൽ എത്തിച്ചേർന്നത്. മൂന്ന് വർഷമായി ഉണ്ടായിരുന്ന രോഗം വഷളായ അവസ്ഥയിലായിരുന്നതിനാൽ ശസ്ത്രക്രിയ മാത്രമേ ആശ്വാസം നൽകുകയുള്ളൂ എന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ, വെല്ലൂർ സി.എം.സി അനിയന്ത്രിതമായ തിരക്കും മുൻഗണന നൽകേണ്ട ഗുരുതരരോഗികളും ഉള്ള ആശുപത്രിയായതിനാൽ ശസ്ത്രക്രിയ നടക്കണമെങ്കിൽ മൂന്നുമാസം കഴിഞ്ഞുള്ള ഒരു തീയതിക്കായി കാത്തിരിക്കണമെന്ന് ഡോക്ടർമാർ പ്രേംജിത്തിനെ അറിയിച്ചു.

വെല്ലൂർ ആശുപത്രിയിലെ സാഹചര്യം പരിഗണിക്കുമ്പോൾ പ്രേംജിത്തിന് ലഭിച്ച നിർദ്ദേശത്തിൽ ഒട്ടും അതിശയിക്കാനില്ല. എന്നാൽ ഏകദേശം ഒരു ദശാബ്ദ കാലം മുൻപ് തനിക്ക് പരിചയമുണ്ടായിരുന്ന ഒരു സുഹൃത്തിനെ പ്രേംജിത്ത് അന്നേരത്തെ അവസ്ഥയിൽ ഓർത്തെടുത്തു. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരനായ എബനേസർ കെന്നത്ത്. പഴയകാല സുഹൃത്തിനെ പ്രേംജിത്ത് ഫോണിൽ ബന്ധപ്പെട്ടു . ന്യൂറോശസ്ത്രക്രിയ ആവശ്യമായ പ്രേംജിത്തിന് തൊട്ടടുത്ത ദിവസം കേരളത്തിലേക്ക് യാത്ര ചെയ്ത് വരാനും ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.റോജിൻ എബ്രഹാമിനെ കാണുവാനും ഉള്ള അവസരം എബനേസർ ഉണ്ടാക്കി. വെല്ലൂർ സി എം സി യിൽ ന്യൂറോ സർജറി വിഭാഗം കൺസൾട്ടന്റായിരുന്ന ഡോ റോജിൻ ബാംഗ്ലൂർ നിംഹാൻസിലും യൂറോപ്പിലെ പ്രമുഖ ന്യൂറോസർജറി ഇൻസ്റ്റിറ്റ്യൂട്ടിലും നേരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കേരളത്തിലെത്തിയ പ്രേംജിത്തിന് മെയ് അവസാന ആഴ്ച ഡോ റോജിനും സംഘവും ചേർന്ന് ശസ്ത്രക്രിയ നടത്തി. വിജയകരമായി പൂർത്തിയാക്കിയ ശസ്ത്രക്രിയയ്ക്ക് ശേഷം പ്രേംജിത്ത് ഏതാനും ദിവസങ്ങൾ ഐസിയു പരിചരണത്തിൽ ആയിരുന്നു. ജൂൺ 19 ന് രോഗം ഭേദമായി പ്രേംജിത്തിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.

വെല്ലൂർ സി എം സി പോലെയുള്ള വിദഗ്ദ്ധ കേന്ദ്രങ്ങളിൽ നിന്നും രോഗികളെ സ്വീകരിച്ച് ആവശ്യമായ ചികിത്സ നൽകാൻ കഴിയുന്നതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും സിക്കിം പോലെയുള്ള പ്രദേശങ്ങളിൽ നിന്നും ആവശ്യക്കാരായ രോഗികളെ ബിലീവേഴ്സിൽ എത്തിച്ച് ചികിത്സ നൽകുന്ന പദ്ധതി പരിഗണനയിലുണ്ടെന്നും രാജ്യത്തെ പ്രമുഖ കരൾരോഗവിദഗ്ദ്ധനും ബി.സി റോയ് അവാർഡ് ജേതാവും ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര അറിയിച്ചു. പ്രേംജിത്തിനെ സന്ദർശിച്ച സമയത്താണ് ഡയറക്ടർ ഇക്കാര്യം സൂചിപ്പിച്ചത്.

തനിക്ക് ലഭിച്ച ചികിത്സയിലും പരിചരണത്തിലും സ്നേഹത്തിലും പ്രേംജിത് റായി കൃതാർത്ഥനായി. ചികിത്സയും സഹായവും ലഭിക്കേണ്ട സമയത്ത് അത് എത്തിച്ചു തരണമെങ്കിൽ ഈശ്വരന്റെ ഇടപെടൽ ഉണ്ടാകണമെന്നും അത് എത്ര ദൂരെ നിന്നും യഥാസമയം എത്തിച്ചു നൽകുമെന്നും പ്രേംജിത്ത് വിശ്വസിക്കുന്നു. ഹിമാലയത്തിന്റെ പ്രത്യേകമായ ഭൂപ്രകൃതിയും കാലാവസ്ഥയും ഉള്ളതിനാൽ യാത്രികർക്ക് മറക്കാനാകാത്ത ഇടമാണ് സിക്കിം. സിക്കിമിനോളം ഭംഗിയുള്ള കേരളത്തിലെ പ്രദേശങ്ങളെപ്പറ്റി പ്രേംജിത്ത് കേട്ടിട്ടുണ്ടെങ്കിലും തനിക്ക് മറക്കാനാകാത്തത് ഇവിടെ പരിചയപ്പെട്ട മനുഷ്യരുടെ മനസ്സിന്റെ സൗന്ദര്യമാണ് എന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. സിക്കിം സർക്കാരിന്റെ കൃഷി വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന സിംഫെഡിൽ ഉദ്യോഗസ്ഥനായ പ്രേംജിത്ത് ഒരു പ്രകൃതി സ്നേഹിയാണ്.

പ്ലാസ്റ്റിക് ബാഗുകൾ പൂർണ്ണമായും നിരോധിച്ച ആദ്യത്തെ ഓർഗാനിക് സംസ്ഥാനമായ സിക്കിമിൽ നിന്നും വന്ന പ്രേംജിത്ത് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി നടത്തുന്ന പ്രകൃതി സൗഹൃദ സംരക്ഷണ പ്രവർത്തനങ്ങളിൽ അളവറ്റ സന്തോഷവും അത്ഭുതവും രേഖപ്പെടുത്തി. ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറത്തുനിന്നും രോഗിയായി എത്തി കേരളത്തെ സ്നേഹിക്കുന്ന മനസ്സുമായി അങ്ങനെ പ്രേംജിത്ത് മടങ്ങി, ഹൃദയം നിറഞ്ഞ നന്ദിയുമായി.