തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിൽ. രാഷ്ട്രപതിയായ ശേഷമുള്ള ആദ്യ സന്ദർശനപരിപാടിയിൽ അവസാനനിമിഷം മാറ്റംവരുത്തി. നേരത്തേ തീരുമാനിച്ചതിൽനിന്നു വ്യത്യസ്തമായി കന്യാകുമാരി സന്ദർശനവും ഉൾപ്പെടുത്തി. ഗവർണർ നൽകുന്ന വിരുന്ന് ഉച്ചയൂണിനുപകരം അത്താഴമാക്കി. നേരത്തേ വ്യാഴാഴ്ച മാത്രമായിരുന്നു തിരുവനന്തപുരത്ത് താമസം. പുതുക്കിയ പരിപാടിപ്രകാരം വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരത്തു താമസിക്കും. അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

16-ന് വ്യാഴാഴ്ച 1.35-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. 2.20-3.00 ഐ.എൻ.എസ്. വിക്രാന്ത് സന്ദർശനം. 3.30-ന് നാവികസേനയ്ക്കുള്ള 'പ്രസിഡന്റ്സ് കളർ' സമ്മാനിക്കൽ. 6.55-ന് കൊച്ചി വിമാനത്താവളത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. 7.40-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങും. ഹോട്ടൽ ഹയാത്ത് റീജൻസിയിൽ താമസം. 17-ന് 8.35-ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് കൊല്ലം വള്ളിക്കാവിലുള്ള മാതാ അമൃതാനന്ദമയിമഠത്തിലേക്ക് പോകും. 9.50-ന് മഠം സന്ദർശനം.

മടങ്ങി തിരുവനന്തപുരത്ത് എത്തി 12.10 മുതൽ 1.10 വരെ കുടുംബശ്രീയുടെ രചന, പിന്നാക്ക ക്ഷേമവകുപ്പിന്റെ ഉന്നതി എന്നിവയുടെ ഉദ്ഘാടനം, എൻജിനിയറിങ് പുസ്തകങ്ങളുടെ മലയാള പരിഭാഷ പ്രകാശനം എന്നിവ നിർവഹിക്കും. 7.30-ന് ഗവർണർ നൽകുന്ന വിരുന്ന്. 18-ന് 8.25-ന് കന്യാകുമാരി വിവേകാനന്ദ സ്മാരകവും തിരുവള്ളുവർ പ്രതിമയും സന്ദർശിക്കും. മടങ്ങിയെത്തി 1.30-ന് ലക്ഷദ്വീപിലേക്ക് പോകും.

സ്ത്രീശക്തിയുടെ കേരള മോഡലായ 'കുടുംബശ്രീ'യുടെ രജതജൂബിലി ആഘോഷമാണ് പ്രധാന പരിപാടി. തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങ് രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്യും. പകൽ 11.45ന് എത്തുന്ന രാഷ്ട്രപതിയെ പൗരാവലിക്കുവേണ്ടി ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും.

കുടുംബശ്രീയുടെ തുടക്കംമുതലുള്ള സിഡിഎസ് ഭരണ സമിതി അംഗങ്ങളായ അഞ്ചു ലക്ഷംപേർ ചേർന്ന് കുടുംബശ്രീയുടെ ചരിത്രമെഴുതുന്ന 'രചന'യുടെ ലോഗോ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. 'ചുവട്', 'കുടുംബശ്രീ @25' പുസ്തകത്തിന്റെ പ്രകാശനം ഗവർണർ നിർവഹിക്കും. പട്ടികവർഗ വിഭാഗത്തിൽപെട്ടവരുടെ സമഗ്ര വികസനത്തിനായുള്ള 'ഉന്നതി' പദ്ധതിയുടെ ഉദ്ഘാടനവും രാഷ്ട്രപതി നിർവഹിക്കും.

ഐടിവകുപ്പിന്റെ നേതൃത്വത്തിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഡിപ്ലോമ, എൻജിനിയറിങ് ടെക്‌നിക്കൽ ബുക്കുകളുടെ ആദ്യ കോപ്പി കേരള സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ രാഷ്ട്രപതിക്ക് നൽകും. തുടർന്ന് 'പ്രാദേശിക സാമ്പത്തിക വികസനത്തിൽ സ്ത്രീകൂട്ടായ്മയുടെ പങ്ക്' എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും. വൈകിട്ട് 4.30 മുതൽ കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടിയും ഗായിക ഗായത്രി അശോകിന്റെ ഗസൽ സന്ധ്യയും അരങ്ങേറും.