- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലിയ പഠിപ്പുള്ള യുവതികൾ നേതൃത്വത്തിലേക്ക് വന്നാൽ ഭാവിയിൽ പണിയാകും; ബിരുദാനന്തര ബിരുദമുള്ള യുവതിയുടെ പേരുവെട്ടി ലീഗ് നേതൃത്വം; പത്താം ക്ലാസ് എന്താ മോശം പഠിപ്പോ എന്ന് മറുചോദ്യവും; കാസർകോട് മംഗൽപാടി പഞ്ചായത്തിൽ പുതിയ പ്രസിഡന്റിനെ തീരുമാനിച്ചതിൽ ഒടുവിൽ അട്ടിമറി
കാസർകോട്/മംഗൽപാടി : മാസങ്ങൾ നീണ്ട് നിന്ന അനിശ്ചിതത്വത്തിനൊടുവിൽ മംഗൽപാടി ഗ്രാമ പഞ്ചായത്തിന് പുതിയ പ്രസിഡന്റ്. കുബനൂൺ വാർഡിലെ റുബീനയാണ് പുതിയ പ്രസിഡന്റ് ആയി ഇന്നലെ തെരഞ്ഞെടുക്കപ്പെട്ടത്. 23 അംഗങ്ങളുള്ള പഞ്ചായത്തിൽ യു ഡി എഫ് 16, ബിജെപി 4, സിപിഐ എം 3 എന്നിങ്ങനെയാണ് കക്ഷിനില. മൃഗീയ ഭൂരിപക്ഷമുള്ള ലീഗിന് നാല് പതിറ്റാണ്ടായി തുടരുന്ന ആധിപത്യത്തെ തുടർന്ന് പഞ്ചായത്തിൽ അഴിമതിയും, സ്വജന പക്ഷപാതവും, ഏകാധിപത്യ ഭരണവും പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും ഒരുപോലെ വെല്ലുവിളിയായി മാറിയതോടെയാണ് ലീഗ് കൗൺസിലർ പ്രഥമ പ്രസിഡന്റിനെതിരെ രംഗത്ത് വന്നതും തുടർന്ന് മാസങ്ങൾ നീണ്ട വിവാദങ്ങൾക്ക് ഒടുവിൽ രാജിവെച്ചു പുറത്തുപോയതും.
നിലവിലെ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും സജീവ ജീവകാരുണ്യ പ്രവർത്തകയുമായ ഇർഫാന ഇക്ബാലിന്റെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തുടക്കത്തിലെ പറഞ്ഞു കെട്ടിരുന്നത്. ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള ഇർഫാന പ്രസിഡന്റ് ആയാൽ മംഗൽപാടി പഞ്ചയത്തിന് പുത്തൻ ഉണർവ് ലഭിക്കുമെന്ന് പാർട്ടി പ്രവർത്തകരും നാട്ടുകാരും ഒരു പോലെ കരുതിയിരുന്നപ്പോഴാണ് രണ്ട് ജില്ല നേതാക്കൾ ഇർഫാനയുടെ പ്രസിഡന്റ് പദവിക്കു തടസ്സമായി വന്നത്.
നേരത്തെ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇർഫാനയുടെ പേര് പരിഗണിച്ചപ്പോൾ വലിയ പഠിപ്പ് ഉള്ള പെൺകുട്ടികൾ നേതൃത്വ നിരയിലേക്ക് വന്നാൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന പരിഹാസകരമായ നിരീക്ഷണം നടത്തിയതും ഈ മുതിർന്ന ജില്ലാ നേതാക്കൾ തന്നെ ആയിരുന്നു. അന്ന് ജില്ലാ നേതാക്കൾക്ക് പൂർണ്ണ പിന്തുണയുമായി ഒരു മണ്ഡലം നേതാവും ഉണ്ടായിരുന്നു.
പ്രഥമ പ്രസിഡണ്ട് രാജിവച്ച ഒഴിവിലേക്ക് റുബീനെയുടെ പേര് പരിഗണിക്കുന്നുണ്ടെന്ന് മണ്ഡലം നേതാവ് പ്രചരിപ്പിച്ചപ്പോൾ യു ഡി എഫ് ലെ 13 അംഗങ്ങളും, ഇർഫാന പ്രസിഡന്റ് ആകണമെന്ന് പാർട്ടി മണ്ഡലം ജില്ലാ നേതാക്കളെ നിരന്തരം അറിയിച്ചിരുന്നു. തുടർന്ന് ഇർഫാനയാണ് പ്രസിഡണ്ട് സ്ഥാനാർത്ഥി എന്ന രീതിയിലുള്ള വാർത്തകളും നേതാക്കളുടെ പ്രതികരണങ്ങളും പുറത്തുവന്നിരുന്നു. എന്നൽ തിരഞ്ഞെടുപ്പ് ദിവസം പ്രഖ്യാപനം നേരെ വിപരീതമായതോടെ പഞ്ചായത്ത് ഓഫിസിൽ നാടകീയ രംഗങ്ങൾ അരങ്ങേറി .രാവിലെ വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുൻപ് യുഡിഎഫിലെ 12 അംഗങ്ങൾ മണ്ഡലം ലീഗ് പ്രസിഡന്റ് ടി എ മൂസയോട് തങ്ങളുടെ അതൃപ്തി അറിയിച്ച് മുന്നോട്ട് വന്നു. എന്നാൽ ജില്ലാ കമ്മിറ്റിയുടെ തീരുമാനമാണ് നടപ്പിലാക്കുന്നതെന്നും, ഇതിൽ ആർക്കും വ്യക്തി താല്പര്യമില്ലെന്നും മണ്ഡലം നേതാവ് അംഗങ്ങളെ അറിയിക്കുകയും അനുനയിപ്പിച്ച് വോട്ടെടുപ്പിൽ പങ്കെടുക്കണമെന്ന് ആവശ്യപെടുകയും ചെയ്തു. വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നാൽ പാർട്ടിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുമെന്ന സങ്കീർണ്ണതകളും നേതാക്കൾ മെമ്പർമാരെ അറിയിച്ചു. ഇതോടെ നാടകീയ രംഗങ്ങൾ ഒടുവിൽ പുതിയ പ്രസിഡണ്ടായി റുബീന സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
പഞ്ചായത്തിലെ മാലിന്യം ഉൾപ്പെടെ അതിസങ്കീർണമായ പല വിഷയങ്ങളിലും പുതിയ പ്രസിഡണ്ട് സ്വീകരിക്കുന്ന നിലപാട് നോക്കി മാത്രമേ പിന്തുണ തുടരുകയുള്ള എന്നാണ് മുസ്ലിം ലീഗ് അംഗങ്ങൾ പറയുന്നത്. കാര്യപ്രാപ്തി ഇല്ലാത്ത നേതാക്കളുടെ റബ്ബർ സ്റ്റാമ്പ് ആയി പ്രവർത്തിച്ചാൽ പ്രഥമ പഞ്ചായത്ത് പ്രസിഡണ്ട് നേരിട്ട അനുഭവങ്ങൾ നേരിടേണ്ടി വരുമെന്നും പ്രവർത്തകർ പറയുന്നു. അതെ സമയം പുതിയ പ്രസിഡന്റായി കളത്തിൽ ഇറങ്ങി രഹസ്യമായി പ്രവർത്തിച്ച മണ്ഡലം ലീഗ് നേതാവിനെ കഴിഞ്ഞ ദിവസം രാത്രി പ്രവർത്തകർ ചോദ്യം ചെയ്തതായും പറയപ്പെടുന്നു.
കൂടുതൽ വിദ്യാഭ്യാസമുള്ള സ്ത്രീകൾ നേതൃത്വനിരയിലേക്ക് വരുന്നത് ഭീഷണിയാണെന്നും 'ഹരിത' വിഷയങ്ങൾ ഉദാഹരണം ആക്കി നേതാവ് പറഞ്ഞു. മാത്രമല്ല പുതിയ പ്രസിഡണ്ടിന് പത്താംതരം വിദ്യാഭ്യാസം ഉണ്ടല്ലോ എന്നും തിരിച്ചു ചോദിച്ചു. ഇതോടെ ചോദ്യം ചോദിക്കാൻ പോയ പ്രവർത്തകർ അമ്പരന്നു പോയി . ഇനിമുതൽ ജില്ലയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണ്ട എന്നാണോ നേതാവ് പറയുന്നതെന്ന് തിരിച്ചു ചോദിച്ചപ്പോൾ അങ്ങനെയല്ലെന്നും നേതൃത്വനിരയിലേക്ക് വേണ്ടെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു എന്നാണ് പ്രവർത്തകർ അടക്കം പറയുന്നത്. ഇതോടെ വിവാദം ഒടുങ്ങാത്ത മംഗൽപാടി ഗ്രാമപഞ്ചായത്തിൽ പുതിയ പ്രസിഡന്റ് റുബീനയുടെ ആരോഹണം പ്രശ്നങ്ങളുടെ പുതിയ തുടക്കം ആയിട്ടാണെന്നാണ് വിലയിരുത്തുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്