- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിലക്കയറ്റം നിയന്ത്രിക്കാൻ ആന്ധ്രയിൽ നിന്നും അരി ഇറക്കാൻ സർക്കാർ; നമ്മളും കൃഷിയിലേക്ക് പദ്ധതിയടക്കം കൊട്ടിഘോഷിക്കുന്ന കേരളത്തിന് ഉണ്ണണമെങ്കിൽ ആന്ധ്രയും കർണ്ണാടകയും കനിയണം; വെള്ളം കയറി നശിക്കുന്ന വയലുകൾ എറെയാവുമ്പോഴും കൃഷിയില്ല; ഡിസംബറോടെ അരിയിറക്കി വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ
തിരുവനന്തപുരം:തരിശ് നിലങ്ങളിലടക്കം നെൽകൃഷിയെ പ്രോത്സാഹിപ്പിക്കാൻ നമ്മളും കൃഷിയിലേക്ക് അടക്കം കേരള സർക്കാരിന്റെ പദ്ധതികൾ ഏറെയാണ്.പക്ഷേ ഇവയിൽ പലതും കടലാസ്സിലും സർക്കാരിന്റെ പി.ആർ വർക്കിലും മാത്രം ഒതുങ്ങുന്നു എന്നതാണ് വസ്തുത. കേരളത്തിൽ വെള്ളം കയറി നശിക്കുന്ന വയലുകൾ ഏറെയുണ്ട്.ഇതെല്ലാം കണ്ടെത്തി സർക്കാരിന് കൃഷിയൊരുക്കിയാൽ കേരളത്തിലെ ഭക്ഷ്യക്ഷാമത്തിന് വലിയൊരളവ് വരെ ആശ്വാസമാകും.എന്നാൽ അതൊന്നും ചെയ്യാതെ വിലക്കയറ്റം പിടിച്ചുനിർത്താൻ ആന്ധ്രാപ്രദേശിൽനിന്ന് അരിയെത്തിക്കാൻ ധാരണയുണ്ടാക്കുകായണ് കേരളം. ആന്ധ്രാ ഭക്ഷ്യമന്ത്രി കെ.പി. നാഗേശ്വര റാവുവുമായി സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നടത്തിയ ചർച്ചയിൽ ജയ അരി ഉൾപ്പെടെ ആറു നിത്യോപയോഗസാധനങ്ങൾ കേരളത്തിലെത്തിക്കാനാണ് തീരുമാനം.
ആന്ധ്രയിൽ കൃഷിയിറക്കി വിളവെടുത്ത് അരി കേരളത്തിലെത്താൻ നാലുമാസമെടുക്കും.അതുകൊണ്ടു തന്നെ വിലകയറ്റം ഉടൻ കുറയില്ല. ഇതാണ് കേരളത്തിലെ ഭക്ഷ്യ വിപണിയിലെ ഇടപെടൽ.തത്കാലം മറ്റിനങ്ങളിലുള്ള അരി ഡിസംബറോടെ ലഭ്യമാക്കി പ്രശ്നപരിഹാരത്തിനാണ് സർക്കാരിന്റെ നീക്കം.കിലോയ്ക്ക് 60 രൂപവരെ ഉയർന്നിട്ടുള്ള ജയ അരിയുടെ വില ഇനിയും ഉയരും.ജയ അരിക്കുപുറമേ കടല,വൻപയർ,മല്ലി, വറ്റൽ മുളക്,പിരിയൻ മുളക് എന്നിവ ആന്ധ്രയിൽ നിന്നെത്തിക്കാനാണ് തീരുമാനിച്ചതെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
കേരളത്തിനുള്ള ജയ അരി ആന്ധ്രയിൽ പ്രത്യേകം കൃഷിചെയ്യും. പരമാവധി വില കുറച്ചുനൽകാമെന്ന് ആന്ധ്രാ ഭക്ഷ്യമന്ത്രി പറഞ്ഞു. ജയ അരി ആന്ധ്രാസർക്കാർ കർഷകരിൽനിന്ന് നേരിട്ടുസംഭരിച്ച് അവിടത്തെ സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഗോഡൗണിൽ സൂക്ഷിക്കും. സംയുക്തപരിശോധനയിലൂടെ ഗുണമേന്മ ഉറപ്പാക്കും. ഈ സീസണിൽ സംഭരിക്കുന്ന ഉത്പന്നങ്ങൾ ഡിസംബറോടെ കേരളത്തിലെത്തിക്കും. എന്തുകൊണ്ട് ഈ കൃഷി കേരളത്തിൽ കൂടി ചെയ്തു കൂടെന്ന ചോദ്യം സജീവമാണ്. സിപിഎം എതിർക്കുന്ന കരാർ കൃഷി മോഡലാണ് ആന്ധ്രയിൽ സംഭവിക്കുന്നത്.
സംസ്ഥാനത്ത് ഇപ്പോൾ കിട്ടുന്ന ജയ അരി കർണാടകയിൽനിന്നുള്ളതാണ്. ആന്ധ്രയിലേതാണ് ഗുണമേന്മയുള്ള ജയ അരി. ആവശ്യമുള്ളത്ര അരി നൽകാമെന്നാണ് ആന്ധ്രാസർക്കാരിന്റെ വാഗ്ദാനം. കർഷകർക്കുള്ള മിനിമം താങ്ങുവിലയും ഗതാഗതച്ചെലവും കണക്കാക്കി അന്തിമവില നിശ്ചയിക്കും. റെയിൽവേ വഴി അരിയെത്തിക്കും. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ റെയിൽവേ റാക്ക് പോയന്റുകളിൽ അരിയെത്തിക്കും. പ്രതിവർഷം 46,100 മെട്രിക് ടൺ അരി ലഭ്യമാക്കാനാണ് ധാരണ. എന്തുകൊണ്ട് ഇത് കേരളത്തിൽ ചെയ്യിക്കാൻ കഴിയുന്നില്ലെന്നതാണ് ഉയരുന്ന ചോദ്യം.
ഗോദാവരി നദീതടത്തിൽ സമൃദ്ധമായി വിളയുന്ന ജയ അരി കഴിഞ്ഞ നാലുവർഷമായി എഫ്‌സിഐ. സംഭരിക്കുന്നില്ല.മാസത്തിൽ 3840 മെട്രിക് ടൺ അരി ആവശ്യമുണ്ടെന്ന് സപ്ലൈകോ എം.ഡി. സഞ്ജയ് പട്‌ജോഷി വ്യക്തമാക്കി. കേരളത്തിൽനിന്ന് ആവശ്യമുയർന്നതോടെ, പ്രത്യേകം വിളവിറക്കി അരി സംഭരിക്കുകയാണ് ചെയ്യുന്നത്.
വിപണിയിൽ എല്ലായിനം അരിക്കും വിലകൂടിയിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. വിലക്കയറ്റം തടയാൻ എട്ടുകിലോ അരി സ്പെഷ്യലായി 10.90 രൂപ നിരക്കിൽ ലഭ്യമാക്കും. ഏതുകാർഡുള്ളവർക്കും ഏതുവീട്ടുകാർക്കും ഈ അരി നൽകും. അതിൽ ചമ്പാവരി ഉൾപ്പെടെയുണ്ടെന്നും മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ