- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അധ്യാത്മിക വിനോദ സഞ്ചാരത്തിന് സന്തോഷകരമായ വാർത്ത'; ശബരിമല വിമാനത്താവളം സൈറ്റ് ക്ലിയറൻസിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി; ശബരിമലയിലേക്കുള്ള ദൂരം 48 കിലോ മീറ്റർ മാത്രം; വിദേശത്തുനിന്നുള്ള തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുമെന്ന് പ്രതീക്ഷ
ന്യൂഡൽഹി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമ്മാണത്തിനു കേന്ദ്ര വ്യോമയാന വകുപ്പിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചതിൽ ആഹ്ലാദം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. വിനോദസഞ്ചാരത്തിന് പ്രത്യേകിച്ച് ആത്മീയ ടൂറിസത്തിനു വലിയ വാർത്തയാണിതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവച്ചാണ് പ്രധാനമന്ത്രിയുടെ കുറിപ്പ്.
ചെറുവള്ളിയിൽ നെടുമ്പാശ്ശേരിക്ക് ഒരു ഫീഡർ വിമാനത്താവളം എന്ന ആശയത്തിൽ വിഭാവനം ചെയ്ത പദ്ധതിയാണ് രാജ്യന്തര വിമാനത്താവളമായി ചിറക് വിരിക്കാൻ ഒരുങ്ങുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ റൺവേയാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയ ചെറുവള്ളിയിൽ നിന്ന് ശബരിമലയിലേക്കുള്ള ദൂരം 48 കിലോ മീറ്ററാണ്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമെ സിംഗപ്പൂർ, മലേഷ്യ, നേപ്പാൾ തുങ്ങിയ രാജ്യങ്ങളിൽ നിന്നും ശബരിമലയിലേക്ക് തീർത്ഥാടകർക്ക് യാത്ര എളുപ്പമാകും. വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ ശബരിമലയിലേക്ക് എത്തുന്ന വിദേശ തീർത്ഥാടകരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Great news for tourism and especially spiritual tourism. https://t.co/Adk1MIUMN1
- Narendra Modi (@narendramodi) April 18, 2023
വിമാനത്താവളത്തിനായി ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെയുള്ള ഭൂമി വിമാനത്താവള നിർമ്മാണത്തിന് അനുയോജ്യമാണെന്ന അനുമതിയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. വിമാനത്താവളത്തെ സംബന്ധിച്ച് സുപ്രധാന അനുമതിയാണിത്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയും ഉന്നയിച്ച സംശയങ്ങൾക്കു തൃപ്തികരമായ മറുപടി നൽകിയതോടെയാണു ക്ലിയറൻസ് ലഭിച്ചത്. പരിസ്ഥിതി മന്ത്രാലയത്തിന്റേതടക്കമുള്ള അനുമതികൾ ഇനി ലഭിക്കേണ്ടതുണ്ട്.
എസ്റ്റേറ്റ് യോജ്യമെന്നുള്ള അനുമതി ലഭിച്ചതോടെ ഭൂമിയേറ്റെടുക്കലാണ് അടുത്തഘട്ടം. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപറേഷൻ ഇതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ വിശദമായ റിപ്പോർട്ട് തയാറാക്കൽ, നിർമ്മാണത്തിനും നടത്തിപ്പിനും വേണ്ടി കമ്പനി രൂപീകരിക്കൽ, കൺസൽറ്റൻസി നിയമനം എന്നിവയാണു തുടർനടപടികൾ. ഭൂമിയേറ്റെടുത്തു കഴിഞ്ഞാൽ നിർമ്മാണത്തിനുള്ള ടെൻഡർ നടപടികളിലേക്കും കടക്കാം.
പദ്ധതി നടപ്പിലായാൽ കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളമാകും ശബരിമലയിലേത്. തിരുവനന്തപുരത്തുനിന്ന് 138 കിലോമീറ്ററും കൊച്ചിയിൽനിന്ന് 113 കിലോമീറ്ററും കോട്ടയത്തേക്കു 40 കിലോമീറ്ററാണുള്ളത്. 48 കിലോമീറ്റർ ദൂരമാണ് വിമാനത്താവളത്തിൽനിന്നും ശബരിമലയിലേക്കുള്ളത്. ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് പുറമേ സമീപ ജില്ലക്കാർക്കും വിമാനത്താവളത്തിന്റെ പ്രയോജനം ലഭിക്കും.
നെടുമ്പാശ്ശേരി വിമാനത്താവളത്തെ ആശ്രയിക്കുന്ന 40 ശതമാനം ആളുകളും തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന 60 ശതമാനം പേരും നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ 30 കിലോ മീറ്റർചുറ്റളവിൽ നിന്നുള്ളവരാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള പ്രവാസികൾക്കാണ് വിമാനത്താവളം ഗുണം ചെയ്യുക.
കുമരകം, മൂന്നാർ, തേക്കടി, വാഗമൺ വിനോദ സഞ്ചാരമേഖല കൂടുതൽ ഉണരും. സുഗന്ധവ്യഞ്ജനങ്ങളുടെയും തേയിലയുടേയും മറ്റ് കാർഷിക ഉത്പന്നങ്ങളുടെയും കയറ്റുമതി എളുപ്പമാകും. കോട്ടയം എരുമേലി റോഡ്, എരുമേലി പത്തനംതിട്ട സംസ്ഥാനപാത, കൊല്ലം-തേനി ദേശീയ പാത, തുടങ്ങിയവും അടുത്തുള്ളത് അനുബന്ധ ഗാതാഗതത്തിനും പ്രയോജനം ചെയ്യും.
അഞ്ച് ജില്ലകളുടെയും മലയോര മേഖലകളുടെയും വികസന പ്രതീക്ഷകൾക്കു കൂടിയാണു ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമ്മാണത്തോടെ ചിറകു മുളയ്ക്കുന്നത്. വിമാനത്താവളം നിർമ്മിക്കാൻ ചെറുവള്ളി എസ്റ്റേറ്റും പരിസരവും അനുയോജ്യമാണെന്നു വിവിധ പരിശോധനകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ ശേഷമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം സൈറ്റ് ക്ലിയറൻസ് നൽകിയത്.
ഭൂമിയേറ്റെടുക്കുന്നതിനു മുന്നോടിയായി റവന്യു വകുപ്പ് സർവേ നമ്പർ പ്രസിദ്ധീകരിച്ച സ്വകാര്യ ഭൂമികളിൽ സാമൂഹികാഘാത പഠനം ഇപ്പോൾ നടക്കുകയാണ്. തിരുവനന്തപുരം ആസ്ഥാനമായ സ്ഥാപനം നടത്തുന്ന പഠനം ജൂണിനുള്ളിൽ പൂർത്തിയാക്കും. എരുമേലി പഞ്ചായത്തിലെ ഒഴക്കനാട് വാർഡിൽ നിന്ന് 370 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് പദ്ധതി.
കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന ചെറുവള്ളി എസ്റ്റേറ്റിൽ നിന്ന് 1039.876 ഹെക്ടർ (2570 ഏക്കർ) ഭൂമി ഏറ്റെടുക്കാനാണു സർക്കാർ ഉത്തരവ്. ഇവിടെ സർവേ നടത്തുന്നതിനു മുന്നോടിയായി റവന്യു വകുപ്പ് എസ്റ്റേറ്റ് കെട്ടിടത്തിൽ നോട്ടിസ് പതിച്ചു. ഇതിനെതിരെ ബിലീവേഴ്‌സ് ചർച്ച് കോടതിയിൽ ഹർജി സമർപ്പിക്കുകയും കോടതി സർവേ നടപടികൾ തടയുകയും ചെയ്തു.
എസ്റ്റേറ്റിലെ സ്ഥലത്ത് പഠനങ്ങൾ നടത്താം, എന്നാൽ സർവേ നടപടി പാടില്ല എന്നുള്ള ആവശ്യം കോടതി അംഗീകരിച്ചതായി ബിലീവേഴ്‌സ് ചർച്ച് പിആർഒ ഫാ. സിജോ പന്തപ്പള്ളിൽ പറഞ്ഞു. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് സംസ്ഥാന സർക്കാരും ബിലീവേഴ്‌സ് ചർച്ച് അധികൃതരും തമ്മിൽ പാലാ കോടതിയിൽ തുടരുകയാണ്. എസ്റ്റേറ്റിനു പുറത്തുനിന്ന് 307 ഏക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിന് എതിരെ പ്രദേശവാസികളുടെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ