ന്യൂഡല്‍ഹി: ഇന്ത്യക്ക് സ്വന്തമായി ഒരു ബഹിരാകാശ നിലയം ഉടന്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഇടി വേള്‍ഡ് ലീഡേഴ്‌സ് ഫോറ'ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശ രംഗത്ത് ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിക്കും. വൈകാതെ ഗഗന്‍യാന്‍ ദൗത്യം നടപ്പാക്കുമെന്നും വരുംവര്‍ഷങ്ങളില്‍ ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുമെന്നും ദേശീയ ബഹിരാകാശദിനത്തില്‍ മോദി പറഞ്ഞു.

കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ 60 ലധികം ബഹിരാകാശ ദൗത്യങ്ങള്‍ ഇന്ത്യ പൂര്‍ത്തിയാക്കിയത് അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹിരാകാശ ഡോക്കിങ് വൈദഗ്ധ്യവും രാജ്യം ഈ വര്‍ഷം നേടി. ഗഗന്‍യാന്‍ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് ബഹിരാകാശ യാത്രികരെ അയക്കാന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബഹിരാകാശ ഡോക്കിങ്ങില്‍ ഇന്ത്യ വൈദഗ്ധ്യം നേടിയത് നമ്മുടെ ഭാവി ദൗത്യങ്ങള്‍ക്ക് വലിയ നേട്ടമാണെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. ഗഗന്‍യാന്‍ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് ബഹിരാകാശ യാത്രികരെ അയക്കാനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പിന് ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയുടെ അനുഭവപരിചയം ഒരുപാട് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ 60 ലധികം ബഹിരാകാശ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കി എന്നത് സന്തോഷകരമായ കാര്യമാണ്. ഇനിയും നിരവധി ദൗത്യങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്,' പ്രധാനമന്ത്രി മോദി പറഞ്ഞു.

ഇന്ത്യ ഇതിനകം ചന്ദ്രനിലും ചൊവ്വയിലും എത്തിക്കഴിഞ്ഞു. ഇനി ബഹിരാകാശത്തിന്റെ കൂടുതല്‍ ആഴങ്ങളിലേക്ക് സഞ്ചരിക്കണം. പര്യവേക്ഷണം ചെയ്യപ്പെടാത്ത മേഖലകള്‍ക്ക് മനുഷ്യരാശിയുടെ ഭാവിക്കുവേണ്ടിയുള്ള നിര്‍ണായകരഹസ്യങ്ങള്‍ നല്‍കാന്‍ കഴിയും. ആകാശഗംഗകള്‍ക്ക് അപ്പുറമാണ് നമ്മുടെ ചക്രവാളം. ബഹിരാകാശത്തിന്റെ അനന്തമായ വിശാലത ഒരുലക്ഷ്യസ്ഥാനവും അവസാനത്തേതല്ലെന്ന് നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. അതേപോലെ ബഹിരാകാശ മേഖലയിലെ നയപരമായ പുരോഗതിക്കും അവസാനമുണ്ടാകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ആര്യഭട്ടയില്‍നിന്ന് ഗഗന്‍യാനിലേക്ക് എന്നതാണ് ഇത്തവണത്തെ ബഹിരാകാശ ദിന പ്രമേയം. അത് ഇന്ത്യയുടെ ഭൂതകാലത്തിന്റെ ആത്മവിശ്വാസവും ഭാവിക്കായുള്ള ദൃഢനിശ്ചയവും പ്രതിഫലിപ്പിക്കുന്നുവെന്ന് മോദി പറഞ്ഞു.

സ്വകാര്യ ബഹിരാകാശ മേഖലയുടെ വളര്‍ച്ചയെക്കുറിച്ചും പ്രധാനമന്ത്രി സൂചിപ്പിച്ചു. 2014ല്‍ ഒരു ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് മാത്രമാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ഇന്ന് 300ലധികം ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്രമായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു. പരിഷ്‌കരിക്കുക, പ്രവര്‍ത്തിക്കുക, രൂപാന്തരപ്പെടുത്തുക എന്ന മന്ത്രമാണ് ഇന്ത്യയെ നയിക്കുന്നതെന്നും ആഗോള വളര്‍ച്ചയെ നയിക്കാന്‍ രാജ്യം സജ്ജമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. രാജ്യത്ത് ആദ്യത്തെ സെമികണ്ടക്ടര്‍ ഫാക്ടറി സ്ഥാപിക്കുമെന്ന അവകാശവാദം പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഈ വര്‍ഷം അവസാനത്തോടെ 'ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ ചിപ്പ്' വിപണിയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പ്രതിപക്ഷത്തിന്റെ തുടര്‍ച്ചയായ തടസ്സങ്ങള്‍ക്കിടയിലും സുപ്രധാന ബില്ലുകള്‍ പാസാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ സമ്മേളനത്തില്‍ ജന്‍ വിശ്വാസ് ബില്‍ 2.0 പാസാക്കി. ഭരണ തലത്തില്‍ വിശ്വാസ്യത ഉറപ്പിക്കുന്നതിനും, ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള ഭരണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന പരിഷ്‌കരണമാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ സമ്മേളനത്തില്‍, ആദായ നികുതി നിയമം പരിഷ്‌കരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 60 വര്‍ഷമായി നിലവിലുണ്ടായിരുന്ന ഈ നിയമം ഇപ്പോള്‍ ലളിതമാക്കിയിരിക്കുന്നു. ഈ വര്‍ഷകാല സമ്മേളനത്തില്‍ ഖനനവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ പല ഭേദഗതികളും വരുത്തിയിട്ടുണ്ട്. കപ്പല്‍ ഗതാഗതവുമായി ബന്ധപ്പെട്ട നിയമങ്ങളും മാറ്റിയിട്ടുണ്ട്. ഈ നിയമങ്ങളെല്ലാം ബ്രിട്ടീഷ് ഭരണകാലം മുതലുള്ളതാണ്. ഇപ്പോള്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയില്‍ തുറമുഖാധിഷ്ഠിത വികസനം പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കായിക മേഖലയിലും പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വലിയ ഇവന്റുകള്‍ക്ക് ആതിഥ്യം വഹിക്കാന്‍ ഇന്ത്യയെ തയ്യാറാക്കുകയാണ് ലക്ഷ്യം. ഒരു 'കായിക സമ്പദ്വ്യവസ്ഥ'യ്ക്ക് ആവശ്യമായ മുഴുവന്‍ ഇക്കോസിസ്റ്റവും കെട്ടിപ്പടുക്കുകയാണ് ഇന്ത്യ. ഇതിനായി സര്‍ക്കാര്‍ ഒരു പുതിയ ദേശീയ കായിക നയം നടപ്പാക്കുകയാണെന്നും മോദി പറഞ്ഞു.

2040-ല്‍ ഇന്ത്യക്കാരന്‍ ചന്ദ്രനില്‍ നിന്ന് വികസിത ഭാരത പ്രഖ്യാപനം നടത്തും

ന്യൂഡല്‍ഹി: 2040-ല്‍ ചന്ദ്രനില്‍നിന്ന് ഒരിന്ത്യക്കാരന്‍ വികസിത ഭാരത് 2047 പ്രഖ്യാപനം നടത്തുമെന്ന് ദേശീയ ബഹിരാകാശദിന പരിപാടിയില്‍ കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. 2040-ല്‍ ചന്ദ്രനിലേക്ക് സഞ്ചാരിയെ അയക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അജിത് കൃഷ്ണന്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അംഗദ് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാംശു ശുക്ല എന്നിവകും ചടങ്ങില്‍ പങ്കെടുത്തു. വരുന്ന 15 വര്‍ഷത്തില്‍ നൂറിലേറെ ഉപഗ്രങ്ങള്‍ വിക്ഷേപിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.