- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബക്കിങ്ഹാം കൊട്ടാരത്തെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ട് എലിസബത്ത് രാജ്ഞിയുടെ ഇളയ മകന്; കൊട്ടാരത്തില്‍ പോലീസ് കയറി ഇറങ്ങി പരിശോധിച്ചു; പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്ത ചാള്‍സ് രാജാവ്; ചുമത്തിയിരിക്കുന്നത് ജീവപര്യന്തം തടവ് കിട്ടാവുന്ന കുറ്റങ്ങള്‍
ബക്കിങ്ഹാം കൊട്ടാരത്തെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ട് എലിസബത്ത് രാജ്ഞിയുടെ ഇളയ മകന്

ലണ്ടന്‍: ലോകമെമ്പാടും ആരാധകരുള്ള ബ്രിട്ടീഷ് രാജകുടുംബത്തിന് തീരാകളങ്കമായി ആന്‍ഡ്രു മൗണ്ട്ബാറ്റന്‍ വിന്‍ഡ്‌സറിനെ പോലീസ് അറസ്റ്റ് ചെയ്തു. അധികാര പദവി ദുരുപയോഗം ചെയ്തു എന്ന സംശയത്തില്‍ അറസ്റ്റിലായ മുന്‍ യോര്‍ക്ക് ഡ്യൂക്കിനെ പിന്നീട് പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു. നോര്‍ഫോക്കിലെ ആയിഷാം പോലീസ് സ്റ്റേഷനില്‍ നിന്നും ചാള്‍സ് രാജാവിന്റെ ഇളയ സഹോദരന്‍ തിരികെ പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അന്വേഷണവിധേയമായിട്ടാണ് ആന്‍ഡ്രുവിനെ ജാമ്യത്തില്‍ വിട്ടതെന്ന് സ്ഥിരീകരിച്ച തെംസ് വാലി പോലീസ് സാന്‍ഡ്ഫ്രിംഗ്ഹാമിലെ വസതിയിലെ പരിശോധനകള്‍ അവസാനിപ്പിച്ചതായും അറിയിച്ചു.
കിരീടാവകാശത്തിനുള്ള പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ആന്‍ഡ്രുവിനെ അറുപത്തിയാറാം ജന്മദിനത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബ്രിട്ടന്റെ വ്യാപാര പ്രതിനിധി എന്ന പദവിയില്‍ ഇരിക്കുമ്പോള്‍, ഹോങ്കോംഗ്, വിയറ്റ്‌നാം, സിംഗപ്പൂര്‍ തുടങ്ങിയയിടങ്ങളിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചില സുപ്രധാന വിവരങ്ങള്‍ കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന് ചോര്‍ത്തിക്കൊടുത്തു എന്നതാണ് ആന്‍ഡ്രുവിന് മേല്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. നിയമം നിയമത്തിന്റെ വഴിയില്‍ പോകട്ടെ എന്നായിരുന്നു സഹോദരന്റെ അറസ്റ്റിനെ കുറിച്ച് ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ പ്രതികരണം.
ഇന്നലെ രാവിലെ ആന്‍ഡ്രുവിനെ അറസ്റ്റ് ചെയ്യുവാനുള്ള എല്ലാ തയ്യാറെടുപ്പുകളുമായി തന്നെയാണ് പോലീസ് സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റിലെത്തിയത്. ജീവപര്യന്തം തടവ് വരെ കിട്ടാന്‍ സാധ്യതയുള്ള കുറ്റങ്ങളാണ് മുന്‍ രാജകുമാരന് മേല്‍ ചാര്‍ത്തിയിരിക്കുന്നത്. എപ്സ്റ്റീന്‍ വിവാദം ഉയര്‍ന്നതോടെ റോയല്‍ ലോഡ്ജിലെ വസതി ഒഴിയേണ്ടി വന്ന ആന്‍ഡ്രു താമസിക്കുന്ന വുഡ് ഫാമിലെ പുതിയ വസതിയില്‍ ആറോളം വാഹനങ്ങളിലായാണ് മഫ്തിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയത്.
ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി എന്ന കുറ്റമാണ് ഇപ്പോള്‍ ആന്‍ഡ്രുവിന് മേല്‍ ചുമത്തിയിരിക്കുന്നതെങ്കിലും, ആന്‍ഡ്രുവിന് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായി എപ്സ്റ്റീന്‍ സ്ത്രീകളെ യു കെയിലേക്ക് കടത്തിയിരുന്നു എന്ന ആരോപണത്തെ കുറിച്ചും അന്വേഷിക്കുമെന്ന് നേരത്തെ തെംസ് വാലി പോലീസ് വ്യക്തമാക്കിയിരുന്നു. ഞെട്ടലോടെയാണ് തന്റെ സഹോദരന് മേലുള്ള ആരോപണങ്ങളെ കുറിച്ച് അറിഞ്ഞതെന്ന് പറഞ്ഞ ചാള്‍സ് മൂന്നാമന്‍ രാജാവ്, നിയമം നിയമത്തിന്റെ വഴിയെ നീങ്ങുമെന്നും പറഞ്ഞു.
ആന്‍ഡ്രുവിന്റെ അറസ്റ്റിനെ കുറിച്ച് രാജാവിനോ ബക്കിംഗ്ഹാം കൊട്ടാരത്തിനോ മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിരുന്നില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. രാജകുടുംബത്തിന്റെ ആധുനിക ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു സംഭവമാണ് ഒരു രാജകുടുംബാംഗം അറസ്റ്റിലാവുക എന്നത്. മാത്രമല്ല, ഇനി ആന്‍ഡ്രുവിന് എന്താണ് സംഭവിക്കുക എന്നത് തികച്ചും അനിശ്ചിതമായി തുടരുകയും ചെയ്യുന്നു.
രാജകുടുംബ വിരുദ്ധര്‍ വെല്ലുവിളികളുമായി രംഗത്ത്
ആന്‍ഡ്രു മൗണ്ട്ബാറ്റന്‍ വിന്‍ഡ്‌സറിന്റെ അറസ്റ്റ് കേവലം ഒരു വ്യക്തിയെ മാത്രം ബാധിക്കുന്ന പ്രശ്‌നമായി ഒതുങ്ങില്ല എന്നാണ് പുതിയ സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന. സഹോദരനും എപ്സ്റ്റീനുമായുള്ള ബന്ധത്തെ കുറിച്ച് അറിയാവുന്ന കാര്യങ്ങള്‍ എല്ലാം തന്നെ രാജാവ് തുറന്ന് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടനിലെ രാജവാഴ്ചയെ എതിര്‍ക്കുന്ന റിപ്പബ്ലിക് അനുകൂലികള്‍ രംഗത്തെത്തി. മാത്രമല്ല, റിപ്പബ്ലിക്കിന്റെ പരിശ്രമഫലമാണ് ആന്‍ഡ്രുവിന്റെ അറസ്റ്റ് എന്നും റിപ്പബ്ലിക്കന്‍ നേതാവ് ഗ്രഹാം സ്മിത്ത് അവകാശപ്പെട്ടു.
മറ്റ് പലരും, ആന്‍ഡ്രുവിന്റെ കാര്യം ഏറ്റെടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ തങ്ങളായിരുന്നു ഇത് ഔദ്യോഗികമായി പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഒരു അന്വേഷണത്തിന് പോലീസ് മടിച്ചപ്പോള്‍ തങ്ങള്‍ ഒരു സ്വകാര്യ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ നിയമജ്ഞര്‍ ഇക്കാര്യത്തിലെ അന്വേഷണം തുടരുമെന്നും ലഭിക്കുന്ന വിവരങ്ങള്‍ പോലീസിന് കൈമാറുമെന്നും ഗ്രഹാം സ്മിത്ത് അറിയിച്ചു.
സമൂഹമാധ്യമങ്ങളില്‍ നാണം കെട്ട് മുന്‍ രാജകുമാരന്‍
അറുപത്തിയാറാം ജന്മദിനത്തില്‍ അറസ്റ്റിലായ ആന്‍ഡ്രുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും അധിക്ഷേപങ്ങളും നിറയുകയാണ്. ജന്മദിനത്തില്‍ അറസ്റ്റിലായ ആന്‍ഡ്രുവിന്റെ അറസ്റ്റുമായി ബന്ധപെട്ട മീമുകള്‍ ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളുമാണ് വാരിക്കൂട്ടുന്നത്. ജയിലഴികള്‍ക്ക് പുറകിലായി നില്‍ക്കുന്ന ആന്‍ഡ്രുവിന്റെ ചിത്രങ്ങള്‍ വരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ജന്മദിനത്തിലെ അറസ്റ്റിനെ സൂചിപ്പിച്ചുകൊണ്ട് ബര്‍ത്ത്‌ഡെ സ്ട്രിപ്പര്‍ ഒരു വനിത പോലീസ് ആണെന്ന് ആന്‍ഡ്രു തിരിച്ചറിഞ്ഞു എന്ന തലക്കെട്ട് നല്‍കിയ ചിത്രം വൈറലാകുന്നുണ്ട്. മറ്റൊരു എ ഐ ജനറേറ്റഡ് ചിത്രത്തില്‍ ജയിലിനകത്ത് ഒരു കപ്പ് കേക്കും കൈയില്‍ ഒരു മെഴുകുതിരിയുമായി ഇരിക്കുന്ന ആന്‍ഡ്രുവിന്റെ ചിത്രമാണുള്ളത്.പശ്ചാത്തലത്തിലെ ജയില്‍ ചുമരില്‍ ഹാപ്പി ബര്‍ത്ത് ഡെ എന്ന് എഴുതിയിട്ടുമുണ്ട്.
രാജകുടുംബം ഈ വെല്ലുവിളി അതിജീവിക്കുമോ?
ബ്രിട്ടീഷ് രാജകുടുംബം ഇതിലേറെ നാണം കെട്ട മറ്റൊരു സന്ദര്‍ഭം അവരുടെ ചരിത്രത്തില്‍ ഉണ്ടായിരിക്കില്ല. ചരിത്രത്തില്‍, പല പ്രതിസന്ധി ഘട്ടങ്ങളും തരണം ചെയ്യാന്‍ രാജകുടുംബത്തിന് ആയിട്ടുണ്ട്. എന്നാല്‍, അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് രാജാവിന്റെ സഹോദരനു മേലുള്ള ആരോപണം എന്ന് രാജകുടുംബത്തിലെ കാര്യങ്ങള്‍ അതീവ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്ന ചരിത്രകാരന്മാര്‍ പറയുന്നു. കേവലം ഒരു ലൈംഗിക പീഢന കേസ് എന്നതിനപ്പുറം ഗൗരവമുള്ള വിഷയമാണിത്.
രാജ്യത്തിന്റെ പല ഔദ്യോഗിക രഹസ്യങ്ങളും കുപ്രസിദ്ധനായ ഒരു വ്യക്തിക്ക് ചോര്‍ത്തി നല്‍കി എന്നതാണ് ആന്‍ഡ്രുവിന് മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. വേലി തന്നെ വിളവ് തിന്നുന്ന ഈ സാഹചര്യമാണ് രാജകുടുംബത്തെ ഗുരുതരമായ പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നത്. ഒരുപക്ഷെ എഡ്വേര്‍ഡ് എട്ടാമന്റെ സ്ഥാനത്യാഗത്തിന് ശേഷം രാജകുടുംബം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയായിരിക്കും ഇതെന്നാണ് രാജകുടുംബ ചരിത്രകാരന്മാര്‍ പറയുന്നത്.
എന്നാല്‍, എഡ്വേര്‍ഡിന്റെ കാര്യം പോലും വലിയൊരു പരിധിവരെ രാജ്യത്തെ ബാധിക്കുന്ന ഒന്നായിരുന്നില്ല. ചാള്‍സും ഡയാനയും തമ്മിലും ഹാരിയും മേഗനും തമ്മിലുമൊക്കെ ഉണ്ടായിരുന്നത് പോലെ ഒരു പൈങ്കിളി നാടകം മാത്രമായിരുന്നു അത്. എന്നാല്‍, ആന്‍ഡ്രുവിന്റേത് രാജ്യ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുക എന്ന ക്രിമിനല്‍ കുറ്റമാണ്. രാജകുടുംബത്തില്‍ ഇതിനു മുന്‍പ് കേട്ടുകേള്‍വി പോലുമില്ലാത്ത ഈ രാജ്യദ്രോഹമാണ് ഇപ്പോള്‍ അവരെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നത്.


