- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആറരയുടെ ബസിന് മുന്നില്‍ 'ചിന്നൂസ്', പിന്നാലെ 'കോട്ട'; ഹൈക്കോടതി വിധി വാങ്ങി റോഡിലിറങ്ങിയിട്ടും മൂന്നാഴ്ച കൊണ്ട് 'പണി' കിട്ടി ബസ് ഷെഡിലായി; തൊടുപുഴ-നെടുങ്കണ്ടം റൂട്ടില്‍ സ്വകാര്യ ബസുകളുടെ പോര്; അടിപിടിയും പോലീസ് കേസും; ഒടുവില്‍ ക്ലൈമാക്സ് ഇങ്ങനെ!
തൊടുപുഴ-നെടുങ്കണ്ടം റൂട്ടില്‍ സ്വകാര്യ ബസുകളുടെ പോര്

തൊടുപുഴ: ഏറെ നാളത്തെ വ്യവഹാരങ്ങള്‍ക്കൊടുവില്‍ ലഭിച്ച പുതിയ പെര്‍മിറ്റ് പ്രകാരം സര്‍വീസ് തുടങ്ങിയ സ്വകാര്യ ബസ് മൂന്നാഴ്ചയ്ക്ക് ശേഷം ഓട്ടം നിര്‍ത്തി ഷെഡില്‍ കയറ്റി. തൊടുപുഴ-വണ്ണപ്പുറം-ചേലച്ചുവട് വഴി നെടുങ്കണ്ടത്തിന് സര്‍വീസ് നടത്തുന്ന കോട്ട ബസാണ് ഉടമകള്‍ മത്സരയോട്ടം ഒഴിവാക്കുന്നതിന് വേണ്ടി നിര്‍ത്തിയത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആര്‍.ടി.ഓഫീസില്‍ നിന്ന് പെര്‍മിറ്റ് ലഭിച്ച ബസ് കഴിഞ്ഞ മാസം 16 നാണ് സര്‍വീസ് തുടങ്ങിയത്. തൊടുപുഴ ബസ് സ്റ്റാന്‍ഡില്‍ നിന്ന് രാവിലെ 6.30 ന് പുറപ്പെടും. 10.05 ന് ബസ് നെടുങ്കണ്ടത്ത് ചെല്ലും. തിരികെ 10.30 ന് നെടുങ്കണ്ടത്ത് നിന്ന് പുറപ്പെട്ട് വൈകിട്ട് 2.30 ന് മുരിക്കാശേരിയില്‍ സര്‍വീസ് അവസാനിപ്പിക്കും.
തൊടുപുഴയില്‍ നിന്ന് നെടുങ്കണ്ടത്തേക്ക് ഏറ്റവും ചുരുങ്ങിയ ദൂരത്തിലും സമയത്തിലും എത്തിച്ചേരുന്നതാണ് ഈ ബസ് സര്‍വീസ്. ഇതിന് തൊട്ടുമുന്നിലായി ഇതേ റൂട്ടില്‍ മുരിക്കാശേരി വരെ ചിന്നൂസ് എന്ന ബസും പോകുന്നുണ്ട്. ഈ ബസുകള്‍ തമ്മില്‍ സമയത്തെ ചൊല്ലി തര്‍ക്കമുണ്ടായി. കോട്ട ബസിന്റെ മുന്നില്‍ പോകുന്ന ചിന്നൂസ് ബസ് സമയ ക്ലിപ്തത പാലിക്കാതെ വൈകി ഓടുന്നുവെന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഇത് തങ്ങളുടെ വരുമാനത്തെ ബാധിക്കുന്നുവെന്നാണ് കോട്ട ബസ് ഉടമയുടെ വാദം. തങ്ങളുടെ സമയത്ത് കയറി ഓടരുതെന്ന് ആദ്യ ദിവസം ചിന്നൂസ് ബസ് ജീവനക്കാരോട് അഭ്യര്‍ഥിച്ചിരുന്നുവെന്നാണ് കോട്ട ബസിന്റെ ജീവനക്കാര്‍ പറയുന്നത്.
എന്നാല്‍, ഇവര്‍ അതിന് തയാറായില്ലെന്ന് മാത്രമല്ല കോട്ടയുടെ സമയത്തേക്ക് കയറി ഓടുന്നുവെന്നുമാണ് പരാതി. മാര്‍ച്ച് ഏഴിന് ഇരുകൂട്ടരും തമ്മില്‍ തൊടുപുഴ ബസ് സ്റ്റാന്‍ഡില്‍ വച്ച് തര്‍ക്കമുണ്ടായി. കോട്ട ബസ് ജീവനക്കാര്‍ക്ക് മര്‍ദനമേറ്റുവെന്നും പരാതിയുണ്ട്. കോട്ട ബസിലേക്ക് ചിന്നൂസ് ബസിലെ ജീവനക്കാര്‍ അതിക്രമിച്ചു കയറിയാണ് മര്‍ദിച്ചത്. തുടര്‍ന്ന് ബസുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ എത്തിച്ചു.
മുന്‍പ് വെണ്‍മണിയില്‍ വച്ചും ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും നടന്നിരുന്നു. യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും പ്രശ്നമാകുന്ന തരത്തിലാണ് ഇവരുടെ സംഘട്ടനം. വൈകിയോടല്‍ പതിവായതോടെ ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷവും തുടര്‍ന്നു. ഇതിനിടെ തങ്ങളുടെ സമയക്രമം മാറ്റി നല്‍കണമെന്നാവശ്യപ്പെട്ട് കോട്ട ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചു. പുലര്‍ച്ചെ 3.50 ന് മുരിക്കാശേരിയില്‍ നിന്ന് പുറപ്പെട്ട് തൊടുപുഴയില്‍ എത്തുന്നതിനുള്ള തടസം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ സമയം ബസ് ഓപ്പറേറ്റ് ചെയ്യാന്‍ ജീവനക്കാരെ കിട്ടുന്നില്ല, പോകുന്ന വഴിയില്‍ കനത്ത മൂടല്‍ മഞ്ഞും കാട്ടുമൃഗങ്ങളുമുണ്ടാകും ഇതൊക്കെയാണ് കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്.
ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത് രാവിലെ ആറരയ്ക്ക് തൊടുപുഴയില്‍ നിന്ന് പുറപ്പെടുന്ന വിധത്തിലാണ്. 10.05 ന് നെടുങ്കണ്ടത്ത് ചെല്ലും. അവിടെ നിന്ന് തിരികെ 10.30 ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 2.30 ന് തൊടുപുഴ ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കും. ഇതിന് മുന്നില്‍ രാവിലെ 6.16 നാണ് ചിന്നൂസ് ബസ് പുറപ്പെടുന്നത്. ഇവര്‍ സ്റ്റാന്‍ഡില്‍ നിന്ന് കൃത്യസമയത്ത് പുറപ്പെടുമെങ്കിലും ഓട്ടത്തില്‍ വേഗം കുറയ്ക്കും. ഇതോടെ അഞ്ചും പത്തും മിനുട്ടു വരെ വൈകും. ഇത് പിന്നാലെ എത്തുന്ന കോട്ട ബസിനെ ബാധിക്കും. ഇതാണ് തര്‍ക്കത്തിന് വഴി വച്ചത്.
കാലപ്പഴക്കമുള്ളതിനാല്‍ കോട്ട ബസിന് ഓട്ടത്തില്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഇതിന് പുറമേയാണ് മുന്നില്‍ പോകുന്ന ബസ് ജീവനക്കാരുടെ വൈകിയോടല്‍. ഇനി പുതിയ ബസ് വാങ്ങിയ ശേഷമേ സര്‍വീസ് നടത്താനുള്ളൂവെന്നാണ് കോട്ട ബസിന്റെ ഉടമ പറയുന്നത്. 2018 മുതല്‍ ഹൈക്കോടതിയില്‍ കേസ് നടത്തിയാണ് തൊടുപുഴ-വണ്ണപ്പുറം-നെടുങ്കണ്ടം റൂട്ടില്‍ ബസ് സര്‍വീസിന് പെര്‍മിറ്റ് ലഭിച്ചത്.


