- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ സെക്യൂരിറ്റിയാകാൻ വേണം 160 സെ.മി ഉയരവും 80 ഇഞ്ച് നെഞ്ചളവും വേണം; ആറു മിനിറ്റിനുള്ളിൽ ഒരുകിലോമീറ്റർ ഓടാൻ കഴിയണം; കാൽമുട്ട് കൂട്ടിയിടിക്കരുത്; സ്വകാര്യ സെക്യൂരിറ്റി സർവീസ് ചട്ടങ്ങൾക്ക് രൂപം നൽകി സംസ്ഥാന സർക്കാർ; ലെസൻസ് നൽകാനും പരിശോധന നടത്താനുമുള്ള അധികാരം ആഭ്യന്തര വകുപ്പിന്
തിരുവനന്തപുരം: സുരക്ഷക്കായി സ്വകാര്യ ബൗൺസർമാരെ ആശ്രയിക്കുന്നത് ഇന്ന് കേരളത്തിലും അത്രയ്ക്ക് പുതുമയുള്ള കാര്യമല്ല. സിനിമാ രംഗത്തുള്ളവർ അടക്കം സ്വാകാര്യ സെക്യൂരിറ്റീസിന്റെ സഹായം തേടുന്നുണ്ട്. ഇങ്ങനെ സ്വകാര്യ സെക്യൂരിറ്റി സർവീസുകൾ കൂടി വരുന്ന പശ്ചാത്തലത്തിൽ ഇത്തരക്കാർക്കായി ചട്ടങ്ങൾക്കും രൂപം നൽകി സംസ്ഥാന സർക്കാർ. ഇനി മുതൽ സ്വകാര്യ സെക്യൂരിറ്റിയാകാൻ നിശ്ചിത യോഗ്യതകൾ വേണ്ടി വരും.
160 സെന്റിമീറ്റർ ഉയരവും ആനുപാതികമായ തൂക്കവുമാണ് യോഗ്യത. 80 ഇഞ്ച് നെഞ്ചളവുവേണം. കാൽമുട്ട് കൂട്ടിയിടിക്കരുത്. ആറുമിനിറ്റിനുള്ളിൽ ഒരുകിലോമീറ്റർ ഓടാൻ കഴിയണം. പ്രായം 18-65. സ്ത്രീകൾക്ക് 150 സെന്റിമീറ്റർ മീറ്റർ ഉയരം മതി. സ്വകാര്യ സെക്യൂരിറ്റി സർവീസ് സംബന്ധിച്ച് കേന്ദ്ര സർക്കാർ നേരത്തേ കൊണ്ടുവന്ന നിയമത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനസർക്കാർ ചട്ടങ്ങൾക്ക് രൂപംനൽകിയത്. മന്ത്രിസഭ അംഗീകരിച്ച ചട്ടങ്ങൾ നിയമസഭാസമിതി പരിശോധിക്കും. സമിതിയുടെ ശുപാർശകൂടി കണക്കിലെടുത്തായിരിക്കും ചട്ടം അന്തിമമാക്കുക.
ആഭ്യന്തരവകുപ്പിനാണ് സ്വകാര്യ സെക്യൂരിറ്റി സർവീസ് സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകാനും പരിശോധന നടത്താനുമുള്ള അധികാരം. സെക്യൂരിറ്റി സർവീസ് നടത്താൻ ലൈസൻസ് നിർബന്ധമാണ്. ലൈസൻസിനും സെക്യൂരിറ്റിജോലിയിൽ പ്രവേശിക്കാനും അപേക്ഷയ്ക്ക് പ്രത്യേക ഫോറം ഉണ്ടാകും. സെക്യൂരിറ്റി അംഗങ്ങൾക്ക് പരിശീലനം നൽകാൻ പ്രത്യേക സിലബസ്. തുടക്കത്തിൽ ആറുദിവസത്തെ പരിശീലനവും രണ്ടുവർഷത്തിലൊരിക്കൽ രണ്ടുദിവസത്തെ പരിശീലനവും നിർബന്ധമാണെന്നും പുതിയ ചട്ടത്തിൽ പറയുന്നു.
അതേസമയം തീപ്പിടിത്തം, ദുരന്തനിവാരണം തുടങ്ങിയ സാഹചര്യങ്ങളിലെ പ്രവർത്തനം, പ്രാഥമികശുശ്രൂഷ എന്നിവ പരിശീലിക്കേണ്ടത് അത്യാവശ്യമാണെന്നും ചട്ടത്തിൽ പറയുന്നു. ആൾക്കൂട്ടത്തെ കൈകാര്യംചെയ്യാനും സ്‌ഫോടകവസ്തുക്കൾ തിരിച്ചറിയാനും കൈകാര്യംചെയ്യാനും അറിവുവേണം. സായുധസേനകളിലെ റാങ്കുകളും ബാഡ്ജുകളടക്കമുള്ള അടയാളങ്ങൾ മനസ്സിലാക്കാനും, തിരിച്ചറിയൽകാർഡ് പരിശോധന, വിവരകൈമാറ്റം എന്നിവയിൽ അറിവുവേണമെന്നുമാണ് നിഷ്‌കർഷിച്ചിട്ടുണ്ട്.
തൊഴിൽ നിയമങ്ങളെക്കുറിച്ചും ധാരണയുണ്ടാകണം. ക്രിമിനൽ പശ്ചാത്തലമുണ്ടാകരുത്. ദേശസുരക്ഷയ്ക്ക് വിരുദ്ധമായതും വിധ്വംസകപ്രവർത്തനങ്ങളിലും ഏർപ്പെടരുത്. സ്വഭാവം പരിശോധന ഏജൻസിക്കുതന്നെ നടത്തി ബോധ്യപ്പെടാം. പൊലീസ് ക്ലിയറൻസ് ഏജൻസി വാങ്ങണമെന്നും നിർദേശിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ